Friday, January 31, 2014

മഴ വരച്ച താജ്മഹൽ

മഴ വരച്ച താജ്മഹൽ


അഷ്ടമിരോഹിണി ആയിരുന്നു അന്ന്. തെരുവ് മുഴുവനും ധോലിന്റെ താളംകൃഷ്ണ ഭജനുകൾ.  അമ്പലങ്ങളിലും ,പാതയോരങ്ങളിൽ   കെട്ടി ഉണ്ടാക്കിയ ചെറുമണ്ഡപങ്ങളിലുമൊക്കെ  ഉണ്ണിക്കണ്ണനും അമ്മവാത്സല്യവും രാസലീലയും പല വിധത്തിൽ  പുനര്‍ജ്ജനിച്ചിരിക്കുന്നു. തിളങ്ങുന്ന, കടുംനിറത്തിലുള്ള  വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളും ഉല്ലാസവാന്മാരായ കുട്ടികളുമൊക്കെ ചേർന്ന്  കണ്ണന് ചുറ്റും ഗോപികാവൃന്ദം ചമയ്ക്കുന്നത് പോലെ തോന്നും, തെരുവ് കണ്ടാൽ. യമുനയിൽ നിന്ന് വീശി വരുന്നൊരു കാറ്റ് വൈകുന്നേരത്തെ വല്ലാതെ തണുപ്പിച്ചിട്ടുണ്ട്.

അടുത്ത് യമുനയുണ്ട് .യമുനാതീരത്ത് താജ് മഹലും. പ്രണയം എന്ന വാക്കിനെ താജ് മഹൽ എന്ന ശില്പ ഗോപുരം കൊണ്ട് ലോകത്ത് അടയാളപ്പെടുത്തി വെച്ചത് ഈ ചെറുപട്ടണത്തിലാണ്. ഈ രാവ് വെളുക്കണം, എന്നാലേ പ്രണയസങ്കല്‍പ്പങ്ങളുടെ അമൂര്‍ത്തഭാവമായി നിലകൊള്ളുന്ന താജിലെത്താനാവൂ.


രാത്രിമഴയുടെ ബാക്കി

നിറഞ്ഞു പെയ്ത ഒരു രാത്രിമഴയ്ക്ക് ശേഷം പുലരിയിൽ  തെരുവ് മുഴുവന്‍ നനഞ്ഞ് കിടക്കുകയായിരുന്നു. പിറ്റേന്ന് 
വെള്ളിയാഴ്ച സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉള്ളതിനാലാവാം രാവിലെ തന്നെ അവിടം സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. പേരറിയാത്ത ഒരു ചക്രവര്‍ത്തിയുടെ കുതിരപ്പുറമേറി നിൽക്കുന്നസ്വർണ്ണനിറത്തിലുള്ള പ്രതിമ നില്‍ക്കുന്ന ഒരു നാല്‍ക്കവല വരെയേ മോട്ടോർ  വാഹനങ്ങള്‍ക്ക് അനുവാദമുള്ളൂ . പുരാനിമന്ടി എന്നാണ് ആ സ്ഥലത്തിന്റെ പേര്.
അതിനപ്പുറം ലോകാത്ഭുതത്തിന്റെ വേലിക്കെട്ട് ആണ്. അവിടുന്ന് അങ്ങോട്ട് നടക്കാം. അല്ലെങ്കില്‍ ബാറ്ററി കാർ  വിളിക്കാം. മണ്ടന്‍ മുഖമുള്ള ഒട്ടകങ്ങൾ വലിക്കുന്ന വണ്ടികൾ ഉണ്ട്. സൌകര്യം പോലെ ഓരോ സംഘം ഓരോന്ന് സ്വീകരിക്കുന്നു. പ്രണയികളുടെ ആഘോഷമാണ് അവിടെ. പോയ കാലത്തിന്റെ അടയാളം ബാക്കി വെച്ച മുഗൾ പൂന്തോട്ടം കണ്ടു കൊണ്ട് പതിയെ പോകുന്ന ജോടികളെ വട്ടം ചുറ്റുന്ന ഗൈഡുമാരെ വകഞ്ഞു മാറ്റി മുന്നോട്ട് പോകാന്‍ പലരും ശ്രമിക്കുന്നു.  


ചരിത്രത്തിലേക്ക് ചില വാതിലുകൾ

സാരി ഉടുത്ത് പൊട്ടു വെച്ച്, എന്നാല്‍ സാരിയ്ക്ക് വേണ്ട ഒതുക്കത്തിൽ നടക്കാനറിയാത്ത വിദേശി പെണ്‍കുട്ടികൾ  എനിക്ക് മുന്‍പേ ഉത്സാഹത്തോടെ നടന്നു നീങ്ങുന്നുണ്ടായിരുന്നു. ടിക്കറ്റ് എടുത്ത ശേഷം അകപ്പെട്ടത് നാല് വാതിലുകൾ  ഉള്ള ഒരു ചതുരമുറ്റത്താണ് . നാല് ദിശകളിലേക്ക് തുറക്കുന്ന നാല് പടുകൂറ്റൻ വാതിലുകൾ  , അതില്‍ ഒന്ന് താജ് മഹലിന്റെ ശില്‍പ്പികൾ  താമസിച്ചിരുന്ന തെരുവിലേക്കും, രണ്ടാമത്തേത് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ആദ്യഭാര്യയായ അക്ബരി ബേഗത്തിന്റെ ഓര്‍മ്മയിലേക്കും, മറ്റൊന്ന് മുംതസ് മഹലിന്റെ ഉറ്റ ചങ്ങാതിയുടെ ഓര്‍മ്മയിലേക്കും, നാലാമത്തേത് ഖുര്‍റം രാജ കുമാരന്റെ പ്രിയ പത്നിയായ അര്‍ജുമൻ ബാനോ ബേഗത്തിന്റെ  നിലയ്ക്കാത്ത പ്രണയത്തിലേക്കും തുറക്കുന്നു.

