Saturday, April 19, 2014

പണ്ടു പണ്ടൊരു മഷിപ്പേന
'ലിഖ്തെ ലിഖ്തെ ലവ് ഹോജായെ' എന്ന് റോട്ടോമാക് പേനയുമായി രവീണ ടാണ്ഡന്‍ ചിരിക്കുന്നതിന് മുമ്പുള്ള കഥയാണ്.  വെളുത്ത മേനിയും നീലത്തലയുമായി ഒരു കോണ്‍വെന്റ് സ്കൂളിലെ കുട്ടിയെ പോലെ അച്ചടക്കത്തോടെ റെയ്നോള്‍ഡ്സ്  പോക്കറ്റുകളില്‍ തല നീട്ടി ഇരിക്കുന്നതിനും മുമ്പുള്ള കാലം.  അക്കാലത്തെ കുട്ടികള്‍ക്കെല്ലാം മഷിമണമുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു.  തൊട്ടതെല്ലാം മഷിയില്‍ മുക്കുന്ന ഒരുണ്ടക്കണ്ണന്‍ ചങ്ങാതി.

തുണികൊണ്ടുള്ള പുസ്തക  സഞ്ചിയിലാണ് ആളുടെ  വാസം. നടക്കുമ്പോള്‍ , സ്ഥാനം തെറ്റി കിടന്ന് കലമ്പല്‍ ഉണ്ടാക്കുന്ന പ്രൊട്രാക്ടറിന്റെയും കോമ്പസിന്റെയും ഒക്കെ ഒപ്പം ഇന്‍സ്ട്രുമെന്റ് ബോക്സിനുള്ളില്‍ സദാ ഉറക്കം തൂങ്ങിക്കിടക്കും.  അത്യാവശ്യക്കാര്‍ക്ക് വേണമെങ്കില്‍, പേന എന്നൊക്കെ വിളിക്കാമെങ്കിലും അവൻ അത് സമ്മതിക്കുമോ?! . വെറും പേനയല്ല, പേനകളുടെ  രാജാവാണ് എന്നാണ് ഭാവം.

ലക്ഷണമൊത്ത രൂപമാണ്. അത്യാവശ്യത്തിന് പൊക്കവും വണ്ണവും. ആരും നോക്കിപ്പോവുന്ന തൊപ്പി. എത്ര കുടിച്ചാലും തീരാത്ത ദാഹത്തോടെ വയറ്റിലെ മഷിപ്പാത്രം. സ്വര്‍ണ്ണ നിറത്തിലോ വെള്ളി നിറത്തിലോ ആയിരിക്കും നിബ്ബ്. മൊത്തത്തില്‍, ഒരു ആഢ്യ ഭാവം! . ഞെളിഞ്ഞു നടത്തം !. കാര്യം മഷി കുടിയന്‍മാരാണ് എങ്കിലും അവരിലുമുണ്ട് പല ജാതി മത വര്‍ഗക്കാര്‍. ഓര്‍ഡിനറി മുതല്‍ ഹീറോ, പാര്‍ക്കര്‍, ഷിഫേഴ്സ് പേനകള്‍ വരെ. കാശിനും ഗമയ്ക്കും അനുസരിച്ച് ആളുടെ ഗെറ്റപ്പ് മാറിക്കൊണ്ടിരിക്കും. എഴുത്തിന്റെ ഒഴുക്കിലും അതിരുകള്‍ എഴുതി മായ്ക്കുന്ന തിരക്കിലുമെല്ലാം ഈ വര്‍ഗവ്യത്യാസം അസാരം പ്രതിഫലിക്കും. എങ്കിലും, പരന്ന നിബ്ബുള്ള ഓര്‍ഡിനറിക്കാര്‍ മുതല്‍ കുഞ്ഞന്‍ നിബ്ബും കറുത്ത ഉടലും സ്വര്‍ണ്ണത്തൊപ്പിയും ഉള്ള  ഹീറോ പേനകള്‍   വരെ  അരിസ്റ്റാക്രാറ്റുകളാണ്.

