Monday, November 17, 2014

(എന്റെയും) രഹസ്യ താവളം

ആകാശത്തേയ്ക്ക് ഒരു കോണി ഉണ്ടാക്കിയിട്ടുണ്ട് .
ഒരു ഒറ്റമുറിയും
നിലാവിൽ നിന്റെ മുഖം കണ്ടന്നു മുതൽക്കാണ് 
ആകാശത്തേയ്ക്ക് ഒരു കോണി ഉണ്ടാക്കണം എന്ന് തോന്നി തുടങ്ങിയത്.
പാവക്കുട്ടികളെ നിറച്ച ഒരു മുറി ഉണ്ടാക്കണം എന്നാണു ആദ്യം കരുതിയത്
പക്ഷെ പാവക്കുട്ടികളെ ഉണ്ടാക്കാൻ വേണ്ട പഞ്ഞിതുണ്ടുകൾ തരാതെ
മേഘക്കൂട്ടങ്ങൾ എന്നെ പറ്റിച്ച് കടന്നു കളഞ്ഞു.
എന്നാലും ലാവന്റർ നിറത്തിലുള്ള പൂക്കൾ കൊണ്ട്
ഞാനിവിടം അലങ്കരിച്ച് വെച്ചിട്ടുണ്ട്.
പുലരുമ്പോൾ നീ വരിക,
ഈ കോണിയുടെ മറ്റേ അറ്റം എന്റെ (രഹസ്യ)ഭൂമിയിൽ
മാലാഖമാർ കാവൽ നിൽക്കുന്ന പച്ചിലക്കാട്ടിലേയ്ക്ക്
വേരാഴ്ത്ത്തിയിട്ടുണ്ട് .
നീ വരുമല്ലോ...
ഇന്നീ രാവിൽ തനിച്ചിരുന്ന് ഉതിർന്ന് വീഴുന്ന നക്ഷത്രങ്ങളെ
ഞാൻ പെറുക്കി കൂട്ടട്ടെ..
കല്ലിച്ചു പോയ ഈ രാത്രിയിൽ നീ വരും വരെ
മറ്റെന്താണ് എനിക്ക് ചെയ്യാൻ ഉള്ളത്.
നിലാവിൽ എന്റെ ചിരി പകുത്തെടുത്തവനേ .
ഒരു നക്ഷത്ര പൂ മാല ഞാൻ കൊരുത്ത് വെച്ചിട്ടുണ്ട് .

വര : Jasy Kasim -(The Secret Space )
(നോക്കി നോക്കി ഇരിക്കെ സ്നേഹം കൂട്ടുന്ന ഈ ചിത്രം വരച്ച ജാസി ദീദിയ്ക്ക് ഉമ്മയോളം പോന്ന ഉമ്മ . ആയിരം വാക്കുകൾക്ക് പകരം ആണ് ഒരു ചിത്രം..എന്നിരുന്നാലും ഈ ചിത്രത്തിന് വാക്കുകൾ കൊടുക്കാൻ ശമിച്ചത് ...അധികപ്പറ്റ് ആവില്ലെങ്കിൽ...)

(പേരില്ല ..ചിത്രവും )

ത്രേതാ യുഗത്തിൽ നിന്നും ദ്വാപരയുഗത്തിലെയ്ക്കൊരേ
നീലച്ച പാതയുണ്ടെന്നതും
സരയുവിൽ നിന്നും യമുനയിലേക്കൊരേ
കൈവഴിയുണ്ടെന്നതും
ഞാൻ മറക്കട്ടെ...
വാക്കുകളുടെ വിഷവിത്തുകളിൽ
ഇപ്പൊഴുമെന്നിൽ ബാക്കിയുണ്ടെന്നതും
വേദനകൾ കല്ല്‌ കെട്ടി താഴ്ത്താൻ തുടങ്ങിയെന്നതും
മലമ്പാതയിലേയ്ക്ക് ഭാരം കയറ്റി വരുന്നൊരു വാഹനം പോലെ
അതിങ്ങനെ വളഞ്ഞു പുളഞ്ഞു പതിയെ
കയറി വരുമെന്നതും മറക്കട്ടെ..
പളുങ്ക് വാതിലുകൾ ഉള്ള വീട്ടിൽ മറ്റൊരു കാലത്ത്
പൂക്കളെ സ്വപ്നം കണ്ടുറങ്ങിയെന്നും
കുട്ടിക്കാലം നോറ്റ പൂച്ചക്കുട്ടികളിൽ ഒന്നായി
രൂപം മാറിയിരുന്നുവെന്നും
എന്തിന് ! ഞാൻ ഒരു പൂമ്പാറ്റ ചിറകുകൾ ഉള്ള വനദേവത
ആയിരുന്നെന്നതും മറക്കാനേ പറ്റുന്നില്ലല്ലോ...