 രാജകീയ കവാടം കടന്നു അകത്തെത്തി. പ്രണയസൌധം പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്നവരുടെ തിരക്കായിരുന്നു അവിടെ. പ്രണയികളുടെ ഇരിപ്പിടത്തിൽ, ഗോപുര മകുടത്തിൽ  തൊടുന്നതു പോലുള്ള പോസുകളിലെക്ക്  ഒക്കെ ക്യാമറകൾ മിന്നി തെളിഞ്ഞു കൊണ്ടേ ഇരുന്നു.

പ്രധാന കവാടം മുതൽ താജ് വരെ നീണ്ടു കിടക്കുന്ന മുഗൾ  ജലധാര യന്ത്രങ്ങൾഅനക്കമറ്റ്  കിടക്കുകയാണ്. വി ഐ പി സന്ദര്‍ശനങ്ങളിലും സിനിമാ ഷൂട്ടിങ്ങുകളിലുമേ അവ ഉണരുകയുള്ളൂ.  എന്റെ താജ് ദിവസത്തിലേക്ക് ആകാശം മഴമേഘങ്ങളേയും കൂട്ടിനു അയച്ചിട്ടുണ്ട് .


പ്രണയഗോപുര മുറ്റത്ത്

ചനുപിനെ പെയ്യുന്ന കുഞ്ഞു മഴത്തുള്ളികള്‍ക്കപ്പുറം താജ് മങ്ങി നില്ക്കുന്നു. പതിയെ ഒതുക്കുകൾ കയറി, പ്രണയഗോപുര മുറ്റത്ത് കാൽ  തൊട്ടപ്പോൾ, പൊള്ളുന്ന പ്രണയത്തിലേക്ക് പനിച്ചിറങ്ങാൻ കൊതിച്ച എന്റെ ശരീരമാസകലം തണുപ്പ് അരിച്ചെത്തി . മരണം മണക്കുന്ന തണുപ്പ് . വായിച്ചറിവുകളിൽ ഉസ്താദ് ഈസയുടെയും കൂട്ടാളികളുടെയും 22 വര്‍ഷത്തെ അദ്ധ്വാനം ചെന്നിണമായി കാല്‍ക്കീഴിലൂടെ ഒഴുകുന്നത് പോലെ ! കാലത്തിന്റെ കവിളിലെ കണ്ണുനീർ തുള്ളിയാണ് താജ് മഹൽ എന്ന് എവിടെയോ വായിച്ചതോര്‍ത്തു.

 താജ് എന്ന ആ വെണ്‍  കുടീരത്തിന്  അരികിലായി നമസ്കാരത്തിനുള്ള പള്ളിയുണ്ട് . നിറം മങ്ങിയ പരവതാനികളിൽ, അവിടവിടെയായി ചരിത്രത്തിലേക്ക്  ചേക്കേറിയിരിക്കുന്ന പ്രാവിൻകാഷ്ടങ്ങള്‍ കാണാം. ചിലയിടങ്ങളിൽ  വിശ്രമിക്കുന്ന തൊഴിലാളികളും. ഇമാമിനു കയറി നില്‍ക്കേണ്ട 'മിമ്പറും' നിറം മങ്ങി വശം കെട്ടിരിക്കുന്നു. മറ്റൊരു വശത്തായി വായനശാലാ കെട്ടിടം ഉണ്ട് .പണ്ട്  പേര്‍ഷ്യൻ പുസ്തകങ്ങളാൽ നിറഞ്ഞിരുന്നിരിക്കണം, അവിടം.  

ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും മുംതാസ് മഹലിന്റെയും സ്മൃതി കുടീരങ്ങളുടെ മാതൃക താജിനകത്തുണ്ട്. ശരിയായ ഖബറിടം അതിനു താഴെ ഭൂമിക്കടിയിലാണ്. വര്‍ഷാവര്‍ഷം ഉറൂസ് നാളുകളിൽ  ഖബറിടങ്ങളിലേക്ക് ഭൂമി തുരന്നു പോവുന്ന പാത തുറക്കാറുണ്ടത്രെ .
 

യമുന അരികെ ശാന്തമായി ഒഴുകുന്നുണ്ടായിരുന്നു. മഴയത്ത് ചുവന്നു പോയ നദിയുടെ കുറുകെ ഒരു കറുത്ത തോണി എങ്ങോട്ടോ പോവുന്നു. അക്കരെ നിന്ന് അപ്പോഴും ധോലിന്റെ ശബ്ദം. ഭജന്‍. ദൂരെ ആഗ്ര കോട്ട നെടുങ്കനെ നില്ക്കുന്നു.
 നിറങ്ങൾ, നൃത്തങ്ങൾ
പിറ്റേന്ന് ആഗ്ര കോട്ടയിലും കൊട്ടാരത്തിലുമായിരുന്നു. രാജാക്കന്മാരുടെ സുഖലോലുപതകളുടെ അവശിഷ്ടങ്ങൾ  !  അക്ബറും ജഹാംഗീറും ഷാജഹാനും ഒക്കെ കാലക്രമം അനുസരിച്ച് ജീവിച്ചു തീര്‍ത്ത കൊട്ടാരം ആയിരുന്നു അത്.  ആനയും കുതിരയും മല്ലന്മാരും നിരന്നിരുന്ന കൊട്ടാര അങ്കണം. പട്ടു കുപ്പായങ്ങൾ ഉലഞ്ഞാടിയ അകത്ത ളങ്ങൾ. അകിലും ചന്ദനവും മണത്തിരുന്ന, ശരറാന്തലുകൾ  മുനിഞ്ഞു കത്തിയിരുന്ന അരമനകൾ  . എന്റെ വിഷ്വലുകൾ  ഒരു സഞ്ജയ് ലീല ബന്‍സാലി സിനിമ പോലെ നിറങ്ങൾ  നൃത്തം ചെയ്ത് സമൃദ്ധമായി.  


