Monday, November 21, 2016

നൂറു കണ്ണുള്ള കാവല്‍ക്കാരന്‍
കുട്ടിക്കാലത്തിന് ഒരു കഥവാതിൽ ഉണ്ടായിരുന്നു. പിന്നീട് അതെപ്പോളോ അടഞ്ഞുപോയി. എന്നാലും ഇടയ്ക്കിടെ അത് തുറന്നു നോക്കും. അപ്പോൾ സുന്ദരിയായ വസിലിസയും ഫെനിസ്റ്റ് എന്ന പ്രാപ്പിടിയനും സിംപിള്ട്ടനും ജമീന്ദാരുടെ മകൾ കാദംബരിയുമൊക്കെ അവിടെയൊരു കഥമരച്ചോട്ടിൽ ഇരുന്ന് കണ്ണിറുക്കി ചിരിക്കും. അവയിൽ ചിലത് എല്ലാ കഥക്കുട്ടികൾക്കുമായി പറയുന്നു .എന്നെ ആകാശങ്ങളിലേയ്ക്കും നദികളിലേയ്ക്കും സ്വപ്നങ്ങളിലേയ്ക്കും കൊണ്ട് പോയ കഥകളാണിത് . കേള്‍ക്കുമല്ലോ..

അപ്പോള്‍  ശബ്ദമായി അരികിലെത്തുന്നു. ഇത്തവണ കുട്ടിക്കഥകളാണ്. കുട്ടികള്‍ക്കും, ഇപ്പോഴും കുട്ടിക്കാലം ഓര്‍മ്മയിലുള്ളവര്‍ക്കുമായി കുട്ടിക്കഥകളുടെ വായന. ആദ്യ കഥ, നൂറു കണ്ണുള്ള കാവല്‍ക്കാരന്‍.

Sunday, November 6, 2016

ആകാശം ഉണങ്ങിക്കിടപ്പാണ്
പുറങ്കോലായില്‍ കൈ പിണച്ച് വെച്ചു ഒരു പെണ് കിടത്തം
കിടന്നപ്പോള്‍ തോന്നിയത് അങ്ങനെയാണ്.
പെണ് കിടത്തം എന്നാല്‍ കാലുകള്‍ പിണച്ച്
മാറില്‍ കൈകള്‍ പിണച്ച് ഒരു നേര്‍രേഖ പോലെ.
കുരിശില്‍ കിടന്നവന്റെ തല ചെരിച്ചുള്ള കിടത്തമല്ല
കരുണാപൂര്‍വ്വം ;
ഓ തെറ്റി നിസ്സഹായമായി വിടര്‍ത്തിയിട്ട കൈകളല്ല;
അപ്പോള്‍ പറഞ്ഞു വന്നയാകാശം ;
ആകാശം ചെരിഞ്ഞ് ചെരിഞ്ഞൊരു കുന്നായി
വെളുവെളുത്ത കുന്ന്‍
സങ്കടം- സന്തോഷം എന്നിങ്ങനെ മാറി മാറിയെഴുതിനോക്കി
വെളുപ്പിന്റെ വികാരച്ചെരിവുകള്‍.
ഒരു കരിങ്കാക്ക കുറുകെ പറന്നതോടെ
വെളുത്ത കുന്നു തവിട് പൊടിയായി
അല്ല -തവിടില്ല ; വെറും വെളുത്ത പൊടിയായി
കനിവോടെ
അലിവോടെ
കനിവോടെ
അലിവോടെ
പിന്നെയാകാശം ഒരു ചായക്കോപ്പയില്‍ പ്രതിബിംബിച്ചു.
തണുതണുത്ത ഒരു ചായക്കോപ്പയില്‍ 

