Thursday, December 31, 2015

ചിലത്

ചിലത് വിധികളോ
വിധിപ്പകർപ്പുകളോ ആണ്
പെട്ടെന്ന് കാറ്റ് മരിക്കും
നദി വരളും..
ഉള്ളു പൂതലിച്ച അവസാന മരവും കത്തും...
ഈ രാത്രിയും ഇല്ലാതെയാകും..

Saturday, December 26, 2015

മലയാളത്തില്‍ പഠിച്ചാല്‍ ജോലി കിട്ടില്ലെന്ന് ആരാണ് പറഞ്ഞത് ? അഭിമുഖം - കെ ജയകുമാര്‍ IAS / റെജിനമലയാളം സര്‍വകലാ ശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ IAS , മലയാളി കൂട്ടായ്മ ആബ്സ് ഒരുക്കിയ കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹവുമായി നടത്തിയ അഭിമുഖം ഗള്‍ഫ് മാധ്യമം - മധുരമെന്‍ മലയാളം -2016 ന്റെ പ്രത്യേക പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട് . അതിന്റെ പൂര്‍ണ്ണരൂപം.  ഇവിടെ വായിക്കാം .

റെജിന മുഹമ്മദ്‌ കാസിം


മലയാളികളുടെ  ചിരകാലാഭിലാഷമായിരുന്നു മലയാളം സർവ്വകലാ ശാല. അതിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച്  ?


  • മലയാളം സർവ്വകലാശാല എന്നത് ചരിത്രം ഏൽപ്പിച്ച നിയോഗമാണ് . ചീഫ് സെക്രട്ടറി ആയിരുന്നതിനേക്കാൾ മാനസികമായി തിരക്കിലാണിപ്പോൾ . മലയാളം സർവ്വകലാശാല മലയാളത്തിന്റെ അഭിമാനമാണ്.മലയാളം സർവ്വകലാശാല ഔന്നത്യങ്ങളിൽ എത്തണം എന്നാ നിശ്ചയ ദാർഢ്യത്തോടെയാണ് പ്രവർത്തിക്കുന്നത് . ഇപ്പോൾ പത്തു കോഴ്സുകൾ ഉണ്ട്. ആദ്യത്തെ അഞ്ച് കോഴ്സ് കുട്ടികൾ പഠിച്ചിറങ്ങി .പഠിച്ചിറങ്ങിയ കുട്ടികളിൽ 40 % പേർക്കും ജോലി ആയിക്കഴിഞ്ഞു. മലയാളം ഭാഷയിൽ മാത്രമാണ് മലയാളം സർവ്വകലാശാലയിൽ അദ്ധ്യയനം നടക്കുന്നത് .ചരിത്രവും സാമൂഹ്യ ശാസ്ത്രവും രാഷ്ട തന്ത്രവുമൊക്കെ മലയാളത്തിലും പഠിക്കാൻ ആവും എന്നാ പാഠമാണ് മലയാള സർവ്വ കലാശാല കൊടുത്ത് കൊണ്ടിരിക്കുന്നത്. അത് പ്രധാനമാണ്. മലയാളത്തിൽ പഠിച്ചിറങ്ങിയ കുട്ടികൾക്ക് ജോലി ലഭിക്കില്ല എന്ന മധ്യ വർഗ്ഗ ധാരണയെ അത് പൊളിച്ചെഴുതുന്നു .മലയാളം മറന്ന് ഇംഗ്ലീഷ് പൌരനായി വളർന്നെങ്കിൽ മാത്രമേ അവസരങ്ങൾ ഉള്ളൂ എന്ന വിചാരത്തെ നിരാകരിക്കണമെങ്കിൽ മലയാളം സർവ്വകലാശാല ഉയരങ്ങളിൽ എത്തേണ്ടതുണ്ട്. നിലവാരമുള്ള കോഴ്സുകളും ജോലി സാധ്യതയും ഈവ്ദെ ഉണ്ട്. കോഴ്സ് നടത്തൽ മാത്രവുമല്ല ഒരു സർവ്വകലാശാല .