ജോധാഭായിക്ക് വേണ്ടി അക്ബർ ചക്രവർത്തികൊട്ടാരത്തിനകത്ത് നിര്‍മ്മിച്ച അമ്പലവും  (പിന്നീടത് ഔറംഗസേബ് പൊളിച്ചു കളഞ്ഞു )  പ്രണയത്തിന്റെയും സുഖലോലുപതയുടെയും കാര്യത്തില്‍ അഗ്രഗണ്യനായ ജഹാംഗീറിന്റെ അംഗൂരി ബാഗ് നിന്നിരുന്ന സ്ഥലവും ( പിന്നീടവിടെ ഒരു മീന്‍ കുളം നിര്‍മ്മിക്കപ്പെട്ടുവത്രെ. മുംതാസും ഷാജഹാനും, വിനോദമെന്ന നിലയ്ക്ക്  ഖാസ് മഹലിന്റെ  മട്ടുപ്പാവിൽ  നിന്ന് ഈ കുളത്തിലെ മീനുകളെ അമ്പെയ്യുമായിരുന്നുവത്രേ!) ജഹാംഗീറിന്റെ എണ്ണിയാൽ  ഒടുങ്ങാത്ത വെപ്പാട്ടികൾ  താമസിച്ചിരുന്ന മുറികളും  ഖാസ് മഹലും നാഗീന മസ്ജിദും   ഇടനാഴികളും ഒക്കെ പിന്നിലേയ്ക്ക് പൊയ്ക്കൊണ്ടേയിരുന്നു. 


വസന്തത്തിന്റെ നിഴലുകൾ
ഇപ്പോൾ  നില്‍ക്കുന്നത് ഒരു കണ്ണാടി മാളികയിൽ  ആണ്.ഷീഷ്  മഹൽ! മുംതാസ് മഹലിന്റെ കുളിപ്പുര ആയിരുന്നുവത്രെ അത്! കേവലം നാല്‍പതു വര്‍ഷത്തിൽ  താഴെ മാത്രം ഭൂമിയില്‍ ജീവിച്ച്, യൌവനത്തിന്റെ ഉത്തുംഗതയിൽ,കാട്   കത്തിയെരിയുന്നപോലെ വന്യമായ  പ്രണയം പ്രിയതമനിൽ  ബാക്കി വെച്ച് മറഞ്ഞ മഹാറാണി, ചക്രവര്‍ത്തിയുടെ സിരകളെ തീ പിടിപ്പിക്കാന്‍  നിറഞ്ഞു പൂക്കുന്ന വസന്തമായി  ഒരുങ്ങി ഇറങ്ങി ഇരുന്നത് അവിടെയായിരിക്കണം. 

യമുനയിലേക്ക് തുറക്കുന്ന ജാലകങ്ങൾ  ഉണ്ടായിരുന്നു ആ കുളിപ്പുരയ്ക്ക്. അകത്ത് ഭിത്തിയും മേലാപ്പും മുഴുവന്‍ കണ്ണാടിത്തുണ്ടുകൾ. മുംതാസ് മഹലിന്റെ സൌന്ദര്യം ആയിരം മടങ്ങുകളായി പ്രതിഫലിപ്പിച്ച് കാണിച്ചിരിക്കും അവ. ചൂട് വെളളവും പച്ചവെള്ളവും വെവ്വേറെ വരുന്ന ബാത്ത് ടബ്ബുകൾ. പല വാദ്യോപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ഭിത്തികൾ.  രാജകീയം! ഇത് എന്തൊരു പ്രേമം! പ്രണയിനിക്ക് ഇത്ര അധികം ജീവിത കാലത്ത് സജ്ജീകരിച്ച ചക്രവര്‍ത്തി അകാലത്തിൽ  പൊലിഞ്ഞു പോയ പ്രിയതമയ്ക്ക് കാലത്തെ അതിജീവിക്കുന്ന സ്മാരകം പണിഞ്ഞതിൽ  അപ്പോൾ അദ്ഭുതം തോന്നിയതെ ഇല്ല .കൊട്ടാരത്തിൽ സന്ദർശനാനുമതി ഇല്ലാത്ത ഒട്ടേറെ ഭാഗങ്ങൾ ഉണ്ട്..അവിടെ ഉണ്ടാവുമായിരിക്കും ചക്രവർത്തിനിയുടെ ഉറക്കറയും വിശ്രമ സ്ഥലങ്ങളും മറ്റു വിനോദ സ്ഥലങ്ങളും അനേകമനേകം രഹസ്യവഴികളും തുരങ്കങ്ങളുമെല്ലാം! ചരിത്രം എങ്ങനെ ഒക്കെ വളച്ചൊടിക്കപ്പെട്ടാലും ശരി , ഉന്മാദിയായ പ്രണയം ഉണ്ടായിരുന്നു അവിടെ..