Monday, October 17, 2016

അഡോണിസ്

അയാള്‍ പണിയായുധങ്ങളുമായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ 
ഒലിവിന്റെയോ വില്ലോ മരത്തിന്റെയോ തണലില്‍ സൂര്യന്‍ കാത്തു നില്‍ക്കുമെന്ന് തീര്‍ച്ചയുണ്ട് .
ഇന്ന് രാത്രി വീടിനു മേലെയുള്ള ആകാശം മുറിച്ചു പോകുന്നചന്ദ്രന്‍ അവന്റെ
വീട്ടുപടിക്കരികിലൂടെയുള്ള വഴി തിരഞ്ഞെടുക്കുമെന്നും.
കാറ്റെങ്ങോട്ട്‌ പോകുന്നു എന്നത് പ്രധാനമല്ല 
( അഡോണിസ് - സിറിയന്‍ കവി
വിവ:സര്‍ജു) 
--------------
കാറ്റങ്ങോട്ട്‌ പോകുന്നു എന്നത് പ്രധാനമല്ല .പ്രശ്നവുമല്ല..
കാറ്റെവിടെ നിന്നുണ്ടായി എന്നതും .മരുഭൂമി കടന്നു കുതിച്ചു പോകുന്ന നീരറ്റ കാറ്റ് കടല്‍ക്കാറ്റാവുമ്പോള്‍ ഉപ്പു കവര്‍ന്നെടുത്ത് മീന്‍മണങ്ങളുമായി കടല്‍ കടക്കും... 
പിന്നെയൊരു മഴദേശത്ത് മഴയ്ക്ക് മുന്നേ കരിയില പറത്തിയും മഴയ്ക്ക് പിറകെ നട്ടെല്ലില്‍ തുളയ്ക്കുന്ന തണുപ്പുമായി ആഞ്ഞു വീശും...
കാറ്റിന്റെ കയ്യില്‍ കൊടുത്ത് വിട്ട പ്രണയദൂതിനെ ഓര്‍ത്ത് എത്ര കവികള്‍ കാല്പനികരായിരിക്കുന്നു..
ഓര്‍മ്മകളുടെ കാറ്റുവമ്പിലൂടെ നടക്കുമ്പോള്‍ ...ചിലപ്പോള്‍ അത്രയും നിര്‍മമായിരിക്കണമെന്ന് തോന്നും. പ്രപഞ്ചത്തിന്റെ ഏതോ ദിക്കില്‍ നിന്ന് പിറന്ന കാറ്റ് പോലെ... ഇനിയുമെത്രയോ ദിക്കുകള്‍ താണ്ടാന്‍ ഉണ്ടെന്നത് പോലെ....
ശൈത്യകാലചന്ദ്രന്‍ പൌര്‍ണ്ണമിക്ക് ശേഷം ഇന്ന് എന്റെയാകാശവും മുറിച്ചു കടക്കും... 
നന്ദി പ്രിയ അഡോണിസ് .. വെറുതെ ചിലത് കാറ്റുവരവുകള്‍ കൊണ്ട് വകഞ്ഞിട്ടതിന് ..

Wednesday, August 31, 2016

രാധയെന്നാല്‍..

Oh! krishna I am melting..melting..melting
രാധയെ ഓർക്കുന്നു..
രാധയെ മാത്രം .. 
യുക്തിയുടെ തേര് തെളിച്ച് മഥുരാപുരിയിലേക്ക് കണ്ണൻ പോയപ്പോൾ 
അയുക്തിയുടെ തടവറകളിൽ നിന്ന് യമുനയിലേക്കുള്ള കൈവഴി പോലും മറന്നു പോയവള്‍.
പൊടുന്നനെ പെയ്ത മഴ തീർത്ത ഉർവ്വരതയ്ക്ക് ശേഷം കരിഞ്ഞുണങ്ങിയ ഉടൽക്കാടായവൾ .
മൃത്യുവിൽ നിന്ന് മൃത്യിവിലേയ്ക്ക് ഉണർന്നെഴുന്നേറ്റവൾ.
ധിക്കാരിയും അസൂയക്കാരിയും
എന്നാല്‍ പരാജിതയുമായവൾ.
മുറിവേറ്റവളും ഉറക്കം നഷ്ടപ്പെട്ടവളും സ്വപ്നാടകയുമായിരുന്നവൾ .
പട്ടുചേല , കടമ്പ് മരം , ഇനിയാർക്ക് വേണ്ടിയും കണ്ണനുതിർക്കാനിടയില്ലാത്ത മുരളിക
എന്നിങ്ങനെ കണ്ണൻ ബാക്കി വെച്ച് പോയവയിൽ സ്വയമൊളിച്ചവൾ
രാധ ഒരു മനുഷ്യ സ്ത്രീയായിരുന്നു.
ഈ നിമിഷം മരിച്ചു പോകണമെന്ന് ഉൽക്കടമായി ആഗ്രഹിക്കുമ്പോഴും
പരിശുദ്ധമായ നുണകളിൽ ജീവിതമെന്ന്
വിസ്തരിച്ച് ചിരിക്കുന്നവൾ .
വിവസ്ത്രമായ ആത്മാവുള്ളവള്‍,
Nothing remains in me but...
You....