മലയാളം ഒരു ഭാഷ എന്നാ നിലയ്ക്ക് നേരിടുന്ന വെല്ലു വിളികള്‍ ?


  • സർവ്വ കലാശാല ഒരു ഭാഷാഭേദ സർവ്വേ നടത്തി. നാം സംസാരിക്കുന്ന മാനക ഭാഷ മാത്രമല്ല മലയാളം. തിരുവനന്തപുരം പാറശാല മുതൽ കാസർഗോഡ് വരെയുള്ള സംസാരത്തിൽ ഭാഷാഭേദം ഉണ്ട്. ഒരു പക്ഷെ ഇത് ഭാവിയിൽ അപ്രത്യക്ഷമായേക്കാം . എല്ലാവരും ഒരേ പോലെയാണ് ഇപ്പോൾ സംസാരിക്കുന്നത്. തൃശൂർ ഭാഷയ്ക്കിപ്പോൾ പഴയ ഈണമില്ല . നമ്മുടെ ഭാഷയ്ക്ക് ഏറെ വൈവിധ്യം ഉണ്ട്. വൈവിധ്യം ഉണ്ടെങ്കിലെ ജീവൻ ഉള്ളൂ. എല്ലാറ്റിനും ഏക താനത വന്നാൽ അത് നശിക്കും. ജൈവ വൈവിധ്യത്തിലൂടെയെ ഭാഷയ്ക്ക് നിലനിൽപ്പുള്ളൂ . ഈ വൈവിധ്യം ഒപ്പിയെടുക്കാൻ ആണ് സർവ്വകലാശാല ശ്രമിക്കുന്നത്. ഓരോ ജില്ലയ്ക്ക് അകത്ത് പോലും ഭാഷാ വൈവിധ്യം ഉണ്ട്. തുടക്കത്തിൽ മലപ്പുറം ജില്ലയ്ക്ക് അകത്തുള്ള ഭാഷാവൈവിധ്യത്തെ പറ്റി ഒരു പഠനം നടത്തി. പ്രാഥമിക പഠനമേ നടത്തിയുള്ളൂ എങ്കിലും അത് നമ്മുടെ ഭാഷയുടെ അനന്തമായ ഭാവി , സാംസ്കാരിക സന്ദേശങ്ങൾ തുടങ്ങിയവയെ പറ്റി കൃത്യമായ വിവരങ്ങൾ തന്നു. ശബ്ദ താരാവലിയിൽ ഇനിയും സ്ഥാനം പിടിക്കേണ്ട അനേകം വാക്കുകൾ മലപ്പുറത്ത് നിന്ന് മാത്രം കിട്ടി.പതിന്നാലു ജില്ലകളിലെ സർവ്വേ കഴിഞ്ഞാൽ ഏകദേശം അഞ്ചു ലക്ഷം വാക്കുകൾ കൂടുതലായി ചേക്കേറും. ശബ്ദ താരാവലിയിൽ 98000 വാക്കുകൾ ആണ് ഇപ്പോൾ ഉള്ളത്.

സര്‍വകലാ ശാലയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ?