അങ്ങിനെയൊക്കെയാണ് ജാതകമെങ്കിലും അത്ര എളുപ്പത്തിലൊന്നും കിട്ടണമെന്നില്ല മഷിപ്പേന. അതിനിത്തിരി സീനിയോറിറ്റി വേണം. എഴുതാനൊക്കെ പഠിക്കുന്നത്ര സീനിയോറിറ്റി.  കിട്ടിയാല്‍ തന്നെ അധികം നാളുകള്‍ അതിനെ കൊണ്ടു നടക്കാനും പാടാണ്. മഷി ചീറ്റി ശത്രുവിനെ പായിക്കുന്ന മല്‍സ്യത്തെ പോലെ അവന്‍ ഉടമസ്ഥയ്ക്ക് കാര്യമായ പണി കൊടുത്തിരിക്കും. ഇതിനിടയിലാണ് പേന മറന്നുപോവുക, കളഞ്ഞുപോവുക തുടങ്ങിയ കലാപരിപാടികള്‍. എങ്കിലും, ബാഗിലോ ഇന്‍സ്ട്രുമെന്റ് ബോക്സിലോ ഒക്കെയായി  പുള്ളി കൂടെത്തന്നെ നടക്കാറാണ് പതിവ്.

ഇത്തിരി കൂടി മുതിരുമ്പോഴാണ് ഹീറോ പേനയ്ക്ക് അവകാശവാദം ഉന്നയിക്കാനുള്ള യോഗ്യത കൈയിലെത്തുന്നത്. ഹെസ്കൂള്‍ ക്ലാസിലൊക്കെ എത്തുമ്പോഴേക്കും മിക്കവാറും പിള്ളേരുടെ കൈയില്‍ സ്വര്‍ണ്ണത്തൊപ്പിയും കറുപ്പോ നീലയോ തവിട്ടോ ഉടലുമുള്ള ഹീറോ പേന എത്തിയിരിക്കും. ആളു ചൈനക്കാരനാണ്. തൊപ്പിയുടെ താഴെ ചൈനീസ് ലിപിയില്‍ പേരെഴുതിയിട്ടുണ്ടാവും. ഗള്‍ഫില്‍ നിന്നാണ് മൂപ്പീന്ന് സാധാരണ എത്താറ്. നാട്ടിലെ കടകളിലൊക്കെ കിട്ടാറുണ്ടെങ്കിലും വിലയല്‍പ്പം കൂടതലായതിനാല്‍ സാധാരണ പിള്ളേര്‍ക്ക് കിട്ടാന്‍ പാടാണ്. ഉരുട്ടി ഉരുട്ടി ഒരു പാട് എഴുതിയാലാണ് അതിന്റെ നിബ്ബ് ഒന്നു പാകമാവുക. ആവശ്യത്തിന് തേഞ്ഞു കഴിഞ്ഞാല്‍, പിന്നൊരു കുതിപ്പാണ്. കര്‍ക്കിടകത്തിലെ ഇറ വെള്ളം പോലെ അത് പാഞ്ഞു നടക്കും. പരീക്ഷയ്ക്ക് ഒക്കെ എഴുതുമ്പോള്‍, അക്ഷരങ്ങള്‍ക്കൊക്കെ ഒരു ഗമയൊക്കെ വരും.

എഴുത്തു മാത്രമല്ലാത്ത മറ്റൊരുദ്യോഗവും ഹീറോ പേനയ്ക്ക് അന്നുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ ഹീറോ പേനയ്ക്കായിരുന്നു ഈ അധിക ചുമതല. സംഗതി പൊട്ട് ഉണ്ടാക്കലാണ്. സ്കൂളിനടുത്തുള്ള പറമ്പിലും വീട്ടു പറമ്പിലുമൊക്കെ സമൃദ്ധമായി ഉണ്ടായിരുന്ന ഒരു വലിയ പൂവുണ്ടായിരുന്നു. മുള്ളുകള്‍ കൊണ്ട് ചെടികള്‍ കാര്യമായി സംരക്ഷിച്ചു പോരുന്ന പൂവിന്റെ ഇതളുകള്‍ക്ക് അത്യാവശ്യം കട്ടിയുണ്ടാവും. അതിന്റെ നെഞ്ചിലേക്ക് ഈ പേനയുടെ തലപ്പാവ് ഇറക്കിവെക്കുകയാണ് ചെയ്യുന്നത്. കാര്യമായി അമര്‍ത്തുമ്പോള്‍ പുഷ്പദളം വട്ടത്തിലിങ്ങനെ മുറിഞ്ഞുപോരും. പൊട്ടായി  മാറും. നെറ്റിയില്‍ വട്ടത്തിലൊരു ആകര്‍ഷണമായി അതു മാറും.