Tuesday, August 16, 2016

ഓർഫ്യൂസ് - ഒന്നാം ചില്ലയിലെ പക്ഷിമണംഓർഫ്യൂസ് എന്ന് പേരിട്ട ആ വീട്ടിൽ നിന്ന് അവളിറക്കപ്പെട്ടു .
വയസ്സായ തലയോടെ , വയസ്സായ നെഞ്ചോടെ ,
വയസ്സായ കാലോടെ ...
പിന്നീട് ചെന്ന് കയറിയത് ഒരുറക്കത്തിലേക്കാണ് .
പഴകിയ ഉറക്കത്തിന്‍റെ പാതാള രാജ്യത്തേക്ക്
യൂരിദൈസ് - നിന്റെയുടൽ
യൂരിദൈസ്- നിന്റെ ഉൾപ്പൂവ്
യൂരിദൈസ് - നിന്റെ കുഞ്ഞ്
എന്നിങ്ങനെ പഴകിയ ഉറക്കം പിറു പിറുത്ത് കൊണ്ടിരുന്നു
ഉറക്കത്തിന്റെ ഒന്നാം ചില്ലയിലേക്ക് പക്ഷി മണങ്ങൾ
പറന്നു വന്ന് പെരുകി . പിന്നെ തൂവൽ പൊഴിച്ചു.
ഉറക്കത്തിന്റെ രണ്ടാം ചില്ലയിൽ സൂര്യനുദിക്കുകയും മഞ്ഞുരുകുകയും ചെയ്തു
അടി വയറിന് ഭാരമുണ്ട് .എട്ടാം ഭാരം .
അടിവയറിന്റെ നീലച്ച എട്ടാം ഭാരം
ഏഴ് കുരുന്നുകൾ ഉയിരെടുക്കുകയും നീലച്ച് ഉടലൊടുക്കുകയും
പേറിന്റെ നീൾവരയടയാളങ്ങൾ ഉടലിലും
അഴുകിയ മുലപ്പാൽ മണം നെഞ്ചിലും അവശേഷിപ്പിച്ച്
ഘന നീലിമയിലേക്ക് പെയ്തൊഴിഞ്ഞതും .
ഉറക്കത്തിന്റെ മൂന്നാം ചില്ലയിൽ നനഞ്ഞ മണ്ണിന്റെ
മണത്തിൽ പാതാളരാജ്യത്ത് മഞ്ഞച്ചേരകള്‍ ഇഴഞ്ഞിറങ്ങി .
യൂരിദൈസ് - നിനക്കായി ഒന്നാം ചില്ലയിലവശേഷിച്ച പക്ഷിയുടലിലിപ്പോള്‍ ഓർഫ്യൂസ്ഗീതം .
കരുതി വെച്ച പാട്ട് .
( ഇത് എനിക്കെന്ന് ഞാൻ കരുതിവെച്ച ഗീതം )
* ഓർഫ്യൂസ് - സംഗീതത്തിന്റെ ഗ്രീക്ക് ദേവൻ
*യൂരിദൈസ്- പാതാള രാജ്യത്ത് അകപ്പെട്ട് പോയ ഓർഫ്യൂസിന്റെ പ്രിയതമ 
ഒരേ മഴയെന്ന് തോന്നിപ്പിക്കും വിധം 
രണ്ടിടങ്ങളിൽ പെയ്യുന്നതാണ്..
ശീതം മണക്കുന്ന മുറിയ്ക്കകത്ത്
അറിയാതെ അകപ്പെട്ടു പോയ ആകാശത്തിന്റെ ഒരു കുഞ്ഞു കഷണമുണ്ട്..-
ഇന്നലെ നീലയും മിനിഞ്ഞാന്ന് ചുകപ്പും 
ഇന്നു കറുപ്പും ആയൊരു ആകാശക്കഷണം..