  • സമഗ്ര മലയാള നിഘണ്ടു എന്നൊരു ഓണ്‍ലൈൻ നിഘണ്ടുവും മലയാളം സർവ്വകലാശാലയുടെ പ്രൊജക്റ്റ്‌ ആണ്. അടുത്ത വർഷം അത് നിലവിൽ വരുമെന്ന് കരുതുന്നു. ഏകദേശം അഞ്ചു ലക്ഷം വാക്കുകളുള്ള സമഗ്ര മലയാള നിഘണ്ടു ഓണ്‍ലൈനിൽ മലയാള ഭാഷയുടെ സംഭാവനയായി ഉണ്ടാകും. ഇതിനു പുറമേ സാംസ്കാരിക പൈതൃക സർവ്വേയും നടക്കുന്നുണ്ട് .സാങ്കേതിക കാലത്ത് കമ്പ്യൂട്ടെഷനു വിധേയമാകുന്ന ഭാഷയ്ക്ക് മാത്രമേ അതിജീവനമുള്ളൂ എന്നതാണ് സ്ഥിതി. അത് കൊണ്ട് തന്നെ കമ്പ്യൂട്ടേഷനുമായി താദാത്മ്യം പ്രാപിക്കാത്ത ഭാഷകൾ ഇല്ലാതെ ആവുകയാണ്. ഇക്കാര്യത്തിൽ ഇപ്പോൾ ഉള്ള പോരായ്മകൾ പരിഹരിക്കാനുള്ള പദ്ധതികൾ നടക്കുന്നുണ്ട്.സെന്റർ ഫോർ മലയാളം കമ്മ്യൂണിറ്റി അതിന്റെ ഇന്ന് വരെയുള്ള പഠനങ്ങൾ ക്രോഡീകരിക്കും. കേരളത്തിനു പുറത്ത് ജീവിക്കുന്ന വിദേശ മലയാളികൾക്ക് ആയിട്ട് ഒരു ഓണ്‍ലൈൻ മലയാളം കോഴ്സ് തയ്യാറായി വരുന്നുണ്ട്. 120 മണിക്കൂർ ദൈർഘ്യമാണ് ഉദ്ദേശിക്കുന്നത്. 20 മണിക്കൂർ ഭാഷാ പരിചയം , 40 മണിക്കൂർ സാംസ്കാരിക പരിചയം 60 മണിക്കൂർ സാഹിത്യ പരിചയം എന്നിങ്ങനെ ആണ് ഉദ്ദേശിക്കുന്നത്. അതിന്റെ പാഠഭാഗങ്ങളുടെ ഭാഗമായി കുറച്ച് കൂടി ഷൂട്ടിങ്ങ് ജോലികൾ തീരാനുണ്ട്. അത് പൂർത്തിയാകുന്നതോടെ എത്രയും വേഗം പാഠഭാഗങ്ങൾ ഓണ്‍ലൈൻ വിദ്യാർഥികൾക്കായി എത്തും അടുത്തിടെ യൂറോപ്പ് , ജർമ്മനി തുടങ്ങി ചില രാജ്യങ്ങൾ സന്ദർശിച്ചിരുന്നു പുതുതലമുറയിലെ മലയാളി, തങ്ങളുടെ മക്കൾക്ക് മലയാളം അറിഞ്ഞു കൂടാ എന്ന് പറയുന്നതിൽ അഭിമാനമല്ല അൽപം ജാള്യത ഉള്ളവരാണ്. ഇതാണ് ശരിയായ സമയം. നമുക്ക് സാങ്കേതികയുണ്ട് 120 മണിക്കൂർ കൊണ്ട് പൂർണ്ണമായും ഒരു കുടുംബത്തിനു തന്നെ മലയാളത്തിലേക്ക് വരാം 'ചങ്ങമ്പുഴ ' എന്ന് പറഞ്ഞാൽ ഭാരതപ്പുഴ പോലെ ഒരു പുഴയല്ല എന്നെങ്കിലും വളർന്നു വരുന്ന കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട് . 120 മണിക്കൂർ കോഴ്സിനു ശേഷം കവിതയോ സാംസ്കാരിക പഠനമോ പ്രത്യേകമായി പഠിക്കണം എന്നുള്ളവർക്ക് അതിനുള്ള സംവിധാനവും വൈകാതെ ഉണ്ടാകും .വലിയ ആവേശവും പ്രതീക്ഷയും ഉണ്ട് അതേപ്പറ്റി .ഡിക്ഷ്ണറി രണ്ടോ മൂന്നോ മാസം കൊണ്ട് പുറത്ത് വരും കോഴ്സ് 2016 ലും .

