Thursday, December 31, 2015

ചിലത്

ചിലത് വിധികളോ
വിധിപ്പകർപ്പുകളോ ആണ്
പെട്ടെന്ന് കാറ്റ് മരിക്കും
നദി വരളും..
ഉള്ളു പൂതലിച്ച അവസാന മരവും കത്തും...
ഈ രാത്രിയും ഇല്ലാതെയാകും..

Saturday, December 26, 2015

മലയാളത്തില്‍ പഠിച്ചാല്‍ ജോലി കിട്ടില്ലെന്ന് ആരാണ് പറഞ്ഞത് ? അഭിമുഖം - കെ ജയകുമാര്‍ IAS / റെജിന



മലയാളം സര്‍വകലാ ശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ IAS , മലയാളി കൂട്ടായ്മ ആബ്സ് ഒരുക്കിയ കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹവുമായി നടത്തിയ അഭിമുഖം ഗള്‍ഫ് മാധ്യമം - മധുരമെന്‍ മലയാളം -2016 ന്റെ പ്രത്യേക പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട് . അതിന്റെ പൂര്‍ണ്ണരൂപം.  ഇവിടെ വായിക്കാം .

റെജിന മുഹമ്മദ്‌ കാസിം


മലയാളികളുടെ  ചിരകാലാഭിലാഷമായിരുന്നു മലയാളം സർവ്വകലാ ശാല. അതിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച്  ?


  • മലയാളം സർവ്വകലാശാല എന്നത് ചരിത്രം ഏൽപ്പിച്ച നിയോഗമാണ് . ചീഫ് സെക്രട്ടറി ആയിരുന്നതിനേക്കാൾ മാനസികമായി തിരക്കിലാണിപ്പോൾ . മലയാളം സർവ്വകലാശാല മലയാളത്തിന്റെ അഭിമാനമാണ്.മലയാളം സർവ്വകലാശാല ഔന്നത്യങ്ങളിൽ എത്തണം എന്നാ നിശ്ചയ ദാർഢ്യത്തോടെയാണ് പ്രവർത്തിക്കുന്നത് . ഇപ്പോൾ പത്തു കോഴ്സുകൾ ഉണ്ട്. ആദ്യത്തെ അഞ്ച് കോഴ്സ് കുട്ടികൾ പഠിച്ചിറങ്ങി .പഠിച്ചിറങ്ങിയ കുട്ടികളിൽ 40 % പേർക്കും ജോലി ആയിക്കഴിഞ്ഞു. മലയാളം ഭാഷയിൽ മാത്രമാണ് മലയാളം സർവ്വകലാശാലയിൽ അദ്ധ്യയനം നടക്കുന്നത് .ചരിത്രവും സാമൂഹ്യ ശാസ്ത്രവും രാഷ്ട തന്ത്രവുമൊക്കെ മലയാളത്തിലും പഠിക്കാൻ ആവും എന്നാ പാഠമാണ് മലയാള സർവ്വ കലാശാല കൊടുത്ത് കൊണ്ടിരിക്കുന്നത്. അത് പ്രധാനമാണ്. മലയാളത്തിൽ പഠിച്ചിറങ്ങിയ കുട്ടികൾക്ക് ജോലി ലഭിക്കില്ല എന്ന മധ്യ വർഗ്ഗ ധാരണയെ അത് പൊളിച്ചെഴുതുന്നു .മലയാളം മറന്ന് ഇംഗ്ലീഷ് പൌരനായി വളർന്നെങ്കിൽ മാത്രമേ അവസരങ്ങൾ ഉള്ളൂ എന്ന വിചാരത്തെ നിരാകരിക്കണമെങ്കിൽ മലയാളം സർവ്വകലാശാല ഉയരങ്ങളിൽ എത്തേണ്ടതുണ്ട്. നിലവാരമുള്ള കോഴ്സുകളും ജോലി സാധ്യതയും ഈവ്ദെ ഉണ്ട്. കോഴ്സ് നടത്തൽ മാത്രവുമല്ല ഒരു സർവ്വകലാശാല .

മലയാളം ഒരു ഭാഷ എന്നാ നിലയ്ക്ക് നേരിടുന്ന വെല്ലു വിളികള്‍ ?


  • സർവ്വ കലാശാല ഒരു ഭാഷാഭേദ സർവ്വേ നടത്തി. നാം സംസാരിക്കുന്ന മാനക ഭാഷ മാത്രമല്ല മലയാളം. തിരുവനന്തപുരം പാറശാല മുതൽ കാസർഗോഡ് വരെയുള്ള സംസാരത്തിൽ ഭാഷാഭേദം ഉണ്ട്. ഒരു പക്ഷെ ഇത് ഭാവിയിൽ അപ്രത്യക്ഷമായേക്കാം . എല്ലാവരും ഒരേ പോലെയാണ് ഇപ്പോൾ സംസാരിക്കുന്നത്. തൃശൂർ ഭാഷയ്ക്കിപ്പോൾ പഴയ ഈണമില്ല . നമ്മുടെ ഭാഷയ്ക്ക് ഏറെ വൈവിധ്യം ഉണ്ട്. വൈവിധ്യം ഉണ്ടെങ്കിലെ ജീവൻ ഉള്ളൂ. എല്ലാറ്റിനും ഏക താനത വന്നാൽ അത് നശിക്കും. ജൈവ വൈവിധ്യത്തിലൂടെയെ ഭാഷയ്ക്ക് നിലനിൽപ്പുള്ളൂ . ഈ വൈവിധ്യം ഒപ്പിയെടുക്കാൻ ആണ് സർവ്വകലാശാല ശ്രമിക്കുന്നത്. ഓരോ ജില്ലയ്ക്ക് അകത്ത് പോലും ഭാഷാ വൈവിധ്യം ഉണ്ട്. തുടക്കത്തിൽ മലപ്പുറം ജില്ലയ്ക്ക് അകത്തുള്ള ഭാഷാവൈവിധ്യത്തെ പറ്റി ഒരു പഠനം നടത്തി. പ്രാഥമിക പഠനമേ നടത്തിയുള്ളൂ എങ്കിലും അത് നമ്മുടെ ഭാഷയുടെ അനന്തമായ ഭാവി , സാംസ്കാരിക സന്ദേശങ്ങൾ തുടങ്ങിയവയെ പറ്റി കൃത്യമായ വിവരങ്ങൾ തന്നു. ശബ്ദ താരാവലിയിൽ ഇനിയും സ്ഥാനം പിടിക്കേണ്ട അനേകം വാക്കുകൾ മലപ്പുറത്ത് നിന്ന് മാത്രം കിട്ടി.പതിന്നാലു ജില്ലകളിലെ സർവ്വേ കഴിഞ്ഞാൽ ഏകദേശം അഞ്ചു ലക്ഷം വാക്കുകൾ കൂടുതലായി ചേക്കേറും. ശബ്ദ താരാവലിയിൽ 98000 വാക്കുകൾ ആണ് ഇപ്പോൾ ഉള്ളത്.

സര്‍വകലാ ശാലയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ?

  • സമഗ്ര മലയാള നിഘണ്ടു എന്നൊരു ഓണ്‍ലൈൻ നിഘണ്ടുവും മലയാളം സർവ്വകലാശാലയുടെ പ്രൊജക്റ്റ്‌ ആണ്. അടുത്ത വർഷം അത് നിലവിൽ വരുമെന്ന് കരുതുന്നു. ഏകദേശം അഞ്ചു ലക്ഷം വാക്കുകളുള്ള സമഗ്ര മലയാള നിഘണ്ടു ഓണ്‍ലൈനിൽ മലയാള ഭാഷയുടെ സംഭാവനയായി ഉണ്ടാകും. ഇതിനു പുറമേ സാംസ്കാരിക പൈതൃക സർവ്വേയും നടക്കുന്നുണ്ട് .സാങ്കേതിക കാലത്ത് കമ്പ്യൂട്ടെഷനു വിധേയമാകുന്ന ഭാഷയ്ക്ക് മാത്രമേ അതിജീവനമുള്ളൂ എന്നതാണ് സ്ഥിതി. അത് കൊണ്ട് തന്നെ കമ്പ്യൂട്ടേഷനുമായി താദാത്മ്യം പ്രാപിക്കാത്ത ഭാഷകൾ ഇല്ലാതെ ആവുകയാണ്. ഇക്കാര്യത്തിൽ ഇപ്പോൾ ഉള്ള പോരായ്മകൾ പരിഹരിക്കാനുള്ള പദ്ധതികൾ നടക്കുന്നുണ്ട്.സെന്റർ ഫോർ മലയാളം കമ്മ്യൂണിറ്റി അതിന്റെ ഇന്ന് വരെയുള്ള പഠനങ്ങൾ ക്രോഡീകരിക്കും. കേരളത്തിനു പുറത്ത് ജീവിക്കുന്ന വിദേശ മലയാളികൾക്ക് ആയിട്ട് ഒരു ഓണ്‍ലൈൻ മലയാളം കോഴ്സ് തയ്യാറായി വരുന്നുണ്ട്. 120 മണിക്കൂർ ദൈർഘ്യമാണ് ഉദ്ദേശിക്കുന്നത്. 20 മണിക്കൂർ ഭാഷാ പരിചയം , 40 മണിക്കൂർ സാംസ്കാരിക പരിചയം 60 മണിക്കൂർ സാഹിത്യ പരിചയം എന്നിങ്ങനെ ആണ് ഉദ്ദേശിക്കുന്നത്. അതിന്റെ പാഠഭാഗങ്ങളുടെ ഭാഗമായി കുറച്ച് കൂടി ഷൂട്ടിങ്ങ് ജോലികൾ തീരാനുണ്ട്. അത് പൂർത്തിയാകുന്നതോടെ എത്രയും വേഗം പാഠഭാഗങ്ങൾ ഓണ്‍ലൈൻ വിദ്യാർഥികൾക്കായി എത്തും അടുത്തിടെ യൂറോപ്പ് , ജർമ്മനി തുടങ്ങി ചില രാജ്യങ്ങൾ സന്ദർശിച്ചിരുന്നു പുതുതലമുറയിലെ മലയാളി, തങ്ങളുടെ മക്കൾക്ക് മലയാളം അറിഞ്ഞു കൂടാ എന്ന് പറയുന്നതിൽ അഭിമാനമല്ല അൽപം ജാള്യത ഉള്ളവരാണ്. ഇതാണ് ശരിയായ സമയം. നമുക്ക് സാങ്കേതികയുണ്ട് 120 മണിക്കൂർ കൊണ്ട് പൂർണ്ണമായും ഒരു കുടുംബത്തിനു തന്നെ മലയാളത്തിലേക്ക് വരാം 'ചങ്ങമ്പുഴ ' എന്ന് പറഞ്ഞാൽ ഭാരതപ്പുഴ പോലെ ഒരു പുഴയല്ല എന്നെങ്കിലും വളർന്നു വരുന്ന കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട് . 120 മണിക്കൂർ കോഴ്സിനു ശേഷം കവിതയോ സാംസ്കാരിക പഠനമോ പ്രത്യേകമായി പഠിക്കണം എന്നുള്ളവർക്ക് അതിനുള്ള സംവിധാനവും വൈകാതെ ഉണ്ടാകും .വലിയ ആവേശവും പ്രതീക്ഷയും ഉണ്ട് അതേപ്പറ്റി .ഡിക്ഷ്ണറി രണ്ടോ മൂന്നോ മാസം കൊണ്ട് പുറത്ത് വരും കോഴ്സ് 2016 ലും .

എഴുത്തച്ഛൻ പഠന കേന്ദ്രം
  • വേരുകൾ മറക്കരുതല്ലോ. എഴുത്തച്ഛന്റെ പേരിൽ സ്ഥാപിച്ചിരിക്കുന്ന സർവ്വകലാശാല ആണിത്. എഴുത്തച്ഛൻ പഠന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. എഴുത്തച്ഛനു വേണ്ടി സമർപ്പിച്ചതാണ് ഇത്. എഴുത്തച്ഛനെ പറ്റി എന്തെല്ലാം പഠനം നടന്നിട്ടുണ്ടോ അതെല്ലാം സമാഹരിക്കും. എഴുത്തച്ഛൻ പോർട്ടൽ ഉണ്ടാക്കുക. ഗവേഷണങ്ങൾക്ക് സഹായിക്കുന്ന ശുദ്ധ പാഠങ്ങൾ പ്രസിദ്ധീകരിക്കുക. എഴുത്തച്ഛൻ കൃതികൾ മൌലികമായി അതിൽ ലഭ്യമാക്കുക , മറ്റു ഭാഷകളിലേയ്ക്ക് എഴുത്തച്ഛൻ കൃതികൾ പരിഭാഷ പ്രോത്സാഹിപ്പിക്കുക തുടങ്ങി എഴുത്തച്ഛനു നൽകാവുന്ന എല്ലാ ആദരവും നൽകുക എന്നതാണ് ലക്‌ഷ്യം. അതിപ്പോൾ ആരംഭിച്ചിട്ടേ ഉള്ളൂ.

ഔദ്യോഗിക ജീവിതത്തിനിടയ്ക്കും കൈവിടാത്ത  കവിത , സാഹിത്യം എന്നതിനെ കുറിച്ച്

  •  63 വയസ്സാവുകയാണ് .ഇനി ഇത്രയും കാലം ജീവിക്കില്ല. ജീവിക്കാനും പാടില്ല ( ചിരി) ഇനി ജീവിക്കുന്ന ശിഷ്ട കാലം കൊണ്ട് എന്തെങ്കിലുമൊക്കെ എഴുതണം മലയാളം സർവ്വ കലാശാലയോട് അനുബന്ധിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുപാട് കവികളെയും അക്കാദമീഷ്യൻമാരെയും കാണുന്നുണ്ട്. കേരളത്തിന്റെ ബൌദ്ധിക ലോകത്തെ അടുത്ത് അറിയുന്നുണ്ട്.അത് എന്റെ കവിതകളെ അല്പം മാറ്റി എന്ന് കരുതുന്നു. കുറെയൊക്കെ സാമൂഹ്യ ബോധം കവിതകളിൽ വന്നിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു. തികച്ചും വൈയക്തികമായി അകം കവിതകൾ എഴുതുന്ന ഞാൻ പുറം കവിതയിലേക്ക് വരുന്നു എന്ന് തോന്നുന്നുണ്ട്. യാന്ത്രികമായിട്ടല്ല. യാന്ത്രികമായി കവിതയിൽ ഒന്നും ചെയ്യാൻ ആവില്ലല്ലോ. ആചാര്യന്മാരുടെ ഒരു ഇച്ഛ അവിടെ ഉണ്ടാവാം.