ജൂണ്‍ 22 2016
മഴ(യില്ലാ)ക്കാലത്തേയ്ക്കും 
മഴ(യുള്ള) കാലത്തേക്കും ഇടയ്ക്കുള്ള 
റ്റു ആൻഡ്‌ ഫ്രോ പാച്ചിലുകളിൽ 
മഴക്കാലം എന്നത് ഞാൻ 
കറുപ്പിലും വെളുപ്പിലും എഴുതിയിടുകയാണ്.. 

ജൂണ്‍ 24 2016 
ഒരേ ഒരു ഭാഷയേ വശമുള്ളൂ..
പഴകിപ്പിഞ്ഞിപ്പോയ ഒരു വാമൊഴിഭാഷയാണത്..
സിരാപടലങ്ങളെ വേർതിരിച്ചെടുക്കുന്ന 
ഇടങ്കയ്യൻ വേദനകളിൽ,
മുന്നനുവാദമില്ലാതെ പിൻകഴുത്തിലൂടെ 
കയറി വന്ന് സൂക്ഷ്മ സ്പന്ദനങ്ങളെ വരെ
ഇളക്കിയിടുന്ന തലവേദനകളിൽ..
നഗരത്തിലെ തിരക്കു പിടിച്ച തെരുവിൽ
തനിച്ചു നിൽക്കുമ്പോൾ എവിടെ നിന്നെന്നില്ലാതെ വന്ന്‌ കണ്ണുകളിൽ
കടൽ തന്ന് തിരികെ പോകുന്നേരങ്ങളില്‍..
എപ്പോളും ചുരുണ്ട് പോകുന്ന ഇളം ചുകപ്പ്
കിടക്ക വരികളിൽ...
ഒരേ ഒരു ഭാഷയേ ഇതൊക്കെ പറയുന്നുള്ളൂ.. പഴകിയല്ലോ 

എന്ന് നിങ്ങള്‍   പറയുന്ന അതേ ഭാഷ.
പാമ്പും കോണിയുമുള്ള കളിപ്പലകയിൽ 
എന്റെ കാലാളിനെ മാത്രം പാമ്പ് വിഴുങ്ങിക്കൊണ്ടേ ഇരിക്കുന്നു,
ഇരുണ്ട് വീർത്ത ഉടൽ വഴിയുടെ ഉഷ്ണ സഞ്ചാരങ്ങളിൽ 
എന്റെ കാലാൾ മാത്രം താഴത്തെ കള്ളികളിലേയ്ക്ക് 
സർപ്പ ദംശനമേറ്റ് വീണ് നീലച്ച് ചാകുന്നു ..
(ഓര്‍മ്മയില്‍ പിടയുന്ന പുനരെഴുത്തുകള്‍)

Tuesday, February 16, 2016

രണ്ട് വീടുകൾ


അവളെന്റെ ചങ്ങാതിയൊന്നുമല്ല .ബന്ധുവാണ് .ചങ്ങാതിയാവാൻ എത്ര ശ്രമിച്ചാലും ബന്ധുത്വം കൊണ്ട് പരാജയപ്പെടുന്നവൾ .കൊല്ലാവധിയിൽ കിട്ടുന്ന രണ്ടോ മൂന്നോ കൂട്ട്‌ ദിവസങ്ങളിലായിരിക്കും ഒരു കൊല്ലം കൊണ്ട് ചേർത്ത് വെക്കുന്ന കാര്യമത്രയും പറഞ്ഞു തീർക്കുക .