അതേ  കെട്ടിടത്തിൽ  ആണത്രേ പുത്രനായ ഔറംഗസേബ്  ഷാജഹാനെ വീട്ടു തടങ്കലിൽ  പാര്‍പ്പിച്ചിരുന്നത്. ഷീഷ് മഹലിന്റെ മറ്റൊരു വശത്തുള്ള മട്ടുപ്പാവുകളിൽ  നിന്ന് നോക്കിയാൽ  ദൂരെ യമുനാ തീരത്ത് താജ് കാണാം. പ്രിയ പുത്രി ബേഗം ജഹാനാരയുടെ   സഹായത്താൽ ജീവിച്ചിരുന്ന വാര്‍ദ്ധക്യ കാലത്തും ഷാജഹാൻ ചക്രവര്‍ത്തി ആ മട്ടുപ്പാവിൽ  നിന്ന് പ്രിയപ്പെട്ടവളുടെ ഓര്‍മ്മയിൽ  ദൂരെ താജിലേക്ക് കണ്ണയക്കുമായിരുന്നുവത്രേ.  രോഗാതുരനായി മരിക്കും വരേയ്ക്കും അവിടമായിരുന്നുവത്രെ അദ്ദേഹത്തിനു പ്രിയപ്പെട്ട ഇടം . ഓർമ്മകൾ പെയ്യുമിടം !


യമുനയിൽ  അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ദൂരെ മഴയിൽ  കുതിര്‍ന്ന് താജ്. പ്രണയം ഒരു മഴയിലും തോര്‍ന്നുപോവുന്നില്ല!

Friday, January 24, 2014

അത്ര പ്രിയപ്പെട്ട കേശവന്‍നായര്‍ക്ക് ഇത്രമേല്‍ സ്നേഹത്തോടെ സാറാമ്മ!!"പ്രണയ കാലത്ത് തമാശ ആയിട്ടെങ്കിലും ബേപ്പൂർ സുൽത്താന്റെ സാറാമ്മയും കേശവൻ നായരും ആവാത്ത സാക്ഷര കേരളം ഉണ്ടാവില്ല .അവരുടെ സ്വപ്‌നങ്ങൾ എമ്പാടും ആകാശ മിട്ടായികളാൽ മധുരിക്കുകയും ചെയ്യും  ..ഫേസ് ബുക്കിലെ 'മലയാളം ബ്ലോഗേഴ്സ് ' ഗ്രൂപ്പ് നടത്തിയ ഒരു പ്രണയ ലേഖന മത്സരത്തിലേക്ക് തമാശ മാറ്റി വെച്ച് എഴുതിയത്... സുൽത്താന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമ പൂർവ്വം സാറാമ്മയുടെ മറുപടി .."
----------------------------------------------------------------------------------------------------------

കേശവന് -

സന്തോഷം തരുന്നതാണ് ഈ കുറിപ്പ്.. തീക്ഷ്ണ യൗവനം പലപ്പോഴും സ്നേഹ നിരാസങ്ങളുടെ മുറിപ്പാടുകൾ ആണ് ബാക്കി വച്ചത്. എന്നിട്ടും ജീവിതം മുൻപോട്ട് ആയത്തിൽ തുഴയുന്നത് ജീവിതത്തോടുള്ള പ്രണയം കൊണ്ടാണ് . പ്രണയത്തിനു ഒരു ഇന്ദ്രജാലക്കാരന്റെ മായാവിലാസങ്ങൾ ആണല്ലോ.. ഉള്ളും ഉടലും ഒരു പോലെ പൂക്കുന്ന പ്രണയം ! പലപ്പോഴും മനസ്സിനെ അപ്പൂപ്പൻ താടി പോലെ ഭാരമില്ലാതെ ആക്കുന്ന പ്രണയം .

സ്കൂളില്‍ പഠിക്കുന്ന കാലത്ത്, കുന്നുകള്‍ക്കും പ്രായംചെന്ന മരങ്ങള്‍ക്കുമിടയിലെ ഓടുമേഞ്ഞ, മഞ്ഞച്ച പടവുകളുള്ള പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞിറങ്ങുമ്പോള്‍ നിഴലുപോലെ ഒപ്പം നടക്കുമായിരുന്നു സ്വപ്നങ്ങള്‍. ഒരു പതിനാറു വയസ്സുകാരിക്ക് മാത്രം കാണാനാവുന്ന കിനാക്കള്‍. അവയ്ക്കു മാത്രം ഉരുക്കഴിക്കാന്‍ കഴിയുന്ന സങ്കീര്‍ത്തനങ്ങള്‍. വീട്ടിലേക്ക് ഒറ്റ വഴിയാണ്. കരിയിലകള്‍ വീണുകിടക്കുകയാവും അവിടെ. ചുറ്റിലും വന്‍മരങ്ങളുടെ തണലാണ്. എനിക്കു മുമ്പേ കാലെടുത്തുവെയ്ക്കുന്ന സ്വന്തം നിഴലിന് ഞാന്‍ പ്രണയമെന്ന് പേരിട്ടിരുന്നു. 'പ്രണയമേ എന്റെ പ്രണയമേ' എന്ന് ഏകാന്തതകളില്‍ ഒറ്റയ്ക്ക് കേണിരുന്നു. വിജനമായ വഴിയിലൊരിടത്തു വെച്ച് ഒരു നാള്‍ എന്നിലേക്ക് പ്രണയാതുരമായ ഒരു നിലാവ് പൊടുന്നനെ പെയ്യുമെന്ന് സങ്കല്‍പ്പിച്ചു കൂട്ടിയിരുന്നു. 