മഞ്ഞു കാലത്ത് ആത്മഹത്യ ചെയ്യാൻ പുറപ്പെട്ടു പോയ വെളുത്ത ലില്ലിപ്പൂവ്പണ്ടൊരു,
മഞ്ഞുകാലത്തിന്റെ തണുത്ത നേരത്താണ്
ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് 
തീരുമാനിച്ചെന്നേ ഉള്ളൂ.
എങ്ങനെയാണ് ആത്മഹത്യ ചെയ്യുക എന്നത്
തുടരെ തുടരെ ആലോചിച്ചു കൊണ്ടേ ഇരുന്നു.
തോട്ടത്തിന്റെ മൂലയിൽ ഉടമസ്ഥൻ
കൊണ്ട് വെച്ച വിഷജലം ഉണ്ടായിരുന്നു.
എന്നെ പോലത്തെ പൂക്കളെ കരണ്ട് തിന്നു വികൃതമാക്കുന്ന
കീടങ്ങളെ നശിപ്പിക്കാനാ ണ ത് .
എന്നാലും അളവിൽ കൂടുതൽ അത് വേരിലമാർന്നാൽ
മരിക്കാമായിരുന്നു.
പക്ഷെ ഒരു പൂച്ചട്ടിയിൽ വളരുന്ന എനിക്ക്
നീട്ടിയെത്തിക്കാൻ വേരുക ളോ ഇലകളോ ഇല്ലല്ലോ
ഉള്ളതൊരു പാവം പുൽത്തലപ്പ് .
കമ്പിളിക്കുപ്പായവും ഇട്ടു രാത്രികളിൽ നാട് കാണാൻ ഇറങ്ങുന്ന
തുരപ്പൻ എലിയാണ് അവനെ കൊല്ലാൻ തോട്ടമുടമ
വെച്ചിരിക്കുന്ന എലിവിഷം വേണമെങ്കിൽ എടുത്ത്
തിന്നോളാൻ പറഞ്ഞത്.
എന്റെ വേരുകളുടെ ദൂര പരിധി മാത്രമല്ല
വെളുത്ത് മൃദുവായ എന്റെ പൂവിതളുകൾ
വിഷം തീണ്ടി കരി നീലച്ച് പോവില്ലേ ?
വേണ്ട ..അത് വേണ്ട..
ഒരു ചാണ്‍ കൂടെ ഉയരം വെച്ചാൽ എനിക്ക് മീതെ പടർന്നു നില്ക്കുന്ന
ശംഖു പുഷ്പത്തിന്റെ പുതിയ പൂവള്ളിയിൽ തല കുരുക്കി മരിക്കാമായിരുന്നു..
അങ്ങനെ തീർച്ചപ്പെടുത്തി ഇരുന്നപ്പോൾ ആണ്
മഞ്ഞുകാലത്തിന്റെ പുലരിയിലെയ്ക്ക്
ഇളം ചൂടിൽ ഒരു വെയിലുദിച്ചത്
മരിയ്ക്കുന്നതിന് മുൻപ് ഈ വെയിലെങ്കിലും
കൊള്ളാമെന്നു കരുതിയപ്പോഴാണ്
അപ്പോഴാണ്‌....
അങ്ങനെ ആണ് ഞാൻ ഇനി മരിക്കുന്നില്ലെന്ന്
തീർച്ച പ്പെടുത്തിയതാണ്...
അന്ന് മുതൽക്കാണ്
അന്ന് മുതൽക്കാണ് എന്റെ ഇതളുകളിൽ
ഈ ചുവപ്പ് രാശി പടർന്നു തുടങ്ങിയത്..!!

