Tuesday, April 14, 2015

കാഴ്ചയുടെ ഖനികള്‍ ഒരുക്കി ഒമാന്റെ പച്ചപ്പ്


മാതൃഭൂമി ഗൾഫിന്റെ വിഷു പ്രത്യേക പതിപ്പ് 2015 , ' വിഷു കൈനീട്ടം '  വിഷുയാത്രകളെ കുറിച്ച് കൂടിയാണ് . മരുഭൂമിയിലെ പച്ചത്തുരുത്തായ ഒമാനിലെ കാഴ്ചാ വൈവിധ്യങ്ങൾ ആണ് ഇത്തവണ ..യാത്രാപ്രേമികൾക്കായി  ' വിഷു യാത്രയിലെ - ഒമാന്റെ പച്ചപ്പ് ' ബ്ലോഗിലും ഇടുന്നു.. സമയവും സൌകര്യവും ഒത്തൊരു യാത്ര തരപ്പെടുമ്പോൾ ഇത് കൂടെ കയ്യിൽ ഇരിക്കട്ടെ


മരുഭൂമിയിലെ പച്ചത്തുരുത്താണ് ഒമാന്‍. പ്രകൃതി ഭംഗിയും പച്ചപ്പും അതിഥ്യമര്യാദയും ചേര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കയി തുറന്നു വെച്ചിരിക്കുകയാണ് ഈ നാടിനെ. ചരിത്രപരമായും പ്രകൃതി രമണീയതയാലും വേറിട്ടു നില്‍ക്കുന്ന ഏറെ പ്രദേശങ്ങളുണ്ട് ഇവിടെ. കടലും മലയും സമതലവും മരുഭൂമിയും ചേരുന്ന കാഴ്ചയുടെ അസാധാരണ ഇടങ്ങള്‍. അവയില്‍ ചില സ്ഥലങ്ങളെ അടുത്തറിയാം. 

വാഹിബ സാന്റ്സ് / വാഹിബ മരുഭൂമി  

ഷർഖിയ മേഖലയിലെ ഇബ്ര പട്ടണത്തിലുള്ള മരുഭൂമിയാണ് വാഹിബ സാന്റ്സ് . കിഴക്കൻ ഹജർ മുതൽ അറബിക്കടൽ വരെ 200 കിമി നീളത്തിൽ  12,500 ചതുരശ്ര കിമി ൽ പരന്ന് കിടക്കുന്ന ഭൂവിഭാഗം ആണിത് . 100 -150 മീറ്റർ ഉയരത്തിലുള്ള സ്വർണ്ണ വർണ്ണമുള്ള മണൽക്കുന്നുകളും ബദൂവിയൻ ഗോത്ര ജീവിതവും അടുത്തറിയാം . വാഹിബയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ചെറുപട്ടണങ്ങളാണ് റൗദ ,സമദ്  അഷ്ഷൻ , അൽ അക്ദർ ലിസ്ക് എന്നിവ.  റൗദയിലും  ,സമദ്  അഷ്ഷനിലും പുരാതന നഗരാവശിഷ്ടങ്ങളും കോട്ടകളും കാണാം .അൽ അക്തർ പരമ്പരാഗത ഒമാനി നെയ്ത് ഗ്രാമം ആണ് .

മസ്കറ്റിൽ നിന്നുള്ള ദൂരം : 190 കിമി
ശരാശരി ഡ്രൈവ് സമയം : 2 മണിക്കൂർ
യാത്ര : സാധാരണ കാറിൽ  ഇബ്രീ വരെയും മണൽ യാത്രക്ക് SUV യും ഉപയോഗിക്കാം