എഴുത്തച്ഛൻ പഠന കേന്ദ്രം
  • വേരുകൾ മറക്കരുതല്ലോ. എഴുത്തച്ഛന്റെ പേരിൽ സ്ഥാപിച്ചിരിക്കുന്ന സർവ്വകലാശാല ആണിത്. എഴുത്തച്ഛൻ പഠന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. എഴുത്തച്ഛനു വേണ്ടി സമർപ്പിച്ചതാണ് ഇത്. എഴുത്തച്ഛനെ പറ്റി എന്തെല്ലാം പഠനം നടന്നിട്ടുണ്ടോ അതെല്ലാം സമാഹരിക്കും. എഴുത്തച്ഛൻ പോർട്ടൽ ഉണ്ടാക്കുക. ഗവേഷണങ്ങൾക്ക് സഹായിക്കുന്ന ശുദ്ധ പാഠങ്ങൾ പ്രസിദ്ധീകരിക്കുക. എഴുത്തച്ഛൻ കൃതികൾ മൌലികമായി അതിൽ ലഭ്യമാക്കുക , മറ്റു ഭാഷകളിലേയ്ക്ക് എഴുത്തച്ഛൻ കൃതികൾ പരിഭാഷ പ്രോത്സാഹിപ്പിക്കുക തുടങ്ങി എഴുത്തച്ഛനു നൽകാവുന്ന എല്ലാ ആദരവും നൽകുക എന്നതാണ് ലക്‌ഷ്യം. അതിപ്പോൾ ആരംഭിച്ചിട്ടേ ഉള്ളൂ.

ഔദ്യോഗിക ജീവിതത്തിനിടയ്ക്കും കൈവിടാത്ത  കവിത , സാഹിത്യം എന്നതിനെ കുറിച്ച്

  •  63 വയസ്സാവുകയാണ് .ഇനി ഇത്രയും കാലം ജീവിക്കില്ല. ജീവിക്കാനും പാടില്ല ( ചിരി) ഇനി ജീവിക്കുന്ന ശിഷ്ട കാലം കൊണ്ട് എന്തെങ്കിലുമൊക്കെ എഴുതണം മലയാളം സർവ്വ കലാശാലയോട് അനുബന്ധിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുപാട് കവികളെയും അക്കാദമീഷ്യൻമാരെയും കാണുന്നുണ്ട്. കേരളത്തിന്റെ ബൌദ്ധിക ലോകത്തെ അടുത്ത് അറിയുന്നുണ്ട്.അത് എന്റെ കവിതകളെ അല്പം മാറ്റി എന്ന് കരുതുന്നു. കുറെയൊക്കെ സാമൂഹ്യ ബോധം കവിതകളിൽ വന്നിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. തികച്ചും വൈയക്തികമായി അകം കവിതകൾ എഴുതുന്ന ഞാൻ പുറം കവിതയിലേക്ക് വരുന്നു എന്ന് തോന്നുന്നുണ്ട്. യാന്ത്രികമായിട്ടല്ല. യാന്ത്രികമായി കവിതയിൽ ഒന്നും ചെയ്യാൻ ആവില്ലല്ലോ. ആചാര്യന്മാരുടെ ഒരു ഇച്ഛ അവിടെ ഉണ്ടാവാം.


ഭാഷയുടെ വ്യാപനത്തിനുള്ള പദ്ധതികള്‍ ?

  • നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷ പദവിയൊക്കെ ലഭിച്ചിട്ടിട്ടുണ്ട് . പക്ഷെ എം ടി ഒരിക്കൽ പറഞ്ഞത് പോലെ ഒരു ഭാഷയെ ശ്രേഷ്ഠം ആക്കുന്നത് സർക്കാർ ഉത്തരവല്ല. അത് സംസാരിക്കുന്ന ജനതയാണ്. ആ ഭാഷയുടെ വ്യാപനം ആവശ്യമാണ്. അതിനായി നമ്മൾ ഒരു ശ്രമം തുടങ്ങിയിട്ടുണ്ട്. അഞ്ഞൂറ് വർഷം പാരമ്പര്യമുള്ള ജർമ്മനിയിലെ ടുബിങ്ങ്ടൻ സർവ്വകലാശാലയും ശൈശവ ദശയിലുള്ള മലയാളം സർവ്വകലാശാലയും ഒരു ധാരണാ പത്രം ഒപ്പിട്ട് ഗുണ്ടർട്ട് ചെയർ സ്ഥാപിച്ചു ഹെർമൻ ഗുണ്ടർട്ട് പഠിച്ച സ്ഥലമാണ് കേരളത്തിൽ നിന്ന് തിരിച്ച് പോയപ്പോൾ 42000 പേജോളം വരുന്ന രേഖകൾ അദേഹം യൂണിവേഴ്സിറ്റിയെ ഏൽപ്പിച്ചു .അദ്ദേഹം ഡിക്ഷ്ണറി ഉണ്ടാക്കാൻ ഉപയോഗിച്ച രേഖകളും ഉപാധാനങ്ങളും ആണവ. അവർ അത് വളരെ ഭദ്രമായി അഭിമാനത്തോടെ സൂക്ഷിച്ചിട്ടുണ്ട്. അതിനെ പറ്റി വേണ്ടത്ര ഗവേഷണം നടന്നിട്ടില്ല. ഈ ചെയറിന്റെ ആഭിമുഖ്യത്തിൽ ഒരു സംയോജന ഗവേഷണം സാധ്യമാകും. ശൈശവ ദശയിലാണെങ്കിലും ഗുണ്ടർട്ട് ചെയർ സ്ഥാപിക്കാൻ സാധിച്ചു എന്നത് ചെറിയ കാര്യമല്ല .വലിയ സന്തോഷമുള്ള കാര്യമാണ്. മലയാള ഭാഷയുടെ അന്താരാഷ്ട്ര വൽക്ക രണത്തിന്റെ ആദ്യപടി എന്ന നിലയിൽ അതേറെ സഹായിക്കും.

ദൈവത്തിന്റെ സ്വന്തം നാട് -മലയാളിയെ ലോകത്ത് അടയാളപ്പെടുത്തിയ ആ വാചകത്തെക്കുറിച്ച് ?

  • ടൂറിസം എന്നത് സ്വപ്നങ്ങൾ വിൽക്കൽ ആണ്. ആ മേഖലയിൽ ജോലി ചെയ്യുമ്പോൾ ആണ് അങ്ങനെ ഒരു വാചകം ഉണ്ടായത്. ആ സ്വപ്നങ്ങളെ നമ്മൾ മാർക്കറ്റ് ചെയ്യുകയാണ്. ഇതാ ഇവിടെ പുഴകളും വനങ്ങളും പച്ചപ്പും നിറഞ്ഞ ഒരിടമുണ്ട് .എന്ന അറിയിക്കൽ സ്ഥിരം ക്ലീഷേ ആയ കഥകളിത്തലയും വള്ളം കളിയുടെ ചിത്രവും ഒഴിവാക്കി ഒരാലോചന ആയിരുന്നു അത്. സ്വന്തം എന്ന വാക്കാണ് അതിന്റെ ഹൈലൈറ്റ് . ആ വാക്ക് വന്നതോട് കൂടി അതിന് ഒരു അടുപ്പം വന്നു. അതൊരു കൂട്ടായ ശ്രമം ആണ് ഇപ്പോള്‍ ഗോഡ്സ് ഓണ്‍ കണ്ട്രിയുടെ ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.

ഇന്നത്തെ പാട്ടുകളെക്കുറിച്ച്  ?