ഭാഷയുടെ വ്യാപനത്തിനുള്ള പദ്ധതികള്‍ ?

  • നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷ പദവിയൊക്കെ ലഭിച്ചിട്ടിട്ടുണ്ട് . പക്ഷെ എം ടി ഒരിക്കൽ പറഞ്ഞത് പോലെ ഒരു ഭാഷയെ ശ്രേഷ്ഠം ആക്കുന്നത് സർക്കാർ ഉത്തരവല്ല. അത് സംസാരിക്കുന്ന ജനതയാണ്. ആ ഭാഷയുടെ വ്യാപനം ആവശ്യമാണ്. അതിനായി നമ്മൾ ഒരു ശ്രമം തുടങ്ങിയിട്ടുണ്ട്. അഞ്ഞൂറ് വർഷം പാരമ്പര്യമുള്ള ജർമ്മനിയിലെ ടുബിങ്ങ്ടൻ സർവ്വകലാശാലയും ശൈശവ ദശയിലുള്ള മലയാളം സർവ്വകലാശാലയും ഒരു ധാരണാ പത്രം ഒപ്പിട്ട് ഗുണ്ടർട്ട് ചെയർ സ്ഥാപിച്ചു ഹെർമൻ ഗുണ്ടർട്ട് പഠിച്ച സ്ഥലമാണ് കേരളത്തിൽ നിന്ന് തിരിച്ച് പോയപ്പോൾ 42000 പേജോളം വരുന്ന രേഖകൾ അദേഹം യൂണിവേഴ്സിറ്റിയെ ഏൽപ്പിച്ചു .അദ്ദേഹം ഡിക്ഷ്ണറി ഉണ്ടാക്കാൻ ഉപയോഗിച്ച രേഖകളും ഉപാധാനങ്ങളും ആണവ. അവർ അത് വളരെ ഭദ്രമായി അഭിമാനത്തോടെ സൂക്ഷിച്ചിട്ടുണ്ട്. അതിനെ പറ്റി വേണ്ടത്ര ഗവേഷണം നടന്നിട്ടില്ല. ഈ ചെയറിന്റെ ആഭിമുഖ്യത്തിൽ ഒരു സംയോജന ഗവേഷണം സാധ്യമാകും. ശൈശവ ദശയിലാണെങ്കിലും ഗുണ്ടർട്ട് ചെയർ സ്ഥാപിക്കാൻ സാധിച്ചു എന്നത് ചെറിയ കാര്യമല്ല .വലിയ സന്തോഷമുള്ള കാര്യമാണ്. മലയാള ഭാഷയുടെ അന്താരാഷ്ട്ര വൽക്ക രണത്തിന്റെ ആദ്യപടി എന്ന നിലയിൽ അതേറെ സഹായിക്കും.

ദൈവത്തിന്റെ സ്വന്തം നാട് -മലയാളിയെ ലോകത്ത് അടയാളപ്പെടുത്തിയ ആ വാചകത്തെക്കുറിച്ച് ?

  • ടൂറിസം എന്നത് സ്വപ്നങ്ങൾ വിൽക്കൽ ആണ്. ആ മേഖലയിൽ ജോലി ചെയ്യുമ്പോൾ ആണ് അങ്ങനെ ഒരു വാചകം ഉണ്ടായത്. ആ സ്വപ്നങ്ങളെ നമ്മൾ മാർക്കറ്റ് ചെയ്യുകയാണ്. ഇതാ ഇവിടെ പുഴകളും വനങ്ങളും പച്ചപ്പും നിറഞ്ഞ ഒരിടമുണ്ട് .എന്ന അറിയിക്കൽ സ്ഥിരം ക്ലീഷേ ആയ കഥകളിത്തലയും വള്ളം കളിയുടെ ചിത്രവും ഒഴിവാക്കി ഒരാലോചന ആയിരുന്നു അത്. സ്വന്തം എന്ന വാക്കാണ് അതിന്റെ ഹൈലൈറ്റ് . ആ വാക്ക് വന്നതോട് കൂടി അതിന് ഒരു അടുപ്പം വന്നു. അതൊരു കൂട്ടായ ശ്രമം ആണ് ഇപ്പോള്‍ ഗോഡ്സ് ഓണ്‍ കണ്ട്രിയുടെ ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.

ഇന്നത്തെ പാട്ടുകളെക്കുറിച്ച്  ?

  • ഇപ്പോളത്തെ ഗാനശിൽപ്പികൾ മോശമൊന്നുമല്ല അവരുടെ മനസ്സിൽ ഒരു സംഗീതമുണ്ട് .അതാണ്‌ ഇന്നത്തെ തലമുറയ്ക്ക് വേണ്ടത് എന്ന് കരുതി പകർന്നു നൽകുകയാണ് . എല്ലാരും ചൊല്ലണ് പോലൊരു പാട്ടോ, താമസമെന്തേ വരുവാൻ പോലൊരു ട്യൂണോ ഇന്ന് പറ്റില്ലായിരിക്കും. പാട്ടുകൾ മാറണം .മാറിക്കൊണ്ടേ ഇരിക്കണം പക്ഷെ ഈ തരത്തിൽ ആണോ മാറേണ്ടത് എന്ന ചോദ്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. റഹ്മാൻ തമിഴ് സംഗീതത്തിൽ ഉണ്ടാക്കിയ ഇമ്പാക്റ്റ് ആവർത്തിക്കാൻ വേണ്ടി റഹ്മാനോളം പ്രതിഭയില്ലാത്ത ചിലർ റഹ് 'മാനിയ ' ബാധിച്ച് കീ ബോർഡ് മാത്രം വെച്ച് തബലയെ പുറത്താക്കി മൗലികമല്ലാത്ത അനുകരണത്തിനു വിധേയമായ ഒന്ന് നമ്മുടെ സ്വന്തമാണ് എന്ന് പറഞ്ഞു നടക്കുന്നതാണ് മ്യൂസിക്കിൽ പുതുമ വരാത്തതിന് ഒരു കാരണം. എം ജയചന്ദ്രനെ പോലുള്ളവർ ചെയ്യുന്ന നല്ല പാട്ടുകൾ കണ്ടില്ലെന്നു നടിക്കാനും ആവില്ല .LKG മുതൽക്ക് ഇംഗ്ലീഷ് ശ്വസിച്ച് ഒരു മലയാള പത്രം പോലും വായിക്കുന്നത് മോശം ആണെന്ന് കരുതുന്ന കുട്ടികളാണ് ഇന്നത്തെ ന്യൂ ജനറേഷൻ . എന്ന് വിളിക്കപ്പെടുന്നതിൽ ഭൂരിപക്ഷവും . ഇഗ്ലീഷിൽ കടുക് വറുക്കുന്ന അവർക്ക് മലയാളം അന്യ ഭാഷയാണ്. ഇവർക്ക് പാട്ടുകളിലെ സാഹിത്യ ഭാവത്തെ റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല. അത് നമ്മുടെ പാട്ടുകളിലെ സാഹിത്യ ഭംഗി കുറച്ചു. സാഹിത്യ കൃതി എന്നത് മനസ്സുണ്ടെങ്കിൽ വായിച്ചാൽ മതി എന്നതാണ് . പാട്ട് അതല്ല അത് റേഡിയോയോ മറ്റോ തുറക്കുമ്പോൾ കേൾക്കുന്നതല്ലേ . അപ്പോൾ ഇഷ്ടമല്ലെടാ , ഇഷ്ടമാണെഡാ തുടങ്ങിയ സംഭാഷണഗാനങ്ങൾ വരും .അത് തമിഴിൽ വഴങ്ങും. തമിഴ് ഭാഷയുടെ ജീനിയസ് ആണത്. മലയാളം അന്യ ഭാഷ പോലെ കരുതപ്പെടുന്ന ഈ കുട്ടികൾക്ക് വേണ്ടി എഴുതുന്ന പാട്ടുകളിൽ നിന്ന് മലയാളം നാട് കടത്തപ്പെടും .

ഫിലിം ഫെസ്റ്റിവലിന്റെ തുടക്കം -അതെക്കുറിച്ച്

  • KSFDC യുടെ എംഡി ആയിരിക്കുന്ന സമയം ആണ് .നല്ല ബോര്‍ഡ് ആണ് അന്ന്. സുകുമാരന്‍ ചെയര്‍മാനും എം ജി സോമനും കെ പി ഉമ്മറും ഒക്കെ ഉണ്ട്. അന്ന് KSFDC നഷ്ടത്തില്‍ ആണ് ശമ്പളം കൊടുക്കാന്‍ പോലും കാശില്ല. സിനിമാ തിയേറ്ററില്‍ നിന്ന് കാശെടുത്ത് വേണം കൊടുക്കാന്‍. KSFDC യുടെ പാക്കേജ് ഒന്നിനും തികയില്ല. എന്നാല്‍ ഒരു ഫെസ്റ്റിവല്‍ നടത്തിയാലോ എന്ന് ആലോചന വന്നു. ബോര്‍ഡ് സമ്മതിച്ചു. ഒരു വ്യവസ്ഥയില്‍ .എല്ലാം സ്പോണ്സര്‍ഷിപ്പില്‍ നടത്താമെങ്കില്‍ എന്ന്. അങ്ങനെയാണ് കോഴിക്കോട് നടത്തുന്നത്. കോഴിക്കോട് എനിക്കുള്ള അല്‍പ സ്വാധീനം കൊണ്ടാണ് അത് ചെയ്തത്. രണ്ട് വര്‍ഷം അങ്ങനെ നടന്നു . മൂന്നാം വര്‍ഷം അത് അക്കാദമി ഏറ്റെടുത്തു. അത് പിന്നീട് അന്താ രാഷ്ട്ര നിലവാരത്തില്‍ ആയി . കേരളത്തില്‍ വരാന്‍ ഇപ്പോള്‍ മല്‍സരമാണ്.നമ്മള്‍ ഇതിനൊക്കെ ഉപകരണം ആവുന്നു എന്നേ ഉള്ളൂ. ഫിലിം സ്റ്റഡീസില്‍ ഒരു എം എ തുടങ്ങുന്നുണ്ട് ഞങ്ങള്‍. ഇങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങളൊക്കെ ജീവിത യാത്രയില്‍ ചെയ്തു.
സമഗ്ര ഭാഷ ബിൽ നിയമാകുന്നതിലെ  വെല്ലുവിളികൾ എന്തൊക്കെയാണ് ?

  • അതിനെ പറ്റി ആധികാരികമായി പറയാൻ ആവില്ല .കഴിഞ്ഞ ആറുമാസം മുൻപ് ഗവര്മെന്റ്റ് അത് നടപ്പാക്കാൻ ശ്രമിച്ചു. അത് വായിച്ചിട്ട് മലയാള സർവ്വകലാശാലയുടെ ഔദ്യോഗികമായ അഭിപ്രായം തന്നെ ഞാൻ എഴുതി കൊടുത്തു. ഈ രീതിയിൽ നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടയാൾ ആണ് ഞാൻ. അത് ഔദ്യോഗികമായി പറഞ്ഞതാണ് . എന്ത് കൊണ്ടെന്നാൽ ഇത് ആ ബില്ലല്ല. ഈ ബില്ലിന് വേണ്ടി വാദിച്ചവരും കിനാവു കണ്ടവരും ആഗ്രഹിച്ച ബിൽ അല്ല ഇത്. നേരത്തെ ഓ എന വി സാറൊക്കെ ചേർന്ന് ഒരു കരടു ബിൽ കൊടുത്തിരുന്നു. അതാണ്‌ നടപ്പിലാകേണ്ടത് . സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര നാളായിട്ടും ഔദ്യോഗിക കാര്യങ്ങൾക്ക് ഇംഗ്ലീഷ് ഉപയോഗിക്കുന്നവർ ആണ് നാം .'ഭരണ ഭാഷ -മാതൃ ഭാഷ 'എന്ന ലോഗോയ്ക്ക് കീഴിൽ ഇംഗ്ലീഷിൽ കത്തെഴുതും. നമുക്കൊരു ഹിപ്പോക്രസി ഉണ്ട്. ഒരു ഭാഗത്ത് കൂടി മലയാള നിയമം കൊണ്ട് വരാത്തതിൽ ധാർമ്മിക രോഷം കൊള്ളുന്ന നാം , ശ്രേഷ്ഠ ഭാഷ കിട്ടാത്തപ്പോൾ ധാർമിക രോഷം കൊണ്ട നാം , അത് കിട്ടിയപ്പോൾ അതിന്റെ ആഹ്ലാദത്തിൽ അഭിരമിച്ച് കൊണ്ടിരിക്കെ തന്നെ ഇംഗ്ലീഷ് മീഡിയം കിട്ടിയില്ല എങ്കിൽ ഗവർമെന്റ് സ്കൂൾ പൂട്ടിപ്പോകും എന്ന് പറഞ്ഞ് പി ടി എ സത്യാഗ്രഹം ഇരിക്കുന്നതും ഇതേ കേരളത്തിൽ തന്നെ .ഇതിൽ നമ്മൾ എവിടെയാണ് ആരുടെ കൂടെയാണ്. സമൂഹത്തിനു ഈ കാര്യത്തിൽ ഏകാഭിപ്രായം ഇല്ല. ഒരുപാട് വൈരുദ്ധ്യങ്ങൾ ഉണ്ട്. തമിഴ്നാടിനെ സംബന്ധിച്ച് ഈ പ്രശ്നം ഇല്ല. അവിടെ രണ്ടഭിപ്രായം ഇല്ല. ഇവിടെ അതിനും രണ്ടഭിപ്രായം ഉണ്ട്



