Sunday, November 15, 2015

കഅബ തന്ന കവിത


കാലമിതാണ്..

ഇസ്ലാമോഫോബിയ എന്നും ഇസ്ലാമിക ഭീകരത എന്നുമൊക്കെ പച്ച കുത്തുന്ന കാലം..

ഇക്കാലത്തിരുന്നാണ് ഒരാള്‍ കവിത എഴുതുന്നത്...

വെറുമൊരാള്‍ എന്നെങ്ങനെ പറയും ! ഇപ്പോള്‍ 66 വയസ്സുള്ള സുഹറത്തയാണ് കഅബയുടെ പുണ്യം കവിതയിലേയ്ക്ക് ഒഴുക്കിയത്. ആദ്യ കവിത പിറന്നത് ആദ്യ മക്കാ സന്ദര്‍ശനത്തിന് ശേഷം അന്‍പത്തി അഞ്ചാം വയസ്സില്‍.. ആ അനുഭവങ്ങള്‍ സുഹറത്തയുടെ മസ്കറ്റിലെ വീട്ടില്‍ ഇരുന്ന് സംസാരിച്ചത് മാതൃഭൂമി ഗള്‍ഫ് എഡിഷനിലെ ഈദ് സപ്ലിമെന്റില്‍ ഫീച്ചര്‍ ആയിട്ടുണ്ട്.. അതിന്റെ മാതൃഭൂമി വെബ്‌ ലിങ്കും ഇമേജും ചേര്‍ക്കുന്നു.
കഅബ തന്ന കവിതഅമ്പത്തിഅഞ്ചാം വയസ്സില്‍ കഅബ കാണും വരെ സുഹറത്ത കവി ആയിരുന്നില്ല. എന്നാല്‍, അതിനുശേഷം, അവര്‍ അടിമുടി കവിയാണ്. ആത്മീയമായ അതീതാനുഭവങ്ങള്‍ പകര്‍ത്താനുള്ള വഴിയാണ് അവര്‍ക്കിന്ന് കവിത. ആത്മാവിന്റെ നീണ്ട അന്വേഷണങ്ങളുടെ നടപ്പാത. കവിതയിലൂടെ അവര്‍ ദൈവത്തെ അറിയുന്നു. വാക്കുകളിലൂടെ സ്രഷ്ടാവിനെ സ്തുതിക്കുന്നു. അക്ഷരങ്ങളിലൂടെ ദൈവികാനുഭവങ്ങള്‍ അനുഭവിച്ചറിയുന്നു.
ഒമാന്‍ പൗരത്വം ലഭിച്ച മലയാളിയായ ഡോ. ഹംസയുടെ പത്‌നിയായ സുഹറ, കവിതയിലേക്കുള്ള തന്റെ യാത്ര തുടങ്ങിയതിനെ കുറിച്ച്, അസൈബയിലെ മനോഹരമായ വസതിയിലിരുന്ന് ഇങ്ങനെ പറയുന്നു: 'റമദാനിലെ അവസാന നാളുകളിലൊന്നായിരുന്നു അത്. ഞാന്‍ മകള്‍ നിഷാത്തിനും മരുമകന്‍ ഹുസൈനും ഒപ്പം ഉംറയ്ക്ക് വന്നതാണ്. കണ്‍മുന്നില്‍ കഅബ ആയിരുന്നു. അതിന്റെ കവാടത്തില്‍ ജനപ്രവാഹം. നിലയ്ക്കാത്ത ആളൊഴുക്ക്. അതു നോക്കി നിന്നപ്പോള്‍ എവിടെ നിന്നോ എന്റെ മനസ്സില്‍ ആ വരികള്‍ വന്നു വീണു.  'പ്രവാഹം ...ജനപ്രവാഹം ..വസുന്ധരേ നീയോര്‍മ്മിക്കുമോയീ ജനപ്രവാഹം'...
ഉള്ളില്‍ വന്നു തൊട്ട ആ വരികള്‍ പിന്നെ ആത്മാവിലാകെ മുഴങ്ങാന്‍ തുടങ്ങുന്നത് ഞാനറിഞ്ഞു. ഉംറ കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളില്‍ പലരും ഉംറ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചു . എനിക്ക് കവിത എഴുതാന്‍ ആണ് തോന്നുന്നത് എന്നായിരുന്നു, എനിക്കുപോലും അറിയാത്ത സ്വരത്തില്‍ ഞാന്‍ മറുപടി പറഞ്ഞത്. കേട്ടവര്‍ കേട്ടവര്‍ ചിരിച്ചു, കവിതയോ, ഈ പ്രായത്തിലോ എന്ന അതിശയച്ചിരി'.
