Wednesday, November 2, 2011

കടല്‍മഴ!

വഴികളില്‍ വെയില്‍ വീണു കിടക്കുന്നുണ്ടായിരുന്നു. ആകാശത്തിന്റെ പടിഞ്ഞാറെ ചെരുവ്‌ കറുത്ത്‌ കനത്തും. അതു കൊണ്ടാവാം പ്രകൃതിക്ക്‌ അത്യപൂര്‍വ്വമായൊരു ഭാവം!

മഴ വഴികളില്‍ തെളിഞ്ഞു കിടക്കുന്ന വെയില്‍!
അറബിക്കടലിലെ ന്യൂനമര്‍ദ്ദം പെയ്തൊഴിയുമെന്നാണ്‌ കാലാവസ്ഥാപ്രവചനം.

പൊടുന്നനേ വഴിയിലെ വെയില്‍ ആകാശം കിനിഞ്ഞിറങ്ങുന്ന മഴത്തുള്ളികള്‍ക്ക്‌ വഴിമാറി. കാറിന്റെ ചില്ലില്‍ വീണു കൊണ്ടിരുന്ന മഴത്തുള്ളികളെ വകഞ്ഞു മാറ്റാന്‍ വൈപര്‍ പ്രവര്‍ത്തിച്ചു തുടങ്ങി.വരണ്ടു വിണ്ടു കിടക്കുന്ന മരുഭൂമിക്ക്‌ വല്ലപ്പോഴും കിട്ടുന്ന അമൃതധാര!

ഓഫീസിലേക്കുള്ള യാത്രകളില്‍ തോരാമഴ പോലെ സംസാരിച്ചു കൊണ്ടിരിക്കാറുള്ള സുഹൃത്ത്‌ ഇന്നു പൊതുവേ നിശ്ശബ്ദനാണ്‌. മഴ അയാളെ എതെങ്കിലും ഓര്‍മ്മായനങ്ങളില്‍ കൊണ്ടെത്തിച്ചിരിക്കാം.അയാളെ ചിന്തകളുടെ വഴിയേ വിടാമെന്നു കരുതിയെങ്കിലും സഹജമായ ജിജ്ഞാസ എന്നെക്കൊണ്ടു ചോദിപ്പിക്കുക തന്നെ ചെയ്തു. ഒന്നുമില്ല എന്ന ഉത്തരത്തില്‍ അയാള്‍ വഴുക്കിക്കളഞ്ഞു.

മരുഭൂമി വരണ്ടുണങ്ങിക്കിടക്കുമെങ്കിലും ഉള്ളറകളിലേക്ക്‌ ജലം സ്വരൂപിച്ചു വെക്കാന്‍ മരുഭൂമിക്ക്‌ കെല്‍പ്പ്‌ കുറവാണ്‌.ഉറപ്പില്ലാത്ത മണ്ണ്‍.അതു കൊണ്ടു തന്നെ ഒരു ചെറുമഴ പോലും വലിയ വെള്ളച്ചാലുകള്‍ തീര്‍ക്കും. പെയ്യാന്‍ ബാക്കി വെച്ചുകൊണ്ട്‌ മഴ മേഘച്ചിറകുകളില്‍ മുഖം പൂഴ്ത്തി.

അയാള്‍ പതുക്കെ പറഞ്ഞു തുടങ്ങി."നീയുമായുള്ള സൗഹൃദം ഞാന്‍ ഏറെ വിലമതിക്കുന്നു. പക്ഷേ സുജ...അവള്‍ക്ക്‌ മനസ്സിലാവുന്നില്ല.."

ഇനിയത്‌ തുടരണമെന്നില്ലായിരുന്നു..

കടലില്‍ മഴ പെയ്യുന്നുണ്ട്‌.പൊതുവേ ശാന്തമായ തിരമാലകള്‍ ഇന്നു മഴയ്ക്കൊപ്പം വന്യമായ താളത്തിലാണ്‌. പെയ്തിറങ്ങുന്ന ന്യൂന മര്‍ദ്ദം.! പക്ഷേ മനസ്സുകളിലെ ന്യൂനമര്‍ദ്ദം എവിടെ പെയ്തിറങ്ങാന്‍!..സുജ യെ എനിക്ക്‌ മനസ്സിലാവും..ഭര്‍ത്താവിന്റെ സംസാരങ്ങളില്‍ നിറയുന്ന സ്നേഹിതയെ അവള്‍ ഒട്ടൊരു ഭീതിയോടെ കണ്ടു തുടങ്ങിയിരിക്കുന്നു.

ഒപ്പം സ്ത്രീ-പുരുഷ സൗഹൃദങ്ങള്‍ എക്കാലവും നിലനില്‍ക്കുമെന്നും സൗഹൃദങ്ങളുടെ അതിരുകള്‍ മനസ്സിലാണ്‌ എന്നൊക്കെ ഉള്ള എന്റെ ധാരണകള്‍ പെയ്തിറങ്ങുന്ന മഴയ്ക്കൊപ്പം ഞാന്‍ ഒഴുക്കിക്കളഞ്ഞു..ഒരു നിമിഷം കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ ഞാന്‍ മഴയിലേക്ക്‌ നനഞ്ഞിറങ്ങി. മഴ തീര്‍ത്ത ചാലുകള്‍ കടലിലേക്ക്‌ ചെന്നു ചേരുന്നുണ്ടായിരുന്നു. കാല്‍ക്കീഴിലെ മണല്‍ത്തരികളും..ഒരു നല്ല സൗഹൃദം കടലാഴങ്ങളിലേക്കും..






ജാലകം