Monday, November 3, 2014

മുറിവായന
സമർപ്പണം : 101 ബാല കഥകൾ വിശുദ്ധ പുസ്തകമാക്കിയ രണ്ട് കുട്ടികൾക്ക് !

1. പറഞ്ഞ് തുടങ്ങുമ്പോൾ ഓരോ വായനയിലും അടയാളപ്പെടുത്തിയ ഒരു കാലം ഉണ്ട്. പലതും സഹജമായ മറവിയിലേക്ക് പുതഞ്ഞുവെങ്കിലും അന്നും ഇന്നും മനസ്സ് നങ്കൂരമിട്ടിരിക്കുന്ന ഒരു പുസ്തകം ആണ് 101 ബാല കഥകൾ . എന്റെ മൂന്നാം ക്ലാസ്‌ വേനലവധിക്കാലത്താണ്‌ '101 ബാലകഥകള്‍' എനിക്കും ചേച്ചിക്കുമായി അച്ഛന്‍ തന്നത്‌. അതുകൊണ്ട്‌ തന്നെ എന്റെ കഥക്കാലത്തിന്‌ വേനലിന്റെ സമ്മിശ്ര സന്ധമാണ്‌ കിളിമൂക്കന്‍ മാവിന്റെ താണ കൊമ്പത്തിരുന്ന് ആയതില്‍ കുലുങ്ങി വായനയെ സ്നേഹിച്ച്‌ തുടങ്ങിയ ആ കാലത്തിന്‌ പഴുത്ത മാങ്ങയുടെ, ചേരിന്‍ പഴത്തിന്റെ വേലിപ്പടര്‍പ്പില്‍ വിരിഞ്ഞ്‌ കൊഴിഞ്ഞ്‌ നില്‍ക്കുന്ന മുല്ലപ്പ്പൂവിന്റെ ഇഷ്ടികച്ചൂളയില്‍ നിന്ന് വരുന്ന ചൂട്‌ കാറ്റിന്റെ -പിന്നെ ആകാശം പൊട്ടിപ്പ്പ്പിളര്‍ന്ന് പെയ്യുന്ന പുതു മഴയുടെ ഒക്കെ മണമാണ്‌.  

ക്രിസ്തുമസ് സമ്മാനവും സന്തോഷവാനായ രാജ കുമാരനും നെഞ്ചിൽ നിന്നൊരു നീറ്റൽ കണ്ണിലേക്ക് ഇറ്റിച്ചത്  അവിടെ നിന്നാണ്. ഗ്രീക്ക് കഥകളിൽ നിന്ന് പണ്ടോരയും മിനർവ യും അരാചിനും ഒക്കെ സ്വപ്ന വാതിൽ തള്ളി തുറന്ന് അകത്ത് കയറി. പിന്നെ അവരൊന്നും ഇറങ്ങിയതെയില്ല... ജീവിതത്തിലേക്ക് ഒരു അമൂല്യ സമ്മാനം കൂടി ആ വിശുദ്ധ പുസ്തകം മറ്റൊരു കാലത്തിലേക്ക് എനിക്ക് കരുതി വെച്ചിരുന്നു.


2.പിന്നെ കവിതകളുടെ കാറ്റ് വരവിന്റെ കാലമായിരുന്നു .. "അന്നാ , എഴുനേൽക്കുക വസ്ത്രം ധരിക്കുക "  ഹാ ! ചുള്ളിക്കാടിന്റെ കവിതകൾ .. വിജയലക്ഷ്മിയുടെ ഒറ്റ മണൽത്തരിയും അയ്യപ്പൻറെ 'വെയിൽ തിന്നുന്ന പക്ഷി' യും തിന്ന നേരങ്ങൾ 

"I shut my eyes and all the world drops dead;I lift my lids and all is born again.(I think I made you up inside my head.) എന്ന് കുറിച്ചിട്ട സിൽവിയാ പ്ലാതിനെയും  ആ വഴിയെ തന്നെ നടന്ന നന്ദിതയെയും കൊണ്ട് കഴിച്ച് കൂട്ടിയ    വിഷാദത്തിന്റെ ഒച്ചയില്ലാത്ത നേർത്ത നേരങ്ങൾ ! . എന്നാലും  "I am at last in love. ... me Is melting, even the hardness at the core O Krishna, I am melting" എന്നുരുകിയ  കമലാദാസിന്റെ " Only the soul knows how to sing" അത് തന്നെ ആയിരുന്നു പ്രിയ പുസ്തകം. എങ്ങനെയോ നഷ്ടപ്പെട്ടു പോയ പ്രിയ പുസ്തകത്തിന്റെ ഒരു പതിപ്പ്  ഡി സി ഔട്ട്‌ലെറ്റുകളിൽ കിട്ടാനില്ല .