'ഞാന്‍ പറഞ്ഞത് സത്യമായിരുന്നു. എന്റെ ഉള്ളില്‍ വിചിത്രമായ അനുഭൂതികളായിരുന്നു. അവ ഗര്‍ഭപാത്രത്തിലെന്നോണം തുളുമ്പി. പുറത്തുവന്ന് കവിതയാവും വരെ, അത് വല്ലാത്ത അസ്വസ്ഥയായി അങ്ങിനെ തങ്ങിനിന്നു. പിന്നെ, ഞാന്‍ കവിതയെഴുതി'
കവിതയിലേക്കുള്ള വഴികള്‍
ദീര്‍ഘകാലം ഉറക്കത്തിലായ  കവിത പൊടുന്നനെ മുള പൊട്ടുകയായിരുന്നു. പിന്നീട് കവിതകള്‍ ജീവിതത്തിന്റെ ഭാഗമായി. കവിതയുടെയോ വായനയുെേടയോ പാരമ്പര്യം ഇല്ലാതിരുന്നിട്ടും, സ്വയം ആവിഷ്‌കരിക്കാന്‍ അവര്‍ അക്ഷരങ്ങളെ തുണതേടി.
ആദ്യ കവിത എഴുതിയതിന്  ശേഷം മരുമകള്‍ കമറുന്നീസ നിര്‍ബന്ധിച്ച് പിന്നെയും എട്ടോളം കവിതകള്‍ എഴുതി. അതെന്ത് ചെയ്യണം എന്നൊന്നും അന്നറിയില്ലായിരുന്നു. അവളാണ് പറഞ്ഞത് അത് ഗാനങ്ങളാക്കാമെന്ന്. അങ്ങനെ ഒരു നാളാണ് പത്രത്തില്‍ കൈതപ്രത്തിന്റെ നമ്പര്‍ കാണുന്നത്. അദ്ദേഹം അബുദാബിയില്‍ ഉണ്ട്. മടിച്ച് മടിച്ചാണെങ്കിലും വിളിച്ചു. ആരും അറിയാതെയാണ് വിളിക്കുന്നത്. കൈതപ്രത്തിനെ വിളിക്കണമെന്നൊക്കെ പറഞ്ഞാല്‍ പിന്നെയും ആളുകള്‍ കളിയാക്കുമോ എന്ന പേടി. മന്ത്രി ബിനോയ് വിശ്വം ആണ് ഫോണ്‍ എടുത്തത് . മറ്റൊരു നമ്പര്‍ തന്നു. അതില്‍ അദ്ദേഹത്തെ കിട്ടി. 'ഞാനൊരു വീട്ടമ്മയാണ് , ഞാന്‍ കുറച്ച് ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. അത് ഒന്ന് സംഗീതമിട്ട് തരുമോ' എന്നാണ് ചോദിച്ചത് . അദ്ദേഹം എത്ര കവിതകള്‍ ഉണ്ടെന്നു ചോദിച്ചു. എട്ടോളം കവിതകളുണ്ട് എന്ന് പറഞ്ഞു. . ഒരെണ്ണം പാടി കേള്‍പ്പിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യ കവിത തന്നെ ചൊല്ലി. എന്ന് മുതല്‍ കവിത എഴുതുന്നു എന്നൊന്നും ചോദിക്കാതെ അദ്ദേഹം അത് അയച്ച് തരാന്‍ പറഞ്ഞു. അങ്ങനെയാണ് 'ആത്മ സങ്കീര്‍ത്തനങ്ങള്‍' എന്ന ഭക്തിഗാന ആല്‍ബം പിറക്കുന്നത്. മധു ബാലകൃഷ്ണനും ബിജു നാരായണനും ദീപാങ്കുരനും കൈതപ്രം തന്നെയും അതില്‍ പാടിയിട്ടുണ്ട്.