ഓല മേഞ്ഞ വീടിന്റെ ഇറയത്തുനിന്ന് വിഷാദം കലര്‍ന്ന സ്വരത്തില്‍ ഇറങ്ങിയോടി മഴ മണ്ണിനെ പുല്‍കുമ്പോള്‍ ഏകാകിയായ ഒരു ജാലകത്തിലൂടെ ഞാന്‍ അത് നോക്കിയിരിക്കാറുണ്ടായിരുന്നു. മഞ്ഞു വീഴുന്ന ഡിസംബര്‍ രാത്രികളെ സ്വര്‍ണ്ണ വെളിച്ചം കൊണ്ട് മാറ്റിവരയുന്ന സൂര്യന്റെ പ്രണയം രാവുകള്‍ തോറും കിനാ കണ്ടിരുന്നു. വെയില്‍ വീഴുന്ന വൈകുന്നേരങ്ങളില്‍ ആരും വരാനില്ലാത്ത നടവഴിയിലൂടെ എന്നെ തിരക്കി വരുന്ന ഒരു വാക്കിനെ സങ്കല്‍പ്പിച്ചു വെച്ചിരുന്നു.
ഇപ്പോഴുമെപ്പോഴും കരുതുന്നതാണ്. കാര്യങ്ങള്‍ ഇങ്ങനെയല്ലെങ്കില്‍ മറ്റെന്താവുമായിരുന്നു എന്ന്! പ്രണയമേ പ്രണയമേ എന്നു കേഴുന്ന നേരത്ത് നിന്നെ കണ്ടിരുന്നെങ്കില്‍! എങ്കില്‍, പ്രണയത്തിന്റെ വൈകുന്നേരങ്ങള്‍ എന്നെ ഒരു വെള്ളപ്രാവാക്കിയേനെ. രാവ് വന്ന് ചേക്കേറുമ്പോള്‍, നിന്റെ സ്വപ്നത്തിലേക്ക് മെല്ലെ പറന്നുവന്ന് എന്നേക്കുമായി ഞാനവിടെ താമസിച്ചേനെ. ആകാശം നക്ഷത്രങ്ങളുടേത് എന്നു പറയാനുംവിധം ആ കൂടാവുമായിരുന്നു എന്റെ ലോകം. ..ആഴ്ച പതിപ്പുകളിലെ വെളുപ്പിൽ അച്ചടിച്ച് വരാറുള്ള കറുത്ത അക്ഷരങ്ങളോട് എനിക്ക് ഒടുങ്ങാത്ത പ്രണയം തോന്നിയിട്ടുണ്ട്.. അപ്പോഴൊന്നും സാക്ഷാൽ ആദി കേശവൻ എന്റെ മുന്നിൽ എനിക്ക് മാത്രമായി ഉള്ളു തുറക്കുമെന്ന് കരുതിയതെ ഇല്ല! എനിക്ക് പൂക്കാൻ മാത്രമുള്ള മരമായി മാറും എന്ന് കരുതിയതെ ഇല്ല ! 

നൊവേന ചൊല്ലിയും കൊന്ത ചൊല്ലിയും കുട്ടികളെ നോക്കിയും കാലം കഴിക്കേണ്ട ഒരു സാധാരണ ക്രിസ്ത്യാനി പെണ്ണാവുമായിരിക്കും ഞാൻ .ചിലപ്പോൾ സന്യാസത്തിന്റെ പരുക്കൻ വഴികളും എന്നെ മോഹിപ്പിക്കുന്നുണ്ട് . പ്രണയവും ദൈവവും ഒന്നായി മാറുന്ന അവസ്ഥ.. ഉടലുരുക്കങ്ങളിൽ നിന്ന് എത്രയോ മുകളിലുള്ള പ്രണയ പ്രപഞ്ചം ! എന്തായാലും ഈ കാലം ഇങ്ങനെ നിശ്ചലമായിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചു പൊവുന്നുവല്ലൊ സുഹൃത്തെ . പറഞ്ഞിട്ടെന്ത്, അതൊക്കെ പഴങ്കഥയാണിപ്പോള്‍. ജീവിതം അത്രയ്ക്കു ഒഴുകിപ്പോയിട്ടുണ്ടല്ലോ നമ്മുടെയൊക്കെ ഇടയിലൂടെ. എന്നിട്ടുമിപ്പോള്‍ അറിയാതെ ഞാനാ പതിനാറുകാരിയാവുന്നു ഇത് വായിക്കുമ്പോള്‍. ...... 


ഇപ്പോള്‍ കണ്ണാടിയില്‍ . നോക്കുമ്പോള്‍ കണ്ണുകള്‍ തുടിക്കുന്നു. നോക്കൂ, എന്റെ മുന്നിലിപ്പോള്‍ ആ കത്തുണ്ട്. അതില്‍നിന്ന് ഇറങ്ങി വന്ന് എന്റെ കൈ പിടിക്കുന്ന വാക്കുകളുണ്ട്. പ്രലോഭനീയമായ അതിന്റെ ഒളിഞ്ഞു നോട്ടമുണ്ട്. കണ്ണിറുക്കിയുള്ള ആ വിളിയുണ്ട്. എന്റെ സാറാമ്മേ എന്ന ചിരിയുണ്ട്. നമ്മളിത് വരെ പരസ്പരം കണ്ടിട്ടില്ല എന്നത് സത്യത്തിൽ ഞാൻ എപ്പോഴും മറന്നു പോവുന്നു. കാഴ്ചയുടെ രൂപഭംഗികളിൽ നിന്നുമൊക്കെ ഒരുപാടു മുന്നേറിയിരിക്കുന്നുവല്ലോ നമ്മൾ . ജന്മങ്ങളുടെ പിൻനടത്തങ്ങൾക്കിടയിൽ എവിടെ വച്ചെങ്കിലും നാം കണ്ടിരിക്കുമോ ? അല്ലെങ്കിൽ അനാദി ആയ ഭാവികാലങ്ങളിൽ എന്നെങ്കിലും ? ഒരു കയ്യകലകത്തിൽ നമ്മൾ ഇരുവരും ഉണ്ടെന്നാണ് എനിക്ക് തോന്നാറ് ..എനിക്ക് ചുറ്റും എനിക്ക് മാത്രം കാണാവുന്ന വസന്തം പിറക്കുമ്പോൾ കേശവനെ ഞാൻ അറിയാതിരിക്കുന്നത് എങ്ങനെ ?

