Friday, May 23, 2014

കുടിയേറ്റക്കാരന്റെ വീട് - എന്നോട് പറഞ്ഞത്


വായിച്ചുമടക്കി വെക്കുന്നത് 'കുടിയേറ്റക്കാരന്റെ വീട്' ആണ് .  ചെന്ന് കയറേണ്ടതും അതിലേയ്ക്ക് തന്നെ.

ഒരു വേനലില്‍ നിന്ന് മറ്റൊരു വേനലിലേയ്ക്കുള്ള യാത്ര. വേവിലേയ്ക്കുള്ള യാത്ര. വട പാവ് മുതല്‍ കുബൂസ് വരെ നീളുന്ന  ഒരുപാട് നിര്‍വചനങ്ങള്‍ ഉള്ള ഈ ദേശാന്തര യാത്രകളെ  എനിക്കങ്ങനെ ആണ് എഴുതി വെയ്ക്കാന്‍ തോന്നുന്നത്. പ്രവാസത്തിന്റെ ദിനസരികളില്‍ നിന്ന് വഴക്കിട്ടിറങ്ങി പാര്‍ക്കുന്ന ഒളിയിടത്തില്‍ ഇരുന്ന് മുസഫറിനെ വായിച്ച് തീരുമ്പോള്‍ പ്രാചീനമായ സഞ്ചാര വഴികള്‍ ഒക്കെയും തെളിഞ്ഞ് വരും പോലെ.

നാട് കടത്തലിന്റെ, ഒളിച്ചോട്ടത്തിന്റെ, മനുഷ്യ പ്രയാണത്തിന്റെ, പ്രാക്തനമായ ഈ സഞ്ചാര പഥങ്ങള്‍ അത്രയും എത്തിച്ചേരുന്നത് അതി ജീവനത്തിന് മനുഷ്യന്‍ എത്തിപ്പെടുന്ന സമാന്തരമായ മറുപാതയിലേയ്ക്കാണ്. തായ് വേരറുക്കപ്പെട്ടവന്റെ വിഹ്വലതയാണ് ഓരോ സാദാ പ്രവാസിയ്ക്കും. നനഞ്ഞിറങ്ങി വേരാഴ്ത്തിയ മണ്ണില്‍ നിന്ന് പറിച്ച് മാറ്റി മറ്റൊരിടത്ത് വേരുറപ്പിക്കാന്‍ സാധിക്കാതെ പതിയെ ഉണങ്ങി കരിഞ്ഞു പോവുന്ന പടുവൃക്ഷം.

'ഞണ്ട് കാട്ടില്‍ കുടുങ്ങുന്ന കുരുവി'യിലെ പോലെ കുരുക്കഴിക്കാന്‍ ഒരിക്കലും സാധിക്കാത്ത  പ്രവാസികളുടെ എണ്ണമറ്റ കാഴ്ചകള്‍ കണ്ടിരിക്കുന്നു ഇക്കാലമത്രയും.  ഒരു പവര്‍ പോയന്റ് പ്രസന്റേഷനില്‍, മൌസ് ക്ലിക്കില്‍ മാറി വരുന്ന സ്ലൈഡുകള്‍ പോലെ ഓരോ മുഖങ്ങള്‍, ഓരോ കാലങ്ങളിലൂടെ. കുറച്ച് കാലത്തേയ്ക്ക് അസ്വസ്ഥതപ്പെടുത്തുമെങ്കിലും സ്വന്തം കാര്യങ്ങളുടെ ഒറ്റച്ചുരുക്കത്തിലേയ്ക്ക് ഒട്ടക പക്ഷിയെ പോലെ മുഖം പൂഴ്ത്തുമ്പോള്‍ , അവയൊക്കെ ഓര്‍മ്മകളുടെ unused space ലേയ്ക്ക് ഒഴുകിപ്പോകാറാണ്  പതിവ് .

