Monday, November 17, 2014

(എന്റെയും) രഹസ്യ താവളം

ആകാശത്തേയ്ക്ക് ഒരു കോണി ഉണ്ടാക്കിയിട്ടുണ്ട് .
ഒരു ഒറ്റമുറിയും
നിലാവിൽ നിന്റെ മുഖം കണ്ടന്നു മുതൽക്കാണ് 
ആകാശത്തേയ്ക്ക് ഒരു കോണി ഉണ്ടാക്കണം എന്ന് തോന്നി തുടങ്ങിയത്.
പാവക്കുട്ടികളെ നിറച്ച ഒരു മുറി ഉണ്ടാക്കണം എന്നാണു ആദ്യം കരുതിയത്
പക്ഷെ പാവക്കുട്ടികളെ ഉണ്ടാക്കാൻ വേണ്ട പഞ്ഞിതുണ്ടുകൾ തരാതെ
മേഘക്കൂട്ടങ്ങൾ എന്നെ പറ്റിച്ച് കടന്നു കളഞ്ഞു.
എന്നാലും ലാവന്റർ നിറത്തിലുള്ള പൂക്കൾ കൊണ്ട്
ഞാനിവിടം അലങ്കരിച്ച് വെച്ചിട്ടുണ്ട്.
പുലരുമ്പോൾ നീ വരിക,
ഈ കോണിയുടെ മറ്റേ അറ്റം എന്റെ (രഹസ്യ)ഭൂമിയിൽ
മാലാഖമാർ കാവൽ നിൽക്കുന്ന പച്ചിലക്കാട്ടിലേയ്ക്ക്
വേരാഴ്ത്ത്തിയിട്ടുണ്ട് .
നീ വരുമല്ലോ...
ഇന്നീ രാവിൽ തനിച്ചിരുന്ന് ഉതിർന്ന് വീഴുന്ന നക്ഷത്രങ്ങളെ
ഞാൻ പെറുക്കി കൂട്ടട്ടെ..
കല്ലിച്ചു പോയ ഈ രാത്രിയിൽ നീ വരും വരെ
മറ്റെന്താണ് എനിക്ക് ചെയ്യാൻ ഉള്ളത്.
നിലാവിൽ എന്റെ ചിരി പകുത്തെടുത്തവനേ .
ഒരു നക്ഷത്ര പൂ മാല ഞാൻ കൊരുത്ത് വെച്ചിട്ടുണ്ട് .

വര : Jasy Kasim -(The Secret Space )
(നോക്കി നോക്കി ഇരിക്കെ സ്നേഹം കൂട്ടുന്ന ഈ ചിത്രം വരച്ച ജാസി ദീദിയ്ക്ക് ഉമ്മയോളം പോന്ന ഉമ്മ . ആയിരം വാക്കുകൾക്ക് പകരം ആണ് ഒരു ചിത്രം..എന്നിരുന്നാലും ഈ ചിത്രത്തിന് വാക്കുകൾ കൊടുക്കാൻ ശമിച്ചത് ...അധികപ്പറ്റ് ആവില്ലെങ്കിൽ...)

(പേരില്ല ..ചിത്രവും )

ത്രേതാ യുഗത്തിൽ നിന്നും ദ്വാപരയുഗത്തിലെയ്ക്കൊരേ
നീലച്ച പാതയുണ്ടെന്നതും
സരയുവിൽ നിന്നും യമുനയിലേക്കൊരേ
കൈവഴിയുണ്ടെന്നതും
ഞാൻ മറക്കട്ടെ...
വാക്കുകളുടെ വിഷവിത്തുകളിൽ
ഇപ്പൊഴുമെന്നിൽ ബാക്കിയുണ്ടെന്നതും
വേദനകൾ കല്ല്‌ കെട്ടി താഴ്ത്താൻ തുടങ്ങിയെന്നതും
മലമ്പാതയിലേയ്ക്ക് ഭാരം കയറ്റി വരുന്നൊരു വാഹനം പോലെ
അതിങ്ങനെ വളഞ്ഞു പുളഞ്ഞു പതിയെ
കയറി വരുമെന്നതും മറക്കട്ടെ..
പളുങ്ക് വാതിലുകൾ ഉള്ള വീട്ടിൽ മറ്റൊരു കാലത്ത്
പൂക്കളെ സ്വപ്നം കണ്ടുറങ്ങിയെന്നും
കുട്ടിക്കാലം നോറ്റ പൂച്ചക്കുട്ടികളിൽ ഒന്നായി
രൂപം മാറിയിരുന്നുവെന്നും
എന്തിന് ! ഞാൻ ഒരു പൂമ്പാറ്റ ചിറകുകൾ ഉള്ള വനദേവത
ആയിരുന്നെന്നതും മറക്കാനേ പറ്റുന്നില്ലല്ലോ...

മഞ്ഞു കാലത്ത് ആത്മഹത്യ ചെയ്യാൻ പുറപ്പെട്ടു പോയ വെളുത്ത ലില്ലിപ്പൂവ്



പണ്ടൊരു,
മഞ്ഞുകാലത്തിന്റെ തണുത്ത നേരത്താണ്
ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് 
തീരുമാനിച്ചെന്നേ ഉള്ളൂ.
എങ്ങനെയാണ് ആത്മഹത്യ ചെയ്യുക എന്നത്
തുടരെ തുടരെ ആലോചിച്ചു കൊണ്ടേ ഇരുന്നു.
തോട്ടത്തിന്റെ മൂലയിൽ ഉടമസ്ഥൻ
കൊണ്ട് വെച്ച വിഷജലം ഉണ്ടായിരുന്നു.
എന്നെ പോലത്തെ പൂക്കളെ കരണ്ട് തിന്നു വികൃതമാക്കുന്ന
കീടങ്ങളെ നശിപ്പിക്കാനാ ണ ത് .
എന്നാലും അളവിൽ കൂടുതൽ അത് വേരിലമാർന്നാൽ
മരിക്കാമായിരുന്നു.
പക്ഷെ ഒരു പൂച്ചട്ടിയിൽ വളരുന്ന എനിക്ക്
നീട്ടിയെത്തിക്കാൻ വേരുക ളോ ഇലകളോ ഇല്ലല്ലോ
ഉള്ളതൊരു പാവം പുൽത്തലപ്പ് .
കമ്പിളിക്കുപ്പായവും ഇട്ടു രാത്രികളിൽ നാട് കാണാൻ ഇറങ്ങുന്ന
തുരപ്പൻ എലിയാണ് അവനെ കൊല്ലാൻ തോട്ടമുടമ
വെച്ചിരിക്കുന്ന എലിവിഷം വേണമെങ്കിൽ എടുത്ത്
തിന്നോളാൻ പറഞ്ഞത്.
എന്റെ വേരുകളുടെ ദൂര പരിധി മാത്രമല്ല
വെളുത്ത് മൃദുവായ എന്റെ പൂവിതളുകൾ
വിഷം തീണ്ടി കരി നീലച്ച് പോവില്ലേ ?
വേണ്ട ..അത് വേണ്ട..
ഒരു ചാണ്‍ കൂടെ ഉയരം വെച്ചാൽ എനിക്ക് മീതെ പടർന്നു നില്ക്കുന്ന
ശംഖു പുഷ്പത്തിന്റെ പുതിയ പൂവള്ളിയിൽ തല കുരുക്കി മരിക്കാമായിരുന്നു..
അങ്ങനെ തീർച്ചപ്പെടുത്തി ഇരുന്നപ്പോൾ ആണ്
മഞ്ഞുകാലത്തിന്റെ പുലരിയിലെയ്ക്ക്
ഇളം ചൂടിൽ ഒരു വെയിലുദിച്ചത്
മരിയ്ക്കുന്നതിന് മുൻപ് ഈ വെയിലെങ്കിലും
കൊള്ളാമെന്നു കരുതിയപ്പോഴാണ്
അപ്പോഴാണ്‌....
അങ്ങനെ ആണ് ഞാൻ ഇനി മരിക്കുന്നില്ലെന്ന്
തീർച്ച പ്പെടുത്തിയതാണ്...
അന്ന് മുതൽക്കാണ്
അന്ന് മുതൽക്കാണ് എന്റെ ഇതളുകളിൽ
ഈ ചുവപ്പ് രാശി പടർന്നു തുടങ്ങിയത്..!!

Monday, November 3, 2014

മുറിവായന




സമർപ്പണം : 101 ബാല കഥകൾ വിശുദ്ധ പുസ്തകമാക്കിയ രണ്ട് കുട്ടികൾക്ക് !

1. പറഞ്ഞ് തുടങ്ങുമ്പോൾ ഓരോ വായനയിലും അടയാളപ്പെടുത്തിയ ഒരു കാലം ഉണ്ട്. പലതും സഹജമായ മറവിയിലേക്ക് പുതഞ്ഞുവെങ്കിലും അന്നും ഇന്നും മനസ്സ് നങ്കൂരമിട്ടിരിക്കുന്ന ഒരു പുസ്തകം ആണ് 101 ബാല കഥകൾ . എന്റെ മൂന്നാം ക്ലാസ്‌ വേനലവധിക്കാലത്താണ്‌ '101 ബാലകഥകള്‍' എനിക്കും ചേച്ചിക്കുമായി അച്ഛന്‍ തന്നത്‌. അതുകൊണ്ട്‌ തന്നെ എന്റെ കഥക്കാലത്തിന്‌ വേനലിന്റെ സമ്മിശ്ര സന്ധമാണ്‌ കിളിമൂക്കന്‍ മാവിന്റെ താണ കൊമ്പത്തിരുന്ന് ആയതില്‍ കുലുങ്ങി വായനയെ സ്നേഹിച്ച്‌ തുടങ്ങിയ ആ കാലത്തിന്‌ പഴുത്ത മാങ്ങയുടെ, ചേരിന്‍ പഴത്തിന്റെ വേലിപ്പടര്‍പ്പില്‍ വിരിഞ്ഞ്‌ കൊഴിഞ്ഞ്‌ നില്‍ക്കുന്ന മുല്ലപ്പ്പൂവിന്റെ ഇഷ്ടികച്ചൂളയില്‍ നിന്ന് വരുന്ന ചൂട്‌ കാറ്റിന്റെ -പിന്നെ ആകാശം പൊട്ടിപ്പ്പ്പിളര്‍ന്ന് പെയ്യുന്ന പുതു മഴയുടെ ഒക്കെ മണമാണ്‌.  

ക്രിസ്തുമസ് സമ്മാനവും സന്തോഷവാനായ രാജ കുമാരനും നെഞ്ചിൽ നിന്നൊരു നീറ്റൽ കണ്ണിലേക്ക് ഇറ്റിച്ചത്  അവിടെ നിന്നാണ്. ഗ്രീക്ക് കഥകളിൽ നിന്ന് പണ്ടോരയും മിനർവ യും അരാചിനും ഒക്കെ സ്വപ്ന വാതിൽ തള്ളി തുറന്ന് അകത്ത് കയറി. പിന്നെ അവരൊന്നും ഇറങ്ങിയതെയില്ല... ജീവിതത്തിലേക്ക് ഒരു അമൂല്യ സമ്മാനം കൂടി ആ വിശുദ്ധ പുസ്തകം മറ്റൊരു കാലത്തിലേക്ക് എനിക്ക് കരുതി വെച്ചിരുന്നു.


2.പിന്നെ കവിതകളുടെ കാറ്റ് വരവിന്റെ കാലമായിരുന്നു .. "അന്നാ , എഴുനേൽക്കുക വസ്ത്രം ധരിക്കുക "  ഹാ ! ചുള്ളിക്കാടിന്റെ കവിതകൾ .. വിജയലക്ഷ്മിയുടെ ഒറ്റ മണൽത്തരിയും അയ്യപ്പൻറെ 'വെയിൽ തിന്നുന്ന പക്ഷി' യും തിന്ന നേരങ്ങൾ 

"I shut my eyes and all the world drops dead;I lift my lids and all is born again.(I think I made you up inside my head.) എന്ന് കുറിച്ചിട്ട സിൽവിയാ പ്ലാതിനെയും  ആ വഴിയെ തന്നെ നടന്ന നന്ദിതയെയും കൊണ്ട് കഴിച്ച് കൂട്ടിയ    വിഷാദത്തിന്റെ ഒച്ചയില്ലാത്ത നേർത്ത നേരങ്ങൾ ! . എന്നാലും  "I am at last in love. ... me Is melting, even the hardness at the core O Krishna, I am melting" എന്നുരുകിയ  കമലാദാസിന്റെ " Only the soul knows how to sing" അത് തന്നെ ആയിരുന്നു പ്രിയ പുസ്തകം. എങ്ങനെയോ നഷ്ടപ്പെട്ടു പോയ പ്രിയ പുസ്തകത്തിന്റെ ഒരു പതിപ്പ്  ഡി സി ഔട്ട്‌ലെറ്റുകളിൽ കിട്ടാനില്ല .

കുടുംബത്തിന്റെ ചിട്ട വട്ടങ്ങളിലേയ്ക്ക് എടുത്തെറിയപ്പെട്ട ഒരു കാലം അന്യമായ പുസ്തക ഗന്ധങ്ങളുടെതായിരുന്നു .കുഞ്ഞുപാദസരങ്ങളും കണ്മഷിപ്പാടുകളും നിറഞ്ഞ ആ കാലത്ത് പുസ്തകങ്ങൾ പുറം ലോകത്ത് എവിടെയോ അലഞ്ഞു  .

3.പിന്നെയും പ്രണയത്തിലാവുക എന്നാണു കാലം എന്നോട് പറഞ്ഞത്..ആ പ്രണയം എന്നിലേക്ക് കുതറി ഒഴുകിയ പുസ്തകം ആണ്  "The museum of innocence" "പ്രണയത്തിന്റെ പുസ്തകം എന്നതിനേക്കാള്‍ വേദനയുടെ പുസ്തകമായാണ് 'മ്യൂസിയം ഓഫ് ഇന്നസന്‍സ്' അനുഭവിച്ചത് . പ്രണയ കാലത്തെ അടയാള പ്പെടുത്താനായി ഒരു മ്യൂസിയം തന്നെ സൃഷിട്ച്ച അനുഭവത്തിൽ മുറിഞ്ഞല്ലാതെ വായിച്ചു തീർക്കാൻ ആവില്ലത് .

