Tuesday, February 25, 2014

അലിഫെഴുത്തുകള്‍

അലിഫെഴുത്തിൽ , അബുന്‍ - അര്‍സുന്‍ പഠിച്ച മദ്രസ വീട്,
മുഹമ്മദുസ്താദിന്റെ വീടിന്റെ പുറം കോലായ , അല്ലെ റുബീ ?

സൂചി മുല്ലയുടെ മണം ആയിരുന്നു ഇളം നിറത്തിലുള്ള  മല്ലിന്റെ എന്റെ തട്ടത്തിന് .
നിന്റേത്,  മുക്കോണിലുള്ള തിളങ്ങുന്ന ദുബായ് തട്ടം.

കോലായയിലൊരറ്റത്ത് ഉസ്താദിന്റെ മിനുങ്ങുന്ന മൊട്ടത്തല.
നീളന്‍ ചാരു കസേരയില്‍ വെളുത്ത ജുബ്ബയും മുണ്ടും,
അരികില്‍ ആരെയും അടിക്കാത്തൊരു  പാവം ചൂരലും ...
ചുമന്നു മിനുത്ത തിണ്ണയിൽ ഞാനും നീയും അഷ്റഫുമൊക്കെ
ഉസ്താദിന്റെ നരച്ച സ്നേഹ കണ്ണിനു കീഴെ അലിഫെഴുത്തുകാർ

കോലായയുടെ മറ്റേ അറ്റത്ത് തര്‍ക്കുത്തരം പറയുന്നൊരു തത്തമ്മ.
സഫിയാന്റെ വല്ലിമ്മാന്റെ സ്വര്‍ണ്ണനിറത്തിലുള്ള കോളാമ്പി
ആടലോടകത്തിന്റെ കരിമ്പച്ച തിളങ്ങുന്ന വേലിത്തലപ്പ് ..
പെരുന്നാള്‍ക്കാലത്ത്  മൊട്ടയായി പോവുന്ന,
നല്ലോണം ചോക്കുന്ന 'ഉസ്താദിന്റവടത്തെ' മൈലാഞ്ചി.


ഇപ്പോള്‍ മദ്രസ രണ്ടായല്ലോ ,
റെയില്‍ പാളത്തിനപ്പുറവും ഇപ്പുറവുമായി -
 മഞ്ഞ വെയിലത്ത്
പാളം മുറിച്ച് ഒരു കറുത്ത പര്‍ദ്ദക്കുട്ടി അങ്ങോട്ട് ,
ഒരു വെളുത്ത തൊപ്പിക്കുട്ടി ഇങ്ങോട്ടും .
പുറത്ത് തൂങ്ങുന്ന പുസ്തക സഞ്ചിയില്‍ ശ്വാസം മുട്ടി അലിഫെഴുത്തുകള്‍...

അല്ലേ  റുബീ ...:)

Thursday, February 20, 2014

(ചാറ്റ്) ജാലകക്കാഴ്ചകൾ




ജാലകം 1.

'എന്തിനാണിങ്ങനെ ഉപദേശിക്കുന്നത് ?
എന്റെ വഴികൾ തിരഞ്ഞെടുക്കാൻ എനിക്കറിയാം.'
ഒരേ ചതുരവടിവിലും അക്ഷരങ്ങൾ ധാർഷ്ട്യത്തോടെ കനത്തു.
എന്നിട്ടും അയാൾ സന്മാർഗ്ഗ പാഠാ വലിയുടെ കടും കെട്ടഴിച്ചു.
മക്കളെത്ര?
ഭര്‍ത്താവ്?
ഭക്ഷണം പാകം ചെയ്തോ?
അതല്ലേ നിങ്ങളുടെയൊക്കെ പണി
പെണ്ണെന്നാല്‍...
നല്ല അമ്മ-  ഭാര്യ- അടുക്കള ഉത്തമ ഭാര്യയുടെ work station 
ചെടിപ്പ്! ചെടിപ്പ് ! ചെടിപ്പ്!!
ഞാനോടി രക്ഷപെടട്ടെ 

ജാലകം 2.