അമ്മാ ..നറയ്യാ നെയ്‌ പോട്ട് ഇന്നും ഒരു ദോസൈ കുട് - മകൻ
താരാ, സോക്സ്‌ എങ്കേ - ഭര്‍ത്താവ് ( അതെ , ആ പുരാതനമായ ചോദ്യം തന്നെ ! )
നില്ലെടാ , എന്ന് മകനോടും സോക്സ് ബ്യൂറോക്ക് ഉള്ളെ രണ്ടാവത് തട്ടിലെ ഇരുക്ക്‌ - എന്ന് ഭര്‍ത്താവിനോടും അമ്മാ - മാത്ര സാപ്പിടുങ്കോ എന്ന് പറഞ്ഞ് അമ്മമുറിയിലേക്ക് നേരം പകുത്ത് ഓടുന്ന താര . 

രണ്ട് മുറികള്‍ മാത്രമുള്ള ആ ഗവര്‍മെന്റ് വീട്. ആ വീട് മറ്റാരുടെതും അല്ലെന്നു തോന്നും.
അവള്‍ മാത്രമാണ് ആ വീട് . അവളാണ് മരുന്ന് പാത്രം . അവളാണ് അലമാര . അവളാണ് അടുക്കള .

ആവശ്യത്തില്‍ കൂടുതല്‍ ശബ്ദത്തില്‍ രാവിലെ മുതല്‍ക്ക് ഏതൊക്കെയോ ചാനലുകളിലേക്ക് മാറി മാറി സഞ്ചരിച്ച ടെലിവിഷന്‍ ഓഫ് ചെയ്തിട്ട് 'സ്വീകരണമുറിയെന്ന് വിളിക്കാവുന്ന ഇത്തിരി മുറിയുടെ ചതുരത്തിലേയ്ക്ക് താരാമയി ഇരുന്നു. വട്ടം ഒപ്പിക്കാതെ ചുട്ട അവസാന ദോശയും പൊട്ടുകടലയും കറിവേപ്പിലയും വേണ്ടുവോളം താളിച്ച് ഇട്ട തേങ്ങാചട്നിയും പകുക്കുമ്പോള്‍ , അറിയാതെ കയറി വന്ന മൌനമുടച്ച് കൊണ്ട് അവള്‍ പറഞ്ഞു .
" നോക്ക് , കഴിഞ്ഞ കുറി വന്നപ്പോളും നീ കാഞ്ചീപുരം പോകണം എന്ന് പറഞ്ഞതല്ലേ .നമ്മ പോലാമാ . ഇവിടുന്ന്‍ രണ്ടവര്‍ മട്ടും"
 പതിനാല് വര്‍ഷത്തെ തഴക്കം കൊണ്ട് അവളുടെ മലയാളം തമിഴ് അധിനിവേശത്തിന് അടിയറവ് പറഞ്ഞിരിക്കുന്നു. ഓരോ തവണയും പോകണം എന്ന് വിചാരിക്കാറുള്ളതാണ്. കാഞ്ചീപുരവും നെയ്ത് ഗ്രാമങ്ങളും അവിടെ നിന്ന് നേരിട്ട് വാങ്ങാന്‍ മനസ്സില്‍ ഒരു മയില്‍ പീലി നിറമുള്ള പട്ടു പുടവയും ഒരുപാട് നാളായി കാത്ത് വെക്കുന്നു. സാധാരണഗതിയില്‍  യാത്ര എന്ന് കേള്‍ക്കുമ്പോഴേ മനം പിരട്ടാറുള്ളതാണ് താരമയിക്ക്. ഭര്‍ത്താവിന് കൊല്ലം തോറും  ഇന്ത്യയില്‍ എവിടെ പോയി അവധിക്കാലം ചെലവഴിക്കാനും സര്‍ക്കാര്‍ ചിലവില്‍ അനുമതിയുണ്ട്. പക്ഷേ , ഓരോ കൊല്ലവും യാത്രയിലെ അസ്വസ്ഥകളും മനംപിരട്ടലും പറഞ്ഞ് ഒഴിഞ്ഞുമാറും. ഒരു ചെറു യാത്ര പോലും അവളെ അത്ര കണ്ടു അസ്വസ്ഥം ആക്കുമായിരുന്നു.
അവളാണിപ്പോള്‍ കാഞ്ചീപുരം പോകാമെന്ന് പറയുന്നത്. ഒരു ദിവസം മുഴുവന്‍ വേഗാവതിയുടെ കരയില്‍ ഇരിക്കാമെന്ന് പറയുന്നത്. മല്ലിപ്പൂ മണമുള്ള തെരുവുകളിലൂടെ വെറുതെ നടക്കാം എന്ന് പറയുന്നത്. അവിശ്വാസവും അലസതയും എന്റെ മുഖത്ത് ഒന്നിച്ച് ഇഴ പാകിയതിനാല്‍ ആവണം , അവള്‍ പറഞ്ഞു.
"എന്റേത് എന്ന് മാത്രം അടര്‍ത്തിയെടുക്കാന്‍ എനിക്കൊരല്‍പ്പ സമയം വേണം. " എന്റെ ചോദ്യമുഖം അപ്പോള്‍ മകന്‍ , ഭര്‍ത്താവ് എന്നിങ്ങനെ വളഞ്ഞു . അത് അറിഞ്ഞിട്ടാവണം താര പറഞ്ഞു.. ആരും വേണ്ട .