കുടുംബത്തിന്റെ ചിട്ട വട്ടങ്ങളിലേയ്ക്ക് എടുത്തെറിയപ്പെട്ട ഒരു കാലം അന്യമായ പുസ്തക ഗന്ധങ്ങളുടെതായിരുന്നു .കുഞ്ഞുപാദസരങ്ങളും കണ്മഷിപ്പാടുകളും നിറഞ്ഞ ആ കാലത്ത് പുസ്തകങ്ങൾ പുറം ലോകത്ത് എവിടെയോ അലഞ്ഞു  .

3.പിന്നെയും പ്രണയത്തിലാവുക എന്നാണു കാലം എന്നോട് പറഞ്ഞത്..ആ പ്രണയം എന്നിലേക്ക് കുതറി ഒഴുകിയ പുസ്തകം ആണ്  "The museum of innocence" "പ്രണയത്തിന്റെ പുസ്തകം എന്നതിനേക്കാള്‍ വേദനയുടെ പുസ്തകമായാണ് 'മ്യൂസിയം ഓഫ് ഇന്നസന്‍സ്' അനുഭവിച്ചത് . പ്രണയ കാലത്തെ അടയാള പ്പെടുത്താനായി ഒരു മ്യൂസിയം തന്നെ സൃഷിട്ച്ച അനുഭവത്തിൽ മുറിഞ്ഞല്ലാതെ വായിച്ചു തീർക്കാൻ ആവില്ലത് .

4.അപ്പോൾ "കൊളറാ കാലത്തെ പ്രണയത്തെ" കുറിച്ച് പറയാതെ ഇരിക്കുന്നതെങ്ങനെ.? Florentino Ariza യും Fermina Daza യും ഗാബോയുടെ മാന്ത്രികതയിൽ ബാക്കി വെച്ച ഉന്മാദത്തെ കുറിച്ച് പറയാതെ പോവുതങ്ങനെ ? 

5.പ്രണയത്തിന്റെയും രതിയുടെയും തിളനില  കൂടിയ സൂക്ഷ്മ തലങ്ങളിലേയ്ക്ക് കൊണ്ട് പോവുന്ന lover of lady chatterley  by D. H. Lawrenceഒരു മനോഹരമായ വായനയാണ്.

6.കുട്ടിക്കാലം തിരികെ തന്ന Totto-chan ( Tetsuko Kuroyanagi) പ്രിയമുള്ള മറ്റൊന്ന്. ടോമോ യിലെ തീവണ്ടി പള്ളിക്കൂടവും കൊബയഷി മാസ്റ്റരും നിഷ്കളങ്കമായ വികൃതിയും ഒക്കെ കുഞ്ഞി കണ്ണുകളിലൂടെ പറയുന്ന ടോടോ , ഇടയ്ക്ക് എന്നോടും പറയാറുണ്ട്.. "നീ ഒരു നല്ല കുട്ടിയാണ്" 

7.കവിതയുടെ വാക്കടയാളങ്ങളിൽ പ്രണയം ശ്വസി പ്പിക്കുന്ന ലെബാനോനിലെ പ്രണയ  പ്രവാചകൻ ! 

'പ്രിയേ എന്നെ ചുംബിക്കുക,ശിശിരത്തിനും ഹേമന്ത ത്തിനും
 കീഴടക്കാൻ ആവാത്തത്  നമ്മുടെ അധരങ്ങളുടെ ചലനത്തെ മാത്രമാണ്.
  നീ എന്നരികിൽ എത്തിയിരിക്കുന്നു.
നീ എന്നും എന്റെത് തന്നെയാകുന്നു.
നിദ്രയാകുന്ന സാഗരം എത്ര അഗാധവും അനന്തവുമാണ് 
എങ്കിലും പ്രഭാതം എത്ര സമീപത്താണ് '

 പേജ് നമ്പർ 44 - പ്രണയ ജീവിതം -ജിബ്രാൻ . പറഞ്ഞു വന്നത് ജിബ്രാൻ എന്ന പുസ്തകം തന്നെ!