അൽഹൂത്ത ഗുഹ  


2 ലക്ഷം വർഷം പഴക്കമുള്ള സ്വാഭാവിക ഗുഹയാണ് അൽ ഹൂത്ത . ഹജാര്‍ മലനിരകളിലെ ഉയരം കൂടിയ ഭൂപ്രദേശമായ ജബല്‍ അക്തർ -ജബല്‍ ഷംസ്  മലയിൽ തെക്ക് വടക്ക് ദിശയില്‍ 4.5 കിലൊമീറ്റര്‍ നീളത്തില്‍ ഉള്ള തുരങ്കവും ഭൂമിക്കടിയിലുള്ള തടാകവും അല്‍ ഹൂത്താ ഗുഹയിലെ പ്രത്യേകതകളാണ് .നിസ്വ യില്‍ നിന്ന് ബഹ് ലയിലേക്കുള്ള വഴിയില്‍ അല്‍ ഹമ്ര എന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത് .
 മഞ്ഞ,പിങ്ക്,ആനകൊമ്പിന്റെ നിറം,ചാരം എന്നി നിറങ്ങളിൽ കാലക്രമത്തിൽ ഉറഞ്ഞുണ്ടായ ശില്പങ്ങൾ കാണാം.ഈ ഗുഹയ്ക്ക് 30,000 ക്യുബിക് മീറ്റര്‍ വെള്ളം ഉൾകൊള്ളാൻ  സാധിക്കും. സൂര്യപ്രകാശം എത്താത്ത ഗുഹയ്ക്കുള്ളിലെ തടാകത്തിലെ പിങ്ക് നിറത്തിലുള്ള മീനുകൾക്ക് കണ്ണു കാണില്ല എന്നതാണ് ഏറെ രസകരമായ വസ്തുത.ഈ ഗുഹയില്‍ ഒമാനിലെ ആദ്യത്തെ 36 സീറ്റുള്ള വൈദ്യുതി തീവണ്ടി ഓടുന്നു.പ്രത്യേകതരത്തിലുള്ള വെളിച്ചം കൊണ്ട് ഈ ഗുഹയെ അലങ്കരിച്ചിരിച്ചിട്ടുണ്ട് .
ഗുഹാ സന്ദർശനത്തിന് മുൻകൂട്ടി  ചെയ്യണം 
 ശനി മുതൽ വ്യാഴം വരെ
രാവിലെ  09:00 മുതൽ 13:00 വരെ 
ഉച്ച കഴിഞ്ഞ് 14:00 മുതൽ 18:00 വരെ
 വെള്ളിയാഴ്ച  09:00 മുതൽ 12:00 വരെ
തിങ്കളാഴ്ച അവധി ആയിരിക്കും .
ഫോണ്‍ നമ്പർ : +968 244 900 60

മസ്കറ്റിൽ നിന്നുള്ള ദൂരം : 211 കിമി
ശരാശരി ഡ്രൈവ് സമയം : 2 മണിക്കൂർ
യാത്ര : കാർ യാത്ര . ഗുഹയ്ക്കുള്ളിൽ വൈദ്യുത തീവണ്ടിയുടെ സേവനം ഉണ്ട്. 

                                                      നഖൽ ചൂട് നീരുറവ


മസ്കറ്റ് നഗരത്തിൽ നിന്ന് 132  കിലോ മീറ്റര്‍ അകലെയുള്ള നഖല്‍ വിലായത്തിലാണ് ഈ ചൂട് നീരുറവ ഉള്ളത് . മസ്കറ്റിൽ നിന്ന് സോഹാർ റോഡിൽ ബർക്കയിലാണ് നഖൽ ഗ്രാമം. മലയടിവാരത്തിലുള്ള ഉറവിൽ നിന്ന് കുതിച്ചുയരുന്ന വെള്ളത്തിനു ഇളം ചൂടാണ്. ഒരാൾ ഇറങ്ങി നിന്നാൽ മുങ്ങാൻ ഉള്ള ആഴം ഉണ്ട് ഉറവിന് .  ഈ ജലം ത്വക് രോഗങ്ങളെ അകറ്റുമെന്ന പരമ്പരാഗത വിശ്വാസവും ഉണ്ട്.
 മണ്ണ് കൊണ്ടുള്ള നിരവധി കെട്ടിടങ്ങളുള്ള അല്‍ ഗരീദ് ഗ്രാമവും നിരവധി ഗോപുരങ്ങളുള്ള നഖൽ കോട്ടയും  ചരിത്രവും സംസ്കാരവും ഉറങ്ങുന്നതാണ്.  വര്ഷംമുഴുവന്‍ പ്രകൃതി ദത്തമായ തണുപ്പ് വെള്ളവും ചൂടുവെള്ളവും ഒഴുകുന്ന ഐന്‍ അല്‍ തവാറാഹ്, വാദി അല്‍ തീന്‍ എന്നിവയും ഈ വിലായത്തിലെ പ്രത്യേകതയാണ്.