4.അപ്പോൾ "കൊളറാ കാലത്തെ പ്രണയത്തെ" കുറിച്ച് പറയാതെ ഇരിക്കുന്നതെങ്ങനെ.? Florentino Ariza യും Fermina Daza യും ഗാബോയുടെ മാന്ത്രികതയിൽ ബാക്കി വെച്ച ഉന്മാദത്തെ കുറിച്ച് പറയാതെ പോവുതങ്ങനെ ? 

5.പ്രണയത്തിന്റെയും രതിയുടെയും തിളനില  കൂടിയ സൂക്ഷ്മ തലങ്ങളിലേയ്ക്ക് കൊണ്ട് പോവുന്ന lover of lady chatterley  by D. H. Lawrenceഒരു മനോഹരമായ വായനയാണ്.

6.കുട്ടിക്കാലം തിരികെ തന്ന Totto-chan ( Tetsuko Kuroyanagi) പ്രിയമുള്ള മറ്റൊന്ന്. ടോമോ യിലെ തീവണ്ടി പള്ളിക്കൂടവും കൊബയഷി മാസ്റ്റരും നിഷ്കളങ്കമായ വികൃതിയും ഒക്കെ കുഞ്ഞി കണ്ണുകളിലൂടെ പറയുന്ന ടോടോ , ഇടയ്ക്ക് എന്നോടും പറയാറുണ്ട്.. "നീ ഒരു നല്ല കുട്ടിയാണ്" 

7.കവിതയുടെ വാക്കടയാളങ്ങളിൽ പ്രണയം ശ്വസി പ്പിക്കുന്ന ലെബാനോനിലെ പ്രണയ  പ്രവാചകൻ ! 

'പ്രിയേ എന്നെ ചുംബിക്കുക,ശിശിരത്തിനും ഹേമന്ത ത്തിനും
 കീഴടക്കാൻ ആവാത്തത്  നമ്മുടെ അധരങ്ങളുടെ ചലനത്തെ മാത്രമാണ്.
  നീ എന്നരികിൽ എത്തിയിരിക്കുന്നു.
നീ എന്നും എന്റെത് തന്നെയാകുന്നു.
നിദ്രയാകുന്ന സാഗരം എത്ര അഗാധവും അനന്തവുമാണ് 
എങ്കിലും പ്രഭാതം എത്ര സമീപത്താണ് '

 പേജ് നമ്പർ 44 - പ്രണയ ജീവിതം -ജിബ്രാൻ . പറഞ്ഞു വന്നത് ജിബ്രാൻ എന്ന പുസ്തകം തന്നെ!


8.അജീത് കൌറിന്റെ 'ഖാനാബ ദോശി'ന്റെ വിവർത്തനം 'താവളമില്ലാത്തവർ -  , വായിച്ച് തീർന്നപ്പോൾ ഉള്ളിലെ ചില മറയിടങ്ങൾ പൊള്ളി പിടഞ്ഞു . 'സംഭവ പരമ്പര - എന്ന അദ്ധ്യായത്തിൽ ജീത്ത് ഇങ്ങനെ കുറിക്കുമ്പോൾ മുറിവിൽ നിന്ന് ഉറവ പൊട്ടിയ പരിഹാസത്തിന്റെ ചുവ അതിനുണ്ട്.

" ഏറ്റവും വലിയ അപരാധം- സ്ത്രീ ആയത് രണ്ടാമത്തെ തെറ്റ്- ഏകയായ സ്ത്രീ ആവുക മറ്റൊരു തെറ്റ് - ഏകയായി സ്വന്തം കാലിൽ ഉറച്ച് നിൽക്കുന്ന സ്ത്രീ. ഏറ്റവും വലിയ തെറ്റ് - സ്വന്തം കാലിൽ നിൽ ക്കുന്ന ബുദ്ധിമതിയും തന്റേടിയും ആയ സ്ത്രീ ആവുക. ഇതൊന്നും കൂടാതെ ജീത്ത് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു 'തെറ്റ്' പക്ഷേ എല്ലാ മനുഷ്യരിലും ഉള്ളതാണ്. സ്വന്തം 'കുറ്റങ്ങളോ'ടൊപ്പം ധൈര്യ പൂർവ്വം ജീവിക്കുക എന്നതാണ് അത് . ലോകത്തുള്ള മറ്റുള്ളവരുടെ വിചാരങ്ങളുമായി സന്ധിയില്ലാ സമരം ചെയ്യുക! 
കഠിനാദ്ധ്വാനത്തിനും ദാരിദ്ര്യത്തിനും ഇടയിലൂടെ ജീവിതത്തിന്റെ പെൻഡുലം to and fro മോഷനിൽ ഇളകി ആടുമ്പോഴും പേന തുമ്പിൽ നിന്ന് അഗ്നി പടരാൻ കാരണം ക്യാന്ടിയും ബൽദെവും ഓമ യും ഒക്കെ ഓരോ കാലങ്ങളിൽ അവശേഷിപ്പിച്ച് പോയ കനലുകൾ തൊട്ടെഴുതിയതിനാൽ ആവും.


9. ഉന്മാദത്തിന്റെ തീക്ഷ്ണ നിറങ്ങൾ എന്റെ കയ്യിലിരുന്ന് വിറയ്ക്കുകയാണ്.. !.ദൈവമേ! എന്തൊരു ജീവിതമാണ് ചിലർ ജീവിച്ച് തീർക്കുന്നത് .!ഇറങ്ങി പോകാൻ കൂട്ടാക്കാതെ വിൻസെന്റ് വാൻ ഗോഖ് എന്ന ചിത്രകാരൻ ചുകന്ന തലമുടിയും തീക്ഷ്ണമായ നോട്ടവുമായി മനസ്സിൽ അങ്ങനെ..അനുജൻ 'തിയോ' വിന്റേതല്ലാതെ മറ്റൊരിടത്ത് നിന്നും ഒരൽപം പോലും സ്നേഹം നേടാനാവാതെ ജീവിതം ഉപേക്ഷിച്ച് പോയ പരാജിതൻ ! ജീവിതത്തിൽ പ്രണയമില്ലാത്ത ഏതൊരാളെയും പോലെ..തികഞ്ഞ പരാജിതൻ എർസ്യുലയുടെ പ്രണയ നിരാസം മുതൽക്ക് , റഷേലിന്റെ കളിതമാശയ്ക്ക് മുന്നിൽ സ്വന്തം ചെവിയറുത്ത് സമർപ്പിക്കും വരേയ്ക്കും ദയാരഹിതവും നൈരാശ്യപൂർണ്ണവും ആയിരുന്ന വാൻ ഗോഖിന്റെ പ്രണയ ജീവിതം . വാൻ ഗോഖ് തന്ന് പോയ വേനൽ നിറങ്ങൾ ഉള്ളിൽ ഒലിച്ചിറങ്ങുന്നു .(lust for life- irving stone)

10. വേദനയുടെ പരലുകൾക്ക്‌ ഒരു സഞ്ചാര പഥമുണ്ട് .തെളിഞ്ഞ പുഴ വെള്ളത്തിൽ പായുന്ന പരലുകൾ പോലെ ..
ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് കൂട്ടമായി ..ചിലപ്പോൾ ആഴങ്ങളിലേയ്ക്ക് ഒരൊറ്റ പാച്ചിൽ ! 
Frida's Bed: (Slavenka Drakulic) വായിച്ചു തീർന്നപ്പോൾ സൂചിക്കുത്ത് പോലെ ഉള്ള തീവ്ര വേദന പകർന്ന് കിട്ടുക ആയിരുന്നു. വേദനയുടെ ക്യാൻവാസിൽ നിന്ന് മയമില്ലാതെ ചോര ഇറ്റു വീഴുന്നത് കണ്ടു ..എന്നിട്ടും ഒതുക്കമില്ലാത്ത ധൈര്യം ഫ്രിഡ എന്ന സ്ത്രീയെ ഊന്നു വടികൾ ഇല്ലാതെ ഉയർത്തി നിർത്തുന്നതും കണ്ടു .ഒരേ സമയം വേദനയും വേദനാ സംഹാരിയും ആവുന്ന പ്രണയവും കണ്ടു. .ഫ്രിഡ കാഹലോ എന്ന വിഖ്യാത ചിത്രകാരിയുടെ ജീവിതം - കടഞ്ഞ് തീരൽ -ചിത്രങ്ങൾ ! ചോരയുടെ ഉപ്പു രുചി ആണതിന്..

വായനയുടെ കറുത്ത പക്ഷത്തിലേക്ക് നടന്നടുക്കുമ്പോൾ ഒക്കെ പിണങ്ങിപ്പോയ വാക്കുകളെ തിരിച്ചു പിടിക്കുക മാധവിക്കുട്ടി എന്ന കമലയുടെ അക്ഷരങ്ങളിലൂടെ ആണ്. "നീല വർണ്ണവും ശംഖ നാദവും ഉള്ളതാണ് ഏകാന്തത " എന്ന് വായിക്കുമ്പോൾ പ്രാണനിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഏകാന്തത മെല്ലെ തൊട്ടു വിളിക്കും. 'മുഖത്ത് സുഷിരങ്ങൾ ഉള്ള ഗന്ധർവപ്രതിമ' ആവട്ടെ 'നീലപ്പക്ഷീ സൂര്യാസ്തമനം' ആവട്ടെ - ചന്ദന ഗന്ധമുള്ള വാക്കുകൾ അക്ഷരം പൂക്കുന്ന താഴ്‌വരയിൽ എന്നെ വീണ്ടും കൊണ്ട് ചെന്നാക്കും. ഓരോ മനുഷ്യരും വ്യത്യസ്ഥർ ആണല്ലോ ഓരോ വായനയും വ്യത്യസ്ഥവും. പ്രിയമുള്ളൊരു പാട്ട് എങ്ങനെ മനസ്സിന്റെ കുഴഞ്ഞു മറിഞ്ഞ അലകളെ നിശ്ചിത ക്രമത്തിലേക്ക് വീണ്ടെടുക്കുന്നുവോ അങ്ങനെ !  

ഇനിയും പല കാലങ്ങളും പല വായനകളും ഉണ്ട്...പക്ഷെ എനിക്കിപ്പോൾ..ഈ കാലം ആണ് ഇഷ്ടം...ഈ കാലത്ത് ഈ പ്രണയത്തിൽ ജീവിക്കാനും ...മരിക്കാനും ..


( ചാലഞ്ചുകളുടെ  കാലത്ത്   നിനച്ചിരിക്കാത്ത നേരത്തൊരു ചലഞ്ച് വന്നു പെട്ടു . പലയിടങ്ങളിൽ ആയി കുറിച്ചിട്ടത് complie ചെയ്ത് അതിനെ നേരിട്ടതാണ്..:) 

Friday, June 27, 2014

സ്വപ്നങ്ങളുടെ നോട്ടുപുസ്തകം മഞ്ജു വാര്യര്‍ വീണ്ടും തുറക്കുമ്പോള്‍

(ഒരു സിനിമ റിലീസ് ന്റെ രണ്ടാം ദിവസം തന്നെ പോയി കണ്ടത് മഞ്ജു എന്ന അഭി നേത്രിയോടുള്ള ഇഷ്ടം കൊണ്ട് തന്നെ ആണ്. കണ്ടപ്പോൾ എഴുതാതെ  വയ്യെന്നായി.. അഴിമുഖം പോർട്ടലിൽ പബ്ലിഷ് ചെയ്തത് ബ്ലോഗിൽ ചേർക്കുന്നു .അതേ ഇഷ്ടത്തോടെ ലിങ്ക് ഇവിടെ ഉണ്ട് : http://www.azhimukham.com/news/588/azhimukham)

റെജിന എം.കെ
Who decides the Expiry date of a Women's Dream ?'
പാതി എഴുതി മടക്കി വെച്ച സ്വപ്നങ്ങളുടെ ഒരു കുഞ്ഞു നോട്ടു പുസ്തകം ഉണ്ടാവും, ഇത്തിരിപ്പോന്ന ചതുരങ്ങളെ ലോകമെന്ന് വിശ്വസിപ്പിച്ച്, അതിനുള്ളില്‍ സ്വയം തിരുകി വെക്കുന്ന മിക്കവാറും എല്ലാ സ്ത്രീകള്‍ക്കും. എഴുതാതെ ഒഴിച്ചിട്ട ആ പാതിഭാഗമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമ 'ഹൌ ഓള്‍ഡ് ആര്‍ യൂ 'പൂരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മലയാളത്തിന്റെ തിരശ്ശീലയില്‍ പെണ്‍ജീവിതത്തിന്റെ ആഴിയും ആകാശവും കൊത്തിവെച്ച കഥാപാത്രങ്ങള്‍ക്കു ശേഷം കുടുംബ ജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് മറഞ്ഞ്, പിന്നീടിപ്പോള്‍ നാടകീയമായി തിരിച്ചെത്തിയ മഞ്ജുവാര്യര്‍ എന്ന നടിയിലൂടെ പൂരിപ്പിക്കപ്പെടുന്നത്, ആ ഒഴിഞ്ഞ പാതിയിടം തന്നെയാണ്. 
വെറുതെ ഒരു സിനിമ മാത്രമായി ഇതിനെ വായിക്കാനാവാത്തത് രണ്ടു കാരണങ്ങളാലാണ്. നമ്മുടെ കുടുംബ വ്യവസ്ഥയ്ക്കകത്തേക്ക് വലതുകാല്‍ വെച്ച് പ്രവേശിക്കുന്ന സ്ത്രീകളുടെ പില്‍ക്കാല ജീവിതങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളാണ് ഒന്ന്. 14 വര്‍ഷം നീണ്ട (ഭ)വനവാസ കാലത്തിനുശേഷം സ്വന്തം പ്രതിഭയിലേക്ക് തിരിച്ചണഞ്ഞ മഞ്ജു വാര്യര്‍ എന്ന നടിയുടെ തിരശ്ശീലയിലേക്കുള്ള മടങ്ങി വരവാണ് അടുത്തത്. നിരുപമ എന്ന നായിക കഥാപാത്രത്തിന്റെ ജീവിതത്തിനൊപ്പം സമാന്തരമായി മഞ്ജുവിന്റെ ജീവിതവും നാം വായിച്ചെടുക്കേണ്ടി വരുന്നു. സിനിമ കാണാന്‍ തിയറ്ററില്‍ ഇരിക്കുന്ന സ്ത്രീ പ്രേക്ഷകരുടെ ജീവിതവും ഇതിനു സമാന്തരമായി കടന്നു വരുന്നു. ഇതെല്ലാം ചേരുമ്പോഴാണ്, സാധാരണമായ ഒരു ചിത്രം അസാധാരണമായ വിധത്തില്‍ നമ്മുടെ ഉള്ളില്‍ കൊത്തിവെയ്ക്കപ്പെടുന്നത്. ഉള്ളില്‍ ഒരു പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നത്. 