ഈ പുസ്തകത്തിലെ ഓരോ വാക്കും ഓരോ വരിയും പ്രവാസിയുടെ ഉള്ളു പൊള്ളിക്കുന്ന നേരറിവാകുന്നതും അത് കൊണ്ട് തന്നെ ആവും. പല കാലങ്ങളില്‍ എഴുതിയ കുറിപ്പുകള്‍ ഒന്നിച്ചൊരു പുസ്തകരൂപം ആയപ്പോള്‍ , അതില്‍ പ്രവാസത്തിന്റെ അനുഭവവും ആകുലതയും പഠനവും വിശകലനവും ഒക്കെ ഇടകലരുന്നു.
അതിന്റെ വിശാലമായ ലാന്‍ഡ് സ,കേപിലെക്ക് പാകിസ്ഥാനിയും ബംഗാളിയും പലസ്തീനിയും ഒക്കെ മലയാളിയ്ക്ക് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്നു .

മലയാളി പ്രവാസിയുടെ പൊങ്ങച്ച പ്രശ്നങ്ങള്‍ക്കൊപ്പം  യുദ്ധ ഭീതിയില്‍ പ്രാണന്‍ പിടയുന്ന പശ്ചിമേഷ്യന്‍ പ്രവാസങ്ങളുടെ ദൈന്യ ഭാവങ്ങളും ഭക്ഷണത്തളികയില്‍ വീണ മനുഷ്യന്റെ കണ്ണ് പോലെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു. മലയാളിയുടെ പൊങ്ങച്ചത്തിന്റെ തുറുകണ്ണിലേയ്ക്കും അത് പേടിയോടെ നീളുന്നുണ്ടായിരുന്നു .

പൌെലോ കൊയലോയുടെ വാക്കയരീസിലെ പോലെ മരുഭൂവിന്റെ സൌെന്ദര്യവും വന്യതയും ഭീതിയും അത് അടയാളപ്പെടുത്തു ന്നുണ്ടായിരുന്നു.

പ്രവാസത്തിന്റെ ചുഴിച്ചിത്രങ്ങളില്‍ തെളിമ ഇല്ലാതെ കിടക്കുന്ന പെണ്‍ പ്രവാസങ്ങളും ഏറെ ഉണ്ട്. ഭര്‍ത്താവിന്റെ അരിക് പറ്റി ഒറ്റ മുറി ഫ്ളാറ്റുകളുടെ ഷെയറിംഗ് അടുക്കളകളില്‍ നിന്ന് ബിരിയാണി ചെമ്പുമായി വാരാന്ത്യങ്ങളില്‍ പാര്‍ക്കുകളില്‍ ചേക്കേറുന്ന വീട്ടമ്മമാര്‍ മുതല്‍ മുലപ്പാലിന് തടയണ കെട്ടുന്ന നഴ്സുമാര്‍ അടക്കമുള്ള വലിയൊരു വിഭാഗം പെണ്‍ പ്രവാസികളും സമാന്തര യാത്ര നടത്തുന്നുണ്ട്.

അടുക്കള ചൂടിലും കഹ് വയുടെ  മസാലച്ചൂരിലും മുങ്ങിപ്പോയ നടു നിവര്‍ത്താന്‍ പറ്റാത്ത വിധം കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു വലിയ കൂട്ടം സ്ത്രീകള്‍ അറബി അടുക്കളകളില്‍ ഉണ്ട്. അവിടെ ശരീരം ആവശ്യപ്പെടുന്ന ശക്തമായ വെല്ലു വിളികള്‍ ഉണ്ട്. കീഴ്പ്പെടലുകളും കച്ചവടവും ഉണ്ട്. സ്വാതന്ത്യ്രം വേലി കെട്ടി നിര്‍ത്തിയിരിക്കുന്ന പല മാതിരി കണ്ണുകള്‍  ഉണ്ട് .പക്ഷെ ഓരോ പ്രവാസിക്കും പെറ്റമ്മയില്‍ നിന്ന് പോറ്റമ്മയിലേയ്ക്കുള്ള ഈ വഴി  ദൂരം വീണ്ടും താണ്ടിയേ പറ്റൂ..

അതിന്റെ മറ്റൊരു പാതിയിൽ ഇണയടുപ്പം ഇല്ലാതെ വൈകാരിക -സാമൂഹ്യ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന  പ്രവാസി കുടുംബങ്ങൾ നാട്ടിലൊരു അരക്ഷിത ജീവിതം നയിക്കുന്നുമുണ്ട് .