  • ഇപ്പോളത്തെ ഗാനശിൽപ്പികൾ മോശമൊന്നുമല്ല അവരുടെ മനസ്സിൽ ഒരു സംഗീതമുണ്ട് .അതാണ്‌ ഇന്നത്തെ തലമുറയ്ക്ക് വേണ്ടത് എന്ന് കരുതി പകർന്നു നൽകുകയാണ് . എല്ലാരും ചൊല്ലണ് പോലൊരു പാട്ടോ, താമസമെന്തേ വരുവാൻ പോലൊരു ട്യൂണോ ഇന്ന് പറ്റില്ലായിരിക്കും. പാട്ടുകൾ മാറണം .മാറിക്കൊണ്ടേ ഇരിക്കണം പക്ഷെ ഈ തരത്തിൽ ആണോ മാറേണ്ടത് എന്ന ചോദ്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. റഹ്മാൻ തമിഴ് സംഗീതത്തിൽ ഉണ്ടാക്കിയ ഇമ്പാക്റ്റ് ആവർത്തിക്കാൻ വേണ്ടി റഹ്മാനോളം പ്രതിഭയില്ലാത്ത ചിലർ റഹ് 'മാനിയ ' ബാധിച്ച് കീ ബോർഡ് മാത്രം വെച്ച് തബലയെ പുറത്താക്കി മൗലികമല്ലാത്ത അനുകരണത്തിനു വിധേയമായ ഒന്ന് നമ്മുടെ സ്വന്തമാണ് എന്ന് പറഞ്ഞു നടക്കുന്നതാണ് മ്യൂസിക്കിൽ പുതുമ വരാത്തതിന് ഒരു കാരണം. എം ജയചന്ദ്രനെ പോലുള്ളവർ ചെയ്യുന്ന നല്ല പാട്ടുകൾ കണ്ടില്ലെന്നു നടിക്കാനും ആവില്ല .LKG മുതൽക്ക് ഇംഗ്ലീഷ് ശ്വസിച്ച് ഒരു മലയാള പത്രം പോലും വായിക്കുന്നത് മോശം ആണെന്ന് കരുതുന്ന കുട്ടികളാണ് ഇന്നത്തെ ന്യൂ ജനറേഷൻ . എന്ന് വിളിക്കപ്പെടുന്നതിൽ ഭൂരിപക്ഷവും . ഇഗ്ലീഷിൽ കടുക് വറുക്കുന്ന അവർക്ക് മലയാളം അന്യ ഭാഷയാണ്. ഇവർക്ക് പാട്ടുകളിലെ സാഹിത്യ ഭാവത്തെ റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല. അത് നമ്മുടെ പാട്ടുകളിലെ സാഹിത്യ ഭംഗി കുറച്ചു. സാഹിത്യ കൃതി എന്നത് മനസ്സുണ്ടെങ്കിൽ വായിച്ചാൽ മതി എന്നതാണ് . പാട്ട് അതല്ല അത് റേഡിയോയോ മറ്റോ തുറക്കുമ്പോൾ കേൾക്കുന്നതല്ലേ . അപ്പോൾ ഇഷ്ടമല്ലെടാ , ഇഷ്ടമാണെഡാ തുടങ്ങിയ സംഭാഷണഗാനങ്ങൾ വരും .അത് തമിഴിൽ വഴങ്ങും. തമിഴ് ഭാഷയുടെ ജീനിയസ് ആണത്. മലയാളം അന്യ ഭാഷ പോലെ കരുതപ്പെടുന്ന ഈ കുട്ടികൾക്ക് വേണ്ടി എഴുതുന്ന പാട്ടുകളിൽ നിന്ന് മലയാളം നാട് കടത്തപ്പെടും .