അനന്യം എന്നോ സമാനതകള്‍ ഇല്ലാത്തത് എന്നോ വിശേഷിപ്പിക്കാവുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്നുമില്ല ഈ സിനിമയില്‍.  താന്‍ എന്തായിരുന്നു എന്ന് പോലും മറന്ന് പോയി,ആവര്‍ത്തനങ്ങളില്‍ അടിഞ്ഞ് പോവുന്ന ഒരു സാധാരണ മിഡില്‍ ക്ലാസ് ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ അതി സാധാരണ ദിവസങ്ങള്‍ കയ്യടക്കത്തോടെ മഞ്ജു അവതരിപ്പിക്കുന്നു. പലപ്പോഴും ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ശ്രീദേവി റിട്ടേണ്‍ സിനിമയെ ഹൌെ ഓള്‍ഡ് ആര്‍ യൂ ഓര്‍മ്മിപ്പിച്ചുവെങ്കിലും തിയറ്ററില്‍ കണ്ടത് നിര്‍ത്താത്ത കൈയടികളും ആവേശവുമായിരുന്നു. മഞ്ജുവിനെ വരവേല്‍ക്കുന്നതിന്റെതു മാത്രമായിരുന്നില്ല അത്. ക്യാമറ പലപ്പോഴും ചെന്നത് നമ്മുടെ പെണ്‍ജീവിതങ്ങളുടെ പച്ചയായ ഉള്ളകങ്ങളിലേക്ക് കൂടിയായിരുന്നു. 
ഇനി മഞ്ജു വാര്യര്‍ എന്താവും എന്ന മുന്‍ വിധികള്‍ക്കും, ഇത് വരെ മഞ്ജു എന്തായിരുന്നു എന്നുമൊക്കെ ഉള്ള പതംപറച്ചിലുകള്‍ക്ക് ഒപ്പം നില്‍ക്കാതെ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി, കലാകാരി പാതി അടച്ച് വെച്ച് പോയ സ്വപ്നങ്ങളുടെ പുസ്തകം തുറക്കുമ്പോള്‍ അവര്‍ അടയാളം വെച്ച് പോയ ബുക്ക് മാര്‍ക്ക് അവിടെ തന്നെ ഉണ്ട്.  ഒരു പേജില്‍ നിന്ന് മറ്റൊരു പേജിലേക്ക് പതിനാലു വര്‍ഷത്തിന്റെ ദൂരം. 
കുടുംബജീവിതം എന്ന ക്യൂ
നമ്മുടെ കുടുംബവ്യവസ്ഥ സ്ത്രീജീവിതങ്ങളോട് ചെയ്യുന്നത് എന്താണ്? സ്ത്രീയുടെ സ്വപ്നങ്ങള്‍ മാത്രം തണലിടങ്ങളില്‍ വളരുന്ന അലങ്കാര ചെടികള്‍ പോലെ ആവുന്നത് എന്തു കൊണ്ടാണ്? പഠന കാലങ്ങളിലും യൌവനത്തിലും പ്രതിഭയുടെ തിളക്കങ്ങള്‍ കാഴ്ച വെച്ച പെണ്‍കുട്ടികള്‍ പോലും കുടുംബം നല്‍കുന്നുവെന്ന് പറയുന്ന തണലിടങ്ങളില്‍  വളര്‍ച്ച മുരടിച്ച് നിറം മങ്ങുന്നത് എന്തു കൊണ്ടാണ്? 
'ഹൌ ഓള്‍ഡ് ആര്‍ യൂ' എന്ന ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ ഉള്ളില്‍ ബാക്കിയായത് ഈ ചോദ്യങ്ങളായിരുന്നു. പലപ്പോഴും ആലോചിച്ച കാര്യങ്ങള്‍. ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെ തൊട്ടാല്‍ ചോര പൊടിയുന്ന ചോദ്യങ്ങള്‍. 

നമുക്കറിയാം കുടുംബം എന്ന സ്ഥാപനത്തിലേക്കുള്ള സ്ത്രീയുടെ വരവിന്റെ കഥകള്‍.  പ്രണയത്തിന്റെ കൈ പിടിച്ചായാലും മാട്രിമോണിയല്‍ സൈറ്റുകളുടേയോ ദല്ലാള്‍മാരുടേയോ കൈ പിടിച്ചായാലും അത് ചെന്നു ചേരുന്നത് ഒരേ കുത്തൊഴുക്കിലാണ്. പത്തു പതിനഞ്ചു വര്‍ഷം കഴിയാതെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ഇട കിട്ടാത്ത ഒരു നീണ്ട ക്യൂ ആണത്. 
ആ ക്യൂവില്‍ നില്‍ക്കുന്ന ആദ്യ കാലങ്ങള്‍ മധുവിധുവിന്റേതും സ്വപ്നങ്ങളുടേതും ഒക്കെയാവും. ചിലര്‍ക്ക് അതു പോലും സാധ്യമാവണമെന്നില്ല. അതു കഴിയുമ്പോള്‍ വരും ആശുപത്രിയിലേക്കുള്ള ക്യൂ. ഗര്‍ഭകാലം നല്‍കുന്ന അമ്പരപ്പിക്കുന്ന അപരജീവിതം, പ്രസവം, കുഞ്ഞിക്കാല്‍ നല്‍കുന്ന ശുഭപ്രതീക്ഷകള്‍. നാലഞ്ച് വര്‍ഷം കഴിയും, കുട്ടിയുടെ വളര്‍ച്ചയുടെ തീവ്രപരിചരണത്തില്‍ നിന്ന് ഒന്ന് ദീര്‍ഘനിശ്വാസം വിടാന്‍. അപ്പോഴേക്കും വരും, അടുത്ത കുഞ്ഞ്. വീണ്ടും ഒരഞ്ചു വര്‍ഷം. ഇതിനിടെ, ജീവിതത്തിന്റെ മണവും നിറവും സ്വപ്നങ്ങളുമൊക്കെ മാറിയിരിക്കും. പങ്കാളിയുടെ സ്വപ്നവും ജീവിതവും ഇതോടൊപ്പം മാറിയിരിക്കും. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണം ഉണ്ടാക്കിയും അവരുടെ വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ടും നടുവേദനയും തലവേദനയും, അങ്ങനെയങ്ങിനെ ജീവിതം ഒഴുകിക്കൊണ്ടിരിക്കും. ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കില്‍ അവസ്ഥ പിന്നെയും മാറും. എല്ലു മുറിയെ പണിയെടുത്ത് വീട്ടില്‍ വന്നാല്‍ അവിടെ ഉണ്ടാവും പിടിപ്പത് പണി. എല്ലാം കഴിഞ്ഞ് തളര്‍ന്നുറങ്ങുന്നത് പിറ്റേന്നത്തെ തിരക്കുകളിലേക്കായിരിക്കും. അതൊരു നദിയില്‍ ഇറങ്ങി നില്‍ക്കുന്നത് പോലെയാണ്. തിരിച്ചു കയറാനാവാത്ത ഒഴുക്ക്. 
എല്ലാം കഴിഞ്ഞ്, കുട്ടികള്‍ വളര്‍ന്ന്, അവരുടെ വഴിക്കു നടത്തം തുടങ്ങും. അവര്‍ സ്വന്തം ജീവിതങ്ങളിലേക്ക് പതിയെ ഇറങ്ങുമ്പോള്‍, അന്തം വിട്ടു പോവുന്ന ഒരു ശൂന്യതയിലേക്ക് വീട്ടമ്മയുടെ വേഷത്തില്‍നിന്ന് എടുത്തെറിയപ്പെടും. അപ്പോഴായിരിക്കും ആ തിരിഞ്ഞു നോട്ടം. ആരായിരുന്നു താനെന്നും പാട്ടും എഴുത്തും സ്വപ്നങ്ങളും കലയും സിനിമയുമൊക്കെയുള്ള ഒരു ജീവിതം തനിക്കുമുണ്ടായിരുന്നു എന്നുമുള്ള തിരിച്ചറിവ്. എവിടെയായിരുന്നു ഇത്ര കാലമെന്ന അമ്പരപ്പ്. അടഞ്ഞു പോയ സ്വപ്നങ്ങളുടെ വഴി മടുപ്പും മടിയും ചേര്‍ന്ന് അടച്ചുവെയ്ക്കുമ്പോഴും, അറിയാതെ വിങ്ങിപ്പോവും. അത്തരമൊരു വഴിത്തിരിവില്‍ ഒരു സ്ത്രീ എത്തിപ്പെടുക പല സാധ്യതകളിലേക്കാണ്. സ്റ്റാറ്റസ്കോ നിലനിര്‍ത്തി എന്നേക്കുമായുള്ള അടഞ്ഞുപോവല്‍, സ്വപ്നങ്ങള്‍ തിരിച്ചെടുക്കാനുള്ള ആഗ്രഹങ്ങള്‍, അതിനുവേണ്ടി സമര്‍പ്പിക്കാനുള്ള  മനസ്സൊരുക്കം അങ്ങിനെ പല വഴികള്‍. കുടുംബത്തിന്റെ അന്തരീക്ഷത്തില്‍ പലപ്പോഴും അതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ തീവ്രമായിരിക്കും. അതിന്റെ സമ്മര്‍ദ്ദത്തില്‍ ചിലപ്പോള്‍ എല്ലാം മടക്കി വെയ്ക്കാന്‍ തോന്നും. വിഷാദത്തിലേക്കോ മടുപ്പിലേക്കോ ചെന്നു വീഴാം. ചിലര്‍ മാത്രം അതില്‍നിന്നു ഊര്‍ജം നേടി ഫീനിക്‌സ് പക്ഷികളാവും. സ്വന്തം പ്രതിഭയെയും സാധ്യതകളെയും തിരിച്ചറിയും. അവര്‍ക്കു നേരിടാന്‍ ഉണ്ടാവുക ഒട്ടും നല്ല കാര്യങ്ങള്‍ അല്ലെങ്കിലും. 


ഈ യാഥാര്‍ത്ഥ്യം മാറാത്തിടത്തോളം മഞ്ജുവാരിയര്‍മാര്‍ക്ക് സിനിമയിലേക്ക് തിരിച്ചു വരാതിരിക്കാന്‍ കഴിയില്ല. നിരുപമമാര്‍ക്ക് അവരുടെ ജീവിതത്തെ വീണ്ടെടുക്കാതിരിക്കാന്‍ കഴിയില്ല. അത്തരം സാഹചര്യം നിലനില്‍ക്കുന്നിടത്തോളം നമ്മുടെ വീട്ടകങ്ങളിലെ സ്ത്രീകള്‍ക്ക് മുഖം നോക്കാനാവുന്ന കണ്ണാടിയായി ഈ ചിത്രം മാറാതിരിക്കില്ല. 
മനസ്സിലാവാത്ത ഭാഷ
ഓഷോ പറയുന്നുണ്ട്. 'നിങ്ങള്‍ ഒരേ ഭാഷ സംസാരിക്കുകയാവാം. എന്നാല്‍ ഒരു ഭാഷയില്‍ തന്നെ പല ഭാഷകളുണ്ട് .ഒരു ഭാഷയ്ക്കുള്ളില്‍ മറ്റൊന്ന്. കവിയുടെ ഭാഷ ആവില്ല ശാസ്ത്രജ്ഞന്റേത്'. നമ്മുടെ വീടകങ്ങളിലെ നേര്‍ക്കാഴ്ചയും ഇത് തന്നെ. ഭാഷാപരമായി ഒരേ ഭാഷ സംസാരിക്കുമ്പോഴും പരസ്പരം മനസ്സിലാകാത്ത അടഞ്ഞ മുറികളാവുന്ന ബന്ധങ്ങള്‍. അങ്ങനെ ഒരു മടുപ്പിന്റെ, മനസ്സിലാവാത്ത ഭാഷ ആണ് നിരുപമയ്ക്കും രാജീവിനും ഇടയ്ക്ക് കനക്കുന്നത് .
അവര്‍ക്കിടയിലെ മടുപ്പിലും വിരസതയിലും നമ്മള്‍ ഓരോരുത്തരും ഉണ്ടെന്നതാണ് വാസ്തവം. ആ ചെടിപ്പില്‍ നിന്ന് രാജീവ് മകളുമൊത്ത് രക്ഷപ്പെടുന്ന വഴിക്കിടയില്‍ ആണ് തിരിച്ചറിവിന്റെ കളഞ്ഞ് പോയ താക്കോല്‍ നിരുപമയ്ക്ക് കിട്ടുന്നത്. ആ തിരിച്ചറിവിന്റെ താക്കോല്‍ കൊണ്ട് തുറക്കുമ്പോള്‍ കിട്ടുന്നതാവട്ടെ ആത്മവിശ്വാസത്തിന്റെ ഒരാകാശവും. ഒപ്പം നടക്കാന്‍ ഒരു ലോകവും. രാജീവനും നിരുപമയ്ക്കും ഇടയില്‍ കനക്കുന്ന ഫ്രസ്‌റ്റേഷന്റെ തീയില്‍ നിന്ന് നിരുപമയ്‌ക്കൊപ്പം അഭിമാനത്തോടെ നില്‍ക്കുന്ന രാജീവിലേക്ക് എത്തുമ്പോള്‍ എവിടെയൊക്കെയോ പാതി മുറിഞ്ഞുപോയ പെണ്‍സ്വപ്നങ്ങളുണ്ട്. അതു തുറക്കാനുള്ള താക്കോലും ഉണ്ട്!