 ആദി കേശവന്റെ പുല്ലാങ്കുഴലിൽ ഒരു വിഷാദരാഗം ബാക്കിയാവും ...യമുനയിൽ പതിയെ അത് അലയടിക്കുന്നുണ്ടാവും .മറ്റൊരു ജന്മത്തിൽ ഒരു പ്രണയ സുരഭിലകാലത്ത് ശ്രീ രാധയ്ക്കായി ഉതിർന്നൊഴിഞ്ഞത് !


-- പ്രിയ സാറSaturday, January 11, 2014

മൂന്ന് പുസ്തകങ്ങൾവായനയുടെ കറുത്ത പക്ഷത്തിലേക്ക് നടന്നടുക്കുമ്പോൾ ഒക്കെ പിണങ്ങിപ്പോയ വാക്കുകളെ തിരിച്ചു പിടിക്കുക മാധവിക്കുട്ടി എന്ന കമലയുടെ അക്ഷരങ്ങളിലൂടെ ആണ്. "നീല വർണ്ണവും ശംഖ നാദവും ഉള്ളതാണ് ഏകാന്തത " എന്ന് വായിക്കുമ്പോൾ പ്രാണനിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഏകാന്തത മെല്ലെ തൊട്ടു വിളിക്കും. 'മുഖത്ത് സുഷിരങ്ങൾ ഉള്ള ഗന്ധർവപ്രതിമ' ആവട്ടെ 'നീലപ്പക്ഷീ സൂര്യാസ്തമനം' ആവട്ടെ - ചന്ദന ഗന്ധമുള്ള വാക്കുകൾ അക്ഷരം പൂക്കുന്ന താഴ്‌വരയിൽ എന്നെ വീണ്ടും കൊണ്ട് ചെന്നാക്കും.  ഓരോ മനുഷ്യരും വ്യത്യസ്ഥർ  ആണല്ലോ ഓരോ വായനയും വ്യത്യസ്ഥവും. പ്രിയമുള്ളൊരു പാട്ട് എങ്ങനെ മനസ്സിന്റെ കുഴഞ്ഞു മറിഞ്ഞ അലകളെ  നിശ്ചിത ക്രമത്തിലേക്ക് വീണ്ടെടുക്കുന്നുവോ അങ്ങനെ !  ഇത്തവണ അങ്ങനെ പാകപ്പെടുത്തിയത് "മാധവിക്കുട്ടിയുടെ "ഡയറി കുറിപ്പുകൾ " ആണ് .

"ഒരുവൾ നടന്ന വഴികൾ " എന്ന തലക്കെട്ട് തന്ന ഇഷ്ടം മാത്രമായിരുന്നു അത് വാങ്ങിക്കുമ്പോൾ ഉണ്ടായിരുന്നത്. ഇന്നത് വായിക്കാൻ എടുക്കും വരേയ്ക്കും ആ പേര്   തന്ന പിടയ്ക്കുന്ന കൊളുത്തി വലിക്കൽ അല്ലാതെ അത് എന്തിനെ കുറിച്ച് പറയുന്നു എന്ന് പോലും അറിയില്ലായിരുന്നു. ഒരു കാലത്ത് നാമജപം പോലെ എപ്പോഴും ഞാൻ കേട്ടിരുന്ന പേര് ആണ് "സാറ ടീച്ചർ " എന്നത്. 'വിക്ടോറിയ കോളേജിൽ പഠിച്ചിരുന്ന കാലത്തെ എന്റെ മൂത്ത സഹോദരിയുടെ പ്രിയപ്പെട്ട അദ്ധ്യാപിക.  ആലാഹയുടെ പെണ്‍ മക്കളും പാപത്തറയും നിലാവ് അറിയുന്നവരും തന്ന "സാറ ടീച്ചർ " പുസ്തകത്തിന്റെ മുഖപേജിൽ ചിരിച്ചിരിക്കുന്നു .

സാറ എന്ന പതിനഞ്ചര വയസ്സുകാരി ആയ ഒരുവൾ താണ്ടി വന്ന വഴികൾ തന്നെ ആണ് അത് . ചെറിയ കുറിപ്പുകളായി സ്നേഹവും കലഹവും പ്രണയവും കലർന്ന ജീവിതം സധൈര്യം കുറിച്ചിട്ടത് .വ്യവസ്ഥിതി കളോട് കലഹിക്കുന്ന ഓരോ സ്ത്രീയിലും ഉണ്ടാവും ഇത് പോലെ നടന്ന വഴികൾ . സമൂഹം വാരിയിടുന്ന കനലും മുള്ളും ചേർന്ന വഴികൾ .

 യാദൃശ്ചികമെന്നോണം രണ്ടും ആത്മാംശം ഉള്ള കുറിപ്പുകൾ .! അതിശയകരമായി ഈ  രണ്ടു പുസ്തകങ്ങളും എന്നെ കൊണ്ട് ചെന്ന് എത്തിച്ചതാവട്ടെ സത്യവതിയിലും .ബംഗാളിന്റെ അഞ്ജേയമായ ഗ്രാമങ്ങളിലും.! പ്രിയ ചങ്ങാതി പറഞ്ഞറിഞ്ഞു വാങ്ങിച്ച പുസ്തകം ആണ് 'പ്രഥമ പ്രതിശ്രുതി ' കഠിനമായൊരു ക്ഷോഭ കാലത്താണ് സത്യവതിയെ ഞാൻ അതിരറ്റ സ്നേഹത്തോടെ മനസ്സിലേക്ക് എടുത്ത് വെച്ചത് .