സീരിയലോ ! ഛെ!! എന്നൊരു പെണ്ണ് 
പോസ്റ്റ്‌ മോഡേൻ വനിതാ പ്രതി നിധി 
പാചക പരിപാടികളോ എനിക്കത് വശമില്ല എന്ന് 
ഒരേ ചതുരവടിവില്‍
അക്ഷരങ്ങള്‍ മുഖം കോട്ടി.

ജാലകം 3.

ലോക്കൽ വാർത്താ ചാനലുകളോ ?
നുണ തുപ്പുന്നവ !
CNN?
BBC ?
Max Robinson?
Bob Young? 
ഷെൽഫിൽ വായിക്കാൻ ഒരുപാട് പുസ്തകങ്ങൾ ഉണ്ട് 
ഛെ! സമയം ഇല്ലൊന്നിനും !


സ്വീകരണ മുറി 

ചിതറി കിടക്കുന്ന വനിതാ മാഗസിനുകൾ...
തുറന്നു വെച്ചിരിക്കുന്ന പേജിലൊരു ഫിഷ്‌ മോളി.


കിടപ്പ് മുറി 

ചേട്ടാ... അത് പോലൊരു ഡയമണ്ട് സെറ്റ്...
 അമ്മായി അമ്മ സീരിയലിന്റെ ഇന്നത്തെ പഞ്ച് !

Tuesday, February 18, 2014

എന്നിട്ടും, ആ വഴി ആവോളം കൂടെ പോന്നു.



വഴി അടച്ചിരുന്നു;
വഴിയുടെ പിന്നറ്റത്ത് ആ വീട്ടിലേക്കുള്ള വാതിലും. 

അടഞ്ഞ വാതിലിനപ്പുറം 
എന്റെ കുട്ടിക്കാലം ഉണ്ടായിരുന്നു.
ചെമ്പകച്ചോട്ടില്‍ ഒരൂഞ്ഞാലും.

അവിടെ,
കര്‍ട്ടന്‍ പ്ലാന്റിനിടയില്‍
കോലായിലിരുട്ടില്‍ വീഴുന്ന 
വെയില്‍ വട്ടം,
പുത്തരി ചോറിന്റെയും 
വരമ്പത്തുണ്ടായ വള്ളിപ്പയറിന്റെയും 
കൊതിയൂറും രുചി ,
ആകാശത്തോളം ഉയരത്തില്‍ 
ഒരു വൈക്കോല്‍ കൂന,
ആഞ്ഞു  ചവിട്ടി ദൂരെ മറയുന്നൊരു 
ഹെര്‍ക്കുലീസ് സൈക്കിള്‍.

പിന്നെ, 
മരപ്പാവ ഉണ്ടാക്കി തരാം തരാം 
എന്ന് പറഞ്ഞു പറ്റിക്കുന്നൊരു 
ചെറിയച്ഛനും  ഉണ്ടായിരുന്നു.
മുഖക്കുരുപ്പാടുകളില്‍ കസ്തൂരി മഞ്ഞള്‍ തേച്ച് 
മഞ്ഞച്ചിരിക്കുന്ന ഒരു കുഞ്ഞമ്മയും 
തീവണ്ടിപ്പാതയില്‍  ചെവി ചേര്‍ത്താല്‍ 
തീവണ്ടി ഇരമ്പം കേള്‍ക്കാമെന്ന് 
പറഞ്ഞ കളി ചങ്ങാതിയും.

ഇപ്പോള്‍  
ആ വാതില്‍ അടച്ചിരിക്കുന്നു 
ആ വഴിയും. 
എന്നിട്ടും ആ വഴി ആവോളം കൂടെ പോന്നു..



തേജസ് -ഖതർ രണ്ടാം വാർഷിക സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചത്..
ജാലകം