ഒഴുകിപ്പോയ ഒരു കാലം ഉണ്ടാവും മിക്കവര്‍ക്കും ഇത് പോലൊക്കെ. ആ സ്ത്രീമനസ്സിലേക്കാണ് റോഷന്‍ ആന്‍ഡ്രൂസ് സൂം ഇന്‍ ചെയ്യുന്നത്. ഈ ചെറു ചിത്രം ഓരോ മിഡില്‍ ക്ലാസ് കുടുംബത്തിന്റെയും അകത്തളത്തിലേക്കാണ് കണ്ണ് തുറന്ന് വെക്കുന്നത്. മുറിഞ്ഞുപോയ സ്വപ്നങ്ങളെ തിരിച്ചുപിടിക്കാന്‍ ഓരോ സ്ത്രീയ്ക്കും ഉള്ള പ്രാപ്തിയിലേക്കാണ് ശുഭപ്രതീക്ഷയോടെ അത് വിരല്‍ ചൂണ്ടുന്നത്. 
പറയാന്‍ ഏറെ സന്ദര്‍ഭങ്ങളുണ്ട്. പോസിറ്റീവ് എനര്‍ജി ഉള്ളില്‍ നിറയ്ക്കുന്ന രംഗങ്ങള്‍. എന്നാല്‍, അതിലേക്ക് വരുമ്പോള്‍, സിനിമയുടെ കഥപറച്ചില്‍ മാത്രമായി ചുരുങ്ങും. അതിലേക്ക് പോവാതിരിക്കാന്‍ അതുണ്ടാക്കുന്ന ഫീല്‍ പകര്‍ത്തുകയോ വഴിയുള്ളൂ. 
മഞ്ജു വാരിയര്‍ക്ക് ഒരുമ്മ!
സ്‌കൂള്‍ യുവജനോത്സവ വേദികളില്‍നിന്ന് ചിരിച്ചുകയറി വന്ന, കത്തിച്ച നിലവിളക്കിന്റെ തെളിച്ചമുള്ള കുട്ടി ആയിരുന്നു മഞ്ജു വാര്യര്‍ നമുക്ക്. മൂന്നു വര്‍ഷവും മുപ്പതോളം സിനിമകളും കൊണ്ട് മലയാള സിനിമയില്‍ ഒരിടം സ്വന്തമായി ഉണ്ടാക്കി അവര്‍. താരരാജാക്കന്മാര്‍ക്കൊപ്പം ഈ സാധാരണ പെണ്‍കുട്ടിക്ക് വേണ്ടി സിനിമയുടെ അകത്തളങ്ങളില്‍ കഥ ഒരുങ്ങി. ആ കഥകളില്‍ കണ്ണെഴുതി പൊട്ടുംതൊട്ട് അവര്‍ ജ്വലിച്ച് നിന്നു. വിവാഹത്തിന് ശേഷം അഭിനയത്തിന്റെ വാതിലുകള്‍ അടച്ചുവെച്ച്  വീടിന്റെ പൂമുഖത്തേയ്ക്ക് അവര്‍ നിലവിളക്ക് കൊളുത്തി കയറിയപ്പോഴും മലയാളി സ്വന്തം വീട്ടിലെ കുട്ടി എന്നവണ്ണം സന്തോഷിച്ചു. ആകെ മാറിപ്പോയ മീഡിയ തരംഗത്തിനിടയ്ക്കും ആളുകള്‍ക്കിടയില്‍ വരാതെ കാത്ത സ്വകാര്യജീവിതമാണ് കുച്ചിപ്പുടിയുടെ ദ്രുതതാളത്തിനൊപ്പം വീണ്ടും തിരിച്ചുവന്നത്. ഒപ്പം കേരളം ഒരുപാട് ചര്‍ച്ച ചെയ്ത അവരുടെ സ്വകാര്യ പ്രശ്‌നങ്ങളും. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ എന്ന് വേണമെങ്കില്‍ ചേര്‍ത്ത് വായിക്കാവുന്ന 'ഹൌെ ഓള്‍ഡ് ആര്‍ യു'വുമായി മഞ്ജു തിരികെ എത്തുമ്പോള്‍ പ്രേക്ഷകര്‍ അതേ സ്‌നേഹം തന്നെ ആണ് കരുതിവെയ്ക്കുന്നത്.
ഓരോ വര്‍ഷവും വരുന്ന പുത്തന്‍ താരോദയങ്ങളില്‍ മലയാളികള്‍ തേടിയിരുന്നു, 'മഞ്ജുവിനെ പോലൊരാളെ'. പതിനാലു വര്‍ഷവും ഒഴിഞ്ഞു കിടന്ന ആ ഇടത്തിലേക്ക് പ്രായത്തിന്റെ ആകുലതകള്‍ ഇല്ലാതെ അവര്‍ തിരിച്ചുവരികയാണ് ഈ ചിത്രത്തിലൂടെ. കണ്ണെഴുതി പൊട്ടും തൊട്ടും കന്‍മദവും സമ്മര്‍ ഇന്‍ ബേത്ലേഹെമും തന്നുപോയ ഇഷ്ടം അത് പോലെ  ബാക്കി ഉള്ളതിനാലാവും, മറ്റൊരാള്‍ക്കും അവകാശപ്പെടാന്‍ ഇല്ലാത്ത ഈ വരവേല്‍പ്പ് അവര്‍ക്ക് ലഭിക്കുന്നത്. 
സന്തോഷമാണ് ഈ സിനിമ ബാക്കിവെക്കുന്ന ഭാവം. ഉള്ളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാന്‍, മറന്ന പാട്ടുകള്‍ മൂളാന്‍, മറന്ന സ്വപ്നങ്ങളെ ഓര്‍ത്തെടുക്കാന്‍, ലോകത്തെ സന്തോഷത്തോടെ സ്വീകരിക്കാന്‍ കരുത്തു തരുന്ന ഒരു പോസിറ്റീവ് എനര്‍ജി എന്ന് അതിനെ വിശദീകരിക്കാം. ആ സന്തോഷത്തില്‍, പ്രിയപ്പെട്ട മഞ്ജു വാരിയര്‍ക്ക് ഒരുമ്മ!

Friday, May 23, 2014

കുടിയേറ്റക്കാരന്റെ വീട് - എന്നോട് പറഞ്ഞത്


വായിച്ചുമടക്കി വെക്കുന്നത് 'കുടിയേറ്റക്കാരന്റെ വീട്' ആണ് .  ചെന്ന് കയറേണ്ടതും അതിലേയ്ക്ക് തന്നെ.

ഒരു വേനലില്‍ നിന്ന് മറ്റൊരു വേനലിലേയ്ക്കുള്ള യാത്ര. വേവിലേയ്ക്കുള്ള യാത്ര. വട പാവ് മുതല്‍ കുബൂസ് വരെ നീളുന്ന  ഒരുപാട് നിര്‍വചനങ്ങള്‍ ഉള്ള ഈ ദേശാന്തര യാത്രകളെ  എനിക്കങ്ങനെ ആണ് എഴുതി വെയ്ക്കാന്‍ തോന്നുന്നത്. പ്രവാസത്തിന്റെ ദിനസരികളില്‍ നിന്ന് വഴക്കിട്ടിറങ്ങി പാര്‍ക്കുന്ന ഒളിയിടത്തില്‍ ഇരുന്ന് മുസഫറിനെ വായിച്ച് തീരുമ്പോള്‍ പ്രാചീനമായ സഞ്ചാര വഴികള്‍ ഒക്കെയും തെളിഞ്ഞ് വരും പോലെ.

നാട് കടത്തലിന്റെ, ഒളിച്ചോട്ടത്തിന്റെ, മനുഷ്യ പ്രയാണത്തിന്റെ, പ്രാക്തനമായ ഈ സഞ്ചാര പഥങ്ങള്‍ അത്രയും എത്തിച്ചേരുന്നത് അതി ജീവനത്തിന് മനുഷ്യന്‍ എത്തിപ്പെടുന്ന സമാന്തരമായ മറുപാതയിലേയ്ക്കാണ്. തായ് വേരറുക്കപ്പെട്ടവന്റെ വിഹ്വലതയാണ് ഓരോ സാദാ പ്രവാസിയ്ക്കും. നനഞ്ഞിറങ്ങി വേരാഴ്ത്തിയ മണ്ണില്‍ നിന്ന് പറിച്ച് മാറ്റി മറ്റൊരിടത്ത് വേരുറപ്പിക്കാന്‍ സാധിക്കാതെ പതിയെ ഉണങ്ങി കരിഞ്ഞു പോവുന്ന പടുവൃക്ഷം.

'ഞണ്ട് കാട്ടില്‍ കുടുങ്ങുന്ന കുരുവി'യിലെ പോലെ കുരുക്കഴിക്കാന്‍ ഒരിക്കലും സാധിക്കാത്ത  പ്രവാസികളുടെ എണ്ണമറ്റ കാഴ്ചകള്‍ കണ്ടിരിക്കുന്നു ഇക്കാലമത്രയും.  ഒരു പവര്‍ പോയന്റ് പ്രസന്റേഷനില്‍, മൌസ് ക്ലിക്കില്‍ മാറി വരുന്ന സ്ലൈഡുകള്‍ പോലെ ഓരോ മുഖങ്ങള്‍, ഓരോ കാലങ്ങളിലൂടെ. കുറച്ച് കാലത്തേയ്ക്ക് അസ്വസ്ഥതപ്പെടുത്തുമെങ്കിലും സ്വന്തം കാര്യങ്ങളുടെ ഒറ്റച്ചുരുക്കത്തിലേയ്ക്ക് ഒട്ടക പക്ഷിയെ പോലെ മുഖം പൂഴ്ത്തുമ്പോള്‍ , അവയൊക്കെ ഓര്‍മ്മകളുടെ unused space ലേയ്ക്ക് ഒഴുകിപ്പോകാറാണ്  പതിവ് .

ഈ പുസ്തകത്തിലെ ഓരോ വാക്കും ഓരോ വരിയും പ്രവാസിയുടെ ഉള്ളു പൊള്ളിക്കുന്ന നേരറിവാകുന്നതും അത് കൊണ്ട് തന്നെ ആവും. പല കാലങ്ങളില്‍ എഴുതിയ കുറിപ്പുകള്‍ ഒന്നിച്ചൊരു പുസ്തകരൂപം ആയപ്പോള്‍ , അതില്‍ പ്രവാസത്തിന്റെ അനുഭവവും ആകുലതയും പഠനവും വിശകലനവും ഒക്കെ ഇടകലരുന്നു.
അതിന്റെ വിശാലമായ ലാന്‍ഡ് സ,കേപിലെക്ക് പാകിസ്ഥാനിയും ബംഗാളിയും പലസ്തീനിയും ഒക്കെ മലയാളിയ്ക്ക് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്നു .

മലയാളി പ്രവാസിയുടെ പൊങ്ങച്ച പ്രശ്നങ്ങള്‍ക്കൊപ്പം  യുദ്ധ ഭീതിയില്‍ പ്രാണന്‍ പിടയുന്ന പശ്ചിമേഷ്യന്‍ പ്രവാസങ്ങളുടെ ദൈന്യ ഭാവങ്ങളും ഭക്ഷണത്തളികയില്‍ വീണ മനുഷ്യന്റെ കണ്ണ് പോലെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു. മലയാളിയുടെ പൊങ്ങച്ചത്തിന്റെ തുറുകണ്ണിലേയ്ക്കും അത് പേടിയോടെ നീളുന്നുണ്ടായിരുന്നു .

പൌെലോ കൊയലോയുടെ വാക്കയരീസിലെ പോലെ മരുഭൂവിന്റെ സൌെന്ദര്യവും വന്യതയും ഭീതിയും അത് അടയാളപ്പെടുത്തു ന്നുണ്ടായിരുന്നു.

പ്രവാസത്തിന്റെ ചുഴിച്ചിത്രങ്ങളില്‍ തെളിമ ഇല്ലാതെ കിടക്കുന്ന പെണ്‍ പ്രവാസങ്ങളും ഏറെ ഉണ്ട്. ഭര്‍ത്താവിന്റെ അരിക് പറ്റി ഒറ്റ മുറി ഫ്ളാറ്റുകളുടെ ഷെയറിംഗ് അടുക്കളകളില്‍ നിന്ന് ബിരിയാണി ചെമ്പുമായി വാരാന്ത്യങ്ങളില്‍ പാര്‍ക്കുകളില്‍ ചേക്കേറുന്ന വീട്ടമ്മമാര്‍ മുതല്‍ മുലപ്പാലിന് തടയണ കെട്ടുന്ന നഴ്സുമാര്‍ അടക്കമുള്ള വലിയൊരു വിഭാഗം പെണ്‍ പ്രവാസികളും സമാന്തര യാത്ര നടത്തുന്നുണ്ട്.

അടുക്കള ചൂടിലും കഹ് വയുടെ  മസാലച്ചൂരിലും മുങ്ങിപ്പോയ നടു നിവര്‍ത്താന്‍ പറ്റാത്ത വിധം കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു വലിയ കൂട്ടം സ്ത്രീകള്‍ അറബി അടുക്കളകളില്‍ ഉണ്ട്. അവിടെ ശരീരം ആവശ്യപ്പെടുന്ന ശക്തമായ വെല്ലു വിളികള്‍ ഉണ്ട്. കീഴ്പ്പെടലുകളും കച്ചവടവും ഉണ്ട്. സ്വാതന്ത്യ്രം വേലി കെട്ടി നിര്‍ത്തിയിരിക്കുന്ന പല മാതിരി കണ്ണുകള്‍  ഉണ്ട് .പക്ഷെ ഓരോ പ്രവാസിക്കും പെറ്റമ്മയില്‍ നിന്ന് പോറ്റമ്മയിലേയ്ക്കുള്ള ഈ വഴി  ദൂരം വീണ്ടും താണ്ടിയേ പറ്റൂ..

അതിന്റെ മറ്റൊരു പാതിയിൽ ഇണയടുപ്പം ഇല്ലാതെ വൈകാരിക -സാമൂഹ്യ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന  പ്രവാസി കുടുംബങ്ങൾ നാട്ടിലൊരു അരക്ഷിത ജീവിതം നയിക്കുന്നുമുണ്ട് .

പണ്ടത് പട്ടിണി മാറ്റാന്‍ ഉള്ള പറിച്ച് നടല്‍ ആയിരുന്നുവെങ്കില്‍ ഇന്നത് ആര്‍ഭാടത്തിന്റെ തുകല്‍ സഞ്ചി മോടി പിടിപ്പിക്കാന്‍ കൂടി ആണെന്നുള്ളത് മറയില്ലാത്ത സത്യം. കുടിയേറ്റക്കാരന്റെ വീട്ടിലേയ്ക്ക് തിരിച്ച് പോകാന്‍ ഒരുങ്ങുന്ന ഈ നേരത്ത് മറ്റെന്തെഴുതാന്‍ ആണ് !




Monday, May 5, 2014

സൂര്യകാന്തിപ്പൂക്കൾക്ക് വേനലിന്റെ ചിരിയാണ്.