മദര്‍ തെരേസയില്‍നിന്ന് മസ്‌ക്കറ്റിലേക്ക്
എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്ത് വെങ്ങോല ഗ്രാമത്തില്‍ ആയിരുന്നു വീട്. സെയില്‍സ് ടാക്‌സ് കമ്മീഷണര്‍ ആയിരുന്ന ആലിപ്പിള്ളയുടെയും കുഞ്ഞി ബീഫാത്തുമ്മയുടെയും മൂന്നാമത്തെ മകളാണ് . മൂത്തത് രണ്ടു സഹോദരിമാര്‍. ഇളയ രണ്ട് സഹോദരന്മാര്‍. അനിയന്‍ അബ്ദുല്‍ റഹീം എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയാണ് .
ചെറുപ്പത്തില്‍ മദര്‍ തെരേസയെപ്പോലെ  ആവണം എന്നായിരുന്നു ആഗ്രഹമെന്ന് സുഹറത്ത പറയുന്നു. കുട്ടിക്കാലത്ത് എറണാകുളത്തെ വീടിനടുത്ത് ക്രിസ്തീയ മിഷനറി നടത്തുന്ന ഒരു അഗതി മന്ദിരം ഉണ്ടായിരുന്നു. കണക്കായിരുന്നു പഠനവിഷയങ്ങളില്‍ ഏറെയിഷ്ടം . എന്നാല്‍, മദര്‍ തെരേസ ആവാനായിരുന്നു ആഗ്രഹം. അതിന് നല്ലത് ഡോക്ടര്‍ പ്രൊഫഷന്‍ ആണെന്ന് തോന്നി.
ഒരു മലമുകളില്‍, ഒരഗതി മന്ദിരം, അവിടെ ആതുരശുശ്രൂഷ.  ഇതൊക്കെ ആയിരുന്നു സ്വപ്നങ്ങള്‍ .അത് കൊണ്ട് ബി എസ് സി ക്ക് ബയോളജി ഐച്ഛിക വിഷയമായി എടുത്തു. ജന്തുശാസ്ത്രം ആണ് പഠിച്ചത്. മെഡിസിന് അഡ്മിഷനും കിട്ടി. പക്ഷേ , അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍, പ്രത്യേകിച്ചും ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍  അഗതി മന്ദിരം , മദര്‍ തെരേസ എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്ക് മനസ്സിലാവും. പെട്ടെന്ന് വന്ന വിവാഹാലോചനയ്ക്ക് സമ്മതം മൂളുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ . അങ്ങനെ മലയടിവാരവും ഡോക്ട്ടര്‍ പഠനമെന്ന സ്വപ്നവും  ഒക്കെ പാതിവഴിയില്‍ ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് ചേക്കേറി.


വെള്ളവും എണ്ണയും പോലൊരു പ്രവാസം
ഭര്‍ത്താവ് ഡോ .ഹംസ 39 വര്‍ഷമായി ഒമാനിലെ മത്രയില്‍ ക്ലിനിക് നടത്തുന്നു. അദ്ദേഹം ഒമാന്‍ പൌെരത്വം സ്വീകരിച്ചിട്ടുണ്ട്. മക്കള്‍ റാസയും നിഷാത്തും. റാസയ്ക്കും ഭാര്യ കമറുന്നീസയ്ക്കും കുട്ടികള്‍ക്കും ഒപ്പം അസൈബയിലെ വീട്ടിലാണ് ഇപ്പോള്‍ താമസം. മകള്‍ നിഷാത്ത് സുല്‍ത്താന്‍ ഖാബൂസ് യുനിവേഴ്‌സിറ്റിയില്‍ ജെനറ്റിക്‌സില്‍ ഗവേഷണം നടത്തുന്നു.
1976 ലാണ് ഭര്‍ത്താവ് ഡോ .ഹംസയ്ക്ക് ഒപ്പം ഒമാനിലേയ്ക്ക് വരുന്നത്. അന്ന് ബോംബെയില്‍ നിന്നാണ് വിമാനം. കുടുംബം , കുഞ്ഞുങ്ങള്‍ ,  സാമ്പാര്‍ വെക്കല്‍,പിറ്റേന്ന് അവിയല്‍ വെക്കല്‍ ,പാത്രം കഴുകല്‍  തുടങ്ങിയ സ്റ്റീരിയൊ ടൈപ്പ് പണികളില്‍ ഒരിക്കലും മനസ്സ് നിന്നിട്ടില്ല. ഇതല്ലാതെ മറ്റൊരിടം ഉണ്ടെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. തനിച്ചാവുമ്പോള്‍, മുറ്റത്ത്  ചെടികള്‍ക്കൊപ്പം നടക്കുമ്പോള്‍ ഒക്കെ ഉള്ളില്‍ ആരോടും പറയാന്‍ ആവാത്ത മറ്റൊരിടം വന്നു നിറയും. ഉറ്റവര്‍ക്ക് പോലും മനസ്സിലാവില്ല അത്.