മസ്കറ്റിൽ നിന്നുള്ള ദൂരം : 132 കിമി
ശരാശരി ഡ്രൈവ് സമയം : 1 മണിക്കൂർ 15  മിനിറ്റ്
യാത്ര : കാർ യാത്ര

                                     റാസൽ  ഹദ്ദ്  -കടലാമ സംരക്ഷിത തീരം


 ആയിരക്കണക്കിന് കടലാമകൾ  അറേബ്യൻ ഗൾഫ്, ചെങ്കടൽ സൊമാലിയ തീരത്ത് നിന്ന് പ്രതിവർഷം  സുൽത്താനത്ത് തീരങ്ങളിൽ  മുട്ടയിടാനായി എത്താറുണ്ട് . റാസ് അൽ  ഹദ്ദ് , റാസ് അൽ ജിൻസ് , മസിറഃ ദ്വീപ്  എന്നിവിടങ്ങളിൽ ഇവ സമൃദ്ധമായി കാണാം .റാസ് അല ഹദ്ദ് മുതൽ മസീറ വരെ ഉള്ള തീരപ്രദേശം കടലാമകളുടെ സംരക്ഷിത തീരമാണ് .വംശനാശത്തിൽ നിന്നും അവരെ സംരക്ഷിക്കാനും അവരുടെ മുട്ടകൾ അവിടെ സംരക്ഷിക്കപ്പെടുന്നതിലും ഇവിടം പ്രസിദ്ധമാണ്. കടലാമകളുടെ പ്രജനന രീതി വിനോദ സഞ്ചാരികൾക്ക് പകർന്ന് നൽകുന്നതിനായി ശാസ്ത്രീയ കേന്ദ്രം ഉണ്ട്. സൂർ നഗരത്തിൽ നിന്ന് 65 കിമി കിഴക്കാണ് ഇത്.
റിസർവ് സന്ദർശിക്കുന്നതിനായി reservation@rasaljinz.org എന്ന ഇമെയിൽ വിലാസത്തിലോ   കോൺടാക്റ്റ് ഫോൺ നമ്പർ +96896550606 അല്ലെങ്കിൽ +96896550707: ലോ  റാസ് അൽ ജിൻ  ടർട്ടിൽ  റിസർവ് മാനേജ്മെന്റ് കമ്പനി യുമായി ബന്ധപ്പെട്ട് മുൻകൂട്ടി ബുക്ക് ചെയ്യണം.

മസ്കറ്റിൽ നിന്നുള്ള ദൂരം : 243 കിമി
ശരാശരി ഡ്രൈവ് സമയം :
3 മണിക്കൂർ  
യാത്ര : കാർ യാത്ര
 