അങ്ങിനെയെങ്ങിനെയുള്ള ഒരു ഹീറോപേന ഏറെക്കാലം എന്റെ ബോക്സിലുമുണ്ടായിരുന്നു. കുനുകുനാന്നെഴുതുന്ന ഉശിരനൊരു മഷിപ്പേനയായിരുന്നു അത്. എഴുതിത്തുടങ്ങിയാല്‍ മതി, ബാക്കി കാര്യങ്ങള്‍ അവന്‍ തീരുമാനിക്കും. റഷ്യന്‍ കുട്ടിക്കഥകളില്‍ കണ്ടു പരിചയിച്ച കുതിരയെപ്പോലെ പുള്ളി ഒരോട്ടമങ്ങ് ഓടും. വലിയ എസ്സേ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം എഴുതുമ്പോള്‍ നമുക്കൊപ്പം അവനും കിതയ്ക്കും.

എന്നാല്‍, പരീക്ഷക്കാലത്ത് അദ്ദേഹത്തിന് വിശ്രമമാണ്. ആ സമയത്ത് മറ്റൊരു അതിഥി താരം സ്റ്റേജിലേക്ക് കയറി വരും. പരീക്ഷക്കാലത്തു  മാത്രം അലമാരയില്‍നിന്ന് ഇറങ്ങിവരുന്ന ഒരു പാര്‍ക്കര്‍ പേനയും നീല ഷിഫേഴ്സ് പേനയുമുണ്ട്. പഠിച്ചുറച്ച കൈകള്‍ക്ക് കൂടുതല്‍ മിഴിവും താളവും നല്‍കുക അവരിലൊരാളാവും. ചേച്ചിയുടെ കാലം തൊട്ടേ അതാണ് രീതി. പരീക്ഷ തുടങ്ങുന്ന ദിവസം അതു എടുത്തു തരുന്ന ഒരു ചടങ്ങുണ്ട്. യുദ്ധത്തിനു പോവുന്ന തച്ചോളിപ്പയ്യന് ചുരികയും ഉറുമിയും എടുത്തു കൊടുക്കുന്നതു പോലൊരു ചടങ്ങാണ്. വിറച്ചു വിറച്ചാണ് അതു വാങ്ങുക. പരീക്ഷാ ഹാളില്‍ എത്തുമ്പോഴക്കും അതു കൊണ്ട് എഴുതാന്‍ മനസ്സ് ധൃതികൂട്ടുന്നുണ്ടാവും. പരീക്ഷ തീര്‍ന്നു കഴിഞ്ഞാല്‍, അത് സറണ്ടര്‍ ചെയ്യണം. അച്ഛന്റെ മര അലമാരയില്‍ അടുത്ത പരീക്ഷ വരെ അതങ്ങിനെ കിടക്കും.

കൂട്ടത്തില്‍ മറ്റൊന്നു കൂടിയുണ്ട്, പറയാന്‍ മറന്നു.പരീക്ഷാ സ്പെഷ്യലായി അലമാരയില്‍നിന്ന് പ്രത്യേകമായി എടുത്തു തരുന്ന വകയാണ്. കറുത്ത സ്ട്രാപ്പ് ഉള്ള എച്ച്.എം.ടിയുടെ റിസ്റ്റ് വാച്ച്. അതും പരീക്ഷാ ദിവസമാണ് കിട്ടുക. പരീക്ഷ തുടങ്ങുമ്പോള്‍ മുതല്‍ അതിലായിരിക്കും ശ്രദ്ധ. സമയം നോക്കിയുള്ള അഭ്യാസമുറകള്‍ക്ക് അതില്ലാതെ പറ്റില്ല. എങ്കിലും, ഇഷ്ടപ്പെട്ട ചില ചോദ്യങ്ങള്‍ക്കൊക്കെ സമയം നോക്കാന്‍ മറന്നു പോവും. നന്നായറിയാവുന്ന ചോദ്യങ്ങളാണ്. എഴുതിയാലും എഴുതിയാലും തീരാത്ത ചോദ്യങ്ങള്‍. ആവേശഭരിതയായി എഴുതിപ്പോവുന്നതിനിടെ പെട്ടെന്നായിരിക്കും വാച്ച് നോക്കിപ്പോവുക. കരുതിയതിലും സമയം ആയിട്ടുണ്ടാവുമെന്ന് ഉറപ്പ്. പിന്നെ, തിരിച്ചോട്ടമാണ്. ആ ഉത്തരം എങ്ങിനെയെങ്കിലും അവസാനിപ്പിച്ച്, ബാക്കിയുള്ള ചോദ്യങ്ങളിലേക്ക് പാഞ്ഞു ചെല്ലും. പാര്‍ക്കര്‍ പേനയുടെ അതേ തല വിധിയാണ് വാച്ചിനും. പരീക്ഷ കഴിഞ്ഞാല്‍, അലമാരക്കകത്തേക്കു തന്നെ ചെല്ലണം.