8.അജീത് കൌറിന്റെ 'ഖാനാബ ദോശി'ന്റെ വിവർത്തനം 'താവളമില്ലാത്തവർ -  , വായിച്ച് തീർന്നപ്പോൾ ഉള്ളിലെ ചില മറയിടങ്ങൾ പൊള്ളി പിടഞ്ഞു . 'സംഭവ പരമ്പര - എന്ന അദ്ധ്യായത്തിൽ ജീത്ത് ഇങ്ങനെ കുറിക്കുമ്പോൾ മുറിവിൽ നിന്ന് ഉറവ പൊട്ടിയ പരിഹാസത്തിന്റെ ചുവ അതിനുണ്ട്.

" ഏറ്റവും വലിയ അപരാധം- സ്ത്രീ ആയത് രണ്ടാമത്തെ തെറ്റ്- ഏകയായ സ്ത്രീ ആവുക മറ്റൊരു തെറ്റ് - ഏകയായി സ്വന്തം കാലിൽ ഉറച്ച് നിൽക്കുന്ന സ്ത്രീ. ഏറ്റവും വലിയ തെറ്റ് - സ്വന്തം കാലിൽ നിൽ ക്കുന്ന ബുദ്ധിമതിയും തന്റേടിയും ആയ സ്ത്രീ ആവുക. ഇതൊന്നും കൂടാതെ ജീത്ത് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു 'തെറ്റ്' പക്ഷേ എല്ലാ മനുഷ്യരിലും ഉള്ളതാണ്. സ്വന്തം 'കുറ്റങ്ങളോ'ടൊപ്പം ധൈര്യ പൂർവ്വം ജീവിക്കുക എന്നതാണ് അത് . ലോകത്തുള്ള മറ്റുള്ളവരുടെ വിചാരങ്ങളുമായി സന്ധിയില്ലാ സമരം ചെയ്യുക! 
കഠിനാദ്ധ്വാനത്തിനും ദാരിദ്ര്യത്തിനും ഇടയിലൂടെ ജീവിതത്തിന്റെ പെൻഡുലം to and fro മോഷനിൽ ഇളകി ആടുമ്പോഴും പേന തുമ്പിൽ നിന്ന് അഗ്നി പടരാൻ കാരണം ക്യാന്ടിയും ബൽദെവും ഓമ യും ഒക്കെ ഓരോ കാലങ്ങളിൽ അവശേഷിപ്പിച്ച് പോയ കനലുകൾ തൊട്ടെഴുതിയതിനാൽ ആവും.


9. ഉന്മാദത്തിന്റെ തീക്ഷ്ണ നിറങ്ങൾ എന്റെ കയ്യിലിരുന്ന് വിറയ്ക്കുകയാണ്.. !.ദൈവമേ! എന്തൊരു ജീവിതമാണ് ചിലർ ജീവിച്ച് തീർക്കുന്നത് .!ഇറങ്ങി പോകാൻ കൂട്ടാക്കാതെ വിൻസെന്റ് വാൻ ഗോഖ് എന്ന ചിത്രകാരൻ ചുകന്ന തലമുടിയും തീക്ഷ്ണമായ നോട്ടവുമായി മനസ്സിൽ അങ്ങനെ..അനുജൻ 'തിയോ' വിന്റേതല്ലാതെ മറ്റൊരിടത്ത് നിന്നും ഒരൽപം പോലും സ്നേഹം നേടാനാവാതെ ജീവിതം ഉപേക്ഷിച്ച് പോയ പരാജിതൻ ! ജീവിതത്തിൽ പ്രണയമില്ലാത്ത ഏതൊരാളെയും പോലെ..തികഞ്ഞ പരാജിതൻ എർസ്യുലയുടെ പ്രണയ നിരാസം മുതൽക്ക് , റഷേലിന്റെ കളിതമാശയ്ക്ക് മുന്നിൽ സ്വന്തം ചെവിയറുത്ത് സമർപ്പിക്കും വരേയ്ക്കും ദയാരഹിതവും നൈരാശ്യപൂർണ്ണവും ആയിരുന്ന വാൻ ഗോഖിന്റെ പ്രണയ ജീവിതം . വാൻ ഗോഖ് തന്ന് പോയ വേനൽ നിറങ്ങൾ ഉള്ളിൽ ഒലിച്ചിറങ്ങുന്നു .(lust for life- irving stone)