ഗ്രീഷ്മത്തിന് ക്ഷുരകന്റെ മുഖച്ഛായ ആണ് എന്നാരാണ് എന്നോട് പറഞ്ഞത്..? 
ക്യാമ്പസ്സിലെ പ്രിയ ചങ്ങാതി. നീണ്ടു കൊലുന്നനെയുള്ള അക്കേഷ്യ മരങ്ങള്‍ ഇല പൊഴിച്ച്, മുണ്ഡന ശിരസ്കരായി നില്‍ക്കുന്ന, വേനല്‍ വഴികളില്‍ വെച്ചാണ് അവന്‍ അങ്ങനെ പറഞ്ഞത്. 

നാഷണല്‍ ഹൈവേയ്ക്ക് ഇരുവശവുമായി ആകാശത്തേക്ക് കൈ നീട്ടി നില്ക്കുന്ന തീച്ചില്ലകളുമായി മെയ് മാസത്തിന്റെ കൊന്നകള്‍, പാലക്കാടിന്റെ ആവി പറക്കുന്ന പുഴുക്കമുള്ള വഴികളിലേക്ക് ഇത്തിരി തണല്‍ വിരിയ്ക്കുന്നതും കടും വേനലിലാണ്. അതിനു കീഴെ മൂര്‍ച്ചയുള്ള എലവഞ്ചേരി കൊടുവാള്‍ത്തലപ്പ് കൊണ്ട് പനംനൊങ്കും ഇളംകരിക്കും വെട്ടി വില്ക്കുന്ന കച്ചവടക്കാര്‍ സഞ്ചാരികളുടെ ദാഹമകറ്റിയും തോളിലെ ചുവന്ന തോര്‍ത്ത് വട്ടത്തില്‍ ചുറ്റി വിയര്‍പ്പാറ്റിയും നില്‍ക്കുന്നുണ്ടാവും.

വഴിയരികിലെ കുഞ്ഞു പുല്‍ത്തലപ്പ് പോലും ദാക്ഷിണ്യമേതുമില്ലാത്ത സൂര്യാഘാതങ്ങളില്‍ പെട്ട് നീര് വാര്‍ന്നു മരിച്ചിരിക്കും.ആരോ കത്തിച്ച ഉണക്കയിലകളിലെ കൊഴുത്ത മഞ്ഞപ്പുകയില്‍ വേനല്‍ ചൂര് കലര്‍ന്നിരിക്കും. പുകയില്‍ കണ്ണ് നീറിയപ്പോള്‍ ഉള്ളിലൊരു കുട്ടി വിശ്വാസത്തോടെ പുക മന്ത്രം ഉരുവിടുന്നുണ്ടായിരുന്നു. 'വെള്ളാരം കല്ല് കാട്ടിത്തരാം' എന്ന് പറഞ്ഞ് പറ്റിച്ച് പുകയെ പാലക്കാടന്‍ കാറ്റിനൊപ്പം പറഞ്ഞയച്ച അതേ കുട്ടി. 

കുട്ടിക്കാലത്തിന്റെ പുകമറ അകന്നപ്പോള്‍ മുന്നില്‍ തെളിഞ്ഞ വെയില്‍പ്പാതയ്ക്കിരുവശവും സൂര്യകാന്തി പൂക്കള്‍ ചിരിച്ചു നില്ക്കുന്നുണ്ടായിരുന്നു. തോട്ടക്കാരന്റെ കണിശമായ കത്രികത്തലപ്പറിയാതെ ഒരു പുല്‍ക്കൊടി പോലും സ്ഥാനം തെറ്റി വളരാത്ത രാജപാതകള്‍ക്കിരുവശവുമായി വേനലിന്റെ ചിരിയുമായി എപ്പോഴാണീ സൂര്യകാന്തികള്‍ ചിരിച്ചെഴുന്നേറ്റു നിന്നത് ? 

അപ്പോളോയുടെ സഞ്ചാര പഥങ്ങളെ കണ്ണിമ ചിമ്മാതെ നോക്കി നിന്ന് നിശãബ്ദം പ്രണയിച്ച് പൂവിന്റെ ജന്മമെടുത്ത ദേവാംഗനയാണ് ഇവള്‍. ഗ്രീക്കുകഥയിലെ ക്ലൈറ്റിയെന്ന ജല ദേവത! നില മറന്ന് സൂര്യനെ പ്രണയിച്ച് മണ്ണില്‍ വേരുറച്ച് പോയ ഭഗ്ന പ്രണയിനി. 

അതിനാലാവും സൂര്യകാന്തിപ്പൂക്കള്‍ വേനലിനെ പോലെ തീക്ഷ്ണമായി ചിരിക്കുന്നത്. 
വിദൂരമായ സ്വപ്നസഞ്ചാരങ്ങളിലേക്ക് ഇപ്പോഴും പ്രത്യാശയോടെ കണ്ണയ്ക്കുന്നത് . 
ഓര്‍മ്മയുടെ വേനലടുപ്പിലേക്ക് മഞ്ഞപ്പൂക്കള്‍ നീട്ടി എറിയുന്നത് .


Saturday, April 19, 2014

പണ്ടു പണ്ടൊരു മഷിപ്പേന




'ലിഖ്തെ ലിഖ്തെ ലവ് ഹോജായെ' എന്ന് റോട്ടോമാക് പേനയുമായി രവീണ ടാണ്ഡന്‍ ചിരിക്കുന്നതിന് മുമ്പുള്ള കഥയാണ്.  വെളുത്ത മേനിയും നീലത്തലയുമായി ഒരു കോണ്‍വെന്റ് സ്കൂളിലെ കുട്ടിയെ പോലെ അച്ചടക്കത്തോടെ റെയ്നോള്‍ഡ്സ്  പോക്കറ്റുകളില്‍ തല നീട്ടി ഇരിക്കുന്നതിനും മുമ്പുള്ള കാലം.  അക്കാലത്തെ കുട്ടികള്‍ക്കെല്ലാം മഷിമണമുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു.  തൊട്ടതെല്ലാം മഷിയില്‍ മുക്കുന്ന ഒരുണ്ടക്കണ്ണന്‍ ചങ്ങാതി.

തുണികൊണ്ടുള്ള പുസ്തക  സഞ്ചിയിലാണ് ആളുടെ  വാസം. നടക്കുമ്പോള്‍ , സ്ഥാനം തെറ്റി കിടന്ന് കലമ്പല്‍ ഉണ്ടാക്കുന്ന പ്രൊട്രാക്ടറിന്റെയും കോമ്പസിന്റെയും ഒക്കെ ഒപ്പം ഇന്‍സ്ട്രുമെന്റ് ബോക്സിനുള്ളില്‍ സദാ ഉറക്കം തൂങ്ങിക്കിടക്കും.  അത്യാവശ്യക്കാര്‍ക്ക് വേണമെങ്കില്‍, പേന എന്നൊക്കെ വിളിക്കാമെങ്കിലും അവൻ അത് സമ്മതിക്കുമോ?! . വെറും പേനയല്ല, പേനകളുടെ  രാജാവാണ് എന്നാണ് ഭാവം.

ലക്ഷണമൊത്ത രൂപമാണ്. അത്യാവശ്യത്തിന് പൊക്കവും വണ്ണവും. ആരും നോക്കിപ്പോവുന്ന തൊപ്പി. എത്ര കുടിച്ചാലും തീരാത്ത ദാഹത്തോടെ വയറ്റിലെ മഷിപ്പാത്രം. സ്വര്‍ണ്ണ നിറത്തിലോ വെള്ളി നിറത്തിലോ ആയിരിക്കും നിബ്ബ്. മൊത്തത്തില്‍, ഒരു ആഢ്യ ഭാവം! . ഞെളിഞ്ഞു നടത്തം !. കാര്യം മഷി കുടിയന്‍മാരാണ് എങ്കിലും അവരിലുമുണ്ട് പല ജാതി മത വര്‍ഗക്കാര്‍. ഓര്‍ഡിനറി മുതല്‍ ഹീറോ, പാര്‍ക്കര്‍, ഷിഫേഴ്സ് പേനകള്‍ വരെ. കാശിനും ഗമയ്ക്കും അനുസരിച്ച് ആളുടെ ഗെറ്റപ്പ് മാറിക്കൊണ്ടിരിക്കും. എഴുത്തിന്റെ ഒഴുക്കിലും അതിരുകള്‍ എഴുതി മായ്ക്കുന്ന തിരക്കിലുമെല്ലാം ഈ വര്‍ഗവ്യത്യാസം അസാരം പ്രതിഫലിക്കും. എങ്കിലും, പരന്ന നിബ്ബുള്ള ഓര്‍ഡിനറിക്കാര്‍ മുതല്‍ കുഞ്ഞന്‍ നിബ്ബും കറുത്ത ഉടലും സ്വര്‍ണ്ണത്തൊപ്പിയും ഉള്ള  ഹീറോ പേനകള്‍   വരെ  അരിസ്റ്റാക്രാറ്റുകളാണ്.

അങ്ങിനെയൊക്കെയാണ് ജാതകമെങ്കിലും അത്ര എളുപ്പത്തിലൊന്നും കിട്ടണമെന്നില്ല മഷിപ്പേന. അതിനിത്തിരി സീനിയോറിറ്റി വേണം. എഴുതാനൊക്കെ പഠിക്കുന്നത്ര സീനിയോറിറ്റി.  കിട്ടിയാല്‍ തന്നെ അധികം നാളുകള്‍ അതിനെ കൊണ്ടു നടക്കാനും പാടാണ്. മഷി ചീറ്റി ശത്രുവിനെ പായിക്കുന്ന മല്‍സ്യത്തെ പോലെ അവന്‍ ഉടമസ്ഥയ്ക്ക് കാര്യമായ പണി കൊടുത്തിരിക്കും. ഇതിനിടയിലാണ് പേന മറന്നുപോവുക, കളഞ്ഞുപോവുക തുടങ്ങിയ കലാപരിപാടികള്‍. എങ്കിലും, ബാഗിലോ ഇന്‍സ്ട്രുമെന്റ് ബോക്സിലോ ഒക്കെയായി  പുള്ളി കൂടെത്തന്നെ നടക്കാറാണ് പതിവ്.

ഇത്തിരി കൂടി മുതിരുമ്പോഴാണ് ഹീറോ പേനയ്ക്ക് അവകാശവാദം ഉന്നയിക്കാനുള്ള യോഗ്യത കൈയിലെത്തുന്നത്. ഹെസ്കൂള്‍ ക്ലാസിലൊക്കെ എത്തുമ്പോഴേക്കും മിക്കവാറും പിള്ളേരുടെ കൈയില്‍ സ്വര്‍ണ്ണത്തൊപ്പിയും കറുപ്പോ നീലയോ തവിട്ടോ ഉടലുമുള്ള ഹീറോ പേന എത്തിയിരിക്കും. ആളു ചൈനക്കാരനാണ്. തൊപ്പിയുടെ താഴെ ചൈനീസ് ലിപിയില്‍ പേരെഴുതിയിട്ടുണ്ടാവും. ഗള്‍ഫില്‍ നിന്നാണ് മൂപ്പീന്ന് സാധാരണ എത്താറ്. നാട്ടിലെ കടകളിലൊക്കെ കിട്ടാറുണ്ടെങ്കിലും വിലയല്‍പ്പം കൂടതലായതിനാല്‍ സാധാരണ പിള്ളേര്‍ക്ക് കിട്ടാന്‍ പാടാണ്. ഉരുട്ടി ഉരുട്ടി ഒരു പാട് എഴുതിയാലാണ് അതിന്റെ നിബ്ബ് ഒന്നു പാകമാവുക. ആവശ്യത്തിന് തേഞ്ഞു കഴിഞ്ഞാല്‍, പിന്നൊരു കുതിപ്പാണ്. കര്‍ക്കിടകത്തിലെ ഇറ വെള്ളം പോലെ അത് പാഞ്ഞു നടക്കും. പരീക്ഷയ്ക്ക് ഒക്കെ എഴുതുമ്പോള്‍, അക്ഷരങ്ങള്‍ക്കൊക്കെ ഒരു ഗമയൊക്കെ വരും.

എഴുത്തു മാത്രമല്ലാത്ത മറ്റൊരുദ്യോഗവും ഹീറോ പേനയ്ക്ക് അന്നുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ ഹീറോ പേനയ്ക്കായിരുന്നു ഈ അധിക ചുമതല. സംഗതി പൊട്ട് ഉണ്ടാക്കലാണ്. സ്കൂളിനടുത്തുള്ള പറമ്പിലും വീട്ടു പറമ്പിലുമൊക്കെ സമൃദ്ധമായി ഉണ്ടായിരുന്ന ഒരു വലിയ പൂവുണ്ടായിരുന്നു. മുള്ളുകള്‍ കൊണ്ട് ചെടികള്‍ കാര്യമായി സംരക്ഷിച്ചു പോരുന്ന പൂവിന്റെ ഇതളുകള്‍ക്ക് അത്യാവശ്യം കട്ടിയുണ്ടാവും. അതിന്റെ നെഞ്ചിലേക്ക് ഈ പേനയുടെ തലപ്പാവ് ഇറക്കിവെക്കുകയാണ് ചെയ്യുന്നത്. കാര്യമായി അമര്‍ത്തുമ്പോള്‍ പുഷ്പദളം വട്ടത്തിലിങ്ങനെ മുറിഞ്ഞുപോരും. പൊട്ടായി  മാറും. നെറ്റിയില്‍ വട്ടത്തിലൊരു ആകര്‍ഷണമായി അതു മാറും.

അങ്ങിനെയെങ്ങിനെയുള്ള ഒരു ഹീറോപേന ഏറെക്കാലം എന്റെ ബോക്സിലുമുണ്ടായിരുന്നു. കുനുകുനാന്നെഴുതുന്ന ഉശിരനൊരു മഷിപ്പേനയായിരുന്നു അത്. എഴുതിത്തുടങ്ങിയാല്‍ മതി, ബാക്കി കാര്യങ്ങള്‍ അവന്‍ തീരുമാനിക്കും. റഷ്യന്‍ കുട്ടിക്കഥകളില്‍ കണ്ടു പരിചയിച്ച കുതിരയെപ്പോലെ പുള്ളി ഒരോട്ടമങ്ങ് ഓടും. വലിയ എസ്സേ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം എഴുതുമ്പോള്‍ നമുക്കൊപ്പം അവനും കിതയ്ക്കും.