ഫിലിം ഫെസ്റ്റിവലിന്റെ തുടക്കം -അതെക്കുറിച്ച്

  • KSFDC യുടെ എംഡി ആയിരിക്കുന്ന സമയം ആണ് .നല്ല ബോര്‍ഡ് ആണ് അന്ന്. സുകുമാരന്‍ ചെയര്‍മാനും എം ജി സോമനും കെ പി ഉമ്മറും ഒക്കെ ഉണ്ട്. അന്ന് KSFDC നഷ്ടത്തില്‍ ആണ് ശമ്പളം കൊടുക്കാന്‍ പോലും കാശില്ല. സിനിമാ തിയേറ്ററില്‍ നിന്ന് കാശെടുത്ത് വേണം കൊടുക്കാന്‍. KSFDC യുടെ പാക്കേജ് ഒന്നിനും തികയില്ല. എന്നാല്‍ ഒരു ഫെസ്റ്റിവല്‍ നടത്തിയാലോ എന്ന് ആലോചന വന്നു. ബോര്‍ഡ് സമ്മതിച്ചു. ഒരു വ്യവസ്ഥയില്‍ .എല്ലാം സ്പോണ്സര്‍ഷിപ്പില്‍ നടത്താമെങ്കില്‍ എന്ന്. അങ്ങനെയാണ് കോഴിക്കോട് നടത്തുന്നത്. കോഴിക്കോട് എനിക്കുള്ള അല്‍പ സ്വാധീനം കൊണ്ടാണ് അത് ചെയ്തത്. രണ്ട് വര്‍ഷം അങ്ങനെ നടന്നു . മൂന്നാം വര്‍ഷം അത് അക്കാദമി ഏറ്റെടുത്തു. അത് പിന്നീട് അന്താ രാഷ്ട്ര നിലവാരത്തില്‍ ആയി . കേരളത്തില്‍ വരാന്‍ ഇപ്പോള്‍ മല്‍സരമാണ്.നമ്മള്‍ ഇതിനൊക്കെ ഉപകരണം ആവുന്നു എന്നേ ഉള്ളൂ. ഫിലിം സ്റ്റഡീസില്‍ ഒരു എം എ തുടങ്ങുന്നുണ്ട് ഞങ്ങള്‍. ഇങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങളൊക്കെ ജീവിത യാത്രയില്‍ ചെയ്തു.
സമഗ്ര ഭാഷ ബിൽ നിയമാകുന്നതിലെ  വെല്ലുവിളികൾ എന്തൊക്കെയാണ് ?

  • അതിനെ പറ്റി ആധികാരികമായി പറയാൻ ആവില്ല .കഴിഞ്ഞ ആറുമാസം മുൻപ് ഗവര്മെന്റ്റ് അത് നടപ്പാക്കാൻ ശ്രമിച്ചു. അത് വായിച്ചിട്ട് മലയാള സർവ്വകലാശാലയുടെ ഔദ്യോഗികമായ അഭിപ്രായം തന്നെ ഞാൻ എഴുതി കൊടുത്തു. ഈ രീതിയിൽ നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടയാൾ ആണ് ഞാൻ. അത് ഔദ്യോഗികമായി പറഞ്ഞതാണ് . എന്ത് കൊണ്ടെന്നാൽ ഇത് ആ ബില്ലല്ല. ഈ ബില്ലിന് വേണ്ടി വാദിച്ചവരും കിനാവു കണ്ടവരും ആഗ്രഹിച്ച ബിൽ അല്ല ഇത്. നേരത്തെ ഓ എന വി സാറൊക്കെ ചേർന്ന് ഒരു കരടു ബിൽ കൊടുത്തിരുന്നു. അതാണ്‌ നടപ്പിലാകേണ്ടത് . സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര നാളായിട്ടും ഔദ്യോഗിക കാര്യങ്ങൾക്ക് ഇംഗ്ലീഷ് ഉപയോഗിക്കുന്നവർ ആണ് നാം .'ഭരണ ഭാഷ -മാതൃ ഭാഷ 'എന്ന ലോഗോയ്ക്ക് കീഴിൽ ഇംഗ്ലീഷിൽ കത്തെഴുതും. നമുക്കൊരു ഹിപ്പോക്രസി ഉണ്ട്. ഒരു ഭാഗത്ത് കൂടി മലയാള നിയമം കൊണ്ട് വരാത്തതിൽ ധാർമ്മിക രോഷം കൊള്ളുന്ന നാം , ശ്രേഷ്ഠ ഭാഷ കിട്ടാത്തപ്പോൾ ധാർമിക രോഷം കൊണ്ട നാം , അത് കിട്ടിയപ്പോൾ അതിന്റെ ആഹ്ലാദത്തിൽ അഭിരമിച്ച് കൊണ്ടിരിക്കെ തന്നെ ഇംഗ്ലീഷ് മീഡിയം കിട്ടിയില്ല എങ്കിൽ ഗവർമെന്റ് സ്കൂൾ പൂട്ടിപ്പോകും എന്ന് പറഞ്ഞ് പി ടി എ സത്യാഗ്രഹം ഇരിക്കുന്നതും ഇതേ കേരളത്തിൽ തന്നെ .ഇതിൽ നമ്മൾ എവിടെയാണ് ആരുടെ കൂടെയാണ്. സമൂഹത്തിനു ഈ കാര്യത്തിൽ ഏകാഭിപ്രായം ഇല്ല. ഒരുപാട് വൈരുദ്ധ്യങ്ങൾ ഉണ്ട്. തമിഴ്നാടിനെ സംബന്ധിച്ച് ഈ പ്രശ്നം ഇല്ല. അവിടെ രണ്ടഭിപ്രായം ഇല്ല. ഇവിടെ അതിനും രണ്ടഭിപ്രായം ഉണ്ട്Tuesday, December 15, 2015