അങ്ങനെയാണ് കുറച്ച് കുട്ടികള്‍ക്ക് കണക്ക് ട്യൂഷന്‍ കൊടുക്കാന്‍ തുടങ്ങിയത്. അന്നത്തെ സി ബി എസ് സി കുട്ടികളുടെ കണക്ക് ടീച്ചറായി .ഹോം ട്യൂഷനില്‍ ദിവസവും കുട്ടികള്‍ക്കും കണക്കിനുമൊപ്പം ആയിരുന്ന ദിവസങ്ങള്‍ . ദൈവവും ദൈവ ദൂതരും കഴിഞ്ഞാല്‍ കണക്ക് മാത്രമേ ലോജിക്കലി സത്യമായുള്ളൂ ഈ ലോകത്ത് . അഞ്ചും രണ്ടും കൂടി കൂട്ടിയാല്‍ ഏഴു മാത്രമേ ആവൂ. എട്ടാവില്ലെന്ന സിമ്പിള്‍ ലോജിക്.
നാടോര്‍മ്മയാണ് സുഹറത്തയുടെ മനസ് മുഴുവന്‍ 'എന്റെ സിരകളില്‍ മുഴുവന്‍ എന്റെ നാടാണ്. ജീവിതാവശ്യം കൊണ്ട് മാത്രം  പ്രവാസി ആയിപ്പോയ ആളാണ് ഞാന്‍. നാട്ടിലെ മരങ്ങളും ചെടികളും പ്രാണവായുവും  തന്നെ ആണ് എന്റെ വിറ്റമിന്‍. വെള്ളവും എണ്ണയും പോലെ ആണെന്റെ പ്രവാസം. വെള്ളത്തിനു മുകളില്‍ എണ്ണ എന്നത് പോലെ.
ഭൂമിയോട് സംസാരിക്കാതെ എങ്ങനെയാണ് കവിത പിറക്കുക
അധികമൊന്നും വായിച്ചിട്ടില്ല. ഒമാനില്‍ മലയാളം പുസ്തകങ്ങള്‍ കിട്ടുന്ന കാലവും അല്ലായിരുന്നു. കിട്ടുന്ന മാസികകള്‍ മാത്രം വായിക്കും . എങ്കിലും പഴയ കവിതകള്‍ വലിയ ഇഷ്ടമാണ് .പുതിയകാലത്തെ കുറിച്ചും കവിതകളെക്കുറിച്ചും  അറിവില്ലെന്ന് പറയുമ്പോഴും ഇടയ്‌ക്കെപ്പോഴോ വര്‍ത്തമാനത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വന്നു. പിന്നെ മരുമകള്‍ കമറുവിനെ  വിളിച്ച് 'നീള്‍ മിഴിപീലിയില്‍ നീര്‍ മണി തുളുമ്പി' എന്ന പാട്ട് പാടിച്ചു. സ്വന്തം സന്തോഷങ്ങളുടെ ഇടം .അത് മാറിക്കൊണ്ടേ ഇരിക്കും.  ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് പാഞ്ഞു കൊണ്ടേ ഇരിക്കും. ഒരേ കറി രണ്ടു തവണ വെക്കുമ്പോള്‍ രണ്ട് വ്യത്യസ്ത രുചി ആയിരിക്കും. ചെടികളും കിളിയൊച്ചകളും ഇല്ലാത്ത ഒരിടം വല്ലാത്ത വിഷാദത്തില്‍ കൊണ്ട് എത്തിക്കും. അത് കൊണ്ട് താമസിച്ച വീടുകളിലെല്ലാം ഒരു കൊച്ചുകാട് തന്നെ രൂപപ്പെടുത്തി എടുക്കും.