എന്നാല്‍, പരീക്ഷക്കാലത്ത് അദ്ദേഹത്തിന് വിശ്രമമാണ്. ആ സമയത്ത് മറ്റൊരു അതിഥി താരം സ്റ്റേജിലേക്ക് കയറി വരും. പരീക്ഷക്കാലത്തു  മാത്രം അലമാരയില്‍നിന്ന് ഇറങ്ങിവരുന്ന ഒരു പാര്‍ക്കര്‍ പേനയും നീല ഷിഫേഴ്സ് പേനയുമുണ്ട്. പഠിച്ചുറച്ച കൈകള്‍ക്ക് കൂടുതല്‍ മിഴിവും താളവും നല്‍കുക അവരിലൊരാളാവും. ചേച്ചിയുടെ കാലം തൊട്ടേ അതാണ് രീതി. പരീക്ഷ തുടങ്ങുന്ന ദിവസം അതു എടുത്തു തരുന്ന ഒരു ചടങ്ങുണ്ട്. യുദ്ധത്തിനു പോവുന്ന തച്ചോളിപ്പയ്യന് ചുരികയും ഉറുമിയും എടുത്തു കൊടുക്കുന്നതു പോലൊരു ചടങ്ങാണ്. വിറച്ചു വിറച്ചാണ് അതു വാങ്ങുക. പരീക്ഷാ ഹാളില്‍ എത്തുമ്പോഴക്കും അതു കൊണ്ട് എഴുതാന്‍ മനസ്സ് ധൃതികൂട്ടുന്നുണ്ടാവും. പരീക്ഷ തീര്‍ന്നു കഴിഞ്ഞാല്‍, അത് സറണ്ടര്‍ ചെയ്യണം. അച്ഛന്റെ മര അലമാരയില്‍ അടുത്ത പരീക്ഷ വരെ അതങ്ങിനെ കിടക്കും.

കൂട്ടത്തില്‍ മറ്റൊന്നു കൂടിയുണ്ട്, പറയാന്‍ മറന്നു.പരീക്ഷാ സ്പെഷ്യലായി അലമാരയില്‍നിന്ന് പ്രത്യേകമായി എടുത്തു തരുന്ന വകയാണ്. കറുത്ത സ്ട്രാപ്പ് ഉള്ള എച്ച്.എം.ടിയുടെ റിസ്റ്റ് വാച്ച്. അതും പരീക്ഷാ ദിവസമാണ് കിട്ടുക. പരീക്ഷ തുടങ്ങുമ്പോള്‍ മുതല്‍ അതിലായിരിക്കും ശ്രദ്ധ. സമയം നോക്കിയുള്ള അഭ്യാസമുറകള്‍ക്ക് അതില്ലാതെ പറ്റില്ല. എങ്കിലും, ഇഷ്ടപ്പെട്ട ചില ചോദ്യങ്ങള്‍ക്കൊക്കെ സമയം നോക്കാന്‍ മറന്നു പോവും. നന്നായറിയാവുന്ന ചോദ്യങ്ങളാണ്. എഴുതിയാലും എഴുതിയാലും തീരാത്ത ചോദ്യങ്ങള്‍. ആവേശഭരിതയായി എഴുതിപ്പോവുന്നതിനിടെ പെട്ടെന്നായിരിക്കും വാച്ച് നോക്കിപ്പോവുക. കരുതിയതിലും സമയം ആയിട്ടുണ്ടാവുമെന്ന് ഉറപ്പ്. പിന്നെ, തിരിച്ചോട്ടമാണ്. ആ ഉത്തരം എങ്ങിനെയെങ്കിലും അവസാനിപ്പിച്ച്, ബാക്കിയുള്ള ചോദ്യങ്ങളിലേക്ക് പാഞ്ഞു ചെല്ലും. പാര്‍ക്കര്‍ പേനയുടെ അതേ തല വിധിയാണ് വാച്ചിനും. പരീക്ഷ കഴിഞ്ഞാല്‍, അലമാരക്കകത്തേക്കു തന്നെ ചെല്ലണം.

പെന്‍സിലില്‍ നിന്ന് പേനയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ അഞ്ചാം ക്ലാസ്സുകാരി , 'അമ്മേ , ഇനി മുതല്‍ മഷിപ്പേന വേണം എന്ന് ടീച്ചര്‍ പറഞ്ഞു'വെന്ന് പറഞ്ഞ് പേനയ്ക്ക് വേണ്ടി തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. അങ്ങനെ ആണ് പേന ഓര്‍മ്മകളില്‍ മഷി പടര്‍ത്തി ഇറങ്ങി വന്നത്. കഴിഞ്ഞ ദിവസമാണ് അവള്‍ക്കുവേണ്ടി ഒന്നു വാങ്ങിയത്.  ഒപ്പം ഒരു പാട് കാലം കൂടെ ഉണ്ടായിരുന്ന ചെൽ പാർക്കിന്റെ മഷി കുപ്പിയും ..അവരുടെ തലമുറയ്ക്ക് മഷിപ്പേനയൊന്നും ഒരത്ഭുത വസ്തുവേയല്ല. കടയില്‍ ഹീറോ പേനയൊക്കെ കണ്ടു. ഒന്നും പഴയതുപോലെയല്ല. മൊത്തത്തില്‍ ചില മാറ്റങ്ങള്‍. കൂടുതല്‍ ചോദിച്ചപ്പോള്‍ കടക്കാരന്‍ തന്നെ കാര്യം പറഞ്ഞു, ഒന്നും ഒറിജിനലല്ല, ചൈനയില്‍നിന്നു  ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ ഡ്യൂപ്ലിക്കേറ്റിന്റേതാണ്!

ഇപ്പോള്‍ എത്രയോ കാലമായി വിരല്‍ തുമ്പില്‍ മഷി പടര്‍ന്നിട്ട്. എത്രയോ കാലമായി മഴയത്ത് അരികു കുതിരുന്ന പുസ്തകങ്ങളില്‍ മഷി പടര്‍ന്നിട്ട്.
തെളിയുന്നില്ലല്ലോ എന്ന് പറഞ്ഞ് ഒരു കുടച്ചിലിനു മുന്‍പില്‍ ഇരിക്കുന്ന ഇരട്ട മുടിപ്പിന്നലുകാരിയുടെ ഷര്‍ട്ടില്‍ തെറിച്ചു വീണ നീല തുള്ളികളെ 'അയ്യോ' എന്ന് നാവു കടിച്ച് പറയാതൊളിപ്പിച്ചത്.
ഒഴിവു പിരീയടുകളിൽ നോട്ടു ബുക്കിൽ  നിന്ന് കീറിയെടുക്കുന്ന ഏടുകളിൽ മഷി കുടഞ്ഞ് അതിനെ ചെറുതായി മടക്കി മടക്കി പിന്നെ നൂർത്തെ ടുക്കുമ്പോൾ കിട്ടുന്ന അപരിചിത ഭൂഖണ്ഡങ്ങൾ ...

എങ്കിലും പറഞ്ഞു തുടങ്ങുമ്പോള്‍ ഒരു കാലമുണ്ട്, മഷി കോരിയൊഴിച്ചതുപോലെ പായുന്നു.



Thursday, March 6, 2014

എന്നാണാവോ അമ്മ ഇനി എന്നെ സ്നേഹിക്കുക?

ദീദിയോട് ഇന്നും വഴക്കിട്ടു. അതിന് അമ്മ എന്നെ ചീത്തയും പറഞ്ഞു. എന്നാണാവോ അമ്മ ഇനി എന്നെ സ്നേഹിക്കുക?'
അവിചാരിതമായി കണ്ണില്‍ പെട്ടതാണ് ആ ഡയറിക്കുറിപ്പ്. അത് ഉള്ളിലൊന്നു തൊട്ടു . പതുക്കെ ഒന്ന് പൊള്ളുകയും ചെയ്തു .ആശ്ചര്യം, അമ്പരപ്പ് എന്നിങ്ങനെയൊക്കെ പറയാമെങ്കിലും അവളെ ചേര്‍ത്തണച്ചു പിടിക്കാനാണ് തോന്നിയത്. ആ വാക്കുകള്‍ മനസ്സിനെ ആഴത്തില്‍ തന്നെ തൊട്ടു. 

കഴിഞ്ഞ അവധിക്കാലത്ത് നാട്ടില്‍പോവുന്നതിനു  മുമ്പാണ് അവര്‍ക്ക് രണ്ടു പേര്‍ക്കും,  പിങ്ക് നിറത്തിലുള്ള ഡാഫോഡില്‍ പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന പുറം ചട്ടയുള്ള ഓരോ കുഞ്ഞു നോട്ടു പുസ്തകം കൊടുത്തത്. അമ്മ അരികില്‍  ഇല്ലാത്ത നേരത്തെ അവധിക്കാല കാഴ്ചകള്‍,ദിവസങ്ങള്‍  ഒക്കെ കുറിച്ച് വെക്കാനും അവരോട് പറഞ്ഞു . 
അവധി കഴിഞ്ഞ് വന്നപ്പോള്‍ ഡയറിയുടെ കാര്യം ചോദിച്ചു. ആമിയുടെ ദീദി (അന്ന) എന്നുമുള്ള ഉത്സാഹത്തോടെ അവളുടെ പുസ്തകം കാണിച്ചു തന്നു. മുത്തച്ഛന്റെ കൂടെ ഉത്സവത്തിനു പോയതും പുഴയില്‍ കുളിച്ചതും കോഴിക്കുഞ്ഞ് ഉണ്ടായതും കുഞ്ഞമ്മ കൊണ്ട് കൊടുത്ത പുതിയ ഉടുപ്പിനെപറ്റിയും അമ്മ കാണാന്‍ സമ്മതിക്കാത്ത പോഗോ കുറെ നേരം  കണ്ടതുമൊക്കെ  എഴുതി വെച്ചത് അവള്‍ കാണിച്ചു തന്നു. ആമിയോടു ചോദിച്ചപ്പോള്‍ 'ഞാന്‍ ഒന്നും എഴുതിയില്ല' എന്ന് പറഞ്ഞ്  കണ്ണിറുക്കി ചിരിക്കുക മാത്രമാണ് ചെയ്തത്. 

ഉറങ്ങാന്‍ വിളിക്കുമ്പോള്‍ 'ഇതാ വരുന്നു'വെന്ന് പറഞ്ഞു ചിലപ്പോഴൊക്കെ ആ ഡയറിയില്‍ അവള്‍ കുനുകുനാ കുത്തിക്കുറിക്കുന്നത്  കാണാമായിരുന്നു . ഓഫീസിനും വീടിനുമിടയ്ക്ക് വീതം വെയ്ക്കുന്ന നേരങ്ങളിലെ തിരക്കിനിടയ്ക്ക് അവള്‍ എന്താവും എഴുതി നിറയ്ക്കുന്നതെന്ന്  ആലോചിച്ചിട്ടേയില്ലായിരുന്നു . ഒരു ഒഴിവു ദിവസത്തില്‍ 'എന്റെ കയ്യെത്തിയില്ലെങ്കില്‍ ഇവിടൊന്നും ശരിയാവില്ല'എന്ന സ്ഥിരം ഡയലോഗുമായി  വീട്ടമ്മ വേഷം അണിഞ്ഞു നില്‍ക്കുമ്പോഴാണ്  മേശപ്പുറത്ത് ചിതറി കിടക്കുന്ന സ്കൂള്‍ പുസ്തകങ്ങളുടെയും കഥാ പുസ്തകങ്ങളുടെയും ഏറ്റവും അടിയില്‍ നിന്ന് ആ കുഞ്ഞിപ്പുസ്തകം എന്റെ കയ്യില്‍ പെട്ടത്. 

ഉപയോഗം കൊണ്ട് അരികു ചുളിഞ്ഞ കുഞ്ഞു ഡയറിയില്‍  നീല മഷി കൊണ്ട് ദിവസം അടയാളപ്പെടുത്താതെ അവള്‍ എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ ആദ്യം അമ്പരന്നു...പിന്നെയാശ്ചര്യപ്പെട്ടു!

'ദീദിയോട് ഇന്നും വഴക്കിട്ടു. അതിന് അമ്മ എന്നെ ചീത്തയും പറഞ്ഞു. വൈകുന്നേരം നൂഡില്‍സ് പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ ഒരല്‍പം താഴെ വീണു. അതിനമ്മ എന്നെ അടിയ്ക്കൂം ചെയ്തു. ഇനി എന്നാണാവോ അമ്മ എന്നെ സ്നേഹിക്കുക? ''  എന്ന് തുടങ്ങി 'ഇന്ന് അമ്മ വരുമ്പോള്‍ രസ്മലായി വാങ്ങിക്കൊണ്ടു വന്നു , ഹോ! എന്തൊരു ടേസ്റ്  ആണ് അതിന്' എന്നിങ്ങനെ ദേഷ്യവും സങ്കടവും സന്തോഷവും ഒക്കെ ഇടകലരുന്ന, അക്ഷരത്തെറ്റുകള്‍ നിറഞ്ഞതും വ്യാകരണ ശുദ്ധി ഇല്ലാത്തതുമായ അനേകം കുറിപ്പുകള്‍ ഇംഗ്ളീഷില്‍ അവള്‍ കുറിച്ചിട്ടിരുന്നു. 

നല്ലൊരമ്മ ആണെന്നുള്ള എന്റെ സ്വകാര്യ അഹങ്കാരം ആണ്,അക്ഷരത്തെറ്റ് ഒന്നും ഇല്ലാതെ അവൾ തിരുത്തി തന്നത്  . ഏത്  തിരക്കുകള്‍ക്കിടയിലും കുഞ്ഞുങ്ങളെ കൂടുതല്‍ അറിയണം എന്നും അവരുടെ മനസ്സിലൂറുന്ന കുഞ്ഞു സങ്കടങ്ങളുടെ പരലുകള്‍ തിരിച്ചറിയണം എന്നും അതിനെപ്പോഴും ഉറപ്പുള്ള പരിഹാരസാന്നിദ്ധ്യം  ആവണമെന്നും ഉള്ള തിരിച്ചറിവാണ് ആ ഒരൊറ്റ നിമിഷം എനിക്ക് തന്ന് പോയത് .

ആരോഗ്യ മാഗസിനുകളിലും  വനിതാ മാഗസിനുകളിലുമൊക്കെയുള്ള മനശ്ശാസ്ത്ര   കോളങ്ങളില്‍ അക്കമിട്ട് നിരത്താറുണ്ട്,  കുട്ടികളെ വ്യക്തികളായി തന്നെ  കാണണം എന്നും നമ്മുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍  ഉള്ള പരീക്ഷണ ശാലകള്‍ അല്ല അവരെന്നുമുള്ള പാരന്റിംഗ് ടിപ്സുകള്‍.