Tuesday, December 15, 2015

കടലെന്നോ ഉടലെന്നോ പേരിടാം

കടലിനും പകലിനുമിടയ്ക്ക് ഒരു നീണ്ട കപ്പൽ നങ്കൂരമിട്ടിട്ടുണ്ട് .
കടലിനും പകലിനുമിടയിലേക്ക് നിഴൽ വീഴ്ത്തി
നേർത്ത കപ്പൽ വെളിച്ചങ്ങൾ കടൽ കവിയുന്നുണ്ട്
കടൽ നടത്തത്തിന്റെ രസച്ചരടിനിടയ്ക്കാണ്
ഉടലിൽ പറ്റിയ കടൽപ്പായലുകളെ തൂത്ത് കളയുന്നൊരാൾ
ഞാനാണ് കപ്പിത്താനെന്ന് പറഞ്ഞത്
കൂർമ്പൻ തൊപ്പിയോ വെഞ്ചാമരം പോലത്തെ നീളൻ താടിയോ
ഇല്ലാതെന്ത് കപ്പിത്താൻ എന്നതിശയം കൊള്ളവെയാണ്‌
നൂറ്റാണ്ടുകളായി കണ്ണിലുറഞ്ഞ കടൽപ്പകർച്ച
എനിക്ക് വെളിച്ചപ്പെട്ടത് .
അപ്പോഴാണ്‌ , ഇത് തന്നെയാണാ കപ്പിത്താൻ എന്നെനിക്കുറപ്പായതും.
പിന്നെയാ കപ്പിത്താന്റെ കണ്ണിൽ ഒളിച്ചാണ് ഞാൻ
സമുദ്ര സഞ്ചാരങ്ങളത്രയും നടത്തിയത്.
കടൽകാറ്റെന്റെ മുടിയിഴകളിൽ കടൽനിലാവ് വകഞ്ഞിട്ടത്
കപ്പൽപ്പായകള്‍ ഒരേയാകാശത്തില്‍ നൂര്‍ത്തിട്ടത്.

കപ്പൽച്ചേതങ്ങളില്‍ ഞങ്ങളൊരുമിച്ച് ഒറ്റ ദ്വീപായത്
അങ്ങനെയാണ് ഉടലിൽ കടൽനീലമുള്ള
കടൽപ്പെണ്ണായി ഞാൻ കര കടന്നത്
സാരമില്ല; നിങ്ങൾക്കിത് മനസ്സിലായില്ലെങ്കിലും കടലിളക്കങ്ങളുടെ
ഭാഷ പഠിപ്പിച്ച് തന്ന കപ്പിത്താനിത് മനസ്സിലാവും .
(ഹേയ്! അങ്ങനെയിങ്ങനെ കരയാനുള്ളതല്ല കടലുറങ്ങുന്ന കണ്ണുകള്‍ )

Sunday, November 15, 2015

കഅബ തന്ന കവിത


കാലമിതാണ്..

ഇസ്ലാമോഫോബിയ എന്നും ഇസ്ലാമിക ഭീകരത എന്നുമൊക്കെ പച്ച കുത്തുന്ന കാലം..

ഇക്കാലത്തിരുന്നാണ് ഒരാള്‍ കവിത എഴുതുന്നത്...

വെറുമൊരാള്‍ എന്നെങ്ങനെ പറയും ! ഇപ്പോള്‍ 66 വയസ്സുള്ള സുഹറത്തയാണ് കഅബയുടെ പുണ്യം കവിതയിലേയ്ക്ക് ഒഴുക്കിയത്. ആദ്യ കവിത പിറന്നത് ആദ്യ മക്കാ സന്ദര്‍ശനത്തിന് ശേഷം അന്‍പത്തി അഞ്ചാം വയസ്സില്‍.. ആ അനുഭവങ്ങള്‍ സുഹറത്തയുടെ മസ്കറ്റിലെ വീട്ടില്‍ ഇരുന്ന് സംസാരിച്ചത് മാതൃഭൂമി ഗള്‍ഫ് എഡിഷനിലെ ഈദ് സപ്ലിമെന്റില്‍ ഫീച്ചര്‍ ആയിട്ടുണ്ട്.. അതിന്റെ മാതൃഭൂമി വെബ്‌ ലിങ്കും ഇമേജും ചേര്‍ക്കുന്നു.
കഅബ തന്ന കവിത







അമ്പത്തിഅഞ്ചാം വയസ്സില്‍ കഅബ കാണും വരെ സുഹറത്ത കവി ആയിരുന്നില്ല. എന്നാല്‍, അതിനുശേഷം, അവര്‍ അടിമുടി കവിയാണ്. ആത്മീയമായ അതീതാനുഭവങ്ങള്‍ പകര്‍ത്താനുള്ള വഴിയാണ് അവര്‍ക്കിന്ന് കവിത. ആത്മാവിന്റെ നീണ്ട അന്വേഷണങ്ങളുടെ നടപ്പാത. കവിതയിലൂടെ അവര്‍ ദൈവത്തെ അറിയുന്നു. വാക്കുകളിലൂടെ സ്രഷ്ടാവിനെ സ്തുതിക്കുന്നു. അക്ഷരങ്ങളിലൂടെ ദൈവികാനുഭവങ്ങള്‍ അനുഭവിച്ചറിയുന്നു.
ഒമാന്‍ പൗരത്വം ലഭിച്ച മലയാളിയായ ഡോ. ഹംസയുടെ പത്‌നിയായ സുഹറ, കവിതയിലേക്കുള്ള തന്റെ യാത്ര തുടങ്ങിയതിനെ കുറിച്ച്, അസൈബയിലെ മനോഹരമായ വസതിയിലിരുന്ന് ഇങ്ങനെ പറയുന്നു: 'റമദാനിലെ അവസാന നാളുകളിലൊന്നായിരുന്നു അത്. ഞാന്‍ മകള്‍ നിഷാത്തിനും മരുമകന്‍ ഹുസൈനും ഒപ്പം ഉംറയ്ക്ക് വന്നതാണ്. കണ്‍മുന്നില്‍ കഅബ ആയിരുന്നു. അതിന്റെ കവാടത്തില്‍ ജനപ്രവാഹം. നിലയ്ക്കാത്ത ആളൊഴുക്ക്. അതു നോക്കി നിന്നപ്പോള്‍ എവിടെ നിന്നോ എന്റെ മനസ്സില്‍ ആ വരികള്‍ വന്നു വീണു.  'പ്രവാഹം ...ജനപ്രവാഹം ..വസുന്ധരേ നീയോര്‍മ്മിക്കുമോയീ ജനപ്രവാഹം'...
ഉള്ളില്‍ വന്നു തൊട്ട ആ വരികള്‍ പിന്നെ ആത്മാവിലാകെ മുഴങ്ങാന്‍ തുടങ്ങുന്നത് ഞാനറിഞ്ഞു. ഉംറ കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളില്‍ പലരും ഉംറ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചു . എനിക്ക് കവിത എഴുതാന്‍ ആണ് തോന്നുന്നത് എന്നായിരുന്നു, എനിക്കുപോലും അറിയാത്ത സ്വരത്തില്‍ ഞാന്‍ മറുപടി പറഞ്ഞത്. കേട്ടവര്‍ കേട്ടവര്‍ ചിരിച്ചു, കവിതയോ, ഈ പ്രായത്തിലോ എന്ന അതിശയച്ചിരി'.
'ഞാന്‍ പറഞ്ഞത് സത്യമായിരുന്നു. എന്റെ ഉള്ളില്‍ വിചിത്രമായ അനുഭൂതികളായിരുന്നു. അവ ഗര്‍ഭപാത്രത്തിലെന്നോണം തുളുമ്പി. പുറത്തുവന്ന് കവിതയാവും വരെ, അത് വല്ലാത്ത അസ്വസ്ഥയായി അങ്ങിനെ തങ്ങിനിന്നു. പിന്നെ, ഞാന്‍ കവിതയെഴുതി'
കവിതയിലേക്കുള്ള വഴികള്‍
ദീര്‍ഘകാലം ഉറക്കത്തിലായ  കവിത പൊടുന്നനെ മുള പൊട്ടുകയായിരുന്നു. പിന്നീട് കവിതകള്‍ ജീവിതത്തിന്റെ ഭാഗമായി. കവിതയുടെയോ വായനയുെേടയോ പാരമ്പര്യം ഇല്ലാതിരുന്നിട്ടും, സ്വയം ആവിഷ്‌കരിക്കാന്‍ അവര്‍ അക്ഷരങ്ങളെ തുണതേടി.
ആദ്യ കവിത എഴുതിയതിന്  ശേഷം മരുമകള്‍ കമറുന്നീസ നിര്‍ബന്ധിച്ച് പിന്നെയും എട്ടോളം കവിതകള്‍ എഴുതി. അതെന്ത് ചെയ്യണം എന്നൊന്നും അന്നറിയില്ലായിരുന്നു. അവളാണ് പറഞ്ഞത് അത് ഗാനങ്ങളാക്കാമെന്ന്. അങ്ങനെ ഒരു നാളാണ് പത്രത്തില്‍ കൈതപ്രത്തിന്റെ നമ്പര്‍ കാണുന്നത്. അദ്ദേഹം അബുദാബിയില്‍ ഉണ്ട്. മടിച്ച് മടിച്ചാണെങ്കിലും വിളിച്ചു. ആരും അറിയാതെയാണ് വിളിക്കുന്നത്. കൈതപ്രത്തിനെ വിളിക്കണമെന്നൊക്കെ പറഞ്ഞാല്‍ പിന്നെയും ആളുകള്‍ കളിയാക്കുമോ എന്ന പേടി. മന്ത്രി ബിനോയ് വിശ്വം ആണ് ഫോണ്‍ എടുത്തത് . മറ്റൊരു നമ്പര്‍ തന്നു. അതില്‍ അദ്ദേഹത്തെ കിട്ടി. 'ഞാനൊരു വീട്ടമ്മയാണ് , ഞാന്‍ കുറച്ച് ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. അത് ഒന്ന് സംഗീതമിട്ട് തരുമോ' എന്നാണ് ചോദിച്ചത് . അദ്ദേഹം എത്ര കവിതകള്‍ ഉണ്ടെന്നു ചോദിച്ചു. എട്ടോളം കവിതകളുണ്ട് എന്ന് പറഞ്ഞു. . ഒരെണ്ണം പാടി കേള്‍പ്പിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യ കവിത തന്നെ ചൊല്ലി. എന്ന് മുതല്‍ കവിത എഴുതുന്നു എന്നൊന്നും ചോദിക്കാതെ അദ്ദേഹം അത് അയച്ച് തരാന്‍ പറഞ്ഞു. അങ്ങനെയാണ് 'ആത്മ സങ്കീര്‍ത്തനങ്ങള്‍' എന്ന ഭക്തിഗാന ആല്‍ബം പിറക്കുന്നത്. മധു ബാലകൃഷ്ണനും ബിജു നാരായണനും ദീപാങ്കുരനും കൈതപ്രം തന്നെയും അതില്‍ പാടിയിട്ടുണ്ട്.
മദര്‍ തെരേസയില്‍നിന്ന് മസ്‌ക്കറ്റിലേക്ക്
എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്ത് വെങ്ങോല ഗ്രാമത്തില്‍ ആയിരുന്നു വീട്. സെയില്‍സ് ടാക്‌സ് കമ്മീഷണര്‍ ആയിരുന്ന ആലിപ്പിള്ളയുടെയും കുഞ്ഞി ബീഫാത്തുമ്മയുടെയും മൂന്നാമത്തെ മകളാണ് . മൂത്തത് രണ്ടു സഹോദരിമാര്‍. ഇളയ രണ്ട് സഹോദരന്മാര്‍. അനിയന്‍ അബ്ദുല്‍ റഹീം എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയാണ് .
ചെറുപ്പത്തില്‍ മദര്‍ തെരേസയെപ്പോലെ  ആവണം എന്നായിരുന്നു ആഗ്രഹമെന്ന് സുഹറത്ത പറയുന്നു. കുട്ടിക്കാലത്ത് എറണാകുളത്തെ വീടിനടുത്ത് ക്രിസ്തീയ മിഷനറി നടത്തുന്ന ഒരു അഗതി മന്ദിരം ഉണ്ടായിരുന്നു. കണക്കായിരുന്നു പഠനവിഷയങ്ങളില്‍ ഏറെയിഷ്ടം . എന്നാല്‍, മദര്‍ തെരേസ ആവാനായിരുന്നു ആഗ്രഹം. അതിന് നല്ലത് ഡോക്ടര്‍ പ്രൊഫഷന്‍ ആണെന്ന് തോന്നി.
ഒരു മലമുകളില്‍, ഒരഗതി മന്ദിരം, അവിടെ ആതുരശുശ്രൂഷ.  ഇതൊക്കെ ആയിരുന്നു സ്വപ്നങ്ങള്‍ .അത് കൊണ്ട് ബി എസ് സി ക്ക് ബയോളജി ഐച്ഛിക വിഷയമായി എടുത്തു. ജന്തുശാസ്ത്രം ആണ് പഠിച്ചത്. മെഡിസിന് അഡ്മിഷനും കിട്ടി. പക്ഷേ , അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍, പ്രത്യേകിച്ചും ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍  അഗതി മന്ദിരം , മദര്‍ തെരേസ എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്ക് മനസ്സിലാവും. പെട്ടെന്ന് വന്ന വിവാഹാലോചനയ്ക്ക് സമ്മതം മൂളുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ . അങ്ങനെ മലയടിവാരവും ഡോക്ട്ടര്‍ പഠനമെന്ന സ്വപ്നവും  ഒക്കെ പാതിവഴിയില്‍ ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് ചേക്കേറി.