                                                  ബന്ദർ ഖൈറാൻ : കണ്ടൽതീരം


ഒമാന്റെ ഹൃദയമായ റുവി നഗരത്തിൽ നിന്ന് ഇരുപത്തി ആറ് കിലോമീറ്റർ മാത്രം അകലെയാണ് സംരക്ഷിത പ്രദേശം ആയ ബന്ദർ അൽ  ഖൈറാൻ . .വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ കീഴിലുള്ള സംരക്ഷിത പ്രദേശം ആണ് ബന്ദർ അൽ  ഖൈറാൻ.ഒമാനിലെ ഏറ്റവും വലിയ കണ്ടൽ കാടുകളിൽ ഒന്നാണ് ഇത്.  തീരദേശത്തെ സംരക്ഷിച്ച് പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തുന്നതില്‍വലിയ പങ്കു വഹിക്കുന്ന   ഇരുപതോളം കണ്ടൽക്കാടുകൾ ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ ആയുണ്ട് . ബന്ദർ ഖൈറാനിലൂടെ ഉള്ള കടൽ യാത്രയിൽ ഒമാനിന്റെ സമ്പന്നമായ ജൈവ വൈവിധ്യത്തിന്റെ  ഭാഗമായ ഡോൾഫിനുകളെ സഞ്ചാരികൾക്ക് അടുത്ത് കാണാൻ ആവും. 22 ഓളം ഡൈവിംഗ് ലൊക്കേഷനുകൾ ഉള്ള ഇവിടം കടലാഴത്തിൽ മുങ്ങുന്ന സാഹസികര്ക്കും പ്രിയപ്പെട്ടതാണ് . പവിഴപുറ്റു കൾ അനേകമായി കാണപ്പെടുന്ന സ്ഥലം കൂടി ആണ് ഇവിടം.വാരാന്ത്യങ്ങളിൽ ക്യാമ്പിങ്ങിനായി കുടുംബങ്ങൾ അടക്കമുള്ള സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. യുനെസ്‌കോ പുരസ്‌കാരത്തിന്  അർഹമായ ടൂറിസം മന്ത്രാലയത്തിന്റെ മസ്‌കത്ത് ജിയോഹെറിറ്റേജ് ഓട്ടോ ഗൈഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൌമ കേന്ദ്രം  ബന്ദർ അൽ ഖൈറാൻ .

മസ്കറ്റിൽ നിന്നുള്ള ദൂരം : 26 കിമി
ശരാശരി ഡ്രൈവ് സമയം :  ഇരുപത് മിനിറ്റ്
യാത്ര : കാർ യാത്ര

                                              ജബൽ ഷംസ് (സൂര്യ മല ) 


സമുദ്ര നിരപ്പിൽ 3,004 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  ജബൽ ഷംസ് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ കൊടുമുടിയാണ് .
ശീതകാലത്ത് അന്തരീക്ഷ ഊഷ്മാവ് മൈനസിലേക്ക് താഴുന്ന ജബൽ ഷംസിൽ വർഷത്തിലെ ബാക്കി സമയം മിക്കവാറും സമ ശീതോഷ്ണ കാലാവസ്ഥയാണ് . അഗാധമായ മലയിടുക്ക് കാണാനാവുന്ന അന്നഖിർ ബാൽക്കണി എന്നറിയപ്പെടുന്ന സ്ഥലം വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു . സൂര്യ രശ്മി ആദ്യം എത്തുന്നതും അവസാനം മറയുന്നതും ഇവിടെ നിന്നായതിനാൽ ആണ് ഇവിടം സൂര്യമല എന്നറിയപ്പെടുന്നത്

മസ്കറ്റിൽ നിന്നുള്ള ദൂരം : 265.8 കിമി
ശരാശരി ഡ്രൈവ് സമയം :  3 മണിക്കൂർ 
യാത്ര : കാർ യാത്ര