കടലെന്നോ ഉടലെന്നോ പേരിടാം

കടലിനും പകലിനുമിടയ്ക്ക് ഒരു നീണ്ട കപ്പൽ നങ്കൂരമിട്ടിട്ടുണ്ട് .
കടലിനും പകലിനുമിടയിലേക്ക് നിഴൽ വീഴ്ത്തി
നേർത്ത കപ്പൽ വെളിച്ചങ്ങൾ കടൽ കവിയുന്നുണ്ട്
കടൽ നടത്തത്തിന്റെ രസച്ചരടിനിടയ്ക്കാണ്
ഉടലിൽ പറ്റിയ കടൽപ്പായലുകളെ തൂത്ത് കളയുന്നൊരാൾ
ഞാനാണ് കപ്പിത്താനെന്ന് പറഞ്ഞത്
കൂർമ്പൻ തൊപ്പിയോ വെഞ്ചാമരം പോലത്തെ നീളൻ താടിയോ
ഇല്ലാതെന്ത് കപ്പിത്താൻ എന്നതിശയം കൊള്ളവെയാണ്‌
നൂറ്റാണ്ടുകളായി കണ്ണിലുറഞ്ഞ കടൽപ്പകർച്ച
എനിക്ക് വെളിച്ചപ്പെട്ടത് .
അപ്പോഴാണ്‌ , ഇത് തന്നെയാണാ കപ്പിത്താൻ എന്നെനിക്കുറപ്പായതും.
പിന്നെയാ കപ്പിത്താന്റെ കണ്ണിൽ ഒളിച്ചാണ് ഞാൻ
സമുദ്ര സഞ്ചാരങ്ങളത്രയും നടത്തിയത്.
കടൽകാറ്റെന്റെ മുടിയിഴകളിൽ കടൽനിലാവ് വകഞ്ഞിട്ടത്
കപ്പൽപ്പായകള്‍ ഒരേയാകാശത്തില്‍ നൂര്‍ത്തിട്ടത്.

കപ്പൽച്ചേതങ്ങളില്‍ ഞങ്ങളൊരുമിച്ച് ഒറ്റ ദ്വീപായത്
അങ്ങനെയാണ് ഉടലിൽ കടൽനീലമുള്ള
കടൽപ്പെണ്ണായി ഞാൻ കര കടന്നത്
സാരമില്ല; നിങ്ങൾക്കിത് മനസ്സിലായില്ലെങ്കിലും കടലിളക്കങ്ങളുടെ
ഭാഷ പഠിപ്പിച്ച് തന്ന കപ്പിത്താനിത് മനസ്സിലാവും .
(ഹേയ്! അങ്ങനെയിങ്ങനെ കരയാനുള്ളതല്ല കടലുറങ്ങുന്ന കണ്ണുകള്‍ )