വെള്ളവും എണ്ണയും പോലൊരു പ്രവാസം
ഭര്‍ത്താവ് ഡോ .ഹംസ 39 വര്‍ഷമായി ഒമാനിലെ മത്രയില്‍ ക്ലിനിക് നടത്തുന്നു. അദ്ദേഹം ഒമാന്‍ പൌെരത്വം സ്വീകരിച്ചിട്ടുണ്ട്. മക്കള്‍ റാസയും നിഷാത്തും. റാസയ്ക്കും ഭാര്യ കമറുന്നീസയ്ക്കും കുട്ടികള്‍ക്കും ഒപ്പം അസൈബയിലെ വീട്ടിലാണ് ഇപ്പോള്‍ താമസം. മകള്‍ നിഷാത്ത് സുല്‍ത്താന്‍ ഖാബൂസ് യുനിവേഴ്‌സിറ്റിയില്‍ ജെനറ്റിക്‌സില്‍ ഗവേഷണം നടത്തുന്നു.
1976 ലാണ് ഭര്‍ത്താവ് ഡോ .ഹംസയ്ക്ക് ഒപ്പം ഒമാനിലേയ്ക്ക് വരുന്നത്. അന്ന് ബോംബെയില്‍ നിന്നാണ് വിമാനം. കുടുംബം , കുഞ്ഞുങ്ങള്‍ ,  സാമ്പാര്‍ വെക്കല്‍,പിറ്റേന്ന് അവിയല്‍ വെക്കല്‍ ,പാത്രം കഴുകല്‍  തുടങ്ങിയ സ്റ്റീരിയൊ ടൈപ്പ് പണികളില്‍ ഒരിക്കലും മനസ്സ് നിന്നിട്ടില്ല. ഇതല്ലാതെ മറ്റൊരിടം ഉണ്ടെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. തനിച്ചാവുമ്പോള്‍, മുറ്റത്ത്  ചെടികള്‍ക്കൊപ്പം നടക്കുമ്പോള്‍ ഒക്കെ ഉള്ളില്‍ ആരോടും പറയാന്‍ ആവാത്ത മറ്റൊരിടം വന്നു നിറയും. ഉറ്റവര്‍ക്ക് പോലും മനസ്സിലാവില്ല അത്.
അങ്ങനെയാണ് കുറച്ച് കുട്ടികള്‍ക്ക് കണക്ക് ട്യൂഷന്‍ കൊടുക്കാന്‍ തുടങ്ങിയത്. അന്നത്തെ സി ബി എസ് സി കുട്ടികളുടെ കണക്ക് ടീച്ചറായി .ഹോം ട്യൂഷനില്‍ ദിവസവും കുട്ടികള്‍ക്കും കണക്കിനുമൊപ്പം ആയിരുന്ന ദിവസങ്ങള്‍ . ദൈവവും ദൈവ ദൂതരും കഴിഞ്ഞാല്‍ കണക്ക് മാത്രമേ ലോജിക്കലി സത്യമായുള്ളൂ ഈ ലോകത്ത് . അഞ്ചും രണ്ടും കൂടി കൂട്ടിയാല്‍ ഏഴു മാത്രമേ ആവൂ. എട്ടാവില്ലെന്ന സിമ്പിള്‍ ലോജിക്.
നാടോര്‍മ്മയാണ് സുഹറത്തയുടെ മനസ് മുഴുവന്‍ 'എന്റെ സിരകളില്‍ മുഴുവന്‍ എന്റെ നാടാണ്. ജീവിതാവശ്യം കൊണ്ട് മാത്രം  പ്രവാസി ആയിപ്പോയ ആളാണ് ഞാന്‍. നാട്ടിലെ മരങ്ങളും ചെടികളും പ്രാണവായുവും  തന്നെ ആണ് എന്റെ വിറ്റമിന്‍. വെള്ളവും എണ്ണയും പോലെ ആണെന്റെ പ്രവാസം. വെള്ളത്തിനു മുകളില്‍ എണ്ണ എന്നത് പോലെ.
ഭൂമിയോട് സംസാരിക്കാതെ എങ്ങനെയാണ് കവിത പിറക്കുക
അധികമൊന്നും വായിച്ചിട്ടില്ല. ഒമാനില്‍ മലയാളം പുസ്തകങ്ങള്‍ കിട്ടുന്ന കാലവും അല്ലായിരുന്നു. കിട്ടുന്ന മാസികകള്‍ മാത്രം വായിക്കും . എങ്കിലും പഴയ കവിതകള്‍ വലിയ ഇഷ്ടമാണ് .പുതിയകാലത്തെ കുറിച്ചും കവിതകളെക്കുറിച്ചും  അറിവില്ലെന്ന് പറയുമ്പോഴും ഇടയ്‌ക്കെപ്പോഴോ വര്‍ത്തമാനത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വന്നു. പിന്നെ മരുമകള്‍ കമറുവിനെ  വിളിച്ച് 'നീള്‍ മിഴിപീലിയില്‍ നീര്‍ മണി തുളുമ്പി' എന്ന പാട്ട് പാടിച്ചു. സ്വന്തം സന്തോഷങ്ങളുടെ ഇടം .അത് മാറിക്കൊണ്ടേ ഇരിക്കും.  ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് പാഞ്ഞു കൊണ്ടേ ഇരിക്കും. ഒരേ കറി രണ്ടു തവണ വെക്കുമ്പോള്‍ രണ്ട് വ്യത്യസ്ത രുചി ആയിരിക്കും. ചെടികളും കിളിയൊച്ചകളും ഇല്ലാത്ത ഒരിടം വല്ലാത്ത വിഷാദത്തില്‍ കൊണ്ട് എത്തിക്കും. അത് കൊണ്ട് താമസിച്ച വീടുകളിലെല്ലാം ഒരു കൊച്ചുകാട് തന്നെ രൂപപ്പെടുത്തി എടുക്കും.
ഒരുപാട് കാണണം എന്ന് ആഗ്രഹിച്ച ആളാണ് മാധവിക്കുട്ടി. എത്ര  തരളിതമായാണ്  മനുഷ്യ ഹൃദയങ്ങളെ യാഥാര്‍ഥ്യഭാവങ്ങളിലെയ്ക്ക് കൊണ്ട് വരാന്‍ അവര്‍ക്ക് കഴിഞ്ഞത് . അവര്‍ തിരുവനന്തപുരത്താണ് , ബോംബെയിലാണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചെന്ന് കാണണം എന്ന് വലിയ മോഹമായിരുന്നു. മകള്‍ എറണാകുളത്ത് പഠിക്കുന്ന സമയത്താണ് അവര്‍ മതം മാറുന്നത്. അക്കാലത്താണ് അവരെ ചെന്ന് കാണുന്നത്. ഹൃദ്യമായി സംസാരിച്ചു അവര്‍. മാധവിക്കുട്ടിയുടെ മരണം പിന്നീട് ഒരു കവിതയില്‍ എഴുതി .
അമ്പത് വയസ്സിനു ശേഷം ആണ് എഴുത്ത് വന്നു തൊടുന്നത്. ആളുകള്‍ കളിയാക്കി.  ഈ പ്രായത്തില്‍ എഴുതുന്നത് ഫെയിമിന് വേണ്ടി ആണെന്ന് പറഞ്ഞു. പക്ഷെ ഉള്ളില്‍ ദൈവ സങ്കീര്‍ത്തനങ്ങള്‍  നിറയുകയായിരുന്നു. കഅബ  തന്ന കവിതയാണ്. ഭക്തി , സന്തോഷം, വിഷാദം ഇതൊക്കെയാണ് ഒരുമിച്ച് വന്നത് . വസുന്ധര എന്ന വാക്ക് ഉപയോഗിച്ചപ്പോള്‍ പോലും കളിയാക്കിയ പെണ്ണുങ്ങള്‍ ഉണ്ട്. 'മലബാറിലെ മുസ്ലീം സ്ത്രീകള്‍ ചോദിച്ചു. ഇത് ഹിന്ദുപ്പെണ്ണിന്റെ പേരല്ലേ ? ഇത് കൊണ്ടാണോ ഭക്തിഗാനം എഴുതുന്നത് എന്ന്. വസുന്ധര ഭൂമിയാണ്, ഭൂമിയോട് സംസാരിക്കാതെ എങ്ങനെയാണ് കവിത പിറക്കുക ?' ഇപ്പോള്‍ അറുപത്തി ആറിലെത്തിയ സുഹറത്ത ചോദിക്കുന്നു.


കൈതപ്രം സംഗീതമിട്ട് ബിജു നാരായണന്‍ പാടിയ ആത്മ സങ്കീര്‍ത്തനത്തിലെ ഗാനം
സന്ധ്യേ ..തിരു സന്ധ്യേ
എന്നാത്മാവില്‍ ഈണമുയര്‍ത്തും സന്ധ്യേ
നീ കണ്ടോ..
അബ്രഹാത്തിന്‍ ആനപ്പടയെ തുരത്തി വിട്ടൊരു പക്ഷിക്കൂട്ടം
തിരുമുറ്റത്ത് തെളിഞ്ഞു വിളങ്ങിയ ദീപത്തിന്‍ മുന്നില്‍
പരിശുദ്ധ ഗ്രന്ഥവുമായി തിരുനബി തന്‍ തിരു ജനനം
ഏകദൈവാരാധനയുടെ നിര്‍വൃതികള്‍
വീണുടയുമൊരന്ധതയുടെ നൂറു ബിംബങ്ങള്‍
ആ ദൈവത്തിന്‍ മുന്നില്‍ മാത്രം പ്രണമിച്ചോരിബ്രാഹിം
ദിനരാവുകളില്‍ സഞ്ചരിച്ച് പണിതുയര്‍ത്തിയ മന്ദിരം
മക്കാ മരുവില്‍ രാജ സദസ്സിന്നൊരുക്കിയുയര്‍ത്തിയ മന്ദിരം..
നാഥന്‍ നല്‍കിയ കല്‍പനയാല്‍ പണി തീര്‍ത്ത മന്ദിരം
കണ്ടോ നീ കണ്ടോ സന്ധ്യേ..
എന്നത്മാവില്‍ ഗീതമുണര്‍ത്തും സന്ധ്യേ

Sunday, September 6, 2015

ലോകത്തെ അവസാനത്തെ പെണ്ണ്.

സെപ്തംബര്‍ ആറിനു കുറിച്ചതെന്ന് ഫേസ്ബുക്ക്‌ വീണ്ടും ഓര്‍മ്മിപ്പിച്ചത് എന്തിനാണാവോ..
ചില പേരില്ലായ്മകള്‍ക്കൊപ്പം ഇവിടെ ചേര്‍ത്ത് വെക്കട്ടെ..
ഒടുക്കം ലോകത്ത് ഒരുത്തി ബാക്കിയാവും
ആത്മഹത്യ ചെയ്യുന്ന ഒടുവിലത്തെ പെണ്ണ്..
വാതിലുകൾ സാക്ഷ ഇടേണ്ടതുണ്ട്
ഒരു തുള്ളി വെളിച്ചവും വരാതെ എല്ലാജനലും
ഇറുക്കെ അടയ്ക്കേണ്ടതുണ്ട് .
കണ്ണാടി ജനലുകൾ കറുത്ത തിരശ്ശീലയാൽ മൂടെണ്ടതുണ്ട് .

ലോകത്തെ അവസാനത്തെ പെണ്ണാകിലും
ലോകം അവസാനിക്കും മുൻപ് ആത്മഹത്യ ചെയ്യണമെങ്കിലും
അടുക്കളപ്പണി തീർക്കേണ്ടതുണ്ട് .
മുലപ്പാൽ തീർന്ന് പോയത് കൊണ്ട്
കുറുക്കെ കാച്ചിയ പശുവിൻ പാൽ
ഇന്നലെയാണ് മരിച്ച കുട്ടിക്ക് കൊടുത്തത് .
ഉറുമ്പരിക്കും മുൻപ് ആ പാത്രം കഴുകി വെക്കേണ്ടതുണ്ട്
September 6, 2014 at 6:36pm · 

Thursday, September 3, 2015

വീട് ഇങ്ങനെയൊക്കെയുമാണ്



വീട് എപ്പോഴാണ് ഇത്രയധികം വര്‍ത്തമാനം പറഞ്ഞു തുടങ്ങിയത്
ഓരോ മുറികള്‍ക്കും ഓരോ ഭാഷയായിരുന്നു.
ആദ്യമൊക്കെ വീട്ടു ഭാഷയുടെ അകംപൊരുളുകള്‍
മറുഭാഷ പോലെ അപരിചിതമായി
ചിലപ്പോള്‍ ശബ്ദമില്ലാതെ പിറുപിറുത്തും
മറ്റു ചിലപ്പോള്‍ ഉച്ചത്തില്‍ ചിരിച്ചും
ചിലപ്പോള്‍ മൂളിപ്പാട്ട് പാടിയും
ഉച്ചക്കിറുക്ക് പറഞ്ഞുമിരിക്കുന്ന  വീട്ടുഭാഷ
ഇപ്പോള്‍ ഹൃദിസ്ഥമായിരിക്കുന്നു..
നോക്കൂ, എനിക്കെന്നല്ല മധ്യവയസ്സിലെത്തുന്ന വീട്ടു സ്ത്രീകള്‍ക്ക്
ആ ഭാഷ അത്രമേല്‍ പരിചിതമത്രേ..
ഇരുള്‍, നിഴല്‍ , മടുപ്പ് എന്നിങ്ങനെയും
മുഷിഞ്ഞ വസ്ത്രങ്ങള്‍ , അഴുക്ക് പാത്രങ്ങള്‍ , പഴകിയ മണങ്ങള്‍
എന്നിങ്ങനെയും അത് ചിലപ്പോള്‍ മൊഴി മാറ്റം നടത്തും.
അല്ല, മുന്‍പത്, മഴ , വെയില്‍, മഞ്ഞ് എന്നൊക്കെ ആയിരുന്നുവല്ലോ...
വീട് അരൂപികളുടെ രേഖാചിത്രങ്ങള്‍ വരയ്ക്കാറുണ്ടെന്നതും
അകം ഭാഷകളുടെ തര്‍ജ്ജമയറിയാത്ത
പുറം ഭാഷയെക്കുറിച്ച് ഒന്നരപ്പുറത്തില്‍
കവിയാതെ ഉപന്യസിക്കാം എന്നു പറഞ്ഞതും
കഴിഞ്ഞ രാത്രിയിലാണ് കേട്ടത് .
അപ്പോള്‍ വീടെ ഒന്ന് പറയൂ..
ഉമ്മകള്‍  ഉടലിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത് എങ്ങനെയാണ് ?--