അവര്‍ക്കൊരുപാട് പറയാന്‍ ഉണ്ടാവും. തിരക്കുകള്‍ക്കുള്ളിലേക്ക് തല പൂഴ്ത്തി ഇരിക്കുമ്പോള്‍, ചിലപ്പോഴൊക്കെ  നമ്മള്‍ മറന്നു പോവാറുണ്ട്  അവരെ കേള്‍ക്കാന്‍ . അവരുടെ ദിവസങ്ങളില്‍ മഴവില്ല് വിരിയുന്നുണ്ട് . ചില  നേരങ്ങളില്‍ കാര്‍മേഘം മൂടുന്നുണ്ട് ..അതൊക്കെ കേള്‍ക്കാന്‍ അല്‍പ നേരം മാറ്റി വെച്ചാല്‍ വിഷാദത്തിന്റെ ചെങ്കുത്തായ കയറ്റം കയറി  ചിലപ്പോഴൊക്കെ ആത്മഹത്യാ മുനമ്പിലേക്ക് നടന്നു കയറുന്ന കൌമാര മനസ്സുകളെ നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ ആയേക്കും. 

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ മനസ്സില്‍ തറഞ്ഞു പോയി അസ്വസ്ഥത പടര്‍ത്തിയ  മുഖം ആണ് ഷാർജയിലെ  ഇന്ത്യൻ സ്കൂളിൽ  പഠിച്ചിരുന്ന  അഭിമന്യുവിന്റെത്. പരീക്ഷയ്ക്കു തൊട്ടുമുമ്പായിരുന്നു അവന്റെ ആത്മാഹുതിയെന്ന് വാര്‍ത്തകള്‍ പറയുന്നു. ബോര്‍ഡ് എക്സാം കൊണ്ട് ജീവിതം തീരുന്നില്ല എന്ന് പറയാന്‍ അവനെ പോലെ ഉള്ള  എല്ലാ കുട്ടികള്‍ക്കുമൊപ്പം  അച്ഛനമ്മമാരും അദ്ധ്യാപകരും ഉണ്ടാവട്ടെ..


ആമിയുടെ ഡയറി എല്ലാ പേജും അവസാനിക്കുന്നത് ഇങ്ങനെ ആണ്.  'Tomorrow will be a nice day'  
അവളാശിക്കുന്ന പോലെ എല്ലാ നാളെകളും നല്ലതായിരിക്കട്ടെ . അവളുടെ മാത്രം അല്ല , എല്ലാ കുഞ്ഞുങ്ങളുടെയും . അമിത വാത്സല്യത്തിന്റെ അകമ്പടി ഇല്ലാതെ, ചോദിക്കുന്നതെന്തും മുന്നില്‍ എത്തിച്ചു കൊടുക്കുന്ന അലാവുദ്ദീന്റെ ജീനികള്‍ ആവാതെ നമുക്കവര്‍ക്കൊപ്പം നടക്കാം. ചിന്താ ശേഷിയുള്ള വ്യക്തി ആയി അവര്‍ വളരട്ടെ. അവരുടെ  മനസ്സു കാണാനുള്ള കണ്ണ് നമുക്കുണ്ടാവട്ടെ.

( ഈ ചിത്രങ്ങൾ ആമി വരച്ചതാണ്. ഇന്ത്യൻ സ്കൂൾ മാബേല യിൽ അവൾ  രണ്ടാം ക്ളാസ്സിൽ പഠിക്കുന്നു . )

Tuesday, February 25, 2014

അലിഫെഴുത്തുകള്‍

അലിഫെഴുത്തിൽ , അബുന്‍ - അര്‍സുന്‍ പഠിച്ച മദ്രസ വീട്,
മുഹമ്മദുസ്താദിന്റെ വീടിന്റെ പുറം കോലായ , അല്ലെ റുബീ ?

സൂചി മുല്ലയുടെ മണം ആയിരുന്നു ഇളം നിറത്തിലുള്ള  മല്ലിന്റെ എന്റെ തട്ടത്തിന് .
നിന്റേത്,  മുക്കോണിലുള്ള തിളങ്ങുന്ന ദുബായ് തട്ടം.

കോലായയിലൊരറ്റത്ത് ഉസ്താദിന്റെ മിനുങ്ങുന്ന മൊട്ടത്തല.
നീളന്‍ ചാരു കസേരയില്‍ വെളുത്ത ജുബ്ബയും മുണ്ടും,
അരികില്‍ ആരെയും അടിക്കാത്തൊരു  പാവം ചൂരലും ...
ചുമന്നു മിനുത്ത തിണ്ണയിൽ ഞാനും നീയും അഷ്റഫുമൊക്കെ
ഉസ്താദിന്റെ നരച്ച സ്നേഹ കണ്ണിനു കീഴെ അലിഫെഴുത്തുകാർ

കോലായയുടെ മറ്റേ അറ്റത്ത് തര്‍ക്കുത്തരം പറയുന്നൊരു തത്തമ്മ.
സഫിയാന്റെ വല്ലിമ്മാന്റെ സ്വര്‍ണ്ണനിറത്തിലുള്ള കോളാമ്പി
ആടലോടകത്തിന്റെ കരിമ്പച്ച തിളങ്ങുന്ന വേലിത്തലപ്പ് ..
പെരുന്നാള്‍ക്കാലത്ത്  മൊട്ടയായി പോവുന്ന,
നല്ലോണം ചോക്കുന്ന 'ഉസ്താദിന്റവടത്തെ' മൈലാഞ്ചി.


ഇപ്പോള്‍ മദ്രസ രണ്ടായല്ലോ ,
റെയില്‍ പാളത്തിനപ്പുറവും ഇപ്പുറവുമായി -
 മഞ്ഞ വെയിലത്ത്
പാളം മുറിച്ച് ഒരു കറുത്ത പര്‍ദ്ദക്കുട്ടി അങ്ങോട്ട് ,
ഒരു വെളുത്ത തൊപ്പിക്കുട്ടി ഇങ്ങോട്ടും .
പുറത്ത് തൂങ്ങുന്ന പുസ്തക സഞ്ചിയില്‍ ശ്വാസം മുട്ടി അലിഫെഴുത്തുകള്‍...

അല്ലേ  റുബീ ...:)

Thursday, February 20, 2014

(ചാറ്റ്) ജാലകക്കാഴ്ചകൾ




ജാലകം 1.

'എന്തിനാണിങ്ങനെ ഉപദേശിക്കുന്നത് ?
എന്റെ വഴികൾ തിരഞ്ഞെടുക്കാൻ എനിക്കറിയാം.'
ഒരേ ചതുരവടിവിലും അക്ഷരങ്ങൾ ധാർഷ്ട്യത്തോടെ കനത്തു.
എന്നിട്ടും അയാൾ സന്മാർഗ്ഗ പാഠാ വലിയുടെ കടും കെട്ടഴിച്ചു.
മക്കളെത്ര?
ഭര്‍ത്താവ്?
ഭക്ഷണം പാകം ചെയ്തോ?
അതല്ലേ നിങ്ങളുടെയൊക്കെ പണി
പെണ്ണെന്നാല്‍...
നല്ല അമ്മ-  ഭാര്യ- അടുക്കള ഉത്തമ ഭാര്യയുടെ work station 
ചെടിപ്പ്! ചെടിപ്പ് ! ചെടിപ്പ്!!
ഞാനോടി രക്ഷപെടട്ടെ 

ജാലകം 2.

സീരിയലോ ! ഛെ!! എന്നൊരു പെണ്ണ് 
പോസ്റ്റ്‌ മോഡേൻ വനിതാ പ്രതി നിധി 
പാചക പരിപാടികളോ എനിക്കത് വശമില്ല എന്ന് 
ഒരേ ചതുരവടിവില്‍
അക്ഷരങ്ങള്‍ മുഖം കോട്ടി.

ജാലകം 3.

ലോക്കൽ വാർത്താ ചാനലുകളോ ?
നുണ തുപ്പുന്നവ !
CNN?
BBC ?
Max Robinson?
Bob Young? 
ഷെൽഫിൽ വായിക്കാൻ ഒരുപാട് പുസ്തകങ്ങൾ ഉണ്ട് 
ഛെ! സമയം ഇല്ലൊന്നിനും !


സ്വീകരണ മുറി 

ചിതറി കിടക്കുന്ന വനിതാ മാഗസിനുകൾ...
തുറന്നു വെച്ചിരിക്കുന്ന പേജിലൊരു ഫിഷ്‌ മോളി.


കിടപ്പ് മുറി 

ചേട്ടാ... അത് പോലൊരു ഡയമണ്ട് സെറ്റ്...
 അമ്മായി അമ്മ സീരിയലിന്റെ ഇന്നത്തെ പഞ്ച് !

Tuesday, February 18, 2014

എന്നിട്ടും, ആ വഴി ആവോളം കൂടെ പോന്നു.



വഴി അടച്ചിരുന്നു;
വഴിയുടെ പിന്നറ്റത്ത് ആ വീട്ടിലേക്കുള്ള വാതിലും. 

അടഞ്ഞ വാതിലിനപ്പുറം 
എന്റെ കുട്ടിക്കാലം ഉണ്ടായിരുന്നു.
ചെമ്പകച്ചോട്ടില്‍ ഒരൂഞ്ഞാലും.

അവിടെ,
കര്‍ട്ടന്‍ പ്ലാന്റിനിടയില്‍
കോലായിലിരുട്ടില്‍ വീഴുന്ന 
വെയില്‍ വട്ടം,
പുത്തരി ചോറിന്റെയും 
വരമ്പത്തുണ്ടായ വള്ളിപ്പയറിന്റെയും 
കൊതിയൂറും രുചി ,
ആകാശത്തോളം ഉയരത്തില്‍ 
ഒരു വൈക്കോല്‍ കൂന,
ആഞ്ഞു  ചവിട്ടി ദൂരെ മറയുന്നൊരു 
ഹെര്‍ക്കുലീസ് സൈക്കിള്‍.

പിന്നെ, 
മരപ്പാവ ഉണ്ടാക്കി തരാം തരാം 
എന്ന് പറഞ്ഞു പറ്റിക്കുന്നൊരു 
ചെറിയച്ഛനും  ഉണ്ടായിരുന്നു.
മുഖക്കുരുപ്പാടുകളില്‍ കസ്തൂരി മഞ്ഞള്‍ തേച്ച് 
മഞ്ഞച്ചിരിക്കുന്ന ഒരു കുഞ്ഞമ്മയും 
തീവണ്ടിപ്പാതയില്‍  ചെവി ചേര്‍ത്താല്‍ 
തീവണ്ടി ഇരമ്പം കേള്‍ക്കാമെന്ന് 
പറഞ്ഞ കളി ചങ്ങാതിയും.

ഇപ്പോള്‍  
ആ വാതില്‍ അടച്ചിരിക്കുന്നു 
ആ വഴിയും. 
എന്നിട്ടും ആ വഴി ആവോളം കൂടെ പോന്നു..



തേജസ് -ഖതർ രണ്ടാം വാർഷിക സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചത്..

Friday, January 31, 2014

മഴ വരച്ച താജ്മഹൽ

മഴ വരച്ച താജ്മഹൽ


അഷ്ടമിരോഹിണി ആയിരുന്നു അന്ന്. തെരുവ് മുഴുവനും ധോലിന്റെ താളംകൃഷ്ണ ഭജനുകൾ.  അമ്പലങ്ങളിലും ,പാതയോരങ്ങളിൽ   കെട്ടി ഉണ്ടാക്കിയ ചെറുമണ്ഡപങ്ങളിലുമൊക്കെ  ഉണ്ണിക്കണ്ണനും അമ്മവാത്സല്യവും രാസലീലയും പല വിധത്തിൽ  പുനര്‍ജ്ജനിച്ചിരിക്കുന്നു. തിളങ്ങുന്ന, കടുംനിറത്തിലുള്ള  വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളും ഉല്ലാസവാന്മാരായ കുട്ടികളുമൊക്കെ ചേർന്ന്  കണ്ണന് ചുറ്റും ഗോപികാവൃന്ദം ചമയ്ക്കുന്നത് പോലെ തോന്നും, തെരുവ് കണ്ടാൽ. യമുനയിൽ നിന്ന് വീശി വരുന്നൊരു കാറ്റ് വൈകുന്നേരത്തെ വല്ലാതെ തണുപ്പിച്ചിട്ടുണ്ട്.

അടുത്ത് യമുനയുണ്ട് .യമുനാതീരത്ത് താജ് മഹലും. പ്രണയം എന്ന വാക്കിനെ താജ് മഹൽ എന്ന ശില്പ ഗോപുരം കൊണ്ട് ലോകത്ത് അടയാളപ്പെടുത്തി വെച്ചത് ഈ ചെറുപട്ടണത്തിലാണ്. ഈ രാവ് വെളുക്കണം, എന്നാലേ പ്രണയസങ്കല്‍പ്പങ്ങളുടെ അമൂര്‍ത്തഭാവമായി നിലകൊള്ളുന്ന താജിലെത്താനാവൂ.


രാത്രിമഴയുടെ ബാക്കി

നിറഞ്ഞു പെയ്ത ഒരു രാത്രിമഴയ്ക്ക് ശേഷം പുലരിയിൽ  തെരുവ് മുഴുവന്‍ നനഞ്ഞ് കിടക്കുകയായിരുന്നു. പിറ്റേന്ന് 
വെള്ളിയാഴ്ച സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉള്ളതിനാലാവാം രാവിലെ തന്നെ അവിടം സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു. പേരറിയാത്ത ഒരു ചക്രവര്‍ത്തിയുടെ കുതിരപ്പുറമേറി നിൽക്കുന്നസ്വർണ്ണനിറത്തിലുള്ള പ്രതിമ നില്‍ക്കുന്ന ഒരു നാല്‍ക്കവല വരെയേ മോട്ടോർ  വാഹനങ്ങള്‍ക്ക് അനുവാദമുള്ളൂ . പുരാനിമന്ടി എന്നാണ് ആ സ്ഥലത്തിന്റെ പേര്.
അതിനപ്പുറം ലോകാത്ഭുതത്തിന്റെ വേലിക്കെട്ട് ആണ്. അവിടുന്ന് അങ്ങോട്ട് നടക്കാം. അല്ലെങ്കില്‍ ബാറ്ററി കാർ  വിളിക്കാം. മണ്ടന്‍ മുഖമുള്ള ഒട്ടകങ്ങൾ വലിക്കുന്ന വണ്ടികൾ ഉണ്ട്. സൌകര്യം പോലെ ഓരോ സംഘം ഓരോന്ന് സ്വീകരിക്കുന്നു. പ്രണയികളുടെ ആഘോഷമാണ് അവിടെ. പോയ കാലത്തിന്റെ അടയാളം ബാക്കി വെച്ച മുഗൾ പൂന്തോട്ടം കണ്ടു കൊണ്ട് പതിയെ പോകുന്ന ജോടികളെ വട്ടം ചുറ്റുന്ന ഗൈഡുമാരെ വകഞ്ഞു മാറ്റി മുന്നോട്ട് പോകാന്‍ പലരും ശ്രമിക്കുന്നു.  