ചതുര വടിവുകളിൽ തീർത്ത സാമൂഹ്യക്രമങ്ങളോട് കലഹിക്കാതെ ആശാ പൂർണ്ണ ദേവി എന്ന അമ്മയ്ക്ക് സത്യവതിയോടുള്ള കടമ നിറവേറ്റാൻ ആവില്ല. ബകുളിനെയോ പാറുൾമാരെയോ ഇത്ര ഹൃദ്യമായി വരച്ചിടാൻ ആവില്ല !ദീനതാരിണിയും ഭുവനേശ്വരിയും ശാരദയും മോക്ഷദയും സൌദയുടെയുമൊക്കെ യായി അനവധി സ്ത്രീ ജീവിതങ്ങൾ 'പ്രഥമ പ്രതിശ്രുതി ' കാണിച്ചു തരുന്നുണ്ട്. സുമംഗലിയുടെയും വിധവയുടെയും സപത്നിയുടെയും കാമുകിയുടെയും വൃദ്ധയുടെയും യുവതിയുടെയുമൊക്കെ വികാരങ്ങൾ -വിചാരങ്ങൾ -വിക്ഷോഭങ്ങൾ.!

ഇനി ഒരിക്കൽ കൂടി 'പ്രഥമ പ്രതിശ്രുതി '  വായിക്കാതിരിക്കുന്നതെങ്ങിനെ !

Wednesday, January 8, 2014

ചില നേരക്കുറികൾ

(ചില നേരക്കുറികൾ - ഫേസ് ബുക്കിലെ കടലാഴങ്ങളിൽ താഴ്ന്നു പോവാതിരിക്കാൻ മാത്രം ഇവിടെ സൂക്ഷിച്ചു വയ്ക്കുന്നു ) 

1
കഥകളും പാട്ടുകളും കോർത്തിട്ട ഒരു പൂമരച്ചില്ല .. 
രണ്ടു തീരങ്ങളിൽ നിന്ന് വന്ന് രണ്ടു തവിട്ടു പൂച്ചകൾ അവിടെ കുട്ടികാലം നോല്ക്കുന്നുണ്ടായിരുന്നു .
രാക്ഷസൻ കോട്ടയിലെ പൂങ്കാവനത്തിൽ കളിയൊച്ചകൾ നിലച്ചപ്പോൾ പെയ്ത മഞ്ഞു കാലം പോലെ, 
പെട്ടെന്നൊരു മഞ്ഞു കാലം ! മഞ്ഞിൽ നിന്ന് തല നീട്ടി പുറത്ത് നോക്കിയ ലില്ലിപ്പൂ വീണ്ടും മഞ്ഞു പുതപ്പിലേക്ക് മടങ്ങി ....ഇനി കുട്ടികൾ വരുമ്പോഴേ കൂറ്റൻ മതിൽ കെട്ടിനുള്ളിൽ വസന്തം നിറയൂ ..അത് വരേയ്ക്കു മഞ്ഞുറക്കം !


                                                   *******************************************2
തീക്കാലത്തിനു ശേഷം വന്നതൊരു പൂക്കാലം..
പൂക്കളുടെ കിനാവിൽ ഒരു പൂമ്പാറ്റ ..
കഥ മരത്തിന്റെ ചില്ലയിൽ 
ചാഞ്ഞ് തൂങ്ങി ഇനിയുമേറെ കഥകൾ ..
ആയിരത്തി ഒന്ന് രാവും കഴിഞ്ഞ് ..
രാജകുമാരൻ ഉറക്കമൊഴിഞ്ഞിരിക്കും .


                                                 *******************************************3
ആദാമിന്റെ മഞ്ഞു പുതപ്പിലേക്ക് 
തുളഞ്ഞു കയറിയൊരു തീ -ഹവ്വ 
ഒരു കുഞ്ഞു പനി , കടൽ കടന്നു വന്ന് -
കാണിച്ചു തരാം എന്ന് പറഞ്ഞത് 
ഏദൻ തോട്ടത്തിലെ പച്ചമരത്തണൽ 
ഇലത്തലപ്പുകൾ ക്കപ്പുറം തന്ത്രശാലി ആയൊരു പാമ്പ്‌ 
ഇല്ല; ഒന്നുമില്ല-
ചിന്തകൾക്ക് മേലിപ്പോഴൊരു നീല മേലാപ്പ് 
അവിടെ; പുതിയ മഴവില്ലൊന്ന് വിരിയുന്നു 


( പനിയും മലായിക്കയും ഒന്നിച്ചു വന്നു പൊള്ളിച്ചപ്പോൾ ..) ..
                                                *******************************************

4
സ്വപ്നങ്ങളുടെ പല മാതിരി കഷണങ്ങൾ ..
ഒരു ജിഗ്ശോ പസിൽ പോലെ..

പിടി തരാതെ നീങ്ങുന്ന സ്വപ്നങ്ങളുണ്ട്. 
കാഴ്ചയുടെ കൊതി തന്നു മോഹിപ്പിച്ചു കടന്നു കളയുന്നവ 

പുലിയായും നരിയായും വന്ന "പൂതത്തെ " പോലെ 
പേടിപ്പിച്ചു രസിക്കുന്ന ചില സ്വപ്നങ്ങളും ഉണ്ട്.

ചെറി മരങ്ങളോട് വസന്തം ചെയ്യുന്നത് പോലെ 
സ്വപ്നങ്ങൾ ചിലപ്പോൾ അടിമുടി പൂത്തുലയുന്നു .

ക്ഷമാലുവായ ഒരു കുട്ടി 
കുറെ നേരത്തെ ശ്രമപ്പെടലിനു ശേഷം 
മുഴുവനാക്കിയ ചിത്ര സമസ്യയിൽ 
ഗോപുര മുകളിൽ നിന്ന് താഴേക്ക് വരെയും 
നീണ്ടു കിടക്കുന്നത് റപൂന്സലിന്റെ സ്വർണ്ണമുടിത്തിളക്കം. 