Wednesday, April 15, 2015

കാഴ്ചയുടെ ഖനികള്‍ ഒരുക്കി ഒമാന്റെ പച്ചപ്പ്






മാതൃഭൂമി ഗൾഫിന്റെ വിഷു പ്രത്യേക പതിപ്പ് 2015 , ' വിഷു കൈനീട്ടം '  വിഷുയാത്രകളെ കുറിച്ച് കൂടിയാണ് . മരുഭൂമിയിലെ പച്ചത്തുരുത്തായ ഒമാനിലെ കാഴ്ചാ വൈവിധ്യങ്ങൾ ആണ് ഇത്തവണ ..യാത്രാപ്രേമികൾക്കായി  ' വിഷു യാത്രയിലെ - ഒമാന്റെ പച്ചപ്പ് ' ബ്ലോഗിലും ഇടുന്നു.. സമയവും സൌകര്യവും ഒത്തൊരു യാത്ര തരപ്പെടുമ്പോൾ ഇത് കൂടെ കയ്യിൽ ഇരിക്കട്ടെ


മരുഭൂമിയിലെ പച്ചത്തുരുത്താണ് ഒമാന്‍. പ്രകൃതി ഭംഗിയും പച്ചപ്പും അതിഥ്യമര്യാദയും ചേര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കയി തുറന്നു വെച്ചിരിക്കുകയാണ് ഈ നാടിനെ. ചരിത്രപരമായും പ്രകൃതി രമണീയതയാലും വേറിട്ടു നില്‍ക്കുന്ന ഏറെ പ്രദേശങ്ങളുണ്ട് ഇവിടെ. കടലും മലയും സമതലവും മരുഭൂമിയും ചേരുന്ന കാഴ്ചയുടെ അസാധാരണ ഇടങ്ങള്‍. അവയില്‍ ചില സ്ഥലങ്ങളെ അടുത്തറിയാം. 

വാഹിബ സാന്റ്സ് / വാഹിബ മരുഭൂമി  

ഷർഖിയ മേഖലയിലെ ഇബ്ര പട്ടണത്തിലുള്ള മരുഭൂമിയാണ് വാഹിബ സാന്റ്സ് . കിഴക്കൻ ഹജർ മുതൽ അറബിക്കടൽ വരെ 200 കിമി നീളത്തിൽ  12,500 ചതുരശ്ര കിമി ൽ പരന്ന് കിടക്കുന്ന ഭൂവിഭാഗം ആണിത് . 100 -150 മീറ്റർ ഉയരത്തിലുള്ള സ്വർണ്ണ വർണ്ണമുള്ള മണൽക്കുന്നുകളും ബദൂവിയൻ ഗോത്ര ജീവിതവും അടുത്തറിയാം . വാഹിബയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ചെറുപട്ടണങ്ങളാണ് റൗദ ,സമദ്  അഷ്ഷൻ , അൽ അക്ദർ ലിസ്ക് എന്നിവ.  റൗദയിലും  ,സമദ്  അഷ്ഷനിലും പുരാതന നഗരാവശിഷ്ടങ്ങളും കോട്ടകളും കാണാം .അൽ അക്തർ പരമ്പരാഗത ഒമാനി നെയ്ത് ഗ്രാമം ആണ് .

മസ്കറ്റിൽ നിന്നുള്ള ദൂരം : 190 കിമി
ശരാശരി ഡ്രൈവ് സമയം : 2 മണിക്കൂർ
യാത്ര : സാധാരണ കാറിൽ  ഇബ്രീ വരെയും മണൽ യാത്രക്ക് SUV യും ഉപയോഗിക്കാം

അൽഹൂത്ത ഗുഹ  


2 ലക്ഷം വർഷം പഴക്കമുള്ള സ്വാഭാവിക ഗുഹയാണ് അൽ ഹൂത്ത . ഹജാര്‍ മലനിരകളിലെ ഉയരം കൂടിയ ഭൂപ്രദേശമായ ജബല്‍ അക്തർ -ജബല്‍ ഷംസ്  മലയിൽ തെക്ക് വടക്ക് ദിശയില്‍ 4.5 കിലൊമീറ്റര്‍ നീളത്തില്‍ ഉള്ള തുരങ്കവും ഭൂമിക്കടിയിലുള്ള തടാകവും അല്‍ ഹൂത്താ ഗുഹയിലെ പ്രത്യേകതകളാണ് .നിസ്വ യില്‍ നിന്ന് ബഹ് ലയിലേക്കുള്ള വഴിയില്‍ അല്‍ ഹമ്ര എന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത് .
 മഞ്ഞ,പിങ്ക്,ആനകൊമ്പിന്റെ നിറം,ചാരം എന്നി നിറങ്ങളിൽ കാലക്രമത്തിൽ ഉറഞ്ഞുണ്ടായ ശില്പങ്ങൾ കാണാം.ഈ ഗുഹയ്ക്ക് 30,000 ക്യുബിക് മീറ്റര്‍ വെള്ളം ഉൾകൊള്ളാൻ  സാധിക്കും. സൂര്യപ്രകാശം എത്താത്ത ഗുഹയ്ക്കുള്ളിലെ തടാകത്തിലെ പിങ്ക് നിറത്തിലുള്ള മീനുകൾക്ക് കണ്ണു കാണില്ല എന്നതാണ് ഏറെ രസകരമായ വസ്തുത.ഈ ഗുഹയില്‍ ഒമാനിലെ ആദ്യത്തെ 36 സീറ്റുള്ള വൈദ്യുതി തീവണ്ടി ഓടുന്നു.പ്രത്യേകതരത്തിലുള്ള വെളിച്ചം കൊണ്ട് ഈ ഗുഹയെ അലങ്കരിച്ചിരിച്ചിട്ടുണ്ട് .
ഗുഹാ സന്ദർശനത്തിന് മുൻകൂട്ടി  ചെയ്യണം 
 ശനി മുതൽ വ്യാഴം വരെ
രാവിലെ  09:00 മുതൽ 13:00 വരെ 
ഉച്ച കഴിഞ്ഞ് 14:00 മുതൽ 18:00 വരെ
 വെള്ളിയാഴ്ച  09:00 മുതൽ 12:00 വരെ
തിങ്കളാഴ്ച അവധി ആയിരിക്കും .
ഫോണ്‍ നമ്പർ : +968 244 900 60

മസ്കറ്റിൽ നിന്നുള്ള ദൂരം : 211 കിമി
ശരാശരി ഡ്രൈവ് സമയം : 2 മണിക്കൂർ
യാത്ര : കാർ യാത്ര . ഗുഹയ്ക്കുള്ളിൽ വൈദ്യുത തീവണ്ടിയുടെ സേവനം ഉണ്ട്. 

                                                      നഖൽ ചൂട് നീരുറവ


മസ്കറ്റ് നഗരത്തിൽ നിന്ന് 132  കിലോ മീറ്റര്‍ അകലെയുള്ള നഖല്‍ വിലായത്തിലാണ് ഈ ചൂട് നീരുറവ ഉള്ളത് . മസ്കറ്റിൽ നിന്ന് സോഹാർ റോഡിൽ ബർക്കയിലാണ് നഖൽ ഗ്രാമം. മലയടിവാരത്തിലുള്ള ഉറവിൽ നിന്ന് കുതിച്ചുയരുന്ന വെള്ളത്തിനു ഇളം ചൂടാണ്. ഒരാൾ ഇറങ്ങി നിന്നാൽ മുങ്ങാൻ ഉള്ള ആഴം ഉണ്ട് ഉറവിന് .  ഈ ജലം ത്വക് രോഗങ്ങളെ അകറ്റുമെന്ന പരമ്പരാഗത വിശ്വാസവും ഉണ്ട്.
 മണ്ണ് കൊണ്ടുള്ള നിരവധി കെട്ടിടങ്ങളുള്ള അല്‍ ഗരീദ് ഗ്രാമവും നിരവധി ഗോപുരങ്ങളുള്ള നഖൽ കോട്ടയും  ചരിത്രവും സംസ്കാരവും ഉറങ്ങുന്നതാണ്.  വര്ഷംമുഴുവന്‍ പ്രകൃതി ദത്തമായ തണുപ്പ് വെള്ളവും ചൂടുവെള്ളവും ഒഴുകുന്ന ഐന്‍ അല്‍ തവാറാഹ്, വാദി അല്‍ തീന്‍ എന്നിവയും ഈ വിലായത്തിലെ പ്രത്യേകതയാണ്.

മസ്കറ്റിൽ നിന്നുള്ള ദൂരം : 132 കിമി
ശരാശരി ഡ്രൈവ് സമയം : 1 മണിക്കൂർ 15  മിനിറ്റ്
യാത്ര : കാർ യാത്ര

                                     റാസൽ  ഹദ്ദ്  -കടലാമ സംരക്ഷിത തീരം


 ആയിരക്കണക്കിന് കടലാമകൾ  അറേബ്യൻ ഗൾഫ്, ചെങ്കടൽ സൊമാലിയ തീരത്ത് നിന്ന് പ്രതിവർഷം  സുൽത്താനത്ത് തീരങ്ങളിൽ  മുട്ടയിടാനായി എത്താറുണ്ട് . റാസ് അൽ  ഹദ്ദ് , റാസ് അൽ ജിൻസ് , മസിറഃ ദ്വീപ്  എന്നിവിടങ്ങളിൽ ഇവ സമൃദ്ധമായി കാണാം .റാസ് അല ഹദ്ദ് മുതൽ മസീറ വരെ ഉള്ള തീരപ്രദേശം കടലാമകളുടെ സംരക്ഷിത തീരമാണ് .വംശനാശത്തിൽ നിന്നും അവരെ സംരക്ഷിക്കാനും അവരുടെ മുട്ടകൾ അവിടെ സംരക്ഷിക്കപ്പെടുന്നതിലും ഇവിടം പ്രസിദ്ധമാണ്. കടലാമകളുടെ പ്രജനന രീതി വിനോദ സഞ്ചാരികൾക്ക് പകർന്ന് നൽകുന്നതിനായി ശാസ്ത്രീയ കേന്ദ്രം ഉണ്ട്. സൂർ നഗരത്തിൽ നിന്ന് 65 കിമി കിഴക്കാണ് ഇത്.
റിസർവ് സന്ദർശിക്കുന്നതിനായി reservation@rasaljinz.org എന്ന ഇമെയിൽ വിലാസത്തിലോ   കോൺടാക്റ്റ് ഫോൺ നമ്പർ +96896550606 അല്ലെങ്കിൽ +96896550707: ലോ  റാസ് അൽ ജിൻ  ടർട്ടിൽ  റിസർവ് മാനേജ്മെന്റ് കമ്പനി യുമായി ബന്ധപ്പെട്ട് മുൻകൂട്ടി ബുക്ക് ചെയ്യണം.

മസ്കറ്റിൽ നിന്നുള്ള ദൂരം : 243 കിമി
ശരാശരി ഡ്രൈവ് സമയം :
3 മണിക്കൂർ  
യാത്ര : കാർ യാത്ര
 
                                                  ബന്ദർ ഖൈറാൻ : കണ്ടൽതീരം


ഒമാന്റെ ഹൃദയമായ റുവി നഗരത്തിൽ നിന്ന് ഇരുപത്തി ആറ് കിലോമീറ്റർ മാത്രം അകലെയാണ് സംരക്ഷിത പ്രദേശം ആയ ബന്ദർ അൽ  ഖൈറാൻ . .വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ കീഴിലുള്ള സംരക്ഷിത പ്രദേശം ആണ് ബന്ദർ അൽ  ഖൈറാൻ.ഒമാനിലെ ഏറ്റവും വലിയ കണ്ടൽ കാടുകളിൽ ഒന്നാണ് ഇത്.  തീരദേശത്തെ സംരക്ഷിച്ച് പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തുന്നതില്‍വലിയ പങ്കു വഹിക്കുന്ന   ഇരുപതോളം കണ്ടൽക്കാടുകൾ ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ ആയുണ്ട് . ബന്ദർ ഖൈറാനിലൂടെ ഉള്ള കടൽ യാത്രയിൽ ഒമാനിന്റെ സമ്പന്നമായ ജൈവ വൈവിധ്യത്തിന്റെ  ഭാഗമായ ഡോൾഫിനുകളെ സഞ്ചാരികൾക്ക് അടുത്ത് കാണാൻ ആവും. 22 ഓളം ഡൈവിംഗ് ലൊക്കേഷനുകൾ ഉള്ള ഇവിടം കടലാഴത്തിൽ മുങ്ങുന്ന സാഹസികര്ക്കും പ്രിയപ്പെട്ടതാണ് . പവിഴപുറ്റു കൾ അനേകമായി കാണപ്പെടുന്ന സ്ഥലം കൂടി ആണ് ഇവിടം.വാരാന്ത്യങ്ങളിൽ ക്യാമ്പിങ്ങിനായി കുടുംബങ്ങൾ അടക്കമുള്ള സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. യുനെസ്‌കോ പുരസ്‌കാരത്തിന്  അർഹമായ ടൂറിസം മന്ത്രാലയത്തിന്റെ മസ്‌കത്ത് ജിയോഹെറിറ്റേജ് ഓട്ടോ ഗൈഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൌമ കേന്ദ്രം  ബന്ദർ അൽ ഖൈറാൻ .