 
                                                                  സലാല


മസ്കറ്റില്‍ നിന്ന് 1030 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സലാല ഏതൊരു മലയാളിയിലും നാടിന്‍െറ ഓർമകള്‍ ഉണർത്തുന്നതാണ്. ഒമാന്‍െറ മറ്റ് ഭാഗങ്ങളേക്കാള്‍ ഏറെ വ്യത്യസ്ഥമായ ഭൂപ്രകൃതിയും കാഴ്ച വൈവിധ്യവും നിറഞ്ഞതാണ് ഈ പ്രദേശം. തെങ്ങും പ്ളാവും വാഴയും ഈത്തപ്പനകളും നിറഞ്ഞുനില്ക്കുനന്ന സലാലക്ക് ചരിത്രത്തിന്‍െറ ഏടുകളിലും വലിയ സ്ഥാനമുണ്ട്. ഒമാനിന്‍െറ തെക്കേ അതിർ ത്തിയില്‍ പരന്നുകിടക്കുന്ന സലാലയുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യന്‍ മണ്സൂണിന്‍െറ ലഭ്യതയാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന മഴക്കാലം ഖരീഫ് സീസണ്‍ എന്നാണ് തദ്ദേശീയമായി അറിയപ്പെടുന്നത്. അരുവികളാലും വെള്ളച്ചാട്ടങ്ങളാലും നിറഞ്ഞ് മനോഹരിയാകുന്ന ഈ സമയത്ത് സലാല പച്ച പുതച്ച് നില്ക്കും . ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സര്ക്കാതര്‍ ഖരീഫ് മഹോത്സവവും സംഘടിപ്പിക്കുന്നുണ്ട്. മേന്മയേറിയ കുന്തിരിക്കം ലഭിക്കുന്ന സ്ഥലമായതിനാൽ അറേബ്യയുടെ സുഗന്ധ തലസ്ഥാനം എന്നും ഇതറിയപ്പെടുന്നു. 2000ത്തിലധികം വര്ഷം പഴക്കമുള്ള ചരിത്രത്താലും കഥകളാലും സമ്പന്നമാണ് ഈ നാട്. പ്രവാചകന്‍ അയ്യൂബിന്‍െറ ഖബര്‍ സ്ഥിതി ചെയ്യുന്നത് ജബല്‍ ഖറയില്‍ ആണ്. ഷേബ രാജ്ഞിയുടെ കൊട്ടാരത്തിന്‍െറ അവശിഷ്ടങ്ങള്‍ ഖര്‍ റോറിയില്‍ കാണാന്‍ സാധിക്കും. ക്രിസ്ത്യന്‍ ചരിത്രത്തിലും ഏറെ പ്രധാന്യമുള്ള സ്ഥലങ്ങളും സലാലയില്‍ ഉൾപ്പെുടുന്നു. സലാലയിലെ ബീച്ചുകള്‍ സ്കൂബ ഡൈവിങ്, കനോയിങ്, ഡൈവിങ്, ജെറ്റ് സ്കീയിങ്, സെയ്ലിങ്, ഡൈവിങ് എന്നിവക്ക് ഏറെ പേരുകേട്ടതാണ്. ദേശാടന പക്ഷികളുടെ ഇടത്താവളങ്ങളില്‍ ഏറെ പ്രശസ്തമായ സലാല പക്ഷി നിരീക്ഷകര്ക്ക്  വേറിട്ട അനുഭവങ്ങളാണ് പകർന്നു  നല്കുക. 