(ഒരേ തരത്തിലുള്ള ഭ്രാന്തുകളുമായി ലോകത്ത് ഒരു പാട് പേർ ജീവിക്കുന്നുണ്ടാവും ..
ഒരേ തരത്തിലുള്ള സ്വപ്നങ്ങൾ പലയിടങ്ങളിൽ ചിതറി കിടക്കുന്നുണ്ടാവും.)


  • " നേരക്കുറികൾ  " എന്ന തലക്കെട്ടിന് കടപ്പാട് മാധ്യമം ദിന പത്രത്തിൽ "ഹുംറ ഖുറൈഷി" എഴുതുന്ന കോളത്തിനോട് .
  •  മലായിക്ക - നാസിക് അൽ മലായിക്ക എന്ന ഇറാഖി കവയത്രി.
  • ചിത്രങ്ങൾക്ക്  കടപ്പാട് സാജിദ അബ്ദുറഹ്മാന്റെ പ്രൊഫൈൽ ചിത്രങ്ങളോട് .

Friday, January 3, 2014

രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ഒരു പുതിയ ലോകം പിറക്കുന്നു!


    അറബിക്കടലിൽ നിന്നും അസ്ഥി തുളപ്പിക്കുന്ന തണുപ്പിനെ ചുമന്ന് വീശുന്ന ഷമാൽ ശീതക്കാറ്റ് അവരെ  തൊടുന്നതേ  ഉണ്ടായിരുന്നില്ല.ലോകത്തെ മുഴുവനും വാതിലിനു പുറത്താക്കി കൊട്ടിയടച്ചു കൊണ്ട് അത്ര മേൽ  ഗാഢമായൊരു ചുംബനലഹരിയിൽ ആയിരുന്നു അവരപ്പോൾ . ബുർജ് ഖലീഫയുടെ നെടുങ്കൻ ഗോപുരത്തിന് കീഴെ ഉള്ള കൃത്രിമ ജലാശയത്തിലെ സംഗീതത്തിനൊപ്പം ,നൃത്തം വെയ്ക്കുന്ന ജലധാര കാണാൻ ആ തണുപ്പൻ വൈകുന്നേരത്തിൽ ആളേറെ ഉണ്ടായിരുന്നു. സംഗീതം നിലച്ച ഇടവേളകളിലൊന്നിൽ കണ്ടവർ തിരിച്ചു പോവുകയും പുതിയ സംഘം ആളുകൾ വന്നു കൊണ്ടിരിക്കുകയും ഒരിക്കൽ കണ്ടവർ തന്നെ വീണ്ടുമൊരിക്കൽ കൂടി ആകാശത്തെ തുളഞ്ഞു പൊങ്ങുന്ന ജലനൃത്തം കാണുവാനുമായി തിങ്ങുന്നുണ്ടായിരുന്നു .അവിടെയാണ് ഒരു വിളക്ക് കാലിന് കീഴെ നീലക്കണ്ണുള്ള ആ ചെറുപ്പക്കാരനും സ്വർണ്ണത്തലമുടിയുള്ള  പെണ്‍കുട്ടിയും ഒരു ചുംബനമുദ്രയിൽ ലോകത്തെ മറന്ന് വെച്ചത് .

   
   കൈകോർത്ത് എത്തിയ ചില പ്രണയക്കണ്ണുകൾ അത് കാണ്‍കെ പാരവശ്യത്തോടെ പരസ്പരം കൊത്തിവലിച്ചു .ചില സദാചാരക്കണ്ണുകൾ വെറുപ്പിന്റെ തിരയിളക്കത്തോടെ കണ്ണുകൾക്ക്‌ മേൽ അമർത്തി വെക്കുന്ന വികാരങ്ങളുടെ മൂടുപടം ഒന്ന് കൂടെ വലിച്ചിട്ടു .അമ്മക്കണ്ണുകൾ ഇല്ലാത്ത അമ്പിളി മാമനെ കാണിക്കാൻ കുഞ്ഞിക്കണ്ണുകളെ ആകാശത്തേക്ക് പറിച്ചു നട്ടു. വികൃതികളായ ചെറുപ്പക്കാർ ക്യാമറ കണ്ണുകളിലേക്ക് ആ ദൃശ്യം പകർത്തി ഗൂഢമായ ആനന്ദം സ്വയം നിറച്ചു. അപ്പോഴും എല്ലാ കണ്ണുകളും തെന്നി മാറി അവരുടെ മേൽ പതിച്ചു കൊണ്ടേ ഇരുന്നു. ഒരു ബെല്ലി ഡാൻസറുടെ മെയ് വഴക്കത്തോടെ അപ്പോഴേക്കും ജലധാര ദ്രുതതാളത്തിൽ ചുവട് വെക്കാൻ തുടങ്ങിയിരുന്നു . അവർക്ക് മാത്രം കേൾക്കാൻ ആവുന്ന ശബ്ദത്തിൽ അവരപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. അവന്റെ കൈകൾക്കുള്ളിൽ ചേർന്ന് അവളും , ലോകത്തിന്റെ നിറുകയിൽ എന്ന പോലെ അവനും അവിടെ തനിച്ചു നിന്നു . എന്നിട്ട് പതിയെ മറു ലോകത്തേക്ക് തിരിച്ചു നടന്നു. ഒരു ചുംബനം കൊണ്ട് ലോകത്തിനു ഒന്നും സംഭവിച്ചതും ഇല്ല ! അവർക്കിടയിൽ ജനിച്ചത് ഒരു പുതിയ ലോകവും !
The world is born when two people kiss – Octavio Paz 

(ചിത്രം :  വിഖ്യാത ആസ്ട്രിയൻ  ചിത്രകാരൻ Gustav Klimt ന്റെ "The  Kiss ")