മസ്കറ്റിൽ നിന്നുള്ള ദൂരം : 26 കിമി
ശരാശരി ഡ്രൈവ് സമയം :  ഇരുപത് മിനിറ്റ്
യാത്ര : കാർ യാത്ര

                                              ജബൽ ഷംസ് (സൂര്യ മല ) 


സമുദ്ര നിരപ്പിൽ 3,004 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  ജബൽ ഷംസ് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ കൊടുമുടിയാണ് .
ശീതകാലത്ത് അന്തരീക്ഷ ഊഷ്മാവ് മൈനസിലേക്ക് താഴുന്ന ജബൽ ഷംസിൽ വർഷത്തിലെ ബാക്കി സമയം മിക്കവാറും സമ ശീതോഷ്ണ കാലാവസ്ഥയാണ് . അഗാധമായ മലയിടുക്ക് കാണാനാവുന്ന അന്നഖിർ ബാൽക്കണി എന്നറിയപ്പെടുന്ന സ്ഥലം വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു . സൂര്യ രശ്മി ആദ്യം എത്തുന്നതും അവസാനം മറയുന്നതും ഇവിടെ നിന്നായതിനാൽ ആണ് ഇവിടം സൂര്യമല എന്നറിയപ്പെടുന്നത്

മസ്കറ്റിൽ നിന്നുള്ള ദൂരം : 265.8 കിമി
ശരാശരി ഡ്രൈവ് സമയം :  3 മണിക്കൂർ 
യാത്ര : കാർ യാത്ര

 
                                                                  സലാല


മസ്കറ്റില്‍ നിന്ന് 1030 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സലാല ഏതൊരു മലയാളിയിലും നാടിന്‍െറ ഓർമകള്‍ ഉണർത്തുന്നതാണ്. ഒമാന്‍െറ മറ്റ് ഭാഗങ്ങളേക്കാള്‍ ഏറെ വ്യത്യസ്ഥമായ ഭൂപ്രകൃതിയും കാഴ്ച വൈവിധ്യവും നിറഞ്ഞതാണ് ഈ പ്രദേശം. തെങ്ങും പ്ളാവും വാഴയും ഈത്തപ്പനകളും നിറഞ്ഞുനില്ക്കുനന്ന സലാലക്ക് ചരിത്രത്തിന്‍െറ ഏടുകളിലും വലിയ സ്ഥാനമുണ്ട്. ഒമാനിന്‍െറ തെക്കേ അതിർ ത്തിയില്‍ പരന്നുകിടക്കുന്ന സലാലയുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യന്‍ മണ്സൂണിന്‍െറ ലഭ്യതയാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന മഴക്കാലം ഖരീഫ് സീസണ്‍ എന്നാണ് തദ്ദേശീയമായി അറിയപ്പെടുന്നത്. അരുവികളാലും വെള്ളച്ചാട്ടങ്ങളാലും നിറഞ്ഞ് മനോഹരിയാകുന്ന ഈ സമയത്ത് സലാല പച്ച പുതച്ച് നില്ക്കും . ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സര്ക്കാതര്‍ ഖരീഫ് മഹോത്സവവും സംഘടിപ്പിക്കുന്നുണ്ട്. മേന്മയേറിയ കുന്തിരിക്കം ലഭിക്കുന്ന സ്ഥലമായതിനാൽ അറേബ്യയുടെ സുഗന്ധ തലസ്ഥാനം എന്നും ഇതറിയപ്പെടുന്നു. 2000ത്തിലധികം വര്ഷം പഴക്കമുള്ള ചരിത്രത്താലും കഥകളാലും സമ്പന്നമാണ് ഈ നാട്. പ്രവാചകന്‍ അയ്യൂബിന്‍െറ ഖബര്‍ സ്ഥിതി ചെയ്യുന്നത് ജബല്‍ ഖറയില്‍ ആണ്. ഷേബ രാജ്ഞിയുടെ കൊട്ടാരത്തിന്‍െറ അവശിഷ്ടങ്ങള്‍ ഖര്‍ റോറിയില്‍ കാണാന്‍ സാധിക്കും. ക്രിസ്ത്യന്‍ ചരിത്രത്തിലും ഏറെ പ്രധാന്യമുള്ള സ്ഥലങ്ങളും സലാലയില്‍ ഉൾപ്പെുടുന്നു. സലാലയിലെ ബീച്ചുകള്‍ സ്കൂബ ഡൈവിങ്, കനോയിങ്, ഡൈവിങ്, ജെറ്റ് സ്കീയിങ്, സെയ്ലിങ്, ഡൈവിങ് എന്നിവക്ക് ഏറെ പേരുകേട്ടതാണ്. ദേശാടന പക്ഷികളുടെ ഇടത്താവളങ്ങളില്‍ ഏറെ പ്രശസ്തമായ സലാല പക്ഷി നിരീക്ഷകര്ക്ക്  വേറിട്ട അനുഭവങ്ങളാണ് പകർന്നു  നല്കുക. 

Ain Razath

സലാലയില്‍ നിന്ന് അര മണിക്കൂര്‍ റോഡ് യാത്രാ ദൂരമുള്ള ഐന്‍ റസാത്ത് അരുവികളും കുന്നുകളും പൂന്തോട്ടങ്ങളും നിറഞ്ഞ ടൂറിസ്റ്റ് കേന്ദ്രമാണ്. സമീപത്ത് തന്നെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ ഐന്‍ സഹനാത്തും സ്ഥിതി ചെയ്യുന്നു. സലാലയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള മിര്ബാ്ത്തിലാണ് ബിന്‍ അലിയുടെ ശവകുടീരമുള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കോട്ട അടങ്ങുന്ന തഖാ ഗ്രാമം കാണുന്നതിന് സലാലയില്‍ നിന്ന് 36 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതിയാകും. സലാല ഉൾപ്പെടുന്ന ദോഫാര്‍ റീജിയനിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ജബല്‍ സംഹാന്‍. 1800 മീറ്റര്‍ ഉയരത്തിലേക്കുള്ള ഇവിടേക്ക് എത്തിയാല്‍ വാദി ദിർബാത്തിന്‍െറ ഹാങിങ് വാലി കാണാന്‍ കഴിയും. പക്ഷിക്കൂട് എന്‍ അറിയപ്പെടുന്ന താവി അത്തീര്‍, ബൗബാബ് വനം എന്നിവയെല്ലാം സമീപത്തുണ്ട്. വലിയ ബുള്ബൂ്സ് മരങ്ങളാല്‍ നിറഞ്ഞതാണ് ഈ വനം. 2000 വര്ഷ.ത്തിലധകം പഴക്കവും 30 അടി വിസ്താരവുമുള്ള മരവും ഇവിടെയുണ്ട്.  
എംപ്റ്റി ക്വാര്ട്ടെര്‍ മരുഭൂമിയുടെ തെക്കന്‍ ഭാഗത്താണ് സലാലയുടെ വടക്കന്‍ പ്രദേശമാണ് നെജ്ദ് സ്ഥിതി ചെയ്യുന്നത്. മണല്ക്കു ന്നുകളും വരണ്ട വാദികളും നിറഞ്ഞതാണ് ഈ പ്രദേശം. സലാലയില്‍ നിന്ന് വടക്ക് മാറി 175 കി.മീ അകലെയാണ് ഷിസ്ര്‍ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ലോറന്സ്  ഓഫ് അറേബ്യ അറ്റ്ലാന്റിയസ് ഓഫ് സാന്റ്സ്  എന്ന വിളിച്ച ഉബര്‍ നഗരത്തിന്‍െറ അവശിഷ്ടങ്ങള്‍ ഇവിടെയുണ്ടെന്നാണ് വിശ്വസിക്കുന്നത്.  പുരാതന നഗരാവശിഷ്ഷ്ടങ്ങളായ  അൽ ബലീദ് മ്യൂസിയവും മുക്സൈയിൽ ബീച്ചും ഹാസിക് തീരവും ചേരമാൻ പെരുമാൾ ശവകുടീരവും ഒക്കെയായി  സലാല സഞ്ചാരികളെ വലിച്ചടുപ്പിച്ചു കൊണ്ടേ ഇരിക്കും
മസ്ക- സലാല ദൂരം- 1030 കിറ്റ് ലോമീറ്റര്‍,
യാത്ര- റോഡിൽ  സമയം 12 മണിക്കൂര്‍
മസ്കത്തില്‍ നിന്ന് ബസ്, കാര്‍, വിമാന സൗകര്യം
Wadi DARBAT

സഞ്ചാരികളുടെ കൌതുകമായി നഗരഹൃദയത്തിൽ തന്നെ ഉള്ള പുരാതന വ്യവസായ കേന്ദ്രവും തുറമുഖവുമായ മത്ര സൂഖും കോർനിഷും , അറബ് പേർഷ്യൻ നിർമ്മാണ കലയുടെ പ്രൌഡി അറിയിക്കുന്ന സുൽത്താൻ ഖാബൂസ് ഗ്രാൻഡ്‌ മോസ്ക് , ഖുറിയാത് ഡാം , ജബൽ അക്തർ , മജ്‌ലിസ് ജിൻ ഗുഹ , ഉൽക്കാ പതനത്തിന്റെ അവശേഷിപ്പായ സിങ്ക് ഹോൾ , പച്ചതുരുത്തായ വാദി ബനീ ഖാലിദ് , ഡോൾഫിനുകളെ കണ്ടുള്ള മുസന്ദം കടൽ യാത്ര, പഴങ്കാലത്തിന്റെ കഥ പറയുന്ന അനേകം കോട്ടകൾ  അങ്ങനെ മടുപ്പിക്കാത്ത കാഴ്ചകളുമായി ഒമാൻ അരികെയുണ്ട്.  








Tuesday, March 31, 2015

കല്‍പ്പറ്റ നാരായണന്‍ പറയുന്നു: പ്രവാസികള്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എത്ര മേല്‍ ദരിദ്രമായേനെ!



മനസ്സ് തുളുമ്പുന്ന അനുഭവമായിരുന്നു കല്‍പ്പറ്റ നാരായണന്‍ മാഷിന്റെ പ്രസംഗം. . ആ പ്രസംഗത്തിന്റെ കേട്ടെഴുത്ത് ..ഞാനെഴുതിയത്..
മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിംഗിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം സ്വീകരിച്ചു കൊണ്ട് അദ്ദേഹം സംസാരിക്കുമ്പോള്‍, സദസ്സ് കാതുകൂര്‍പ്പിച്ചു നില്‍ക്കുകയായിരുന്നു. കേട്ടു കേട്ട്, ആ വാഗ്നദിയുടെ ഭാഗമായി ഞാനും. ആ പ്രസംഗത്തിന്റെ കേട്ടെഴുത്ത്  ഏഷ്യാനെറ്റ് ന്യൂസ് പോര്‍ട്ടലില്‍ വന്നത് .
14 Feb 2014



മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിംഗിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ നടത്തിയ പ്രസംഗം. കേട്ടെഴുത്ത്: റെജിന മുഹമ്മദ് കാസിം

ഇവിടെ നിങ്ങള്‍ ചീത്ത എന്തെങ്കിലും ചെയ്താല്‍ ഈ മലയാളികള്‍  ഇങ്ങനെ ആണ് എന്ന് പറയിക്കാന്‍ നിങ്ങള്‍ കൂടെ കാരണം ആവും.  ഉത്തരവാദിത്തം സ്വത്വത്തില്‍ ഉള്ള ഒരു മലയാളി  എപ്പോഴും ജീവിക്കുന്നത് സ്വന്തം നാട്ടിലല്ല അന്യ നാട്ടിലാണ് എന്നതാണ് അതിന്റെ ഒരു രസം. ഒരു വിശേഷം. നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തം ഭാഷയില്‍. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എത്ര മേല്‍ ദരിദ്രം ആവുമായിരുന്നു എന്ന് ഓര്‍മ്മിക്കേണ്ടതാണ്.

ഗള്‍ഫുകാര്‍ മത്സ്യത്തിന് വില കൂട്ടി എന്നും നിര്‍മ്മാണ മേഖലയില്‍ വില കൂട്ടി എന്നൊക്കെ ശപിക്കുമായിരുന്നില്ലേ പണ്ട്. ആലോചിച്ച് നോക്കിയാല്‍ എന്താ ?  നിങ്ങള്‍ മുക്കുവന് അന്തസ്സുള്ള പ്രതിഫലം നല്‍കി. ഒരു  നിര്‍മ്മാണ തൊഴിലാളിയുടെ അന്തസ് ഉയര്‍ത്തി. കേരളത്തില്‍ ഒന്നാന്തരം ഓഫീസുകളും വീടുകളും ഉണ്ടായി.  ഒരു പള്ളി ഉണ്ടാക്കണമെങ്കില്‍, ഒരു അമ്പലം പണിയണമെങ്കില്‍, വരും ഗള്‍ഫിലേക്ക്, നിങ്ങളുടെ സഹായം തേടികൊണ്ട്. കേരളത്തില്‍ ഇന്നുള്ള എല്ലാ പാലിയേറ്റീവ് സെന്ററുകളും ഗള്‍ഫിലെ ആരുടെയെങ്കിലും ഒക്കെ സഹായം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും നിങ്ങളുണ്ട്.  അത് കൊണ്ട് നിങ്ങളാണ് മലയാളികളുടെ സമ്പത്ത്. നിങ്ങളാണ് മലയാളികളുടെ അഭിമാനം.