ഒരുപാട് കാണണം എന്ന് ആഗ്രഹിച്ച ആളാണ് മാധവിക്കുട്ടി. എത്ര  തരളിതമായാണ്  മനുഷ്യ ഹൃദയങ്ങളെ യാഥാര്‍ഥ്യഭാവങ്ങളിലെയ്ക്ക് കൊണ്ട് വരാന്‍ അവര്‍ക്ക് കഴിഞ്ഞത് . അവര്‍ തിരുവനന്തപുരത്താണ് , ബോംബെയിലാണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചെന്ന് കാണണം എന്ന് വലിയ മോഹമായിരുന്നു. മകള്‍ എറണാകുളത്ത് പഠിക്കുന്ന സമയത്താണ് അവര്‍ മതം മാറുന്നത്. അക്കാലത്താണ് അവരെ ചെന്ന് കാണുന്നത്. ഹൃദ്യമായി സംസാരിച്ചു അവര്‍. മാധവിക്കുട്ടിയുടെ മരണം പിന്നീട് ഒരു കവിതയില്‍ എഴുതി .
അമ്പത് വയസ്സിനു ശേഷം ആണ് എഴുത്ത് വന്നു തൊടുന്നത്. ആളുകള്‍ കളിയാക്കി.  ഈ പ്രായത്തില്‍ എഴുതുന്നത് ഫെയിമിന് വേണ്ടി ആണെന്ന് പറഞ്ഞു. പക്ഷെ ഉള്ളില്‍ ദൈവ സങ്കീര്‍ത്തനങ്ങള്‍  നിറയുകയായിരുന്നു. കഅബ  തന്ന കവിതയാണ്. ഭക്തി , സന്തോഷം, വിഷാദം ഇതൊക്കെയാണ് ഒരുമിച്ച് വന്നത് . വസുന്ധര എന്ന വാക്ക് ഉപയോഗിച്ചപ്പോള്‍ പോലും കളിയാക്കിയ പെണ്ണുങ്ങള്‍ ഉണ്ട്. 'മലബാറിലെ മുസ്ലീം സ്ത്രീകള്‍ ചോദിച്ചു. ഇത് ഹിന്ദുപ്പെണ്ണിന്റെ പേരല്ലേ ? ഇത് കൊണ്ടാണോ ഭക്തിഗാനം എഴുതുന്നത് എന്ന്. വസുന്ധര ഭൂമിയാണ്, ഭൂമിയോട് സംസാരിക്കാതെ എങ്ങനെയാണ് കവിത പിറക്കുക ?' ഇപ്പോള്‍ അറുപത്തി ആറിലെത്തിയ സുഹറത്ത ചോദിക്കുന്നു.


കൈതപ്രം സംഗീതമിട്ട് ബിജു നാരായണന്‍ പാടിയ ആത്മ സങ്കീര്‍ത്തനത്തിലെ ഗാനം
സന്ധ്യേ ..തിരു സന്ധ്യേ
എന്നാത്മാവില്‍ ഈണമുയര്‍ത്തും സന്ധ്യേ
നീ കണ്ടോ..
അബ്രഹാത്തിന്‍ ആനപ്പടയെ തുരത്തി വിട്ടൊരു പക്ഷിക്കൂട്ടം
തിരുമുറ്റത്ത് തെളിഞ്ഞു വിളങ്ങിയ ദീപത്തിന്‍ മുന്നില്‍
പരിശുദ്ധ ഗ്രന്ഥവുമായി തിരുനബി തന്‍ തിരു ജനനം
ഏകദൈവാരാധനയുടെ നിര്‍വൃതികള്‍
വീണുടയുമൊരന്ധതയുടെ നൂറു ബിംബങ്ങള്‍
ആ ദൈവത്തിന്‍ മുന്നില്‍ മാത്രം പ്രണമിച്ചോരിബ്രാഹിം
ദിനരാവുകളില്‍ സഞ്ചരിച്ച് പണിതുയര്‍ത്തിയ മന്ദിരം
മക്കാ മരുവില്‍ രാജ സദസ്സിന്നൊരുക്കിയുയര്‍ത്തിയ മന്ദിരം..
നാഥന്‍ നല്‍കിയ കല്‍പനയാല്‍ പണി തീര്‍ത്ത മന്ദിരം
കണ്ടോ നീ കണ്ടോ സന്ധ്യേ..
എന്നത്മാവില്‍ ഗീതമുണര്‍ത്തും സന്ധ്യേ