Ain Razath

സലാലയില്‍ നിന്ന് അര മണിക്കൂര്‍ റോഡ് യാത്രാ ദൂരമുള്ള ഐന്‍ റസാത്ത് അരുവികളും കുന്നുകളും പൂന്തോട്ടങ്ങളും നിറഞ്ഞ ടൂറിസ്റ്റ് കേന്ദ്രമാണ്. സമീപത്ത് തന്നെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ ഐന്‍ സഹനാത്തും സ്ഥിതി ചെയ്യുന്നു. സലാലയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള മിര്ബാ്ത്തിലാണ് ബിന്‍ അലിയുടെ ശവകുടീരമുള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കോട്ട അടങ്ങുന്ന തഖാ ഗ്രാമം കാണുന്നതിന് സലാലയില്‍ നിന്ന് 36 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതിയാകും. സലാല ഉൾപ്പെടുന്ന ദോഫാര്‍ റീജിയനിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ജബല്‍ സംഹാന്‍. 1800 മീറ്റര്‍ ഉയരത്തിലേക്കുള്ള ഇവിടേക്ക് എത്തിയാല്‍ വാദി ദിർബാത്തിന്‍െറ ഹാങിങ് വാലി കാണാന്‍ കഴിയും. പക്ഷിക്കൂട് എന്‍ അറിയപ്പെടുന്ന താവി അത്തീര്‍, ബൗബാബ് വനം എന്നിവയെല്ലാം സമീപത്തുണ്ട്. വലിയ ബുള്ബൂ്സ് മരങ്ങളാല്‍ നിറഞ്ഞതാണ് ഈ വനം. 2000 വര്ഷ.ത്തിലധകം പഴക്കവും 30 അടി വിസ്താരവുമുള്ള മരവും ഇവിടെയുണ്ട്.  
എംപ്റ്റി ക്വാര്ട്ടെര്‍ മരുഭൂമിയുടെ തെക്കന്‍ ഭാഗത്താണ് സലാലയുടെ വടക്കന്‍ പ്രദേശമാണ് നെജ്ദ് സ്ഥിതി ചെയ്യുന്നത്. മണല്ക്കു ന്നുകളും വരണ്ട വാദികളും നിറഞ്ഞതാണ് ഈ പ്രദേശം. സലാലയില്‍ നിന്ന് വടക്ക് മാറി 175 കി.മീ അകലെയാണ് ഷിസ്ര്‍ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ലോറന്സ്  ഓഫ് അറേബ്യ അറ്റ്ലാന്റിയസ് ഓഫ് സാന്റ്സ്  എന്ന വിളിച്ച ഉബര്‍ നഗരത്തിന്‍െറ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ടെന്നാണ് വിശ്വസിക്കുന്നത്.  പുരാതന നഗരാവശിഷ്ഷ്ടങ്ങളായ  അൽ ബലീദ് മ്യൂസിയവും മുക്സൈയിൽ ബീച്ചും ഹാസിക് തീരവും ചേരമാൻ പെരുമാൾ ശവകുടീരവും ഒക്കെയായി  സലാല സഞ്ചാരികളെ വലിച്ചടുപ്പിച്ചു കൊണ്ടേ ഇരിക്കും
മസ്ക- സലാല ദൂരം- 1030 കിറ്റ് ലോമീറ്റര്‍,
യാത്ര- റോഡിൽ  സമയം 12 മണിക്കൂര്‍
മസ്കത്തില്‍ നിന്ന് ബസ്, കാര്‍, വിമാന സൗകര്യം
Wadi DARBAT

സഞ്ചാരികളുടെ കൌതുകമായി നഗരഹൃദയത്തിൽ തന്നെ ഉള്ള പുരാതന വ്യവസായ കേന്ദ്രവും തുറമുഖവുമായ മത്ര സൂഖും കോർനിഷും , അറബ് പേർഷ്യൻ നിർമ്മാണ കലയുടെ പ്രൌഡി അറിയിക്കുന്ന സുൽത്താൻ ഖാബൂസ് ഗ്രാൻഡ്‌ മോസ്ക് , ഖുറിയാത് ഡാം , ജബൽ അക്തർ , മജ്‌ലിസ് ജിൻ ഗുഹ , ഉൽക്കാ പതനത്തിന്റെ അവശേഷിപ്പായ സിങ്ക് ഹോൾ , പച്ചതുരുത്തായ വാദി ബനീ ഖാലിദ് , ഡോൾഫിനുകളെ കണ്ടുള്ള മുസന്ദം കടൽ യാത്ര, പഴങ്കാലത്തിന്റെ കഥ പറയുന്ന അനേകം കോട്ടകൾ  അങ്ങനെ മടുപ്പിക്കാത്ത കാഴ്ചകളുമായി ഒമാൻ അരികെയുണ്ട്.