പിറ്റേന്ന് മദ്ധ്യാഹ്ന ശാപ്പാട് ഉണ്ടാക്കി വെച്ചിട്ട് പോകാം എന്ന കരാറിന്‍ മേല്‍ താരാമയി കാഞ്ചീപുരത്തിലേക്കുള്ള യാത്രാനുമതി ഒരു അമര്‍ത്തി മൂളലില്‍ സംഘടിപ്പിച്ചു.
നെയ്ത്ത് ഗ്രാമങ്ങളും വരദ രാജ പെരുമാള്‍ ക്ഷേത്രവും വേഗാവതി നദിയും വാരനിരിക്കുന്ന ഒരു പകലിനു മുന്നില്‍ ഒരു മൂളിപ്പാട്ടില്‍ ഒളിപ്പിച്ച് അവള്‍ പതിന്നാല് കൊല്ലത്തെ എണ്ണ മെഴുക്ക്‌ പിടിച്ച അടുക്കളച്ചുമരിനുള്ളില്‍ മദ്ധ്യാഹ്ന സാപ്പാടിനുള്ള വട്ടം കൂട്ടി. ...

അപ്പോഴാണ്‌ അവളെന്ന വീടിനെ അവളില്‍ ഉപേക്ഷിച്ചിട്ട് ഞാന്‍ എന്ന വീടിലേക്ക്‌ ഞാന്‍ തിരിച്ച് കയറിയത് .

(മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്നതാണ്..അച്ചടി സന്തോഷം ഇവിടെ ചേർത്ത്  വെക്കുന്നു..)

Thursday, February 11, 2016

ഒരു കപ്പൽ സല്യൂട്ട് !

Being Woman..