പെന്‍സിലില്‍ നിന്ന് പേനയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ അഞ്ചാം ക്ലാസ്സുകാരി , 'അമ്മേ , ഇനി മുതല്‍ മഷിപ്പേന വേണം എന്ന് ടീച്ചര്‍ പറഞ്ഞു'വെന്ന് പറഞ്ഞ് പേനയ്ക്ക് വേണ്ടി തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. അങ്ങനെ ആണ് പേന ഓര്‍മ്മകളില്‍ മഷി പടര്‍ത്തി ഇറങ്ങി വന്നത്. കഴിഞ്ഞ ദിവസമാണ് അവള്‍ക്കുവേണ്ടി ഒന്നു വാങ്ങിയത്.  ഒപ്പം ഒരു പാട് കാലം കൂടെ ഉണ്ടായിരുന്ന ചെൽ പാർക്കിന്റെ മഷി കുപ്പിയും ..അവരുടെ തലമുറയ്ക്ക് മഷിപ്പേനയൊന്നും ഒരത്ഭുത വസ്തുവേയല്ല. കടയില്‍ ഹീറോ പേനയൊക്കെ കണ്ടു. ഒന്നും പഴയതുപോലെയല്ല. മൊത്തത്തില്‍ ചില മാറ്റങ്ങള്‍. കൂടുതല്‍ ചോദിച്ചപ്പോള്‍ കടക്കാരന്‍ തന്നെ കാര്യം പറഞ്ഞു, ഒന്നും ഒറിജിനലല്ല, ചൈനയില്‍നിന്നു  ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഡ്യൂപ്ലിക്കേറ്റിന്റേതാണ്!

ഇപ്പോള്‍ എത്രയോ കാലമായി വിരല്‍ തുമ്പില്‍ മഷി പടര്‍ന്നിട്ട്. എത്രയോ കാലമായി മഴയത്ത് അരികു കുതിരുന്ന പുസ്തകങ്ങളില്‍ മഷി പടര്‍ന്നിട്ട്.
തെളിയുന്നില്ലല്ലോ എന്ന് പറഞ്ഞ് ഒരു കുടച്ചിലിനു മുന്‍പില്‍ ഇരിക്കുന്ന ഇരട്ട മുടിപ്പിന്നലുകാരിയുടെ ഷര്‍ട്ടില്‍ തെറിച്ചു വീണ നീല തുള്ളികളെ 'അയ്യോ' എന്ന് നാവു കടിച്ച് പറയാതൊളിപ്പിച്ചത്.
ഒഴിവു പിരീയടുകളിൽ നോട്ടു ബുക്കിൽ  നിന്ന് കീറിയെടുക്കുന്ന ഏടുകളിൽ മഷി കുടഞ്ഞ് അതിനെ ചെറുതായി മടക്കി മടക്കി പിന്നെ നൂർത്തെ ടുക്കുമ്പോൾ കിട്ടുന്ന അപരിചിത ഭൂഖണ്ഡങ്ങൾ ...

എങ്കിലും പറഞ്ഞു തുടങ്ങുമ്പോള്‍ ഒരു കാലമുണ്ട്, മഷി കോരിയൊഴിച്ചതുപോലെ പായുന്നു.