ചരിത്രത്തിലേക്ക് ചില വാതിലുകൾ

സാരി ഉടുത്ത് പൊട്ടു വെച്ച്, എന്നാല്‍ സാരിയ്ക്ക് വേണ്ട ഒതുക്കത്തിൽ നടക്കാനറിയാത്ത വിദേശി പെണ്‍കുട്ടികൾ  എനിക്ക് മുന്‍പേ ഉത്സാഹത്തോടെ നടന്നു നീങ്ങുന്നുണ്ടായിരുന്നു. ടിക്കറ്റ് എടുത്ത ശേഷം അകപ്പെട്ടത് നാല് വാതിലുകൾ  ഉള്ള ഒരു ചതുരമുറ്റത്താണ് . നാല് ദിശകളിലേക്ക് തുറക്കുന്ന നാല് പടുകൂറ്റൻ വാതിലുകൾ  , അതില്‍ ഒന്ന് താജ് മഹലിന്റെ ശില്‍പ്പികൾ  താമസിച്ചിരുന്ന തെരുവിലേക്കും, രണ്ടാമത്തേത് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ആദ്യഭാര്യയായ അക്ബരി ബേഗത്തിന്റെ ഓര്‍മ്മയിലേക്കും, മറ്റൊന്ന് മുംതസ് മഹലിന്റെ ഉറ്റ ചങ്ങാതിയുടെ ഓര്‍മ്മയിലേക്കും, നാലാമത്തേത് ഖുര്‍റം രാജ കുമാരന്റെ പ്രിയ പത്നിയായ അര്‍ജുമൻ ബാനോ ബേഗത്തിന്റെ  നിലയ്ക്കാത്ത പ്രണയത്തിലേക്കും തുറക്കുന്നു.

 രാജകീയ കവാടം കടന്നു അകത്തെത്തി. പ്രണയസൌധം പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്നവരുടെ തിരക്കായിരുന്നു അവിടെ. പ്രണയികളുടെ ഇരിപ്പിടത്തിൽ, ഗോപുര മകുടത്തിൽ  തൊടുന്നതു പോലുള്ള പോസുകളിലെക്ക്  ഒക്കെ ക്യാമറകൾ മിന്നി തെളിഞ്ഞു കൊണ്ടേ ഇരുന്നു.

പ്രധാന കവാടം മുതൽ താജ് വരെ നീണ്ടു കിടക്കുന്ന മുഗൾ  ജലധാര യന്ത്രങ്ങൾഅനക്കമറ്റ്  കിടക്കുകയാണ്. വി ഐ പി സന്ദര്‍ശനങ്ങളിലും സിനിമാ ഷൂട്ടിങ്ങുകളിലുമേ അവ ഉണരുകയുള്ളൂ.  എന്റെ താജ് ദിവസത്തിലേക്ക് ആകാശം മഴമേഘങ്ങളേയും കൂട്ടിനു അയച്ചിട്ടുണ്ട് .


പ്രണയഗോപുര മുറ്റത്ത്

ചനുപിനെ പെയ്യുന്ന കുഞ്ഞു മഴത്തുള്ളികള്‍ക്കപ്പുറം താജ് മങ്ങി നില്ക്കുന്നു. പതിയെ ഒതുക്കുകൾ കയറി, പ്രണയഗോപുര മുറ്റത്ത് കാൽ  തൊട്ടപ്പോൾ, പൊള്ളുന്ന പ്രണയത്തിലേക്ക് പനിച്ചിറങ്ങാൻ കൊതിച്ച എന്റെ ശരീരമാസകലം തണുപ്പ് അരിച്ചെത്തി . മരണം മണക്കുന്ന തണുപ്പ് . വായിച്ചറിവുകളിൽ ഉസ്താദ് ഈസയുടെയും കൂട്ടാളികളുടെയും 22 വര്‍ഷത്തെ അദ്ധ്വാനം ചെന്നിണമായി കാല്‍ക്കീഴിലൂടെ ഒഴുകുന്നത് പോലെ ! കാലത്തിന്റെ കവിളിലെ കണ്ണുനീർ തുള്ളിയാണ് താജ് മഹൽ എന്ന് എവിടെയോ വായിച്ചതോര്‍ത്തു.

 താജ് എന്ന ആ വെണ്‍  കുടീരത്തിന്  അരികിലായി നമസ്കാരത്തിനുള്ള പള്ളിയുണ്ട് . നിറം മങ്ങിയ പരവതാനികളിൽ, അവിടവിടെയായി ചരിത്രത്തിലേക്ക്  ചേക്കേറിയിരിക്കുന്ന പ്രാവിൻകാഷ്ടങ്ങള്‍ കാണാം. ചിലയിടങ്ങളിൽ  വിശ്രമിക്കുന്ന തൊഴിലാളികളും. ഇമാമിനു കയറി നില്‍ക്കേണ്ട 'മിമ്പറും' നിറം മങ്ങി വശം കെട്ടിരിക്കുന്നു. മറ്റൊരു വശത്തായി വായനശാലാ കെട്ടിടം ഉണ്ട് .പണ്ട്  പേര്‍ഷ്യൻ പുസ്തകങ്ങളാൽ നിറഞ്ഞിരുന്നിരിക്കണം, അവിടം.  

ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും മുംതാസ് മഹലിന്റെയും സ്മൃതി കുടീരങ്ങളുടെ മാതൃക താജിനകത്തുണ്ട്. ശരിയായ ഖബറിടം അതിനു താഴെ ഭൂമിക്കടിയിലാണ്. വര്‍ഷാവര്‍ഷം ഉറൂസ് നാളുകളിൽ  ഖബറിടങ്ങളിലേക്ക് ഭൂമി തുരന്നു പോവുന്ന പാത തുറക്കാറുണ്ടത്രെ .
 

യമുന അരികെ ശാന്തമായി ഒഴുകുന്നുണ്ടായിരുന്നു. മഴയത്ത് ചുവന്നു പോയ നദിയുടെ കുറുകെ ഒരു കറുത്ത തോണി എങ്ങോട്ടോ പോവുന്നു. അക്കരെ നിന്ന് അപ്പോഴും ധോലിന്റെ ശബ്ദം. ഭജന്‍. ദൂരെ ആഗ്ര കോട്ട നെടുങ്കനെ നില്ക്കുന്നു.
 



നിറങ്ങൾ, നൃത്തങ്ങൾ
പിറ്റേന്ന് ആഗ്ര കോട്ടയിലും കൊട്ടാരത്തിലുമായിരുന്നു. രാജാക്കന്മാരുടെ സുഖലോലുപതകളുടെ അവശിഷ്ടങ്ങൾ  !  അക്ബറും ജഹാംഗീറും ഷാജഹാനും ഒക്കെ കാലക്രമം അനുസരിച്ച് ജീവിച്ചു തീര്‍ത്ത കൊട്ടാരം ആയിരുന്നു അത്.  ആനയും കുതിരയും മല്ലന്മാരും നിരന്നിരുന്ന കൊട്ടാര അങ്കണം. പട്ടു കുപ്പായങ്ങൾ ഉലഞ്ഞാടിയ അകത്ത ളങ്ങൾ. അകിലും ചന്ദനവും മണത്തിരുന്ന, ശരറാന്തലുകൾ  മുനിഞ്ഞു കത്തിയിരുന്ന അരമനകൾ  . എന്റെ വിഷ്വലുകൾ  ഒരു സഞ്ജയ് ലീല ബന്‍സാലി സിനിമ പോലെ നിറങ്ങൾ  നൃത്തം ചെയ്ത് സമൃദ്ധമായി.  


ജോധാഭായിക്ക് വേണ്ടി അക്ബർ ചക്രവർത്തികൊട്ടാരത്തിനകത്ത് നിര്‍മ്മിച്ച അമ്പലവും  (പിന്നീടത് ഔറംഗസേബ് പൊളിച്ചു കളഞ്ഞു )  പ്രണയത്തിന്റെയും സുഖലോലുപതയുടെയും കാര്യത്തില്‍ അഗ്രഗണ്യനായ ജഹാംഗീറിന്റെ അംഗൂരി ബാഗ് നിന്നിരുന്ന സ്ഥലവും ( പിന്നീടവിടെ ഒരു മീന്‍ കുളം നിര്‍മ്മിക്കപ്പെട്ടുവത്രെ. മുംതാസും ഷാജഹാനും, വിനോദമെന്ന നിലയ്ക്ക്  ഖാസ് മഹലിന്റെ  മട്ടുപ്പാവിൽ  നിന്ന് ഈ കുളത്തിലെ മീനുകളെ അമ്പെയ്യുമായിരുന്നുവത്രേ!) ജഹാംഗീറിന്റെ എണ്ണിയാൽ  ഒടുങ്ങാത്ത വെപ്പാട്ടികൾ  താമസിച്ചിരുന്ന മുറികളും  ഖാസ് മഹലും നാഗീന മസ്ജിദും   ഇടനാഴികളും ഒക്കെ പിന്നിലേയ്ക്ക് പൊയ്ക്കൊണ്ടേയിരുന്നു. 


വസന്തത്തിന്റെ നിഴലുകൾ
ഇപ്പോൾ  നില്‍ക്കുന്നത് ഒരു കണ്ണാടി മാളികയിൽ  ആണ്.ഷീഷ്  മഹൽ! മുംതാസ് മഹലിന്റെ കുളിപ്പുര ആയിരുന്നുവത്രെ അത്! കേവലം നാല്‍പതു വര്‍ഷത്തിൽ  താഴെ മാത്രം ഭൂമിയില്‍ ജീവിച്ച്, യൌവനത്തിന്റെ ഉത്തുംഗതയിൽ,കാട്   കത്തിയെരിയുന്നപോലെ വന്യമായ  പ്രണയം പ്രിയതമനിൽ  ബാക്കി വെച്ച് മറഞ്ഞ മഹാറാണി, ചക്രവര്‍ത്തിയുടെ സിരകളെ തീ പിടിപ്പിക്കാന്‍  നിറഞ്ഞു പൂക്കുന്ന വസന്തമായി  ഒരുങ്ങി ഇറങ്ങി ഇരുന്നത് അവിടെയായിരിക്കണം. 

യമുനയിലേക്ക് തുറക്കുന്ന ജാലകങ്ങൾ  ഉണ്ടായിരുന്നു ആ കുളിപ്പുരയ്ക്ക്. അകത്ത് ഭിത്തിയും മേലാപ്പും മുഴുവന്‍ കണ്ണാടിത്തുണ്ടുകൾ. മുംതാസ് മഹലിന്റെ സൌന്ദര്യം ആയിരം മടങ്ങുകളായി പ്രതിഫലിപ്പിച്ച് കാണിച്ചിരിക്കും അവ. ചൂട് വെളളവും പച്ചവെള്ളവും വെവ്വേറെ വരുന്ന ബാത്ത് ടബ്ബുകൾ. പല വാദ്യോപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ഭിത്തികൾ.  രാജകീയം! ഇത് എന്തൊരു പ്രേമം! പ്രണയിനിക്ക് ഇത്ര അധികം ജീവിത കാലത്ത് സജ്ജീകരിച്ച ചക്രവര്‍ത്തി അകാലത്തിൽ  പൊലിഞ്ഞു പോയ പ്രിയതമയ്ക്ക് കാലത്തെ അതിജീവിക്കുന്ന സ്മാരകം പണിഞ്ഞതിൽ  അപ്പോൾ അദ്ഭുതം തോന്നിയതെ ഇല്ല .കൊട്ടാരത്തിൽ സന്ദർശനാനുമതി ഇല്ലാത്ത ഒട്ടേറെ ഭാഗങ്ങൾ ഉണ്ട്..അവിടെ ഉണ്ടാവുമായിരിക്കും ചക്രവർത്തിനിയുടെ ഉറക്കറയും വിശ്രമ സ്ഥലങ്ങളും മറ്റു വിനോദ സ്ഥലങ്ങളും അനേകമനേകം രഹസ്യവഴികളും തുരങ്കങ്ങളുമെല്ലാം! ചരിത്രം എങ്ങനെ ഒക്കെ വളച്ചൊടിക്കപ്പെട്ടാലും ശരി , ഉന്മാദിയായ പ്രണയം ഉണ്ടായിരുന്നു അവിടെ..

അതേ  കെട്ടിടത്തിൽ  ആണത്രേ പുത്രനായ ഔറംഗസേബ്  ഷാജഹാനെ വീട്ടു തടങ്കലിൽ  പാര്‍പ്പിച്ചിരുന്നത്. ഷീഷ് മഹലിന്റെ മറ്റൊരു വശത്തുള്ള മട്ടുപ്പാവുകളിൽ  നിന്ന് നോക്കിയാൽ  ദൂരെ യമുനാ തീരത്ത് താജ് കാണാം. പ്രിയ പുത്രി ബേഗം ജഹാനാരയുടെ   സഹായത്താൽ ജീവിച്ചിരുന്ന വാര്‍ദ്ധക്യ കാലത്തും ഷാജഹാൻ ചക്രവര്‍ത്തി ആ മട്ടുപ്പാവിൽ  നിന്ന് പ്രിയപ്പെട്ടവളുടെ ഓര്‍മ്മയിൽ  ദൂരെ താജിലേക്ക് കണ്ണയക്കുമായിരുന്നുവത്രേ.  രോഗാതുരനായി മരിക്കും വരേയ്ക്കും അവിടമായിരുന്നുവത്രെ അദ്ദേഹത്തിനു പ്രിയപ്പെട്ട ഇടം . ഓർമ്മകൾ പെയ്യുമിടം !


യമുനയിൽ  അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ദൂരെ മഴയിൽ  കുതിര്‍ന്ന് താജ്. പ്രണയം ഒരു മഴയിലും തോര്‍ന്നുപോവുന്നില്ല!

ജാലകം