ആ സന്തോഷം ചെറുതല്ല.
 പ്രത്യേകിച്ചും ഒരു സല്യൂട്ട് കൊണ്ട് ആദരിക്കപ്പെടുമ്പോള്‍ . നിനച്ചിരിക്കാതെ കിട്ടിയ സല്യൂട്ട് തെല്ലൊന്നുമല്ല  അമ്പരപ്പിച്ചത്. നേരത്തെ തന്നെ അറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും ഉച്ച നേരത്തെ നീളന്‍ ട്രാഫിക്കിനിടയിലൂടെ  സുല്‍ത്താന്‍ ഖാബൂസ് തുറമുഖം എത്തുമ്പോഴെയ്ക്കും  രണ്ടര മണിയായി . മൂന്നു മണിക്കാണ് ഇന്ത്യന്‍ നാവിക സേനയുടെ തീരദേശ സംരക്ഷണ വ്യൂഹത്തിലെ കപ്പലായ 'സങ്കല്‍പ് ' കാണാനും  കപ്പിത്താനുമായും നാവികരുമായും  അല്‍പനേരം  സംസാരിക്കുമാനായിട്ടുള്ള കൂടി കാഴ്ച സമയം ഇന്ത്യന്‍ എംബസി നിശ്ചയിച്ചിട്ടുള്ളത് . വൈകുമോയെന്ന് ഭയന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ക്ഷമാപണസന്ദേശം  അറിയിച്ചു കൊണ്ടേ ഇരുന്നു.  തുറമുഖത്തിന് പുറത്തെ പാര്‍ക്കിങ്ങില്‍  വാഹനം  വെച്ച് അകത്ത് തയ്യാറായി നിന്ന പോര്‍ട്ട്‌ ഷട്ടില്‍ ബസില്‍ കയറി ഇരുന്നു. വിവിധ യാത്ര ക്കപ്പലുകളില്‍ പോകാനിരുന്ന സഞ്ചാരികളെ അതാത് ഇടങ്ങളില്‍ ഇറക്കിയ ശേഷം ബാക്കിയായ ഏക യാത്രക്കാരിയായ എന്നെ സ്വദേശി ഡ്രൈവര്‍ ബെര്‍ത്ത്‌ 7 ല്‍ ഇറക്കി ..

വൈകിയെത്തിയ പാരവശ്യത്തില്‍ കപ്പലിലേക്ക് കയറാന്‍ തയാറാക്കി ഇട്ടിരിക്കുന്ന റാമ്പ് ,അത് തന്നെ എന്നുറപ്പിച്ച് അതില്‍ കാലെടുത്ത് വെച്ചു. റാമ്പിന്റെ മറ്റേയറ്റത്ത് തൂവെള്ള നാവിക സൈന്യ വേഷം ധരിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ സല്യൂട്ടില്‍ നില്‍ക്കുന്നു. സ്ഥലം മാറിക്കേറിയതാണോ, അതല്ല എന്റെ പിറകില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആരെങ്കിലും ഉണ്ടോ എന്നൊക്കെയുള്ള അങ്കലാപ്പില്‍ പ്രത്യഭിവാദനം പെണ്ണുടലിന്റെ സകല ആന്തരിക നിരോധഭാവങ്ങളും വെളിവാക്കി സല്യൂട്ടോ ഹസ്ത ദാനമോ നമസ്തെയോ  അതെല്ലാം കൂടിക്കലര്‍ന്ന എന്തോ ഒന്നോ ആയി മാറി .  ഇന്ത്യന്‍ നാവിക സേനയുടെ കപ്പലിലേയ്ക്ക് കാല്‍ എടുത്തു വെക്കുന്ന ഏതൊരു സ്ത്രീയെയും പൂര്‍ണ്ണ ഭാവത്തോടെ സേന ആദരിക്കുന്നത് ആണത്. കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ സ്ത്രീകളുടെ ഏക ഭാവമായി ഞാനപ്പോള്‍