പണ്ടത് പട്ടിണി മാറ്റാന്‍ ഉള്ള പറിച്ച് നടല്‍ ആയിരുന്നുവെങ്കില്‍ ഇന്നത് ആര്‍ഭാടത്തിന്റെ തുകല്‍ സഞ്ചി മോടി പിടിപ്പിക്കാന്‍ കൂടി ആണെന്നുള്ളത് മറയില്ലാത്ത സത്യം. കുടിയേറ്റക്കാരന്റെ വീട്ടിലേയ്ക്ക് തിരിച്ച് പോകാന്‍ ഒരുങ്ങുന്ന ഈ നേരത്ത് മറ്റെന്തെഴുതാന്‍ ആണ് !
20 comments:

 1. Replies
  1. ഇനി ഈ പുസ്തകം വായിക്കാതെ പറ്റില്ല എന്നായി.
   നന്നായി ആസ്വാദനം.

   Delete
 2. മുസഫറിന്റെ വേറൊരു പുസ്തകം കയ്യിൽ ഉണ്ട്.അത് തീർന്നിട്ടാവാം ഇത്.വായന നന്നായി .

  ReplyDelete
  Replies
  1. മയിലുകൾ സവാരിക്കിറങ്ങുന്ന ചെരിവിലൂടെ എന്ന പേര് എനിക്കിഷ്ടം ആണ്..വായിക്കാൻ ആയിട്ടില്ല

   Delete
  2. This comment has been removed by the author.

   Delete
 3. നല്ല ഭാഷ. എഴുത്ത് കേമമായിട്ടുണ്ട്. ഈ പുസ്തകം വായിക്കണം ഇനി.

  ReplyDelete
  Replies
  1. നമ്മുടെ ഒക്കെ ജീവിതം തന്നെ ഈ പുസ്തകത്തിലെ ഒരു ഏടു തന്നെ ശ്രീ

   Delete
 4. നല്ല നിലവാരമുള്ള വിലയിരുത്തല്‍ ...ഒഴുക്കുള്ള ഭാഷ ..വേണമെങ്കില്‍ ഈ വഴിക്കും ഒരു കൈ നോക്കാം .....സന്തോഷം ..അഭിനന്ദനങ്ങള്‍

  ReplyDelete
 5. ആസ്വാദനം ഇഷ്ടപ്പെട്ടു.
  അപ്പോള്‍ പുസ്തകവും നോക്കട്ടെ.
  ആശംസകള്‍

  ReplyDelete
 6. മുസഫറിന്റെ പ്രവാസവുമായി ബന്ധപെട്ട രണ്ടു പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്, രണ്ടും ഒറ്റയിരുപ്പില്‍ വായിക്കാന്‍ പറ്റിയവ. നന്ദി ഈ പുതിയ പരിചയപെടുത്തലിനു.

  ReplyDelete
 7. പറഞ്ഞാലും പറഞ്ഞാലും ഇനിയും പറയാന്‍ ഏറെ പ്രവാസി.

  ReplyDelete
 8. വായക്കണം എന്ന് കരുതിയ ബുക്ക്‌ തന്നെ ആണ് .... ഇത് കൂടി വായിച്ചപ്പോള്‍ ഇനി പിന്നോട്ടില്ല ...ആശംസകള്‍

  ReplyDelete
 9. ബുക്ക് നാളെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...

  ReplyDelete
 10. പൊള്ളിക്കുന്ന യാഥാര്‍ത്യങ്ങള്‍ !! പറഞ്ഞു പഴകിയെങ്കിലും പ്രവാസിയുടെ ആകുലതകള്‍ക്കും ആവലാതികള്‍ക്കും കഷ്ട്ടപ്പടുകള്‍ക്കും ഒരിക്കലും പഴക്കം വരുന്നില്ലല്ലോ.. നല്ല എഴുത്ത് കുറിഞ്ഞീ...

  ReplyDelete
 11. നല്ല റിവ്യൂ

  ReplyDelete
 12. പ്രവാസത്തിന്റേയും പ്രവാസിയുടേയും പ്രയാസങ്ങൾ...

  ReplyDelete

www.anaan.noor@gmail.com