10. വേദനയുടെ പരലുകൾക്ക്‌ ഒരു സഞ്ചാര പഥമുണ്ട് .തെളിഞ്ഞ പുഴ വെള്ളത്തിൽ പായുന്ന പരലുകൾ പോലെ ..
ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് കൂട്ടമായി ..ചിലപ്പോൾ ആഴങ്ങളിലേയ്ക്ക് ഒരൊറ്റ പാച്ചിൽ ! 
Frida's Bed: (Slavenka Drakulic) വായിച്ചു തീർന്നപ്പോൾ സൂചിക്കുത്ത് പോലെ ഉള്ള തീവ്ര വേദന പകർന്ന് കിട്ടുക ആയിരുന്നു. വേദനയുടെ ക്യാൻവാസിൽ നിന്ന് മയമില്ലാതെ ചോര ഇറ്റു വീഴുന്നത് കണ്ടു ..എന്നിട്ടും ഒതുക്കമില്ലാത്ത ധൈര്യം ഫ്രിഡ എന്ന സ്ത്രീയെ ഊന്നു വടികൾ ഇല്ലാതെ ഉയർത്തി നിർത്തുന്നതും കണ്ടു .ഒരേ സമയം വേദനയും വേദനാ സംഹാരിയും ആവുന്ന പ്രണയവും കണ്ടു. .ഫ്രിഡ കാഹലോ എന്ന വിഖ്യാത ചിത്രകാരിയുടെ ജീവിതം - കടഞ്ഞ് തീരൽ -ചിത്രങ്ങൾ ! ചോരയുടെ ഉപ്പു രുചി ആണതിന്..

വായനയുടെ കറുത്ത പക്ഷത്തിലേക്ക് നടന്നടുക്കുമ്പോൾ ഒക്കെ പിണങ്ങിപ്പോയ വാക്കുകളെ തിരിച്ചു പിടിക്കുക മാധവിക്കുട്ടി എന്ന കമലയുടെ അക്ഷരങ്ങളിലൂടെ ആണ്. "നീല വർണ്ണവും ശംഖ നാദവും ഉള്ളതാണ് ഏകാന്തത " എന്ന് വായിക്കുമ്പോൾ പ്രാണനിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഏകാന്തത മെല്ലെ തൊട്ടു വിളിക്കും. 'മുഖത്ത് സുഷിരങ്ങൾ ഉള്ള ഗന്ധർവപ്രതിമ' ആവട്ടെ 'നീലപ്പക്ഷീ സൂര്യാസ്തമനം' ആവട്ടെ - ചന്ദന ഗന്ധമുള്ള വാക്കുകൾ അക്ഷരം പൂക്കുന്ന താഴ്‌വരയിൽ എന്നെ വീണ്ടും കൊണ്ട് ചെന്നാക്കും. ഓരോ മനുഷ്യരും വ്യത്യസ്ഥർ ആണല്ലോ ഓരോ വായനയും വ്യത്യസ്ഥവും. പ്രിയമുള്ളൊരു പാട്ട് എങ്ങനെ മനസ്സിന്റെ കുഴഞ്ഞു മറിഞ്ഞ അലകളെ നിശ്ചിത ക്രമത്തിലേക്ക് വീണ്ടെടുക്കുന്നുവോ അങ്ങനെ !  

ഇനിയും പല കാലങ്ങളും പല വായനകളും ഉണ്ട്...പക്ഷെ എനിക്കിപ്പോൾ..ഈ കാലം ആണ് ഇഷ്ടം...ഈ കാലത്ത് ഈ പ്രണയത്തിൽ ജീവിക്കാനും ...മരിക്കാനും ..


( ചാലഞ്ചുകളുടെ  കാലത്ത്   നിനച്ചിരിക്കാത്ത നേരത്തൊരു ചലഞ്ച് വന്നു പെട്ടു . പലയിടങ്ങളിൽ ആയി കുറിച്ചിട്ടത് complie ചെയ്ത് അതിനെ നേരിട്ടതാണ്..:)