Tuesday, June 25, 2013

വിവാഹമോ വിദ്യാഭ്യാസമോ ?

ഒമ്പതു മുതല്‍ പത്തുവരെയാണ് ഋതു മതിയാവുന്ന പുതിയ പ്രായക്കണക്കുകള്‍. അപ്പോള്‍, ഒമ്പതാം വയസ്സ് മുതല്‍ സ്ത്രീ ശരീരം തയ്യാറാണ് -വിവാഹിതയാവാനും കൌമാര പ്രായത്തിലേ തന്നെ അമ്മയാവാനും, പിന്നീട് വരുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരിടാനും. നിയമപ്രകാരം തന്നെ നടക്കുന്ന ഭര്‍ത്താവിന്റെ രണ്ടാം (പല ) വിവാഹങ്ങളെ നേരിടാനും ഒക്കെ അവള്‍ ഒമ്പതിലേ പ്രാപ്തയാണ് എന്നര്‍ത്ഥം. ഹലാലിന്റെ പേരില്‍ നടക്കുന്ന അതിക്രമം ആണല്ലോ അതും! എന്തിന് പ്രായം 16 ആക്കുന്നു ?
വിദ്യാഭ്യാസം നേടേണ്ട പ്രായം ആണ് കൌമാരം. ഈ നിയമം , മിഡില്‍ / അപ്പര്‍ മിഡില്‍ ക്ലാസ്സില്‍ നില്ക്കുന്ന വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്കുന്ന മുസ്ലിം കുടുംബങ്ങളെ ഒരു തരത്തിലും ബാധിക്കില്ല . നിയമ സാധുതയില്‍ കരിഞ്ഞുണങ്ങാന്‍ പോവുന്നത് ലോവര്‍ കാറ്റഗറിയില്‍ ഉള്ള പെണ്‍കിനാക്കള്‍ ആണ് . ഉള്‍ നാടുകളില്‍ ഇപ്പോഴും പ്ലസ് ടു (മുന്‍പ് അത് പത്താം ക്ലാസ്സ് ) വരെയേ പെണ്‍ചിരികള്‍ക്ക് നിറമുള്ളൂ. . അത് കഴിയുമ്പോള്‍ അവള്‍ പളപളപ്പുള്ള ചോളിയും കനം കൂടിയ സ്വര്‍ണ്ണ മാലകളും ധരിച്ച് പുയ്യാപ്ലയുടെ അവധി തീരും വരെ ,(അല്ലെങ്കില്‍ പുതുക്കം മാറും വരെ ) വിരുന്നുണ്ട് നടക്കും. അതു കഴിയുമ്പോള്‍ അടുക്കളക്കലമ്പലുകളിലേക്കും, കുട്ടിത്തം മാറുന്നതിനു മുമ്പേ ഉള്ള അമ്മയാവലിലേക്കും അവള്‍ വീണു പോകും.
അപവാദങ്ങള്‍ എന്നോണം വിവാഹ ശേഷവും പഠനം തുടരുന്ന പെണ്‍കുട്ടികള്‍ ഉണ്ട്. ചെറു പ്രായത്തില്‍ തന്നെ വിവാഹം കഴിച്ചു പോവുന്നവരല്ല, ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്നവര്‍ ആണെങ്കില്‍ പഠിപ്പ് പൂര്‍ത്തീകരിക്കാറുമുണ്ട്.
ഒരു ബന്ധുവിന്റെ മകളുടെ കല്യാണം കൂടേണ്ടി വന്നു ഒരവധിക്കാലത്ത് . അവരുടെ കുടുംബത്തില്‍ 18 വയസ്സൊക്കെ പെണ്ണിനു ചെക്കനെ കിട്ടാത്ത പ്രായം ആണ് .പ്ലസ് ടു വിനു പഠിക്കുന്ന പെണ്‍കുട്ടി കല്യാണത്തിന് സാധാരണ വധുക്കള്‍ അണിയാറുള്ള മേക്ക് അപ്പ് പോലും വിസമ്മതിച്ചിരിക്കുന്നു. കരഞ്ഞു കലങ്ങിയിരുന്നു അവളുടെ കണ്ണുകള്‍. അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, പഠിക്കാന്‍ മിടുക്കി ആയിരുന്നു ആ കുട്ടി എന്നാണ്. പക്ഷേ ആ പ്രായത്തില്‍ കല്യാണം കഴിഞ്ഞു പോയില്ലെങ്കില്‍ ആ ഗ്രാമത്തില്‍ (ഒറ്റപ്പാലത്തിനടുത്തുള്ള പാലക്കാടന്‍ ഉള്‍നാടന്‍ ഗ്രാമം) കല്യാണ മാര്‍ക്കറ്റില്‍ രണ്ടാം കെട്ടുകാര്‍ക്ക് നിന്ന് കൊടുക്കണ്ടി വരും എന്ന ഭീതിയൊ അജ്ഞാനമോ ആണ് ആ നാട്ടുകാരെകൊണ്ട് അവരുടെ പെണ്‍കുഞ്ഞുങ്ങളെ ഇങ്ങനെ നേരത്തെ കല്യാണം കഴിച്ചയപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. പുയ്യാപ്ലയുടെ അവധി തീരുന്നതിനു മുന്‍പ് തന്നെ അവള്‍ ഗര്‍ഭിണിയും ആയി. ആദ്യ ദിവസങ്ങളില്‍ ആരും കാണാതെ ചാടുകയായിരുന്നു അവള്‍. സന്തോഷത്തിന്റെ തുള്ളിച്ചാട്ടമല്ല. ഗര്‍ഭം, അലസാനും വീണ്ടും സ്കൂളില്‍ പോകാനുമുള്ള ചാട്ടം..
ബോധവല്‍ക്കരണം നടത്തുന്നതിന് പകരം ഈ നിയമത്തിനു കുട പിടിക്കാതിര്‍ക്കുക, ദയവ് ചെയ്ത്. ഗള്‍ഫില്‍ 50 ഡിഗ്രി ചൂടിലും പര്‍ദ്ദ പുതയ്ക്കുന്ന അറബിക്കൊച്ചമ്മമാരെ ഉദാഹരണം ആക്കുന്നതിനൊപ്പം , ഈ നാടുകളില്‍ നില നില്‍ക്കുന്ന ശക്തമായ മെഹര്‍ സമ്പ്രദായം കൊണ്ട് വരാന്‍ ധൈര്യമുണ്ടാവുമോ നമ്മുടെ ഭരണനേതൃത്വത്തിന്?
പാശ്ചാത്യ നാടുകളിലെയും ആഫ്രിക്കന്‍ നാടുകളിലെയും വിവാഹപ്രായനിരക്കുകള്‍ ഉയര്‍ത്തിക്കാട്ടി ഈ സര്‍ക്കുലറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നു കൂടി പറയാന്‍ ഉണ്ട്. 15^16 വയസ്സു മുതല്‍ പാശ്ചാത്യ നാടുകളില്‍ കുട്ടികള്‍ സ്വയം പര്യാപ്തര്‍ ആവാന്‍ ശീലിച്ച് തുടങ്ങണം. അവരവരുടെ വിദ്യാഭ്യാസത്തിനും മറ്റുള്ള ആവശ്യങ്ങള്‍ക്കുമുള്ള തുകകള്‍ പാര്‍ട് ടൈം ജോലി ചെയ്തും മറ്റും അവര്‍ തന്നെ സംഘടിപ്പിക്കണം. ഉന്നത വിദ്യാഭ്യാസം തീരുന്നത് വരെ മാതാപിതാക്കളെ ആശ്രയിക്കുന്ന നമ്മുടെ നാട്ടില്‍ അതാണോ അവസ്ഥ? സ്വയം പര്യാപ്തരാണോ അവര്‍? ഉണ്ടെങ്കില്‍ പാശ്ചാത്യ നാടുകളിലെ പോലെ ആരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങാതെ പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്യ്രവും 16 വയസ്സും മുതല്‍ ലിംഗ ഭേദമെന്യേ നമ്മുടെ കുട്ടികള്‍ക്ക് കൂടി കൊടുക്കേണ്ടതാണ്.
പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തര ശ്രമങ്ങളും കാലാകാലങ്ങളില്‍ ഉള്ള ഗവണ്‍മന്റുകള്‍ നല്കി വന്ന ജോലി വിദ്യാഭ്യാസ സംവരണങ്ങളും ഒക്കെ മുസ്ലീം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനു നല്ല പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ജോലി സമ്പാദനത്തിനുള്ള കുറുക്ക് വഴി മാത്രമല്ല , അതു സംസ്കാരികോന്നതിയിലേക്കും അവകാശബോധങ്ങളിലേക്കുമുള്ള ചുവട് വെയ്പ്പുകള്‍ കൂടി ആണ്.

കൌമാര കുതൂഹലങ്ങളുടെയും കളിചിരികളുടെയും പ്രായം ഈ കുട്ടികളില്‍ നിന്ന് തട്ടി എടുക്കാതിരിക്കൂ. ഇവരില്‍ നിന്ന് ഒരു കിരണ്‍ ബേദിയോ സുനീത വില്യംസോ തവക്കുല്‍ കര്‍മാനോ ഒക്കെ ഉണ്ടായേക്കാം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്കുന്ന സര്‍ക്കാറുകള്‍ ഉണ്ടാകും എന്ന ശുഭ ചിന്തയോടെ നാന്ദി! നന്ദിയും!!
ജാലകം