പഴയ കേരളം ഇന്ന് ജീവിക്കുന്നത് നിങ്ങളുടെ മനസ്സുകളില്‍ മാത്രം ആണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്  ചിത്രങ്ങള്‍ കാണണം. വൃക്ഷങ്ങളും ഇന്നില്ല. കവി പി പി രാമചന്ദ്രന്‍ പറഞ്ഞത് പോലെ പുഴകള്‍ റോഡാവാന്‍ ക്യൂ നില്‍ക്കുക ആണിപ്പോള്‍.

കഴിഞ്ഞ വര്‍ഷം ദുബായില്‍ ഒരു  സദസ്സില്‍ കഥകളി കാണുകയുണ്ടായി. അദ്ഭുതത്തോടെ ആണ് നിറഞ്ഞ സദസ്സിനെ കണ്ടത്. കേരളത്തില്‍ പലപ്പോഴും പത്തോ പന്ത്രണ്ടോ പേരില്‍ ഒതുങ്ങുന്ന സദസ്സ് കാണുന്നിടത്താണ് സ്വന്തം നാട്ടില്‍ നിന്ന് മാറി നില്‍ക്കുന്നവരുടെ നാടിനോടുള്ള  ഉത്കണ്ഠയും സ്നേഹവും തീവ്രമാവുന്നത്.  നിങ്ങളില്‍ അത് കൊണ്ടാവാം ഇത്തരം കലകളിലുള്ള ഭാഗഭാഗിത്വം പ്രിയതരമാവുന്നത്. നിവൃത്തികേടു കൊണ്ട് നാട് വിട്ട് വന്നവരാണ് നിങ്ങളൊക്കെ. സ്വത്വത്തില്‍ കൂടുതല്‍ വ്യാപ്തിയുള്ള നിങ്ങളില്‍ നിന്ന് ഒരവാര്‍ഡ് കിട്ടുക എന്നത് എന്നെ സംബന്ധിച്ച് കൂടുതല്‍ അഹങ്കാരം നല്‍കുന്നതാണ് .

ഒരാള്‍ കവിത എഴുതുന്നത്
എന്തിനാണ് ഞാന്‍ കവിത എഴുതുന്നത്? ഒരാള്‍ കവിത എഴുതുന്നത് മറ്റു വിധത്തില്‍ പ്രകടിപ്പിക്കാന്‍ ആവാത്ത സാമൂഹ്യ ധര്‍മ്മം നിര്‍വഹിക്കാനാണ്. 'അവനവനാത്മസുഖത്തിനാചരിക്കുന്
നത് അപരന്നു സുഖത്തിനായ് വരേണം' എന്ന ഗുരുവചനം ഭൂമിയില്‍ ആരെങ്കിലും സാക്ഷത്കരിക്കുന്നെകില്‍ അത് കലാകാരന്‍ മാത്രമാണ്. പ്രവര്‍ത്തി ക്കുന്നത് ആനന്ദകരമായി തീരുന്നതിനൊപ്പം  സഹൃദയര്‍ക്കൊക്കെ ആനന്ദകരം ആവണമെന്ന സൌന്ദര്യമാണ് എന്നെ കവിതയില്‍, ഒരാളെ തോല്‍പ്പാവക്കൂത്തില്‍, മറ്റൊരാളെ കഥകളി നടനത്തില്‍ ഒക്കെ പ്രോത്സാഹിപ്പിക്കുന്നത്. ആ വിധത്തില്‍ എന്നെ കൂടുതല്‍ ചാരിതാര്‍തഥ്യജനകമായ ഒരു രൂപത്തിലേയ്ക്ക് എത്തിക്കുന്നത്.

കുയിലിന്റെ സംഗീതമാണ് അതിന്റെ രൂപം എന്ന്  ശാസ്ത്രത്തില്‍ പറയുന്നുണ്ട്. തത്തയെ പോലെ മാടപ്പിറാവിനെ പോലെ അഴകുള്ള പക്ഷി അല്ല കുയില്‍. പക്ഷെ അത് പാടുമ്പോള്‍ എല്ലാ പക്ഷികളെക്കാളും  അഴകുള്ളതായി തീരുന്നു. തന്റെ മാധ്യമത്തിലൂടെ ഒരാള്‍ തന്നെ മാത്രമല്ല മനുഷ്യ സമുദായത്തെ മുഴുവന്‍ അതിശപ്പെടുത്തുന്ന സൌന്ദര്യത്തെ സാക്ഷാത്കരിക്കുന്നു എന്നര്‍ത്ഥം . ഈയൊരു  സാക്ഷാത്കാരത്തിന് വേണ്ടി ആണ് ഒരാള്‍ കലോപാസകാന്‍ ആകുന്നത്. ഈയിടെ അന്തരിച്ച  ആര്‍.കെ ലക്ഷ്മണിന്റെ ഒരു കോളം ഉണ്ടായിരുന്നു. You Said It എന്നത്.  എന്റെ ഒരു കവിത വായിച്ച്, ലേഖനം വായിച്ച്, നിരൂപണം വായിച്ച് എവിടെയോ ഉള്ള ഒരാള്‍ പറയുകയാണു You Said It എന്ന്. ഒരാളാല്‍ പറയപ്പെടുമ്പോള്‍ എനിക്ക് കിട്ടുന്ന ഒരു വ്യാപ്തി.അതാണ് എന്നെ കൊണ്ട് എഴുതിക്കുന്നത്. അങ്ങനെ ഞാന്‍ ഒരു എഴുത്തുകാരന്‍ ആവുമ്പോള്‍ ഒരുപാട് ആളുകളുടെ ബന്ധു ആവുന്നു, അവര്‍ നേരത്തെ പറഞ്ഞത് പോലെ  You Said Itഎന്ന് പറഞ്ഞു എന്നെ സ്വീകരിക്കുന്നു.

അമ്മ മരിച്ചു കഴിഞ്ഞപ്പോള്‍
അമ്മ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അമ്മയോട് അത്രമേല്‍ സ്നേഹം പ്രകടിപ്പിച്ച ആള്‍ ഒന്നുമായിരുന്നില്ല,  അമ്മ മരിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍ക്കാറുണ്ടായിരുന്നു . അമ്മയ്ക്ക് കുറച്ചൂടെ വലിപ്പം ഉള്ള കത്തൊക്കെ അയക്കാമായിരുന്നു എന്ന്. അമ്മ അത് എട്ടത്തിയെക്കൊണ്ട് വായിപ്പിക്കും. എന്നിട്ട് പറയും 'ഈ ചെക്കനു കുറച്ചൂടെ ഒക്കെ എഴ്തായിരുന്നില്ലേ എന്ന്. ഒരു വരിയോക്കെയാ എഴ്ത്വാന്ന്'.

മരിച്ച് കഴിഞ്ഞപ്പോള്‍ തോന്നി, വലിയ കത്തുകള്‍ എഴുതാമായിരുന്നു. കുറച്ച് കൂടി  സ്നേഹത്തില്‍ പെരുമാറാമായിരുന്നു എന്ന് .

അങ്ങനെ ആണ് നിങ്ങള്‍. പ്രവാസ കൈരളി. നാട്ടില്‍ നിന്ന് അകന്നപ്പോള്‍ നിങ്ങള്‍ക്കത് സ്നേഹമായി. മലയാളത്തിലെ എറ്റവും നല്ല പാട്ട് കേള്‍ക്കണമെങ്കില്‍ ഒരു പ്രവാസിയുടെ കാര്‍ സ്റ്റീരിയോവില്‍ നോക്കണം. അവിടെ കാണാം മനോഹരമായ പാട്ടുകളുടെ സഞ്ചയിക.

അകന്നു നില്‍ക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം
ഉള്ള മലയാളികള്‍ ആയ നിങ്ങള്‍
അകന്നു നില്‍ക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം ഉള്ള മലയാളികള്‍ ആയ നിങ്ങള്‍ തന്ന ഈ ബഹുമതി ഒരുപാട് സന്തോഷം തരുന്നതാണ്. സുദീര്‍ഘമായി സംസാരിക്കാന്‍ പൊതുവെ ഇഷ്ടം ഇല്ലാത്ത ആള്‍ ആണ് ഞാന്‍. കുറച്ചു പറയുമ്പോഴേ കൂടുതല്‍ പറയാന്‍ ആവൂ എന്ന വിചിത്രമായ കാവ്യ ധര്‍മ്മം എപ്പോഴുമോര്‍മ്മയില്‍ വരാറുള്ള ആള്‍ ആണ് ഞാന്‍. മലയാളത്തില്‍ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. മറ്റൊരാള്‍ കുമാരനാശാനും. ബഷീറിനെ എത്ര വായിച്ചാലും മതിയാവില്ല. പിന്നെയും മനസ്സിലാക്കാന്‍ ബാക്കി ആണ്. ബഷീറിന്റെ നൈരാശ്യം എന്നൊരു ചെറു കഥയില്‍ നിരുപാധിക സ്നേഹം ലഭിക്കാതെ പോയ ഒരു ധനികന്റെ കഥ പറയുന്നുണ്ട്.

നിരുപാധിക സ്നേഹം ഇല്ലാത്തതിനാല്‍ ഭൂമിയില്‍ അനാഥന്‍ ആണ് ഓരോ മനുഷ്യനും എന്ന വലിയ കാര്യം ചെറിയ വാക്കുകളില്‍ പറഞ്ഞ കഥആണ് അത്.
നിരുപാധിക സുഖം ബലമായി വരും ക്രമാല്‍.  അത്തരം ബലങ്ങളാണ് ബഷീറിന്റെ ഒക്കെ കലാസൃഷ്ടികള്‍ ഉണ്ടാക്കിയത്

സദാ തിരക്കിലായ, കര്‍മ്മ നിരതരായ നിങ്ങള്‍ തരുന്ന ഈ സ്നേഹത്തില്‍ വലിയ ആനന്ദവും അഭിമാനവും ആണ് എനിക്കുള്ളത്.

'ഒരു മുടന്തന്റെ സുവിശേഷം " എന്ന കവിത പുസ്തകത്തില്‍ നിന്ന് ഒരു കവിത വായിക്കാം. എന്തിനാണു മുടന്തന്റെ സുവിശേഷം എന്ന് പേരിട്ടത് എന്ന് ചോദിക്കാം. മുടന്തന്‍ ന്യായമെന്നൊക്കെ നിങ്ങള്‍ കെട്ടിട്ടില്ലേ. മുടന്തന്‍ പറഞ്ഞത് കൊണ്ട് ന്യായം അതല്ലാതെ ആവുന്നില്ല. മുടന്തനെ ഒരു പ്രതീകം ആയി ഉപയോഗിക്കുന്നു എന്നാണത്. അംഗീകരിക്കപ്പെടാത്തവര്‍ക്ക്, സ്ത്രീകള്‍ക്ക്, വികലാംഗര്‍ക്ക്  അവരെ എല്ലാം പ്രതിനിധീകരിക്കുന്ന ഒരു ലോകത്തിനു വേണ്ടി സംസാരിക്കുക എന്നതാണ് ഇക്കാലത്തിന്റെ രാഷ്ട്രീയം.

ആശ്വാസം എന്ന കവിത അമ്മയെ കുറിച്ചുള്ള കവിതയാണ്. കവിത എന്നു പറയുമ്പോള്‍ ഈണത്തോടെ മധുസൂദനന്‍ നായര്‍ ചൊല്ലും പോലെ എന്ന് നിങ്ങള്‍ കരുതരുത് . അത് മാത്രവുമല്ല കവിത എന്ന് മാത്രമേ എനിക്ക് നിങ്ങളോട് പറയുവാന്‍ ഉള്ളൂ. രാവിലെ ആരോ ഗദ്യ കവിതകളാണ് കല്‍പറ്റ നാരായണന്‍ എഴുതുക എന്ന് പറഞ്ഞിരുന്നു. കവിതയില്‍ അങ്ങനെ ഇല്ല. ഗദ്യ കവിത ഇല്ല. കവിത മാത്രമേ ഉള്ളൂ.

ആശ്വാസം എന്ന കവിത വായിക്കാം.


ആശ്വാസം

അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാംആരും സ്വൈര്യം കെടുത്തില്ല

ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെതല തുവര്‍ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല

ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളിഎന്നെ ഞെട്ടിച്ചുണര്‍ത്തില്ല

ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
ടോര്‍ച്ചെടുക്കേണ്ട
വിഷം തീണ്ടിരോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
അയല്‍ക്കാരനെയോര്‍ത്ത്
ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി

ഇനിയെനിക്ക് എത്തിയേടത്തുറങ്ങാംഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു

തന്റെ കുറ്റമാണു
ഞാനനുഭവിക്കുന്നതത്രയുംഎന്ന ഗര്‍ഭകാലത്തോന്നലില്‍നിന്ന്
അമ്മ ഇന്നലെ മുക്തയായിഒടുവില്‍ അമ്മയെന്നെ
പെറ്റു തീര്‍ന്നു

ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
ദു:ഖം കൊണ്ട്
ഇനിയാരും കരയുകയില്ലമരിക്കുമ്പോള്‍ ആണ് ഒരമ്മയുടെ പ്രസവം അവസാനിക്കുന്നത്...

ഞാന്‍ അവന്റെ അമ്മയാണ് എന്നുള്ളതാണ്
ഭൂമിയിലെ ഏറ്റവും വലിയ ന്യായംഇപ്പോള്‍ കേരളത്തില്‍ മരണ വീടുകളില്‍ ചെന്നാല്‍ പഴയ പോലെ ആരും കണ്ണീര്‍ വാര്‍ക്കാറേ ഇല്ല. കരച്ചില്‍ വരാത്തതിന്റെ ഗോഷ്ടികള്‍ ആണ്  പലപ്പോഴും കാണാറ്. നിരുപാധിക സ്നേഹം എന്ന് ബഷീറിനെ മുന്‍ നിര്‍ത്തി അതാണ് നേരത്തെ പറഞ്ഞത്.

നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ കണ്ട് ഒരമ്മ പറഞ്ഞു, തന്റെ മകനെ വിട്ടു കിട്ടണം എന്ന്. അങ്ങനെ പറയുവാന്‍ എന്ത് ന്യായം ആണുള്ളത് എന്ന ചോദ്യത്തിനു ഞാന്‍ അവന്റെ അമ്മയാണ് എന്നുള്ളതാണ് ഭൂമിയിലെ ഏറ്റവും വലിയ ന്യായം എന്നാണു ആ അമ്മ പറഞ്ഞത്. അമ്മ മരിച്ച് കഴിയുമ്പോള്‍ സംഭവിക്കുന്നതും അതാണ്.

വലിയ കൃതഞ്ജതയോടെ, അസാധാരണമായ മനുഷ്യപ്പറ്റുള്ള, അനുകമ്പയുള്ള, അറബികളുടെ നാട് കൂടെ ആയ ഒമാന്‍.എയര്‍ പോര്‍ട്ട് മുതല്‍ ഞാനീ മനുഷ്യരെ ശ്രദ്ധിക്കുന്നു.

ഇതിനെല്ലം അനവധി നന്ദി, നമസ്കാരം.


ഇവിടെ നിങ്ങള്‍ ചീത്ത എന്തെങ്കിലും ചെയ്താല്‍ ഈ മലയാളികള്‍ ഇങ്ങനെ ആണ് എന്ന് പറയിക്കാന്‍ നിങ്ങള്‍ കൂടെ കാരണം ആവും. ഉത്തരവാദിത്തം സ്വത്വത്തില്‍ ഉള്ള ഒരു മലയാളി എപ്പോഴും ജീവിക്കുന്നത് സ്വന്തം നാട്ടിലല്ല അന്യ നാട്ടിലാണ് എന്നതാണ് അതിന്റെ ഒരു രസം. ഒരു വിശേഷം. നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തം ഉണ്ട് ഭാഷയില്‍. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എത്ര മേല്‍ ദരിദ്രം ആവുമായിരുന്നു എന്ന് ഓര്‍മ്മിക്കേണ്ടതാണ്.
ഗള്‍ഫുകാര്‍ മത്സ്യത്തിന് വില കൂട്ടി എന്നും നിര്‍മ്മാണ മേഖലയില്‍ വില കൂട്ടി എന്നൊക്കെ ശപിക്കുമായിരുന്നില്ലേ പണ്ട്. ആലോചിച്ച് നോക്കിയാല്‍ എന്താ ? നിങ്ങള്‍ മുക്കുവന് അന്തസ്സുള്ള പ്രതിഫലം നല്‍കി. ഒരു നിര്‍മ്മാണ തൊഴിലാളിയുടെ അന്തസ് ഉയര്‍ത്തി. കേരളത്തില്‍ ഒന്നാന്തരം ഓഫീസുകളും വീടുകളും ഉണ്ടായി. ഒരു പള്ളി ഉണ്ടാക്കണമെങ്കില്‍, ഒരു അമ്പലം പണിയണമെങ്കില്‍, വരും ഗള്‍ഫിലേക്ക്, നിങ്ങളുടെ സഹായം തേടികൊണ്ട്. കേരളത്തില്‍ ഇന്നുള്ള എല്ലാ പാലിയേറ്റീവ് സെന്ററുകളും ഗള്‍ഫിലെ ആരുടെയെങ്കിലും ഒക്കെ സഹായം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും നിങ്ങളുണ്ട്. അത് കൊണ്ട് നിങ്ങളാണ് മലയാളികളുടെ സമ്പത്ത്. നിങ്ങളാണ് മലയാളികളുടെ അഭിമാനം.
പഴയ കേരളം ഇന്ന് ജീവിക്കുന്നത് നിങ്ങളുടെ മനസ്സുകളില്‍ മാത്രം ആണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കാണണം. വൃക്ഷങ്ങളും ഇന്നില്ല. കവി പി പി രാമചന്ദ്രന്‍ പറഞ്ഞത് പോലെ പുഴകള്‍ റോഡാവാന്‍ ക്യൂ നില്‍ക്കുക ആണിപ്പോള്‍.
കഴിഞ്ഞ വര്‍ഷം ദുബായില്‍ ഒരു സദസ്സില്‍ കഥകളി കാണുകയുണ്ടായി. അദ്ഭുതത്തോടെ ആണ് നിറഞ്ഞ സദസ്സിനെ കണ്ടത്. കേരളത്തില്‍ പലപ്പോഴും പത്തോ പന്ത്രണ്ടോ പേരില്‍ ഒതുങ്ങുന്ന സദസ്സ് കാണുന്നിടത്താണ് സ്വന്തം നാട്ടില്‍ നിന്ന് മാറി നില്‍ക്കുന്നവരുടെ നാടിനോടുള്ള ഉത്കണ്ഠയും സ്നേഹവും തീവ്രമാവുന്നത്. നിങ്ങളില്‍ അത് കൊണ്ടാവാം ഇത്തരം കലകളിലുള്ള ഭാഗഭാഗിത്വം പ്രിയതരമാവുന്നത്. നിവൃത്തികേടു കൊണ്ട് നാട് വിട്ട് വന്നവരാണ് നിങ്ങളൊക്കെ. സ്വത്വത്തില്‍ കൂടുതല്‍ വ്യാപ്തിയുള്ള നിങ്ങളില്‍ നിന്ന് ഒരവാര്‍ഡ് കിട്ടുക എന്നത് എന്നെ സംബന്ധിച്ച് കൂടുതല്‍ അഹങ്കാരം നല്‍കുന്നതാണ് .
- See more at: http://www.asianetnews.tv/magazine/article/23334_Kalpetta-Narayanan-s-Talk#sthash.pqaPCCPz.dpuf


മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിംഗിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ നടത്തിയ പ്രസംഗം - See more at: http://www.asianetnews.tv/magazine/article/23334_Kalpetta-Narayanan-s-Talk#sthash.pqaPCCPz.dpuf


മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിംഗിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ നടത്തിയ പ്രസംഗം - See more at: http://www.asianetnews.tv/magazine/article/23334_Kalpetta-Narayanan-s-Talk#sthash.pqaPCCPz.dpuf


മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിംഗിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ നടത്തിയ പ്രസംഗം.  - See more at: http://www.asianetnews.tv/magazine/article/23334_Kalpetta-Narayanan-s-Talk#sthash.pqaPCCPz.dpuf


Monday, January 12, 2015

പാട്ടുപോലൊരു പെണ്‍കൊടി; കൂട്ടിനുണ്ട് പാട്ടോര്‍മ്മകള്‍



അരികിലെത്തിയപ്പോള്‍ നിറഞ്ഞു ചിരിച്ചു. എന്നിട്ട് കൈ എടുത്ത് എന്റെ കൈയ്ക്കു മുകളില്‍ വെച്ച്,സ്കൂള്‍ കാലത്തെ സഹപാഠിയോട് എന്ന പോലെ നിഷ്കളങ്കമായി ചിരിച്ചു ചോദിച്ചു, പറയൂ, എന്താണ് വിശേഷം. അഭിമുഖത്തിന് ചെല്ലുന്ന ഒരാളോട് അങ്ങോട്ട് ചോദ്യം ചോദിക്കുന്ന ആ നിഷ്കളങ്കതയുണ്ടല്ലോ , അതിന് പേര് വൈക്കം വിജയലക്ഷ്മി. ഒറ്റപ്പാട്ടു കൊണ്ട് മലയാളികളുടെ പാട്ടോര്‍മ്മയില്‍ സ്ഥിരം ഇരിപ്പിടം നേടിയ പാട്ടുകാരി. അഭിമുഖത്തിന്റെ പരിഭ്രമം അലിഞ്ഞില്ലാതെ ആയതും ഞാനും ഒരു പാട്ട് വഴിയില്‍ വീണതും ഒപ്പം ആയിരുന്നു. കൈകള്‍ മടിയില്‍ ചേര്‍ത്ത് വെച്ച് തൊട്ടറിഞ്ഞ് വിജയലക്ഷ്മി പാട്ട് വഴികളെ പറ്റി സംസാരിച്ചു. ഇടയ്ക്ക് അച്ഛനും അമ്മയ്ക്കും ഒപ്പം ചേര്‍ന്നിരുന്ന് അരുമക്കിടാവായി .

മസ്കറ്റില്‍  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിംഗ് ഒരുക്കിയ നാടക ഗാന സന്ധ്യയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വിജയലക്ഷ്മിയുടെ അടുത്തെത്തിയത്. ഇത് മൂന്നാം തവണ ആണ്  വിജയലക്ഷ്മി മസ്കറ്റില്‍ എത്തുന്നത്. നാലാം വയസ്സില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസിന് ദക്ഷിണ വെച്ച് തുടങ്ങിയതാണ് പാട്ട് ജീവിതം. അതിനും മുന്‍പേ രണ്ട് രണ്ടര വയസ്സിന്റെ ശൈശവത്തില്‍ തന്നെ സിന്ധു ഭൈരവിയിലെ പാട്ടുകളൊക്കെ മൂളുമായിരുന്നത്രേ വിജയലക്ഷ്മി. ദക്ഷിണ വെച്ചപ്പോള്‍ ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ട ദാസേട്ടന് 'തോഡി ' രാഗത്തില്‍ വിസ്തരിച്ച് തായേ യശോദാ ആണ് പാടിക്കൊടുത്തത്. അന്നു മുതല്‍ യേശുദാസിന് ഏറെ പ്രിയങ്കരി . പിന്നെ രഹസ്യം പറയും പോലെ പറഞ്ഞു. 'ദാസേട്ടന്‍ എന്നെ ഫോണില്‍ പാട്ട് പഠിപ്പിക്കുന്നുണ്ട്'. എപ്പോള്‍ വേണമെങ്കിലും ഒരു വിളി അകലത്തുള്ള ദാസേട്ടന്റെ വാത്സല്യം ആദ്യ അവാര്‍ഡ് കിട്ടിയപ്പോളും ഉണ്ടായി. 'ഞങ്ങള്‍ക്കൊക്കെ എത്ര പാട്ട് പാടിയിട്ടാണ് വിജി അവാര്‍ഡ് കിട്ടിയത് . നിനക്ക് ആദ്യപാട്ടില്‍  തന്നെ അവാര്‍ഡ് ആയല്ലോ' എന്നായിരുന്നുവത്രേ മലയാളികളുടെ സ്വന്തം യേശുദാസിന്റെ അനുമോദന വാക്കുകള്‍. ദാസേട്ടൻ മാത്രമല്ല സിനിമാ ഗാനരംഗത്തേയ്ക്ക് കൈ പിടിച്ചു കയറ്റിയ എം ജയചന്ദ്രനും വിജയലക്ഷ്മിയ്ക്ക് ഫോണിലൂടെ സംഗീത പാഠങ്ങൾ പകർന്ന് കൊടുക്കാറുണ്ട് 


കാറ്റ് ,പൂക്കാമരത്തില്‍ പാട്ടും മൂളി വന്നപ്പോഴാണ് വൈക്കം വിജയലക്ഷ്മി  മലയാളികളുടെ നൊസ്റ്റാൽജിക്  പഴ മനസ്സുകളിലേയ്ക്ക്  ഒറ്റക്കമ്പിനാദമായി കയറി വന്നത്.ഏഴ് മലയാളം പാട്ടുകളും ഒന്‍പത് തമിഴ് പാട്ടുകളും ഇത് വരെ സിനിമയില്‍ പാടിക്കഴിഞ്ഞുവെങ്കിലും ശാസ്ത്രീയ സംഗീതം തന്നെ ആണ് ഇപ്പോഴും പ്രിയം . സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ 'കാറ്റേ കാറ്റേ നീ പൂക്കാ മരത്തില് പാട്ടും മൂളി വന്നു' എന്ന പാട്ടും 'നടന്‍' എന്ന ചിത്രത്തിന് വേണ്ടി  'ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ' എന്ന പാട്ടുമാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം. 

പതിനെട്ട് വര്‍ഷമായി സംഗീതകച്ചേരികളില്‍ വിസ്മയമാവുന്ന വിജയലക്ഷ്മിക്ക് മറ്റ് സംഗീത ഉപകരണങ്ങളും വഴങ്ങും എന്നാണു അച്ഛന്‍ മുരളി പറയുന്നത്. കളിപ്പാട്ടമായി കയ്യില്‍ വന്ന ഒറ്റക്കമ്പി വീണ പിന്നെ വിജയലക്ഷ്മിയുടെ കയ്യിലെ ഗായത്രി വീണ എന്ന മന്ത്ര വീണ ആയി മാറിയ കഥ മനോഹരമാണ്.  

സംഗീതത്തില്‍ എം എ പഠനം തുടരുന്നുണ്ട് വിജയലക്ഷ്മി. ഗള്‍ഫ് മേഖലയിലെ  രാജ്യങ്ങളിലും യൂറോപ്പിലും വൈക്കം വിജയലക്ഷ്മി തന്റെ സംഗീത യാത്രയുമായി എത്തിക്കഴിഞ്ഞു. ഉള്‍ക്കണ്ണു തിരിയിട്ട് തെളിയിച്ച സംഗീത പ്രപഞ്ചം ഉണ്ട് വിജയലക്ഷ്മിയുടെ ഉള്ളില്‍. അത് നല്‍കുന്ന അഭൌമ ആനന്ദം ഉണ്ട് അവരുടെ ഓരോ  പാട്ടിലും വാക്കിലും

യാത്ര പറഞ്ഞ് ആശംസകള്‍ നേര്‍ന്നു പോരുമ്പോള്‍ 'വിജയ ദശമി നാളിലാണ് ഞാന്‍  ജനിച്ചതെന്ന്  പറഞ്ഞില്ലേ അച്ഛാ' എന്ന് അച്ഛനോട്  പരിഭവിക്കുന്നുണ്ടായിരുന്നു,  . സംഗീതദേവതയുടെ നേരനുഗ്രഹമുള്ള വിജയലക്ഷ്മി അപ്പോഴും പാട്ട് മൂളുന്നുണ്ടായിരുന്നു. 'കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ 
ജാലകം