ആ കപ്പല്‍ തട്ടില്‍ നിന്ന് വളരെ സൌഹാര്‍ദ്ദത്തോടെ ഉദ്യോഗസ്ഥരിലോരാള്‍ വാര്‍ത്താസമ്മേളനം സജ്ജീകരിച്ചിരിചിരിക്കുന്ന  മുറിയിലേക്ക് കൊണ്ട് പോയി.  കാപ്റ്റൻ  ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മുകുൾ  ഗാർഗ് രാജ്യ രക്ഷയ്ക്ക് വിഘാതമാകുന്ന എന്തിനെയും ജാഗരൂകമായി നേരിടേണ്ടി വരുന്നതിനെ പറ്റിയും സര്‍വ്വഥാ സുസജ്ജമായിരിക്കേണ്ടതിനെ പറ്റിയും വിശദീകരിച്ചു. ഒരു ഹെലി കോപ്റ്ററും  പുറമേയ്ക്ക് ഘടിപ്പിചിരിക്കുന്ന യന്ത്രത്തോക്കുകളും മറ്റു സൈനീക സന്നാഹങ്ങളും അടക്കം സുസജ്ജം ആണ് സങ്കൽപ് .
25 വര്‍ഷത്തോളം എത്തുന്ന സൈനീക ജീവിതത്തില്‍ 18 വര്‍ഷവും കടലില്‍ ചിലവഴിച്ച ക്യാപ്റ്റനു ലക്ഷദ്വീപ് നടുത്ത് വെച്ചുണ്ടായ കടല്‍ക്കൊള്ളക്കാരെ നേരിട്ടതും രൌദ്ര ഭാവങ്ങളുള്ള  കടലിനെ അടുത്ത് അറിഞ്ഞതുമായി  അനുഭവങ്ങളുടെ ഒരു കടല്‍ തന്നെയുണ്ട്.

പിന്നീട് ഓഫീസര്‍ ജോബിന്‍ ജോര്‍ജ്ജ് എല്ലാവരെയും കപ്പല്‍ ചുറ്റിക്കാണാന്‍ കൊണ്ട് പോയി.  നാവികന്റെ ദിശാ സഞ്ചാര സൂചികളും സേനയുടെ അച്ചടക്കവും കടല്‍ വഴികളും അടുക്കടുക്കായി ഓഫീസര്‍ ജോബിന്‍ പറഞ്ഞു തന്നു . മറ്റു കപ്പലുകളിലേക്ക് സന്ദേശം അയക്കാന്‍ ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങളും പുറം കടലില്‍ ആയിരിക്കുമ്പോള്‍ കരയുമായി ബന്ധപ്പെടാനുള്ള ഉപഗ്രഹ വാര്‍ത്താവിനിമയ സങ്കേതങ്ങളും പരിചയപ്പെടുത്തി .കടല്‍ വഴികളും യാത്രാ മാപ്പുകളെ പറ്റിയും പറഞ്ഞു തന്നു.  2008  മെയ് 20 ന് ഗോവൻ ഷിപ്‌ യാർഡിൽ ആണ് സങ്കൽപ്   കമീഷന്‍ ചെയ്തത്. കോസ്റ്റ്ഗാര്‍ഡ് ഡെപ്യൂട്ടി ഐ.ജിമുകുൾ  ഗാർഗിന്റെ  നേതൃത്വത്തില്‍ 12  ഓഫീസര്‍മാരും 97 മറ്റ് ജീവനക്കാരുമാണ് ഈ കപ്പലിലുള്ളത്. ഫെബ്രുവരി ഒൻപത്  മുതൽ 13 വരെയാണ് സങ്കൽപ്  ഒമാൻ തീരത്ത് ഉണ്ടാവുക .

ഇന്ത്യന്‍ നാവിക സേനയുടെ കപ്പലിന്റെ മേല്‍തട്ടില്‍ നിന്ന് ഇന്ത്യന്‍ പതാകയ്ക്ക്  ഏറ്റവും ഉള്ളില്‍ നിന്ന് വന്ന അഭിവാദനം മനസ്സ് കൊണ്ട് അര്‍പ്പിച്ച്  തിരികെ ഇറങ്ങുമ്പോള്‍ -
കാറ്റ് നാവികന് മാത്രം കൈമാറുന്ന ദിശാസൂചികളെ പറ്റി ഞാന്‍ അറിയുകയായിരുന്നു